Monday, 27 February 2012

[www.keralites.net] ഗസല്‍മധുരം നിറച്ച സംഗീത സഞ്ചാരങ്ങള്‍

 

ഗസല്‍മധുരം നിറച്ച സംഗീത സഞ്ചാരങ്ങള്‍

കാസറ്റുകളില്‍ കേട്ടുകേട്ട് ഹിന്ദുസ്ഥാനിസംഗീതം സ്വായത്തമാക്കാന്‍ ശ്രമിച്ച കുട്ടിയുടെ ജീവിതം മാറ്റിമറിച്ചത് പതിനെട്ടുകൊല്ലം മുമ്പ് മലബാര്‍ മഹോത്സവത്തിന്റെ അരങ്ങാണ്.ആ വേദിയില്‍ വെച്ചാണ് അനൂപ് ജലോട്ടയെന്ന സംഗീതചക്രവര്‍ത്തിയെ കാണാന്‍ തലശ്ശേരിക്കാരനായ ജിതേഷ്‌സുന്ദര്‍ എന്ന നിയമവിദ്യാര്‍ഥിക്ക് അവസരം കിട്ടിയത്.ശിഷ്യനാവാനും സംഗീതം പഠിക്കാനുമുള്ള ആഗ്രഹമറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് വിഖ്യാതമായ ആ പുഞ്ചിരി വിരിഞ്ഞു.''നിയമം പഠിക്കുകയല്ലേ, അതുപൂര്‍ത്തിയാക്കി വരൂ''എന്നായിരുന്നു നിര്‍ദേശം.

മംഗലാപുരത്ത് എല്‍.എല്‍.ബി. പൂര്‍ത്തിയാക്കിയ ജിതേഷ് നേരെ ഗുരുവിന്റെ സവിധത്തിലെത്തി.സഫലമായ സംഗീതയാത്രയുടെ തുടക്കമായിരുന്നു അത്.''മഹാസംഗീതകാരന്മാരുടെ ലോകത്തേക്കുള്ള വാതില്‍ തുറന്നു തരികയായിരുന്നു അനൂപ്ജി. ഗസല്‍ സംഗീതത്തില്‍ എല്ലാവരും തമ്മില്‍ അടുത്ത സൗഹൃദമാണ്.എല്ലാ അതിരുകളെയും മായ്ക്കുന്ന വിധത്തില്‍ സംഗീതത്തിന്റെ ആ മഹാലോകത്തേക്കുള്ള പ്രവേശനം സാധ്യമാക്കിത്തന്നത് അനൂപ്ജിയാണ്''-ഓര്‍മത്തെളിമയുടെ ധന്യതയില്‍ ജിതേഷിന്റെ മുഖം തിളങ്ങുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും മലബാര്‍ മഹോത്സവത്തിന്റെ അരങ്ങ്.ഇക്കുറി ഭുപീന്ദര്‍ സിങ്ങിനും ഭാര്യ മിത്താലിക്കുമൊപ്പം ഗസലിന്റെ വേദിയില്‍ ഗായകനായി ജിതേഷുണ്ടായിരുന്നു.'മേഘമല്‍ഹാര്‍' എന്ന ചിത്രത്തില്‍ അവതരിപ്പിച്ച ഗസലുമായി 'ഗസല്‍ കി മെഹ്ഫില്‍' എന്ന സംഗീതരാവിനു തുടക്കമിടുമ്പോള്‍ ഗുരുവിനെക്കണ്ടെത്തിയ നഗരത്തില്‍ ഓര്‍മയുടെ മറ്റൊരധ്യായം തുറക്കുകയായിരുന്നു അദ്ദേഹം.

അഞ്ചാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഹൃദയം കീഴടക്കിയതാണ് ഗുലാം അലിയുടെ ശബ്ദം. അദ്ദേഹത്തോടൊപ്പം പാടാന്‍ അവസരം കിട്ടിയപ്പോള്‍ സ്വപ്നത്തില്‍പോലും കാണാത്തൊരു സൗഭാഗ്യം കരഗതമാവുകയായിരുന്നു.മലബാര്‍ മഹോത്സവത്തിന്റെ വേദിയിലും ഗുലാംഅലിക്കൊപ്പം ജിതേഷ് പാടിയിട്ടുണ്ട്.ചന്ദന്‍ദാസിനൊപ്പമായിരുന്നു മലബാര്‍ മഹോത്സവത്തിന്റെ മറ്റൊരരങ്ങ്.

അനൂപ് ജലോട്ടയ്‌ക്കൊപ്പം സംഗീതയാത്ര തുടങ്ങിയതോടെ ജിതേഷ്‌സുന്ദറിന്റെ മുഖ്യഅരങ്ങ് മുംബൈയായി.ഇടയ്ക്ക് തലശ്ശേരിയിലെ വീട്ടിലെത്തും.ഹിന്ദുസ്ഥാനിയിലെ മഹാസംഗീതജ്ഞന്മാര്‍ക്കൊപ്പമെല്ലാം പാടാന്‍ സാധിച്ചതാണ് ഈ സംഗീതയാത്രയിലെ മഹാഅനുഗ്രഹം.മുംബൈയിലെ ഗസല്‍ ഉത്സവമായ ഖസാനയില്‍ ഹരിഹരനുശേഷം പാടിയ ഒരേയൊരു ദക്ഷിണേന്ത്യക്കാരനാണ് ജിതേഷ്.

ഗുലാംഅലി,അനൂപ്ജലോട്ട,പങ്കജ് ഉധാസ്,തലത് അസീസ്,ചന്ദന്‍ദാസ്, ഭുപീന്ദര്‍സിങ്, മിതാലി എന്നിങ്ങനെയുള്ള പ്രമുഖര്‍ക്കൊപ്പം പാടാന്‍ അവസരമുണ്ടായത് അവിടെയാണ്.യു.എസിലേക്കും കാനഡയിലേക്കും വെസ്റ്റിന്‍ഡീസിലേക്കും യു.കെയിലേക്കും സ്‌കോട്ട്‌ലാന്‍ഡിലേക്കുമൊക്കെ നീളുന്നു ആ സംഗീതയാത്രകള്‍.അനൂപ്ജലോട്ട, അനുരാധ പോഡ്‌വാള്‍ തുടങ്ങിയവരുടെ സംഘത്തിലായിരുന്നു ആദ്യം യാത്രകള്‍.പിന്നെപ്പിന്നെ സ്വന്തം അരങ്ങുകളായി.അങ്ങനെ ഈ തലശ്ശേരിക്കാരന്റെ പേര് ലോകമെങ്ങുമുള്ള ഗസല്‍ പ്രണയികള്‍ക്ക് പരിചിതമായി.

അനൂപ് ജലോട്ടയുടെ ജന്മദിനാഘോഷത്തില്‍ ജഗജിത്‌സിങ്ങിനൊപ്പം പാടിയത് നനവൂറുന്നൊരോര്‍മ.ജഗജിത് സിങ് രോഗബാധിതനാകുന്നതിന് ഏതാനും ആഴ്ചകള്‍ക്കുമുമ്പ്, മുംബൈയില്‍ അനൂപ് ജലോട്ടയുടെ വീട്ടിലായിരുന്നു ആ സംഗമം.ഇത്തരത്തില്‍ സ്വകാര്യചടങ്ങുകളിലെ മുഹൂര്‍ത്തങ്ങള്‍ ഗായകര്‍ തമ്മിലുള്ള ഹൃദയബന്ധം ദൃഢമാക്കുന്നുവെന്ന് ജിതേഷ്.

പങ്കജ് ഉധാസിന്റെയും അനൂപ് ജലോട്ടയുടെയും മഹിതസ്വരം മലയാളത്തില്‍ കേള്‍ക്കാനവസരമൊരുക്കിയെന്നതാണ് ജിതേഷിന്റെ മറ്റൊരു നേട്ടം.
'എന്നുമീ സ്വരം' എന്ന പേരില്‍ ജിതേഷ് ചിട്ടപ്പെടുത്തിയ ആല്‍ബത്തിലാണ് ഗസല്‍ഗുരുക്കന്മാര്‍ പാടിയത്.കവി റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. ഗസലും ഭജനുമുള്‍പ്പെടെ ഹിന്ദിയില്‍ ജിതേഷ് ആല്‍ബങ്ങള്‍ ഇറക്കിയിട്ടുണ്ട്.അനൂപ് ജലോട്ട സംഗീതസംവിധാനം നിര്‍വഹിച്ച ജിതേഷിന്റെ 'ചാഹത്ത്' എന്ന ഹിന്ദി ആല്‍ബത്തിന്റെ കേരളത്തിലെ പ്രകാശനം അടുത്തമാസം നടക്കും.

ഗുലാം അലിക്കൊപ്പം കൊച്ചിയിലെ വസന്തോത്സവത്തില്‍ ജിതേഷുണ്ടായിരുന്നു.തിരുവനന്തപുരത്തെ സൂര്യ, നിശാഗന്ധി, പാലക്കാട്ടെ സ്വരലയ എന്നിങ്ങനെ കേരളത്തിലെ പ്രധാനഫെസ്റ്റിവല്‍ വേദികളിലൊക്കെ പാടിയിട്ടുണ്ട്.മംഗലാപുരം എ.ഐ.ആറില്‍ ഓഡിഷന്‍ ആര്‍ട്ടിസ്റ്റായ അദ്ദേഹം അവിടത്തെ കാരാവലി ഉത്സവിലും മാഹി ഉത്സവത്തിലും ഇന്ത്യഫെസ്റ്റിവല്‍, മുംബൈ ഫെസ്റ്റിവല്‍ എന്നീ വേദികളിലും ഗസല്‍ ആസ്വാദകര്‍ക്കുമുമ്പില്‍ സംഗീതവിരുന്നൊരുക്കിയിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തും ഒട്ടേറെ വേദികളില്‍ ഗസല്‍ ആലപിച്ചിട്ടുള്ള ജിതേഷിന് കോഴിക്കോട്ടെ ആസ്വാദകരെക്കുറിച്ച് ഊഷ്മളമായ ഓര്‍മകളാണ് പങ്കിടാനുള്ളത്.ഉറുദുവും ഹിന്ദിയും നന്നായറിയാവുന്ന ഉത്തരേന്ത്യന്‍ ആസ്വാദകരുടെ നിലവാരത്തിലുള്ളതാണ് കോഴിക്കോട്ടെ സഹൃദയസദസ്സ്.

തലശ്ശേരിയിലും ഇത്തരം ആസ്വാദകരേറെയുണ്ട്.ഇത്തരം സദസ്സുകളിലെ പാട്ട് സഹൃദയരുമായുള്ള സഫലമായ സംവാദത്തിനാണ് ഗായകന് അവസരം നല്‍കുന്നത്. ഓരോ ഗസല്‍ അരങ്ങും വ്യത്യസ്തമാക്കാന്‍ കഴിയുന്നവര്‍ക്കേ ഈ രംഗത്ത് സ്വന്തം പ്രതിഭ തെളിയിക്കാന്‍ കഴിയൂ എന്നതിനാല്‍, സംവാദസ്വഭാവമുള്ള സദസ്സിന്റെ സാന്നിധ്യം വളരെ പ്രധാനമാണെന്ന് ജിതേഷ് പറയുന്നു.

തലശ്ശേരിയിലെ പേരുകേട്ട ഡോക്ടറായ എം.എ.സുന്ദരത്തിന്റെയും വനജയുടെയും മകനായ ജിതേഷിന് സംഗീതതാത്പര്യം പരമ്പരാഗതമായി കിട്ടിയതാണ്. സഹോദരന്‍ ഡോ.ജയന്ത് ലണ്ടനിലെ റോയല്‍ മാസ്റ്റന്‍ഡ് ഹോസ്പിറ്റലില്‍ സീനിയര്‍ ഓങ്കോളജിസ്റ്റാണ്.നടാല്‍ സ്വദേശി ഷിനിയാണ് ഭാര്യ.ഹന്‍സിക മകളും.


--

 

║│││▌│█║▌║│ █║║▌█ ║
»
+91 9447 14 66 41«

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment