Monday, 2 April 2012

[www.keralites.net] ആറ്റുകാല്‍ പൊങ്കാലയും ദുഃഖവെള്ളിയാഴ്‌ചയും

 

ആറ്റുകാല്‍ പൊങ്കാലയും ദുഃഖവെള്ളിയാഴ്‌ചയും മറ്റും...‍

 

രാജ്യത്തു നിലവിലുള്ള നിയമങ്ങള്‍ ലംഘിക്കാന്‍ ഏതെങ്കിലും മതത്തിലുള്ള വിശ്വാസമോ അന്ധവിശ്വാസമോ ജനങ്ങള്‍ക്ക്‌ അവകാശം നല്‍കുന്നുണ്ടോ? കേരളത്തിന്റെ മുന്നില്‍ ഉയര്‍ന്നുനില്‍ക്കുന്ന സുപ്രധാന ചോദ്യമാണിത്‌. തെരഞ്ഞെടുപ്പില്‍ ഏതു മാര്‍ഗത്തിലൂടെയും നേടാന്‍ കഴിയുന്ന വോട്ടുകളാണു തങ്ങളുടെ ഏക ലക്ഷ്യമെന്നു കരുതുന്ന രാഷ്‌ട്രീയ നേതാക്കള്‍ നിയമത്തിന്റെ മുമ്പില്‍ മുഖംമൂടികള്‍കൊണ്ടു യഥാര്‍ഥ മുഖവും കണ്ണുകളും മറയ്‌ക്കുമ്പോള്‍ നിയമക്കോടതികള്‍ പോലും നോക്കുകുത്തികളായി മാറുന്ന ദുഃഖകരമായ ദൃശ്യത്തിനാണിപ്പോള്‍ കേരളം സാക്ഷ്യംവഹിക്കുന്നത്‌.

അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു തിരുവനന്തപുരത്തെ ആറ്റുകാല്‍ പൊങ്കാല ഉത്സവത്തെ സംബന്ധിച്ചുണ്ടായ പോലീസ്‌ കേസും മറ്റു വിവാദങ്ങളും. ഈശ്വരപ്രീതിക്കുവേണ്ടി മെയിന്‍ റോഡിന്റെ വക്കിലിരുന്നു സ്‌ത്രീകള്‍ ഭക്ഷണം പാകം ചെയ്യുന്ന നേര്‍ച്ചയാണ്‌ ആറ്റുകാല്‍ പൊങ്കാലയിടല്‍. പ്രാദേശിക ഉത്സവമായിരുന്ന ആറ്റുകാല്‍ പൊങ്കാല ഇപ്പോള്‍ ഒരു മഹോത്സവത്തിന്റെ പ്രതീതി ജനിപ്പിക്കുംവിധം വളര്‍ന്നു പന്തലിച്ചിരിക്കുന്നു. ആയിരക്കണക്കിനു സ്‌ത്രീകളാണ്‌ ഇതില്‍ പങ്കെടുക്കുന്നതെന്നതുകൊണ്ടു മൈലുകളോളം നീണ്ടുപോകുന്ന പെരുവഴിയിലെ പാചകത്തിന്‌ അത്രയുംതന്നെ ബന്ധുമിത്രാദികളും വഴിവാണിഭക്കാരും കൂടുന്നു. അത്‌ ആ ഭാഗത്തെ ഗതാഗതം അപ്പാടെ സ്‌തംഭിപ്പിക്കുന്നു. ഏതു മതവിശ്വാസിക്കും ഏതു ഭക്‌തിപ്രകടനവും നടത്താനുള്ള അവകാശമുണ്ട്‌. പക്ഷേ, അതു ജനങ്ങള്‍ക്കു ദ്രോഹകരമായി മാറിയാല്‍ എന്താണു പ്രതിവിധി? ആശുപത്രിയിലേക്കു രോഗിയുമായി പോകുന്ന വാഹനം ഈ ഗതാഗതസ്‌തംഭനത്തില്‍ കുടുങ്ങി രോഗി അന്ത്യശ്വാസം വലിച്ചാല്‍ ആരാണ്‌ ഉത്തരവാദിയാവുക?

പൊതു റോഡ്‌ കൈയേറി രാഷ്‌ട്രീയ പാര്‍ട്ടികള്‍ പൊതുയോഗവും പ്രകടനവും നടത്തുന്നതുമൂലമുണ്ടായ ഗതാഗത സ്‌തംഭനം നിയമത്തിന്റെ ലംഘനമായതുകൊണ്ട്‌ അതിനെതിരേ നിയമനടപടി കൈക്കൊള്ളാന്‍ വ്യക്‌തമായ വ്യവസ്‌ഥകളുണ്ട്‌. ഹൈക്കോടതിയുടെ വിധിയുടെ അടിസ്‌ഥാനത്തില്‍ ഈ നിയമലംഘനത്തിന്റെ പേരില്‍ കേസെടുക്കാന്‍ പോലീസ്‌ തയാറായതിനെത്തുടര്‍ന്ന്‌ അന്ധമായ കക്ഷിരാഷ്‌ട്രീയമില്ലാത്ത ലക്ഷോപലക്ഷം ജനങ്ങള്‍ക്ക്‌ അത്‌ ഏറെ സഹായകവുമായിട്ടുണ്ട്‌.

ആറ്റുകാല്‍ പൊങ്കാല വേളയില്‍ സൃഷ്‌ടിക്കപ്പെട്ട ഗതാഗത സ്‌തംഭനത്തിന്റെ പേരില്‍ തിരുവനന്തപുരത്തെ ബന്ധപ്പെട്ട പോലീസ്‌ ഉദ്യോഗസ്‌ഥന്‍ കേസെടുത്തു. നിയമസഭാംഗങ്ങളടക്കമുള്ള രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കെതിരേ റോഡ്‌ സ്‌തംഭിപ്പിച്ചു എന്ന കുറ്റത്തിനു കേസെടുത്ത നിയമവ്യവസ്‌ഥയനുസരിച്ചു തന്നെയായിരുന്നു ഈ കേസ്‌. പക്ഷേ, അവിടെ ചിത്രമാകെ മാറി. കേസെടുത്ത പോലീസ്‌ ഓഫീസറെ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉടനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. കേസ്‌ പിന്‍വലിച്ചു. അങ്ങനെ നിയമം പാലിക്കുകയെന്നതു രാജ്യദ്രോഹമാണെന്ന മട്ടില്‍ മുഖ്യമന്ത്രി പെരുമാറി. പിറവം തെരഞ്ഞെടുപ്പ്‌ ആസന്നമായിരുന്നു എന്നതുകൊണ്ടാണു മുഖ്യമന്ത്രി അങ്ങനെ നീതിക്കും നിയമത്തിനും നിരക്കാത്ത നടപടി കൈക്കൊണ്ടതെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ആ സസ്‌പെന്‍ഷനെല്ലാം പിറ്റേന്നു മുഖ്യമന്ത്രി പിന്‍വലിച്ചു കാണും. അതു മറ്റൊരു രഹസ്യം. പ്രധാന പ്രതിപക്ഷമായ ഇടതുപക്ഷ മുന്നണിയുടേയും ആവശ്യം കേസെടുത്ത പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്നു തന്നെയായിരുന്നു. എല്ലായ്‌പോഴും വിപ്ലവചിന്തകൊണ്ട്‌ ഉറഞ്ഞുതുള്ളുന്ന സി.പി.എം. യുവജനവിഭാഗമായ ഡി.വൈ.എഫ്‌.ഐക്കാരും ഉണ്ണിയാര്‍ച്ചയേക്കാള്‍ ഉശിരോടെ മനുഷ്യാവകാശ മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന മഹിളാ ഫെഡറേഷന്‍ വനിതകളും പൊങ്കാലവേളയില്‍ ഗതാഗത സ്‌തംഭനമുണ്ടാക്കിയതിന്റെ പേരില്‍ കേസെടുത്ത നടപടിയില്‍ പ്രതിഷേധിച്ചു.

സെക്രട്ടേറിയറ്റിന്റെ നടയില്‍ അടുപ്പുപൂട്ടി ചട്ടിയും കലവും വച്ചു പൊങ്കാലയിട്ടുകൊണ്ടാണു പ്രതിഷേധപ്രകടനം നടത്തിയത്‌. പാര്‍ട്ടി എം.എല്‍.എമാര്‍ ഈശ്വരനാമത്തില്‍ സത്യപ്രതിജ്‌ഞ നടത്തുന്നതുപോലും പാര്‍ട്ടി വിരുദ്ധവും അച്ചടക്ക ലംഘനവുമായി കണക്കാക്കുന്ന സി.പി.എമ്മിന്റെ പോഷക സംഘടനകളിലെ അംഗങ്ങളാണു സെക്രട്ടേറിയറ്റിനു മുമ്പില്‍ ഈ വികൃതവേഷം കെട്ടിയതെന്നോര്‍ക്കണം. (പാര്‍ട്ടിയുടെ കൊട്ടാരക്കര എം.എല്‍.എ. ഐഷാ പോറ്റിക്ക്‌ ഈ പാര്‍ട്ടി അച്ചടക്കം ബാധകമല്ലെന്നതു മറ്റൊരു കാര്യം.) ഈ പ്രശ്‌നത്തില്‍ അറപ്പുളവാക്കുന്ന സമീപനം അവലംബിച്ചതു മാധ്യമങ്ങളാണ്‌. പ്രത്യേകിച്ചും ടെലിവിഷന്‍ ചാനലുകള്‍. ആറ്റുകാല്‍ പൊങ്കാലയിട്ട ആയിരക്കണക്കിനു സ്‌ത്രീകള്‍ക്കെതിരേ പോലീസ്‌ കേസെടുത്തു എന്ന മട്ടിലായിരുന്നു പത്രങ്ങളുടേയും ചാനലുകളുടേയും റിപ്പോര്‍ട്ടിംഗ്‌.

അതിനു പിന്നിലുള്ള നഗ്നവും പ്രകടവുമായ നിയമലംഘനത്തെ മാധ്യമങ്ങള്‍ അപ്പാടെ വിസ്‌മരിച്ചു. നിയമത്തിന്റെ മുന്നില്‍ രാഷ്‌ട്രീയക്കാരും 'ഭക്‌തരും' തുല്യരാണെന്ന യാഥാര്‍ഥ്യം മാധ്യമങ്ങള്‍ വിസ്‌മരിച്ചു.

നിയമലംഘനത്തിനു പരസ്യമായി കൂട്ടുനില്‍ക്കുന്ന ഇത്തരം നടപടികളുമായി എത്രകാലം നിയമവാഴ്‌ചയ്‌ക്കുവേണ്ടി നിലകൊള്ളുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും മുന്നോട്ടു പോകാനാവും?

ഇവിടെയാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ നേതാവായ എ.കെ. ആന്റണിയില്‍നിന്നു പാഠം പഠിക്കേണ്ടത്‌. ആന്റണിയാണു മുഖ്യമന്ത്രിയെങ്കില്‍ നിയമാനുസരണം പ്രവര്‍ത്തിച്ച പോലീസ്‌ ഉദ്യോഗസ്‌ഥന്‍ സസ്‌പെന്‍ഡ്‌ ചെയ്യപ്പെടുമായിരുന്നോ? താന്‍ നിരീശ്വരവാദിയാണെന്നു പരസ്യമായി പറയാന്‍ മടിയില്ലാത്ത വ്യക്‌തിയാണ്‌ എ.കെ. ആന്റണി. എന്നിട്ടും കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയില്ലേ? ബിഷപ്പുമാരുടെ അരമനകളും മറ്റു മതസംഘടനകളുടെ സങ്കേതങ്ങളും സാമുദായിക സംഘടനകളുടെ ഓഫീസുകളും കയറിയിറങ്ങാതെയും കേരളത്തില്‍ മുഖ്യമന്ത്രിയാകാനും കേന്ദ്രത്തില്‍ മന്ത്രിയാകാനും കഴിയുമെന്നു പലതവണ തെളിയിച്ച നേതാവല്ലേ ആന്റണി? സ്വന്തം വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാന്‍ ചങ്കൂറ്റം മാത്രമല്ല അസാമാന്യമായ വിശ്വാസധീരതയും വേണമെന്നതാണു വസ്‌തുത.

ഇത്‌ ഒരു ആറ്റുകാല്‍ പൊങ്കാലയെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ക്രൈസ്‌തവ പള്ളികളിലെ പെരുന്നാള്‍ പ്രദക്ഷിണത്തിനും നബിദിനാഘോഷത്തിനുമെല്ലാം നടക്കുന്നത്‌ ഇതിനേക്കാള്‍ വലിയ ഗതാഗത സ്‌തംഭനങ്ങളല്ലേ? റംസാന്‍ മാസം വെള്ളിയാഴ്‌ചകളില്‍ നിസ്‌കാരങ്ങള്‍ പെരുവഴിയില്‍ മാര്‍ഗതടസമുണ്ടാക്കിക്കൊണ്ടല്ലേ പലേ സ്‌ഥലങ്ങളിലും നടക്കുന്നത്‌? എല്ലാ റോഡ്‌ നിയമങ്ങളും ലംഘിച്ചുകൊണ്ടു പൊതുവഴിയില്‍ അമ്പലങ്ങളും പള്ളികളും മോസ്‌കുകളും നിര്‍മിക്കുന്ന കേരളം പോലുള്ള ഒരു സംസ്‌ഥാനത്തു മതങ്ങളുടെ സങ്കുചിത ചിന്തകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അപ്പുറമാണു നിയമവും കോടതിയുമെന്നു പറയാന്‍ ചങ്കൂറ്റമുള്ള നേതാക്കള്‍ ഏതെങ്കിലും മുഖ്യധാരാ രാഷ്‌ട്രീയ പ്രസ്‌ഥാനത്തിലും ഈ തലമുറയില്‍ എപ്പോഴെങ്കിലും ഉണ്ടാകുമെന്നു വിശ്വസിക്കാന്‍ പ്രയാസം. രാഷ്‌ട്രീയത്തേക്കാള്‍ വലിയ ഉപജീവനമാര്‍ഗവും ആദായമാര്‍ഗവുമായി മതങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത്‌ ഇതല്ലാതെ മറ്റെന്തു സംഭവിക്കാനാണ്‌?

ഇവിടെ ഒരു ചിത്രം മനസില്‍ ഉയര്‍ന്നുവരുന്നു. അത്‌ അമേരിക്കന്‍ ഐക്യനാടുകളിലെ ഒരു സ്‌റ്റേറ്റിലെ ഹൈക്കോടതിയില്‍ സംഭവിച്ച കാര്യമാണ്‌. അമേരിക്ക ക്രൈസ്‌തവ രാഷ്‌ട്രമാണ്‌. ആ ഹൈക്കോടതിയുടെ ചീഫ്‌ ജസ്‌റ്റിസ്‌ തന്റെ ഇരിപ്പിടത്തിനു പിന്നിലായി ബൈബിളിലെ പത്തു പ്രമാണങ്ങള്‍ എഴുതിയിട്ടുള്ള ബോര്‍ഡ്‌ സ്‌ഥാപിച്ചു. താന്‍ ആ പ്രമാണങ്ങളനുസരിച്ചായിരിക്കും മുന്നോട്ടുപോകുകയെന്ന ജഡ്‌ജിയുടെ ദൃഢവിശ്വാസത്തിന്റെ തെളിവായിരുന്നു അത്‌.

പക്ഷേ, അമേരിക്കന്‍ സുപ്രീംകോടതി ആ ബോര്‍ഡ്‌ ഉടനടി കോടതിയില്‍ നിന്നു നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുകയാണു ചെയ്‌തത്‌. ക്രൈസ്‌തവ രാഷ്‌ട്രമാണെങ്കിലും നിരീശ്വരവാദികളും ജീവിക്കുന്ന ഒരു രാജ്യമാണ്‌ അമേരിക്ക എന്നതുകൊണ്ട്‌ ഏതെങ്കിലും ഒരു മതത്തിന്റെ തത്വങ്ങളെ അടിസ്‌ഥാനമാക്കിയാണു നീതിന്യായ പീഠങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നു പ്രഖ്യാപിക്കുന്നതു തെറ്റും പൗരാവകാശ ലംഘനവുമാണെന്നാണു സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്‌.

നാം കൗതുകകരമായ മറ്റൊരു കാര്യം ഓര്‍ക്കണം. ക്രിസ്‌മസിനോ ഈസ്‌റ്ററിനോ ഓശാന ഞായറാഴ്‌ചയോ ഒരു അഖിലേന്ത്യാ എഴുത്തുപരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിനെതിരേ കഠിനമായി പ്രതിഷേധിക്കുന്നവരാണു കേരളത്തിലെ ക്രൈസ്‌തവ മതാധ്യക്ഷന്മാര്‍. ഇന്ത്യയിലെ 120 കോടിയില്‍പരം ജനങ്ങളില്‍ രണ്ടുകോടി മാത്രമാണു ക്രൈസ്‌തവര്‍. ഒരു അഖിലേന്ത്യാ എഴുത്തുപരീക്ഷയാകുമ്പോള്‍ ചിലപ്പോള്‍ വിരലിലെണ്ണാവുന്ന ക്രൈസ്‌തവ ഉദ്യോഗാര്‍ഥികള്‍ക്ക്‌ അതിനു വിധേയരാകേണ്ടി വരും. അതു മുസ്ലിം പെരുന്നാള്‍ ദിവസമായാലും ഓണം പോലുള്ള പ്രാദേശിക ഉത്സവദിനത്തിലായാലും കേരളത്തില്‍ പ്രതിഷേധശബ്‌ദം ഉയരാറുണ്ട്‌.

പക്ഷേ പ്രതിഷേധ ശബ്‌ദമുയര്‍ത്തുന്ന ഇവരാരും മനസിലാക്കാത്ത ഒരു കാര്യമുണ്ട്‌. ക്രൈസ്‌തവര്‍ മഹാഭൂരിപക്ഷമുള്ള യൂറോപ്പിലെ രാജ്യങ്ങളിലും അമേരിക്കയിലും ദുഃഖവെള്ളിയാഴ്‌ച അവധി ദിവസമല്ല എന്ന യാഥാര്‍ഥ്യമാണത്‌. അത്രയേറെ ഭക്‌തിയുള്ള ക്രൈസ്‌തവര്‍ക്കു വേണമെങ്കില്‍ ദുഃഖവെള്ളിയാഴ്‌ച അവധിയെടുത്തു വീട്ടിലിരുന്നോ പള്ളിയില്‍ പോയോ ദുഃഖമാചരിക്കാമെന്നു മാത്രം. ഇതൊന്നും മനസിലാക്കാത്തവരാണു കേരളത്തിലെ മതങ്ങളിലുള്ള കപടഭക്‌തര്‍. എല്ലാ മതങ്ങളിലെ നേതാക്കള്‍ക്കുമുണ്ട്‌ ഇത്തരം കപടഭക്‌തിയും അവസരവാദവും.

അതൊക്കെ പോകട്ടെ, ഗള്‍ഫ്‌ രാജ്യങ്ങളിലേക്കു നഴ്‌സുമാരേയും മറ്റു ജോലിക്കാരേയും റിക്രൂട്ട്‌ ചെയ്യുന്നു എന്ന്‌ ഏതെങ്കിലും കമ്പനിയോ സ്‌ഥാപനമോ പരസ്യം നല്‍കിയാല്‍ ദുഃഖവെള്ളിയാഴ്‌ചയും റമദാന്‍ പെരുന്നാളും തിരുവോണ ദിവസവും രാവിലെ മുതല്‍ അര്‍ധരാത്രി വരെ ഏതു മൈതാനത്തും എത്ര മണിക്കൂര്‍ വേണമെങ്കിലും ക്യൂ നില്‍ക്കാന്‍ മടിയില്ലാത്തവരാണു കേരളത്തിലെ ക്രിസ്‌ത്യാനികളും മുസ്ലിംകളും ഹിന്ദുക്കളും എന്നു നാം മനസിലാക്കണം. അതാണു കേരളം. അതാണു മതവിശ്വാസം കൊണ്ട്‌ ഉറഞ്ഞുതുള്ളുന്ന കേരളീയരുടെ നാട്‌. തെറ്റാണെന്നു മനഃസാക്ഷി തറപ്പിച്ചു പറയുന്ന കാര്യങ്ങള്‍ ഭീരുത്വം കൊണ്ടോ മുതലെടുപ്പു മനോഭാവം കൊണ്ടോ പുറത്തുപറയാന്‍ ധൈര്യം കാണിക്കാത്തവരാണല്ലോ അധികം മലയാളികളും.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment