'സാധ്യമായതിന്റെ കല' എന്നാണ് ജര്‍മന്‍ രാഷ്ട്രതന്ത്രജ്ഞനായ ബിസ്മാര്‍ക്ക് രാഷ്ട്രീയത്തെ നിര്‍വചിച്ചത്. ജര്‍മന്‍ഏകീകരണം സാധ്യമാക്കിയ ബിസ്മാര്‍ക്ക് ഇത്തരത്തിലൊരു നിര്‍വചനം നല്‍കിയത് സ്വാഭാവികം. എന്നാല്‍ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ ജോണ്‍ കെന്നത്ത് ഗാല്‍ബ്രയ്ത്ത് രാഷ്ട്രീയത്തെ നിര്‍വചിച്ചത് ഇപ്രകാരമായിരുന്നു. 'സാധ്യമായതിന്റെ കലയല്ല രാഷ്ട്രീയം; അനിഷ്ടത്തിന്റെയോ ദുരന്തങ്ങളുടെയോ ഇടയിലുള്ള തിരഞ്ഞെടുപ്പാണ് രാഷ്ട്രീയക്കാര്‍ക്ക് പലപ്പോഴും നടത്തേണ്ടിവരിക.' ദുരന്തങ്ങളോ തകര്‍ച്ചയോ ഒഴിവാക്കാന്‍ പലപ്പോഴും ജനഹിതത്തിന് എതിരായ തീരുമാനങ്ങളെടുക്കേണ്ടിവരുമെന്ന് സാരം. മാര്‍ച്ച് 16-ന് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി പ്രണബ് മുഖര്‍ജി ഗാല്‍ബ്രയ്ത്ത് സൂചിപ്പിച്ച ധര്‍മ സങ്കടത്തിലാണ്. സമ്പദ്‌വ്യവസ്ഥ നേരിടുന്ന ചില ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൊതുവേ അനിഷ്ടങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന ചില ധീരമായ തീരുമാനങ്ങള്‍ അദ്ദേഹത്തിന് എടുക്കേണ്ടിവരും.
സാധാരണ ഫിബ്രവരിയിലെ അവസാനദിവസം അവതരിപ്പിക്കുന്ന ബജറ്റ് ഇത്തവണ മാര്‍ച്ച് 16-ലേക്ക് മാറ്റിയത് ചില രാഷ്ട്രീയ കണക്കു കൂട്ടലുകളുടെ അടിസ്ഥാനത്തിലായിരുന്നു. യു.പി. തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്നും, കോണ്‍ഗ്രസ് പിന്തുണയോടെ ഭരിക്കേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ ലോക്‌സഭയില്‍ എസ്.പി.യുടെ പിന്തുണ ഉറപ്പാക്കാമെന്നും, അപ്പോള്‍ മമത പിണങ്ങിയാലും പ്രശ്‌നമാവില്ല, ചില ധീരമായ തീരുമാനങ്ങളെടുക്കാം എന്നുമായിരുന്നു ഈ കണക്കുകൂട്ടലുകള്‍. ഇത് പാളിപ്പോയി. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ക്ഷീണിപ്പിച്ച യു.പി.എ.യുടെ ധനമന്ത്രിക്ക് ധീരമായ തീരുമാനങ്ങളെടുക്കാനാകുമോ? അതു ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും ?
ഇന്ത്യ ഉയര്‍ന്നുവരുന്ന ഒരു സാമ്പത്തികശക്തിയാണെന്ന കാര്യത്തില്‍ ഇന്ന് കാര്യമായ അഭിപ്രായ വ്യത്യാസമില്ല. ഇപ്പോള്‍ 1.8 ലക്ഷം കോടി ഡോളര്‍ ജി.ഡി.പി.യുള്ള ഇന്ത്യ 2030-ഓടെ 20ലക്ഷം കോടി ഡോളര്‍ ജി.ഡി.പി.യുള്ള കൂറ്റന്‍ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള അനുകൂലഘടകങ്ങളെല്ലാമുണ്ട്. 2005-10 കാലയളവില്‍ -ആഗോള സാമ്പത്തിക മാന്ദ്യവും രൂക്ഷമായൊരു വരള്‍ച്ചയും സംഭവിച്ച കാലം-ഇന്ത്യ 8.5 ശതമാനം സാമ്പത്തിക വളര്‍ച്ചയോടെ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തികവളര്‍ച്ച കൈവരിച്ച രാജ്യമായി. ശക്തമായ ധനകാര്യ മേഖലയും കേന്ദ്രബാങ്കിന്റെ കുറഞ്ഞ പലിശനയവും സര്‍ക്കാര്‍ നടപ്പാക്കിയ മാന്ദ്യവിരുദ്ധ ഉത്തേജക പാക്കേജുകളും ആഗോള മാന്ദ്യം ബാധിക്കാതെ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചു.
കുറഞ്ഞ വളര്‍ച്ച നിരക്ക് എന്നാല്‍ ഇപ്പോഴുള്ള സ്ഥൂല സാമ്പത്തിക സാഹചര്യം വ്യത്യസ്തമാണ്. ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ വളര്‍ച്ച നിരക്ക് 6.1 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഉയര്‍ന്ന ധനകാര്യക്കമ്മിയും ഉ യര്‍ന്ന പലിശ നിരക്കുമാണ് വളര്‍ച്ചനിരക്കിനെ കുറയ്ക്കുന്ന പ്രധാനഘടകങ്ങള്‍. അഴിമതിയും ഭരണനിര്‍വഹണ രംഗത്തെ തളര്‍വാതവും സുപ്രധാന ബില്ലുകള്‍ വൈകുന്നതും നിക്ഷേപരംഗത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ സമ്പാദ്യനിരക്ക് 2007-08 ലെ 36.8 ശതമാനത്തില്‍ നിന്ന് '2010-11'ല്‍ 32.3 ശതമാനമായി കുറഞ്ഞിരിക്കുന്നു. തത്ഫലമായി നിക്ഷേപ നിരക്ക് ഈ കാലയളവില്‍ 38.1 ശതമാനത്തില്‍ നിന്ന് 35.1 ശതമാനമായി കുറഞ്ഞു. നിക്ഷേപനിരക്ക് കുറയുമ്പോള്‍ വളര്‍ച്ച നിരക്ക് കുറയുന്നു. സമ്പാദ്യനിരക്ക് കുറയാനുള്ള പ്രധാന കാരണം കേന്ദ്ര സര്‍ക്കാറിന്റെ ധനകാര്യ കമ്മി 2008-ലെ 2.8ല്‍ നിന്ന് ഇപ്പോഴത്തെ 5.8ശതമാനമായി വര്‍ധിച്ചതാണ്. (രാജ്യത്തിന്റെ സമ്പാദ്യം വരുന്നത് പ്രധാനമായും മൂന്ന് ഉറവിടങ്ങളില്‍ നിന്നാണ്. കുടുംബങ്ങള്‍, കോര്‍പ്പറേറ്റ് മേഖല, സര്‍ക്കാര്‍-പൊതുമേഖല. ഇതില്‍ സര്‍ക്കാറിന്റെ ധനകാര്യ കമ്മി വര്‍ധിച്ചത് കൊണ്ടാണ് സമ്പാദ്യ നിരക്കില്‍ 3.5ശതമാനം കുറവുണ്ടായിരിക്കുന്നത്)
കടുത്ത പണനയം സാമ്പത്തിക വളര്‍ച്ച മന്ദീഭവിക്കാനുള്ള മറ്റൊരു പ്രധാന കാരണം വിലക്കയറ്റം തടയാനായി റിസര്‍വ് ബാങ്ക് നടപ്പാക്കിയ കടുത്ത പണനയമാണ്. 2010 മാര്‍ച്ച് മുതല്‍ 13തവണയാണ് റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചത്. വിലക്കയറ്റത്തിനുള്ള പ്രധാന കാരണം ഉയര്‍ന്ന ധനകാര്യ ക്കമ്മിയാണ്. ധനകാര്യക്കമ്മി സമ്പദ് വ്യവസ്ഥയിലെ അധിക ചോദനത്തെ( എക്‌സസ് ഡിമാന്‍ഡ്) സൂചിപ്പിക്കുന്നു. ഇത് വര്‍ധിക്കുന്തോറും വിലക്കയറ്റമുണ്ടാകും. വിലക്കയറ്റം നേരിടാന്‍ ധനകാര്യക്കമ്മി കുറയ്ക്കുന്ന നടപടികളൊന്നും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തത് കാരണം(ഇതിനെ റിസര്‍വ് ബാങ്ക് പരോക്ഷമായി വിര്‍ശിച്ചിട്ടുണ്ട്) പണനയത്തെ അമിതമായി ആശ്രയിക്കേണ്ട സാഹചര്യമുണ്ടാക്കുകയും പലിശ നിരക്കുകള്‍ 13തവണ വര്‍ധിപ്പിക്കേണ്ടിവരികയും ചെയ്തു. ഇത് സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു.
ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇപ്പോള്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ സ്ഥൂല സാമ്പത്തിക പ്രശ്‌നം ഉയര്‍ന്ന ധനകാര്യക്കമ്മിയാണ്. കേന്ദ്രത്തിന്റെ 5.8ശതമാനത്തോളം വരുന്ന കമ്മിയും സംസ്ഥാനങ്ങളുടെ കമ്മിയും ബജറ്റിലുള്‍പ്പെടുത്താത്ത ചില ചെലവിനങ്ങളും കൂടി മൊത്തം ധനകാര്യക്കമ്മി 9.5ശതമാനത്തോളം വരും. ഇത് 1991-ലെ പ്രതിസന്ധി കാലത്തിലേതിന് തുല്യമാണ്. ആശങ്കാജനകമായ ഈ അവസ്ഥയെ കൈകാര്യം ചെയ്യുകയാണ് ധനമന്ത്രി സുപ്രധാനമായി ചെയ്യേണ്ടത്. വരുമാനം വര്‍ധിപ്പിച്ചും ചില ചെലവുകള്‍ കുറച്ചും ധനകാര്യക്കമ്മി കുറയ്ക്കണം. പ്രത്യേകിച്ച്, നിയന്ത്രണമില്ലാതെ കുതിച്ചുയരുന്ന സബ്‌സിഡി കുറയ്‌ക്കേണ്ടതുണ്ട്.
2003-07 കാലയളവില്‍ സബ്‌സിഡികള്‍ 25ശതമാനമേ വര്‍ധിച്ചുള്ളൂ. ഈ കാലയളവ് ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയുടെ കാലമായിരുന്നതുകൊണ്ട്(ഒന്‍പത് ശതമാനത്തോളം) സബ്‌സിഡി-ജിഡി.പി അനുപാതം 1.68 ശതമാനത്തില്‍ നിന്ന് 1.33 ശതമാനമായി കുറഞ്ഞു. 2008-ന് ശേഷം സബ്‌സിഡി ഭാരം കുതിച്ചുയര്‍ന്നു. ഈ വര്‍ഷം സബ്‌സിഡിയിലുണ്ടാകുന്ന വര്‍ധന മാത്രം 2007 -ലെ മൊത്തം സബ്‌സിഡിയേക്കാള്‍ കൂടുതലായിരിക്കും.
ധനകാര്യക്കമ്മി കുറയ്ക്കാന്‍ വരുമാനം വര്‍ധിപ്പിക്കുകയും ചില ചെലവുകള്‍ കുറയ്ക്കുകയും വേണം. ദരിദ്രര്‍ക്കുള്ള സബ്‌സിഡികള്‍ കുറയ്ക്കരുത്. ആവശ്യമെങ്കില്‍ വര്‍ധിപ്പിക്കാം. എന്നാല്‍ ഇടത്തരക്കാര്‍ക്കും ധനികര്‍ക്കും ലഭിക്കുന്ന സബ്‌സിഡികളും അഴിമതിയിലേക്കും ചോര്‍ച്ചയിലേക്കും നയിക്കുന്ന സബ്‌സിഡികളും കുറയ്ക്കുക തന്നെവേണം.
ധനകാര്യക്കമ്മിയെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ സാധാരണ കേള്‍ക്കുന്ന ഒരു വിമര്‍ശനം കോര്‍പ്പറേറ്റുകള്‍ക്ക് നാലുലക്ഷം കോടിയുടെ ആനുകൂല്യങ്ങള്‍ നല്‍കിയതാണ് ധനകാര്യക്കമ്മി വര്‍ധിക്കാനിടയാക്കിയത് എന്നതാണ്. ഈ വാദം തെറ്റാണ്. കോര്‍പ്പറേറ്റുകള്‍ക്ക് കാര്യമായ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല. കോര്‍പ്പറേറ്റുകള്‍ക്കുള്ള ആനുകൂല്യം കോര്‍പ്പറേറ്റ് നികുതി കുറയ്ക്കലാണ്. ഇത് ചെയ്തിട്ടില്ല( കോര്‍പ്പറേറ്റ് സര്‍ചാര്‍ജ് 0.25 ശതമാനം കുറച്ചതിന് പകരം മിനിമം ആള്‍ട്ടര്‍നേറ്റ് ടാക്‌സ്-എം.എ.ടി-3.5ശതമാനം കൂടി). കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കി എന്ന് പറയുന്നത് മാന്ദ്യ-വിരുദ്ധ ഉത്തേജക പാക്കേജിന്റെ ഭാഗമായി നടപ്പാക്കിയ എകൈ്‌സസ് തീരുവ, സര്‍വീസ് ടാക്‌സ് എന്നിവയില്‍ വരുത്തിയ കുറവുകളാണ്. ഇത് ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളാണ്.
കോര്‍പ്പറേറ്റുകള്‍ക്ക് അല്ല. ഈ ഇനത്തില്‍ നഷ്ടമായ തുക(ടാക്‌സ് ഫൊര്‍ഗോണ്‍ എന്ന് ബജറ്റില്‍)യാണ് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കി എന്ന് പറയുന്നത്. 2009-ലെ മാന്ദ്യകാലത്ത് ലോകമെമ്പാടും ഈ തരത്തില്‍ നികുതികള്‍ കുറച്ച് ഉത്തേജക പാക്കേജ് നടപ്പാക്കുകയുണ്ടായി. കുറഞ്ഞതോതില്‍ മാത്രംനികുതികള്‍ കുറച്ച രാജ്യമാണ് ഇന്ത്യ എന്നതാണ് വസ്തുത.
14ശതമാനത്തില്‍ നിന്ന് എട്ടുശതമാനമായി കുറച്ച എകൈ്‌സസ് തീരുവ കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ 10ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. ഇത് ഈ വര്‍ഷം രണ്ടുശതമാനം വര്‍ധിപ്പിച്ച് 12ശതമാനമാക്കാവുന്നതേയുള്ളൂ. അതുപോലെ 10ശതമാനമായി കുറച്ച സര്‍വീസ് ടാക്‌സും 12ശതമാനമായി ഉയര്‍ത്താം. നികുതിയില്‍നിന്ന് ഒഴിവാക്കേണ്ട സേവനങ്ങളെ ഒരു നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ബാക്കി എല്ലാ സേവനങ്ങള്‍ക്കും നികുതി ചുമത്തി സേവനനികുതി വ്യാപകമാക്കണം.സബ്‌സിഡി ഭാരം വര്‍ധിപ്പിക്കുന്ന ഡീസല്‍ കാറുകളുടെ എകൈ്‌സസ് തീരുവ ഗണ്യമായി വര്‍ധിപ്പിക്കണം. പെട്രോളിയം ഉത്പന്നങ്ങളുടെ വില നിര്‍ണയത്തില്‍ ധീരമായ പുനര്‍ വിചിന്തനം വേണം. വരുമാനം വര്‍ധിപ്പിക്കാന്‍ ഈ നടപടികള്‍ കൂടിയേ തീരൂ. ഒപ്പം വ്യക്തികള്‍ക്കുള്ള വരുമാന നികുതിയില്‍, പ്രത്യേകിച്ച് താഴ്ന്ന വരുമാനം ബ്രാക്കറ്റിലുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണം.
സാമ്പത്തികവളര്‍ച്ച ത്വരപ്പെടുത്തുവാന്‍ സര്‍ക്കാര്‍ സുപ്രധാനമായ തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. നിക്ഷേപ രംഗത്തെ താഴുന്ന വിശ്വാസ സൂചിക( യുീഹൃവീീ ര്ൃശഹലവൃരവ ഹൃലവന്ദ ) ഉയര്‍ത്താന്‍ പര്യാപ്തമായ നടപടികള്‍ വേണം. 2010 മുതല്‍ നടപ്പാക്കുമെന്ന് പറഞ്ഞിരുന്ന പ്രത്യക്ഷ നികുതി കോഡ്, ചരക്ക്-സേവന നികുതി(ജിഎസ്ടി) എന്നിവ ഇനിയും വൈകിച്ചുകൂടാ. സാമ്പത്തിക വളര്‍ച്ചയില്‍ ഇവ സുപ്രധാനങ്ങളാണ്. അതുപോലെ, സ്ഥലമേറ്റെടുക്കല്‍ നിയമം, ഖനന നിയമം, പുതിയ കമ്പനിനിയമം എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കണം.
ധീരമായ തീരുമാനങ്ങളെടുക്കാന്‍ യു.പി.എ. യുടെ ഘടകകക്ഷികളുടെ സഹകരണം കൂടിയേ തീരൂ. ചിലപ്പോള്‍ പ്രതിപക്ഷത്തിന്റെ തന്നെ സഹകരണം ആവശ്യമായി വന്നേക്കാം. 'പ്രതിസന്ധി' ഒഴിവാക്കാന്‍ 'അനിഷ്ടങ്ങളെ' സ്വീകരിക്കേണ്ടിവരുമ്പോള്‍ സഹകരണം കൂടിയേ തീരൂ. ഈ സഹകരണം ഉറപ്പാക്കാനുള്ള നയചാതുരി യു.പി.എ.യില്‍ മാറ്റാരേക്കാളും പ്രണബ് മുഖര്‍ജിക്കുണ്ട്. പ്രണബ്ദാ അവസരത്തിനും പ്രതീക്ഷകള്‍ക്കും അനുസരിച്ച് ഉയരുമോ ?
(ജിയോജിത് ബി.എന്‍.പി. പാരിബയില്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍. )
|
No comments:
Post a Comment