Tuesday, 28 February 2012

[www.keralites.net] കമ്മീഷനു മുന്നില്‍ കണ്ണീരോടെ

 

കമ്മീഷനു മുന്നില്‍ കണ്ണീരോടെ


കോട്ടയം :ചിക്കന്‍പോക്‌സ് വന്നാലും വെറും പത്തു ദിവസത്തെ അവധി, പനി വന്നാല്‍ ഒരു പാരസെറ്റമോള്‍പോലും നല്‍കാതെ ഡ്യൂട്ടിക്കു നിയോഗിക്കല്‍ ഇവയെല്ലാം സഹിച്ച് ചെയ്യുന്ന സേവനത്തിന് നഴ്‌സുമാര്‍ക്ക് നല്‍കുന്നതോ ആസ്​പത്രിയിലെ തൂപ്പുകാര്‍ക്കു കൊടുക്കുന്നതിനേക്കാള്‍ തുച്ഛമായ ശമ്പളം... നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനെത്തിയ കമ്മീഷന്‍ അംഗങ്ങള്‍ക്കു മുന്‍പില്‍ പരാതിയുമായെത്തിയ പലരും വിങ്ങലൊതുക്കിയാണ് നിന്നത്....മറ്റുചിലരാകട്ടെ ഇത്രയും നാള്‍ അനുഭവിച്ച അടിച്ചമര്‍ത്തലിന്റെ രോഷം പ്രകടിപ്പിക്കാനുള്ള വേദിയാക്കി കമ്മീഷന്റെ തെളിവെടുപ്പ്...സഹനത്തിന്റെ കഥകളായിരുന്നു മിക്കവര്‍ക്കും പറയാനുണ്ടായിരുന്നത്.

ശമ്പളം നല്‍കാതിരിക്കാന്‍ പല കാരണങ്ങള്‍

ഒരു വര്‍ഷംമുതല്‍ 10 വര്‍ഷംവരെ പരിചയമുള്ളവര്‍ക്കും ഒരേ നിരക്കില്‍ ശമ്പളം.നഴ്‌സുമാര്‍ക്ക് മാനേജ്‌മെന്റ് നല്‍കുന്നതങ്ങനെയാണ്. വാര്‍ഷിക ഇന്‍ക്രിമെന്റ് നല്‍കുന്നതാകട്ടെ 110 രൂപ മാത്രം. അതും അതേ ആസ്​പത്രിയില്‍ 10വര്‍ഷത്തെ അനുഭവസമ്പത്തുള്ളവര്‍ക്കുമാത്രം.
നഗരാതിര്‍ത്തിയിലെ പ്രശസ്തമായ സ്വകാര്യ ആസ്​പത്രിയിലാണ് സിജോ ജോലി നോക്കുന്നത്. ആറു വര്‍ഷമായി തുടരുന്ന ജോലിക്ക് കൈയില്‍ കിട്ടുന്നത് 6,635 രൂപ. മിനിമം വേജസ് ആക്കിയതിനു ശേഷമാണ് ഇത്രയും കിട്ടുന്നത്. ഇതിനു മുന്‍പ് 5,000 രൂപയ്ക്കാണ് സിജോ ജോലി നോക്കിയിരുന്നത്. ബസ് ടിക്കറ്റിന്റത്രയും മാത്രം വലിപ്പമുള്ള ശമ്പളസഌപ്പുമായാണ് അയാള്‍ പരാതി പറയാനെത്തിയത്. കമ്മീഷനംഗം ശമ്പളസഌപ് ഉയര്‍ത്തിക്കാട്ടി പറഞ്ഞു, ' നഴ്‌സുമാര്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്നതിന് ഈ തെളിവുതന്നെ ധാരാളം'
ഇതേ ആസ്​പത്രിയില്‍ ഒരു വര്‍ഷമായി പരിശീലനം നടത്തുന്ന 25 നഴ്‌സുമാര്‍ക്ക് നല്‍കുന്നത് 1,000 രൂപ മാത്രമാണ്. ഇവരെയാകട്ടെ കമ്മീഷന്റെ വരവു പ്രമാണിച്ച് കഴിഞ്ഞ ഒരാഴ്ചയായി ഡ്യൂട്ടി നല്‍കാതെ പുറത്തു നിര്‍ത്തിയിക്കുകയാണ്. കമ്മീഷനെത്തിയാല്‍ ഈ കള്ളക്കളികള്‍ പുറത്തറിയാതിരിക്കാന്‍.കമ്മീഷന്‍ ചോദിക്കുമ്പോള്‍ 5,000 രൂപ ശമ്പളമുണ്ടെന്ന് പറയുന്നവര്‍ക്ക് ഡ്യൂട്ടി നല്‍കാമെന്ന് മാനേജ്‌മെന്റ് പറഞ്ഞതായും നഴ്‌സുമാര്‍ പറഞ്ഞു.

പരിചയം 20 വര്‍ഷം , ശമ്പളം 8,000 രൂപ

ഗള്‍ഫില്‍ നഴ്‌സായിരുന്ന ജീവനക്കാരി 20 വര്‍ഷ പരിചയവുമായി നാട്ടിലെത്തിയപ്പോള്‍ കിട്ടിയ ശമ്പളം 8,000 രൂപ. വിദേശത്ത് ഒന്നരലക്ഷം രൂപ ശമ്പളം കിട്ടിക്കൊണ്ടിരുന്ന ഇവര്‍ക്ക് ആസ്​പത്രി സംവിധാനത്തെക്കുറിച്ചും പരാതികളേറെ. സംഘടനയില്‍ ചേര്‍ന്നാല്‍ ജോലി പോകും

നഴ്‌സിങ് സംഘടനയില്‍ ചേര്‍ന്നതിന്‍െ റ പേരില്‍ ജോലിയില്‍നിന്നു പുറത്താക്കിയിരിക്കുകയാണ് മോനിപ്പള്ളിയിലെ സ്വകാര്യ ആസ്​പത്രിയിലെ മൂന്നു പെണ്‍കുട്ടികളെ. ഇവര്‍ക്കു മറ്റാസ്​പത്രികളിലും ജോലിനോക്കാന്‍ പറ്റാത്ത അവസ്ഥ. ശമ്പളം കൂട്ടി നല്‍കാതിരിക്കാന്‍ വേറെയുമുണ്ട് വിദ്യകള്‍. സ്വന്തം മകള്‍ ജോലി ചെയ്യുന്ന ആസ്​പത്രിയില്‍നിന്നു കിട്ടിയ കുറിപ്പുമായാണ് ആ പിതാവ് കമ്മീഷനു മുന്‍പില്‍ വന്നത്. ഇന്‍ക്രിമെന്റ് കിട്ടാറായപ്പോള്‍ മാനേജ്‌മെന്റ് നല്‍കിയതാണ്, ജോലിയില്‍ അച്ചടക്കമില്ലെന്നും സമയനിഷ്ഠയില്ലെന്നും കാണിച്ച് ഒരു നോട്ടീസ്. ആറുമാസത്തെ മാനേജ്‌മെന്റിന്റെ നേരിട്ടുള്ള നിരീക്ഷണത്തിനുശേഷം മാത്രമേ ഇന്‍ക്രിമെന്റ് നല്‍കൂ എന്ന് ചുരുക്കം. ലോണ്‍ എടുത്തത് അടയ്ക്കാന്‍ പോലുമാകാതെ നട്ടം തിരിയുകയാണ് ഈ വീട്ടുകാര്‍.


ശമ്പള രജിസ്റ്റര്‍ പെന്‍സില്‍ കൊണ്ട്

പെന്‍സില്‍ കൊണ്ട് എഴുതിയ രജിസ്റ്ററിലാണ് നഴ്‌സുമാരുടെ ഒപ്പു രേഖപ്പെടുത്തി ശമ്പളം നല്‍കുന്നത്. എന്നാല്‍ ഈ രജിസ്റ്ററില്‍ പേനകൊണ്ട് തിരുത്തി 3500 രൂപ 1,3500 ആക്കിമാറ്റിയിരിക്കുന്നത് കമ്മീഷന്‍ കയ്യോടെ പിടികൂടി.
ശമ്പളം തരാത്തതിനേക്കാള്‍ വേദനയാണ് ഡ്യൂട്ടി സമയത്തുള്ള മാനസിക പീഡനങ്ങളെന്ന് ഒരു കൂട്ടം നഴ്‌സുമാര്‍ പറയുന്നു. പനിവരുന്ന രോഗിയെയും എയിഡ്‌സ് ബാധിതരെയും നോക്കാന്‍ ഒരുപോലെ സന്നദ്ധരാണ് തങ്ങള്‍ . എന്നാല്‍ പകര്‍ച്ചവ്യാധികളുള്ള രോഗികളെത്തിയാല്‍ ഒരു കയ്യുറപോലും കൂടുതല്‍ തരാന്‍ മാനേജ്‌മെന്റിന് മടി. ചിക്കന്‍പോക്‌സ് വന്ന കുട്ടിക്ക് ശമ്പളമില്ലാതെ 10 ദിവസം മാത്രമാണ് അവധി നല്‍കിയത്.പ്രതിഷേധിച്ചപ്പോള്‍ ജോലിചെയ്യാന്‍ മടിയെന്ന് ആക്ഷേപവും. പനി വന്നാല്‍ കാശ് കൊടുത്താല്‍ മാത്രമേ ഒരു പാരസെറ്റമോള്‍പോലും എടുത്തു കഴിക്കാന്‍ അനുവാദമുള്ളൂ. ബന്ധുക്കള്‍ ചികിത്സയ് ക്കെത്തിയാല്‍പോലും ഇളവില്ല, ഒരു മെഡിക്കല്‍ ആനുകൂല്യവും തരാന്‍ തയ്യാറുമല്ല...ഇങ്ങനെ പോകുന്നു ഇവരുടെ പരാതികള്‍.
മൊത്തം 21 പേരാണ് പരാതി നല്‍കാന്‍ എത്തിയത്. നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും സ്വകാര്യ ആസ്​പത്രികളിലും കമ്മീഷന്‍ നേരിട്ടെത്തി നഴ്‌സുമാരുടെ മൊഴി രേഖപ്പെടുത്തി.
സ്വകാര്യ ആസ്​പത്രികളിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷന്‍ ഡോ.എസ്.ബലരാമന്‍, നഴ്‌സിങ് വിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. പ്രസന്നകുമാരി, തൃശ്ശൂര്‍ നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വല്‍സമ്മ ജോസഫ്, നഴ്‌സിങ് സര്‍വ്വീസസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി.ദേവകി എന്നിവരും പരാതികള്‍ സ്വീകരിച്ചു.

 

║│││▌│█║▌║│ █║║▌█ ║
»
+91 9447 14 66 41«

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment