സച്ചിന്‍ തെണ്ടുല്‍ക്കര്‍ -സിഡ്‌നി മുതല്‍ സിഡ്‌നി വരെ
അസ്തമയത്തെപ്പറ്റി ആളുകള്‍ ഒളിഞ്ഞും തെളിഞ്ഞും സൂചിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഒരു കലാകാരന് വേദിയൊഴിയുന്നതിനെപ്പറ്റിയുള്ള ഗൗരവതരമായ ചിന്തകള്‍ ഉണ്ടാകുന്നത് പലപ്പോഴും അനുവാചക സമൂഹത്തിന്റെ ഭാഗത്തുനിന്നുള്ള സൂചനകള്‍ ശക്തമാകുമ്പോഴാണ്. അരങ്ങൊഴിയണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ആത്യന്തികമായ അവകാശം കലാകാരനില്‍ നിക്ഷിപ്തമായിരിക്കുമ്പോഴും അതിലേക്ക് നയിക്കുന്ന ഘടകങ്ങളുടെ സ്വാധീനം നിര്‍ണ്ണായകം തന്നെയാണ്. സംഘാടകരുടെ തീരുമാനങ്ങളും അനുവാചകരുടെ ആവശ്യങ്ങളും കൂടിച്ചേര്‍ന്ന് ഒരര്‍ഥത്തില്‍ അയാള്‍ തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിതനാവുകയാണ് ചെയ്യുന്നത്. മടുപ്പ് എന്നൊരു വികാരം ബാധിക്കാത്തിടത്തോളം കാലം അരങ്ങൊഴിയാനുള്ള തീരുമാനം ഏറ്റവും ദുഷ്‌കരമായ ഒന്നുതന്നെയാണ്. ഒരു പരിധിവരെ, അധികാരവും പദവിയുമൊക്കെപ്പോലെ മോഹിപ്പിക്കുന്ന ഒരു വലയമാണ് ഒരു കലാകാരന് അവന്റെ പ്രവര്‍ത്തന മണ്ഡലം.
ഒരു റിക്കി പോണ്ടിങ്ങോ ബ്രയന്‍ ലാറയോ കളി നിര്‍ത്താന്‍ തീരുമാനിക്കുന്നതു പോലെ എളുപ്പത്തില്‍ എടുക്കാവുന്നതോ, അടിച്ചേല്പിക്കാവുന്നതോ ആയ ഒന്നല്ല സച്ചിന്‍ തെണ്ടുല്‍കറുടെ കാര്യത്തില്‍ സംഭവിക്കുന്നത്. ഒന്നാമതായി ദേശീയവികാരം എന്ന അവഗണിക്കാനാവാത്ത ഘടകം. നൂറാമത്തെ അന്താരാഷ്ട്ര സെഞ്ച്വറി സ്വപ്നം കാണുന്ന നാല്പതോ അമ്പതോ കോടി ജനങ്ങളുടെ താല്പര്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്തിന്റെ വൈകാരികതകളെക്കുറിച്ച് ഒരു ഓസ്‌ട്രേലിയക്കാരനോ ഇംഗ്ലിഷുകാരനോ മനസ്സിലായിക്കൊള്ളണമെില്ല. അതുകൊണ്ടു തന്നെ തെണ്ടുല്‍ക്കര്‍ എപ്പോള്‍ കളി നിര്‍ത്തണം എന്ന തീരുമാനം അദ്ദേഹത്തിനു തന്നെ വിടാം എന്ന് പറഞ്ഞാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സമൂഹം ഒരുപക്ഷേ, നെറ്റി ചുളിക്കും.
സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നും തലതാഴ്ത്തിക്കൊണ്ട് കയറിപ്പോകുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ വളരെ ദയനീയമായ ഒരു കാഴ്ച്ചയായിരുന്നു. ബാറ്റ് ഉയര്‍ത്തിക്കൊണ്ട് കാണികളെ അഭിവാദ്യം ചെയ്തുകൊണ്ട് കയറിപ്പോകുന്ന തെണ്ടുല്‍ക്കറെയാണ് കാണികള്‍ക്ക് പരിചയം. 1991 ല്‍ എസ്.സി.ജിയില്‍ ക്രെയ്ഗ് മെക്‌ഡെര്‍മോട്ട്, മെര്‍വ് ഹ്യൂസ്, ഷെയ്ന്‍ വോണ്‍ എന്നീ ബൗളര്‍മാരെ ശാരദാശ്രമം സ്‌കൂളിലെ നെറ്റ് ബൗളര്‍മാരെ കൈകാര്യം ചെയ്യുന്ന ലാഘവത്തോടെ നേരിട്ട് നേടിയ സെഞ്ച്വറിയില്‍ നിന്നും തെണ്ടുല്‍ക്കര്‍ എന്ന ബാലന്‍ വാനോളം വളര്‍ന്നു. ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തേക്ക് പടരുകയും ചെയ്തു. അതോടൊപ്പം കാലം അദ്ദേഹത്തെ സ്വാഭാവികമായും തളര്‍ത്തുകയും ചെയ്തിട്ടുണ്ട്. മനസ്സ് എത്രതന്നെ ഊര്‍ജ്ജസ്വലമാണെങ്കിലും ശരീരം അതിനോട് പ്രതിബദ്ധമാവണമെന്നില്ല. തെണ്ടുല്‍കര്‍ ഇന്നും ബാക്ക് ഫുട്ട് കവര്‍ ഡ്രൈവുകള്‍ കളിക്കുന്നുണ്ട്. വേണ്ട എന്ന് സ്വയം തീരുമാനിച്ച് അവസാനിപ്പിച്ച ചില ഷോട്ടുകള്‍ ഒഴിച്ച് ബാക്കിയെല്ലാം ഒരളവോളം അതേ തീക്ഷ്ണതയില്‍ത്തന്നെ ആ ബാറ്റില്‍ നിന്നും പുറപ്പെടുന്നു. ഇതൊക്കെയുണ്ടെങ്കിലും സ്വയം ആസ്വദിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ ആവാത്ത അവസ്ഥയാണ് ലോകകപ്പിനു ശേഷമുള്ള മിക്കവാറും ഇന്നിങ്‌സുകളിലും കാണാന്‍ സാധിച്ചിട്ടുള്ളത്.അതാണ് വിരമിക്കലിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുന്നതും.
ഫോം എന്നത് സച്ചിന്‍ തെണ്ടുല്‍കറുടെ കരിയറില്‍ ഒരിക്കല്‍പ്പോലും ഒരു പ്രതിബന്ധമായിട്ടില്ല. മറ്റൊരു ക്രിക്കറ്ററിലും കാണാനാവാത്ത ഒരു പ്രത്യേകതയാണിത്. 1994 ല്‍ ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ആയി മാറിയ ശേഷം നിരന്തരം മികച്ച ഇന്നിങ്‌സുകള്‍ കളിച്ച തെണ്ടുല്‍കര്‍ തുടര്‍ച്ചയായി നാല് ഇന്നിങ്‌സുകളില്‍ തുടക്കത്തിലേ പുറത്തായിരുന്നു. അന്ന് ഫോം തന്നെയായിരുന്നു പ്രധാന പ്രശ്‌നം. ഒരറ്റത്ത് മനോജ് പ്രഭാകറിനെ സ്വതന്ത്രനാക്കി കളിപ്പിച്ച് അഞ്ചോ ആറോ ഓവറുകള്‍ വെസ്റ്റ് ഇന്‍ഡ്യന്‍ ബൗളര്‍മാരെ നിരീക്ഷിച്ചതിനുശേഷം ഇന്നിങ്‌സിന്റെ നിയന്ത്രണം ഏറ്റെടുത്ത് സെഞ്ച്വറി നേടിയ തെണ്ടുല്‍ക്കറുടെ ഓരോ ചലനങ്ങളും ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആദ്യത്തെ ഏകദിന സെഞ്ച്വറി പോലും ഫോമിലല്ലാതിരുന്ന സമയത്താണ് ഉണ്ടായത് എന്നതാണ് മറ്റുള്ളവരില്‍ നിന്നും തെണ്ടുല്‍കറെ വേര്‍തിരിച്ചു നിര്‍ത്തുന്നത്. അങ്ങനെ വേറൊരു തലത്തില്‍ സഞ്ചരിക്കുന്ന ആള്‍ എന്ന അവസ്ഥ തന്നെയാണ് തെണ്ടുല്‍ക്കര്‍ എന്ന വിഷയത്തെ ഇത്ര സെന്‍സിറ്റിവ് ആക്കുന്നതും.
തെണ്ടുല്‍ക്കറും സെവാഗും ചേര്‍ന്ന ഓപ്പണിംഗ് ജോഡി നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുന്‍പു വരെ വളരെ വലിയ ഒരു ആര്‍ഭാടമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതൊരു ബാധ്യതയാണെന്ന ക്യാപ്റ്റന്റെ പരോക്ഷമായ അഭിപ്രായപ്രകടനങ്ങള്‍ രണ്ടുപേരുടെ കാര്യത്തിലും ഒരുപോലെ പ്രസക്തമാണെങ്കിലും കപില്‍ദേവിനെപ്പോലുള്ളവര്‍ക്ക് അത് 'തെണ്ടുല്‍കര്‍ ഇനി ഏകദിനക്രിക്കറ്റ് മതിയാക്കുകയാണ് നല്ലത്' എന്ന് ഉറക്കെ പ്രസ്താവിക്കാനുള്ള ലൈസന്‍സ് ആണ് നല്‍കിയത്. അത് ഒരു നിമിഷത്തിന്റെ ആവേശത്തില്‍ അദ്ദേഹം പറഞ്ഞതാവാന്‍ വഴിയില്ല. ഒരുപാട് പ്രാവശ്യം നാവിന്റെ തുമ്പില്‍ നിന്നും മടക്കിയയക്കപ്പെട്ട വാക്കുകള്‍ ധൈര്യത്തോടെ പുറത്തിറങ്ങുകയായിരിന്നിരിക്കും. 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കപിലും അനുഭവിച്ച നിമിഷങ്ങളാവും ഇതൊക്കെ.
ഞാന്‍ മതിയാക്കുകയാണ് എന്ന് പറഞ്ഞ് ഒഴിയാനുള്ള അവകാശം കളിക്കാരനില്‍ നിക്ഷിപ്തമാണ്. എന്നാല്‍ എനിക്കിഷ്ടമുള്ളിടത്തോളം ഞാന്‍ തുടരും എന്ന് പ്രഖ്യാപിക്കാന്‍ ഏതെങ്കിലും കളിക്കാരന് അവകാശമുണ്ടാകാമോ? സൗരവ് ഗാംഗുലിക്കോ രാഹുല്‍ ദ്രാവിഡിനോ ഇല്ലാത്ത ഈയൊരു തലം ചര്‍ച്ച ചെയ്യപ്പെടുന്നത് വ്യക്തി സച്ചിന്‍ തെണ്ടുല്‍കര്‍ ആണ് എന്നതുകൊണ്ടു മാത്രമാണ്. ഒരു ടീം ഗെയിമില്‍ അങ്ങനെ ഒരു പരിഗണന സാധ്യമാകുന്നതു തന്നെ തെണ്ടുല്‍ക്കര്‍ എന്ന പേരിന്റെ മഹത്വമാണ്. അവിടെ 99 സെഞ്ച്വറികളോ 33000 റണ്ണുകളോ അല്ല പ്രധാനപ്പെട്ട ഘടകമാകുന്നത്. മറിച്ച്, 22 വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യന്‍ സമൂഹത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉണ്ടാക്കിയെടുത്ത സ്വാധീനമാണ് അതിന്റെ അടിസ്ഥാനം.
സിനിമ പോലെ ഒരു വന്‍ വ്യവസായമാണ് ക്രിക്കറ്റ്. അവിടെ വേണ്ട എന്ന് സ്വയം തീരുമാനിക്കാനുള്ള അവകാശം തെണ്ടുല്‍കര്‍ക്ക് പോലും ഉണ്ടോ എന്ന് നമുക്ക് ഉറപ്പില്ല. നാം ഭാവിയിലേക്കുള്ള നിക്ഷേപങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ മറുവശത്ത് മാര്‍ക്കറ്റിലെ നിക്ഷേപങ്ങളും മൂല്യങ്ങളുമാവും പ്രസക്തമാകുന്നത്. പ്രായോഗികതകളുടെയും വൈകാരികതകളുടെയും ബ്രാന്‍ഡ് സ്വാധീനങ്ങളുടെയും ഇടയില്‍ നിന്ന് ഒരു തീരുമാനം ഇഴപിരിച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല.
സുഖകരമായ ഒരസ്വസ്ഥത മാത്രമാണ് നമുക്ക് ഈ വിഷയം. അങ്ങനെയല്ലാത്ത അഞ്ചുപേര്‍ മാത്രമാണ് ഇന്ത്യയില്‍ ഉള്ളത്. കൃഷ്ണമാചാരി ശ്രീകാന്തും നാലു സെലക്ടര്‍മാരും. അവര്‍ക്ക് പറയാനുള്ളത് എന്താണെന്ന് ആര്‍ക്കും അറിയില്ല. ഒരുപക്ഷേ, അവര്‍ക്ക് പോലും.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment