ന്യൂഡല്‍ഹി:
ജഡ്ജിമാരുടെ പ്രവര്‍ത്തനം അസാധ്യമാക്കുകയോ അങ്ങേയറ്റം ബുദ്ധിമുട്ടേറിയതാക്കുകയോ ചെയ്താല്‍ മാത്രമേ കോടതിയലക്ഷ്യ നടപടി ആവശ്യമുള്ളുവെന്ന്് പ്രസ്കൗണ്‍സില്‍ അധ്യക്ഷനും മുന്‍ സുപ്രീംകോടതി ജഡ്ജിയുമായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.
ഈ സാഹചര്യമില്ലെങ്കില്‍ കടുത്ത വിമര്‍ശമായാലും നടപടി ആവശ്യമില്ലെന്ന് കോടതിയലക്ഷ്യം അനിവാര്യമോ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ കട്ജു പറഞ്ഞു.
.................................................................................
. ജഡ്ജിയുടെ ഇരിപ്പിടത്തിലേക്ക് ചാടിക്കയറുക, ഫയലുകള്‍ തട്ടിയെടുക്കുക, കോടതിയില്‍ ബഹളമുണ്ടാക്കുക, സാക്ഷിയെയോ കക്ഷിയെയോ ഭീഷണിപ്പെടുത്തുക തുടങ്ങിയ ഘട്ടങ്ങളിലെ കോടതിയലക്ഷ്യം ആവശ്യമുള്ളൂ. കോടതിപ്രവര്‍ത്തനം തടസ്സപ്പെടുത്താത്ത അഭിപ്രായപ്രകടനങ്ങളുടെയോ വിമര്‍ശങ്ങളുടെയോ പേരില്‍ നടപടി ആവശ്യമില്ല.
ഇന്ത്യയില്‍ ജനങ്ങളാണ് പരമോന്നതം. കോടതിയും മറ്റുഭഭരണഘടനാ സ്ഥാപനങ്ങളും ജനങ്ങളുടെ സേവകര്‍ മാത്രം. സേവകര്‍ വേണ്ടവിധം പ്രവൃത്തിച്ചില്ലെങ്കില്‍ ഉടമകള്‍ക്ക് വിമര്‍ശിക്കാന്‍ അധികാരമുണ്ട്.
ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് ജഡ്ജിമാരെ വിമര്‍ശിക്കാം. അതുകൊണ്ട് തന്നെ ജഡ്ജിമാരെ വിമര്‍ശിക്കുന്നതില്‍നിന്നും ജനങ്ങളെ വിലക്കുന്ന കോടതിയലക്ഷ്യനിയമത്തിന്റെ ആവശ്യമുണ്ടോയെന്ന് ചോദ്യം പ്രസക്തമാണ്.
ജനങ്ങള്‍ക്ക് സ്വതന്ത്രഅഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്നതാണ്ഭ ഭരണഘടനയുടെ 19(1)(എ) വകുപ്പ്. 129, 215 വകുപ്പുകള്‍ ഉന്നത നീതിപീഠങ്ങള്‍ക്ക് കോടതിയലക്ഷ്യ നടപടിക്ക് അധികാരം നല്‍കുന്നു. എന്നാല്‍ , ഒരു ജനാധിപത്യരാഷ്ട്രമെന്ന നിലയില്‍ 19(1)(എ) വകുപ്പിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. ജഡ്ജിമാരെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നല്‍കണം.
എന്തൊക്കെയാണ് കോടതിയലക്ഷ്യമെന്ന കാര്യത്തില്‍ കോടതികള്‍ക്ക് വ്യക്തതയോ ഏക നിലപാടോ ഇല്ല. കോടതികള്‍ സമ്പന്നര്‍ക്ക് അനുകൂലമാണെന്ന് വിമര്‍ശിച്ച ഇ എം എസിനെ കുറ്റക്കാരനായി വിധിച്ചു. ഇതേ വിമര്‍ശം ഉന്നയിച്ച മുന്‍ കേന്ദ്രമന്ത്രി പി ശിവശങ്കറിനെതിരെ നടപടിയുണ്ടായില്ല.
എന്താണ് കോടതിയലക്ഷ്യമെന്ന് ആദ്യം നിര്‍വചനമില്ലായിരുന്നു. അപകീര്‍ത്തി, കോടതിപ്രവര്‍ത്തനത്തില്‍ ഇടപെടല്‍ എന്നൊക്കെ പിന്നീട് ഭേദഗതി വന്നെങ്കിലും എന്തൊക്കെയാണ് അപകീര്‍ത്തികരം എന്ന നിര്‍വചനമില്ല. ഇന്നത്തെ അപകീര്‍ത്തിപരമായി കാണുന്നത് നാളെ അങ്ങനെയാകണമെന്നില്ല.
ബ്രിട്ടനിലെ ഡെയ്ലിമിറര്‍ [Daily Mirror] പത്രം ഒരു വിധിയെ വിമര്‍ശിച്ച് നിങ്ങള്‍ വിഡ്ഢികള്‍ എന്ന തലക്കെട്ടോടെ ജഡ്ജിമാരുടെ ചിത്രംവച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചു. എന്നാല്‍ , ബ്രിട്ടീഷ് കോടതി നടപടിയെടുത്തില്ല. ഇതേക്കുറിച്ച് വിധി പുറപ്പെടുവിച്ച ബെഞ്ചിലെ സീനിയറായ ലോര്‍ഡ് ടെംപിള്‍മാന്റെ പ്രതികരിച്ചത് താന്‍ വിഡ്ഢിയല്ലെന്ന് തനിക്ക് വിശ്വാസമുണ്ടെങ്കിലും മറ്റുള്ളവര്‍ക്ക് അവരുടെ നിലപാട് അറിയിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നാണ്.
ഇംഗ്ലണ്ടിലെ ജഡ്ജിമാര്‍ ഇത്തരം വ്യക്തിഗത വിമര്‍ശങ്ങള്‍ കണക്കിലെടുക്കാറില്ല. ആരെങ്കിലും കോടതിക്ക് അകത്തോ പുറത്തോ തന്നെ വിഡ്ഢിയെന്ന് വിളിച്ചാല്‍ താന്‍ നടപടിക്ക് മുതിരില്ല. കാരണം അത് തന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതല്ല. എന്തായാലും വാക്കുകള്‍ക്ക് ഒരിക്കലും എല്ലൊടിക്കാനാകില്ല. ഒരിക്കലും വിമര്‍ശങ്ങളുടെ പേരില്‍ കോടതിയലക്ഷ്യം പാടില്ല- ജസ്റ്റിസ് കട്ജു പറഞ്ഞു.
No comments:
Post a Comment