ഔദ്യോഗിക നിരീശ്വര രാജ്യമായ ക്യൂബ വിശ്വാസത്തിന്റെ വഴിയിലേയ്ക്ക് നീങ്ങുകയാണോ!! കഴിഞ്ഞ ആഴ്‌ച്ച ക്യൂബ സന്ദര്‍ശിച്ച ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ നടത്തിയ അഭ്യര്‍ഥനയ്ക്ക് ഫലമുണ്ടായിരിക്കുകയാണ്. ആദ്യ ഘട്ടം എന്ന നിലയില്‍ ഈ വര്‍ഷത്തെ ദുഃഖവെള്ളിയാഴ്ച ദിനം രാജ്യത്ത് പൊതു അവധിയാണെന്ന് ക്യൂബന്‍ പ്രസിഡന്‍റ് റൗള്‍ കാസ്‌ട്രോ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനം എടുത്തതെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ ഗ്രാന്മ റിപ്പോര്‍ട്ടു ചെയ്തു.
മാര്‍പാപ്പയുടെ വിശുദ്ധിയെയും, അദ്ദേഹം ക്യൂബയില്‍ നടത്തിയ സന്ദര്‍ശനവും കണക്കിലെടുത്ത് ഏപ്രില്‍ ആറ് അവധിയായി പ്രഖ്യാപിക്കാന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ സമ്മതിക്കുകയായിരുന്നുവെന്നാണ് ഗ്രാന്മ റിപ്പോര്‍ട്ടു ചെയ്തത്. ദുഃഖവെള്ളി സ്ഥിരം അവധിയായി പ്രഖ്യാപിക്കുന്നതിനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന് പ്രസിഡന്റ് വിട്ടിരിക്കുകയാണ്. ഇതൊരു നല്ല സൂചനയാണെന്ന് തീരുമാനത്തെ സ്വാഗതം ചെയ്ത വത്തിക്കാന്‍ വക്താവ് ഫെഡറികോ ലോപാര്‍ഡ് അഭിപ്രായപ്പെട്ടു.
മാര്‍പ്പാപ്പ ക്യൂബയില്‍ നിന്നും മടങ്ങുന്നതിനു മുന്‍പേ പ്രസിഡന്‍റ് റൗള്‍, ദുഃഖവെള്ളി അവധി ദിനമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ഉറപ്പ് നല്‍കിയിരുന്നു. ബുധനാഴ്ച ഹാവനയിലെ വിപ്ലവ ചത്വരത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തപ്പോഴാണ് യേശുക്രിസ്തു ക്രൂശിക്കപ്പെട്ടതിന്റെ ഓര്‍മദിനമായ ദു:ഖ വെള്ളിയാഴ്ച ക്യൂബയില്‍ അവധിയായി പ്രഖ്യാപിക്കണമെന്ന് മാര്‍പ്പാപ്പ അഭ്യര്‍ത്ഥിച്ചത്.
1959 ലെ ക്യൂബന്‍ വിപ്ലവത്തിനു ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് ദുഃഖവെള്ളി ആചരിക്കപ്പെടുന്നത്. രാജ്യത്തെ ഏക മതപരമായ ആഘോഷം ക്രിസ്മസാണ്. 1997ല്‍ ക്യൂബ സന്ദര്‍ശിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ഫിദല്‍ കാസ്ട്രോയോട് നടത്തിയ അഭ്യര്‍ത്ഥന പ്രകാരമാണ് ക്രിസ്മസ് ആഘോഷം നടത്താനുള്ള അനുവാദം ലഭിച്ചത്. ദുഃഖവെള്ളി അവധി കൂടാതെ രാജ്യത്ത് കാത്തലിക് സ്ക്കൂളുകള്‍ ആരംഭിക്കുന്നതിനും കാത്തലിക് റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നതും ഉള്‍പ്പെടെ മറ്റ് ചില അഭ്യര്‍ത്ഥനകള്‍ കൂടി പ്രസിഡന്റ് റൗള്‍ കാസ്ട്രോയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തില്‍ മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചിട്ടുള്ളതായി അറിയുന്നു. എന്നാല്‍ ഈ കാര്യങ്ങളില്‍ എന്തു തീരുമാനം എടുത്തുവെന്ന് ഇനിയും റിപ്പോര്‍ട്ടുകള്‍ ഒന്നും വന്നിട്ടില്ല.
No comments:
Post a Comment