Wednesday, 9 November 2011

[www.keralites.net] വീട് വിളിക്കുന്നു, എപ്പോഴും

വീട് വിളിക്കുന്നു, എപ്പോഴും
 
സ്വപ്നങ്ങള്‍ കതിരിടുമ്പോള്‍ മലയാളിയെ മോഹിപ്പിക്കുന്നു ഈ ഗള്‍ഫ്. കുടിയേറ്റ കാലത്തിന് അരനൂറ്റാണ്ട് പൂര്‍ത്തിയാവുമ്പോള്‍ മലയാളിയുടെ ഗള്‍ഫ് ജീവിതത്തിന്റെ കാണാകാഴ്ചകള്‍ തേടി ഈ അന്വേഷണയാത്ര.
 


''
എങ്ങനെയെങ്കിലും രക്ഷപ്പെടണം മോനേ. ലോഞ്ച് കയറി ഗള്‍ഫിലോട്ട് പോവാനുള്ള എല്ലാ പദ്ധതികളും തയ്യാറായിക്കഴിഞ്ഞു. നമുക്ക് പല സാമ്രാജ്യങ്ങളും വെട്ടിപ്പിടിക്കാനുണ്ട്.... സ്‌ക്രീനില്‍ ശ്രീനിവാസന്റെ കിരുകിരു ശബ്ദം.എടാ വിജയാ നമുക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്താ...മോഹന്‍ലാലിന്റെ ദാസന് അപ്പോഴും സംശയം വിട്ടുമാറിയിട്ടില്ല.

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ....''അമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തിലെ ടി.വി.സ്‌ക്രീനില്‍ നാടോടിക്കാറ്റിലെ ദാസനും വിജയനും അറബിക്കുപ്പായമിടുമ്പോള്‍ ഹെഡ്‌ഫോണില്‍ ഒരു കിളിനാദം. 'നമ്മള്‍ ദുബായിലേക്ക് ലാന്‍ഡ് ചെയ്യുന്നു'.

ഗഫൂര്‍ക്കാ ദോസ്ത്.....


ഋമനം മയക്കുന്ന അത്തറും സ്‌പ്രേയുമായി ഈന്തപ്പനയുടെ നാട്ടിലൂടെ ഒട്ടകപ്പുറത്തേറി വരുന്ന അറബികുമാരന്‍ '. അറബിക്കഥകളുടെ ആ ബലൂണ്‍ വിമാനത്താവളത്തില്‍ വെച്ചുതന്നെ പൊട്ടി. 

അത്തറിനുപകരം വിമാനത്താവളത്തില്‍ നിറയെ ചേലന്‍മാങ്ങയുടെയും വരിക്കച്ചക്കയുടെയും മണം. കേരളത്തിന്റെ സമ്മാനങ്ങള്‍ കയറ്റി ഒരു 'കണ്ടെയ്‌നര്‍' കടന്നുപോയി. ആ ലഗേജ് കൂമ്പാരത്തിന് പുറകെയുണ്ട് മലപ്പുറം കരുവാരക്കുണ്ടിലെ മുസ്തഫ.'രണ്ടുമാസത്തെ അവധി കഴിഞ്ഞ് വരുന്നു. ഇതെല്ലാം ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ തന്നുവിട്ടതാ...' മൂടിക്കെട്ടിയ മുഖത്തോടെ മുസ്തഫ കണ്ടെയ്‌നറിലേക്ക് വിരല്‍ചൂണ്ടി. അവധികഴിഞ്ഞ് സ്വന്തം വീടും നാടും പ്രിയതമയെയും വിട്ടുവരുന്ന സങ്കടം. അയാള്‍ പുറത്തേക്ക് വണ്ടിയുന്തി. 
കന്ദൂറയെന്ന നീളന്‍ കുപ്പായത്തില്‍ മിനുങ്ങുന്ന അറബികള്‍ ഇവിടെ വിരലിലെണ്ണാവുന്നത്ര മാത്രം. ലെവിസ്ട്രാസ് ജീന്‍സില്‍ മാല്‍ബറോ സിഗരറ്റുമൂതി ഉലഞ്ഞുനടക്കുന്നത് ഭൂരിഭാഗവും ഇന്ത്യന്‍മുഖങ്ങള്‍. ഓര്‍മവന്നത് മറ്റൊരു യാത്ര. 

''
എമിേഗ്രഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി എയര്‍പോര്‍ട്ടിനുവെളിയില്‍ കാത്തുനിന്ന ഞങ്ങളെ കൂട്ടിക്കൊണ്ടുപോവാന്‍ ആരെയും കാണാതെ വിഷമിച്ചു. ഞങ്ങള്‍ക്കൊപ്പം വിമാനത്തില്‍ വന്നവരൊക്കെ കൂട്ടുകാരുടെയും സ്‌പോണ്‍സറുടെയും ബന്ധുക്കളുടെയും വണ്ടികളില്‍ കയറി യാത്രയായിരുന്നു... കണ്‍മുന്നിലൂടെ കടന്നുപോകുന്ന നൂറുനൂറ് അറബികള്‍. ആണുങ്ങളും പെണ്ണുങ്ങളും. ഞാന്‍ എത്തിപ്പെട്ടത് അന്റാര്‍ട്ടിക്കയിലാണെന്നും എന്റെ മുന്നിലൂടെ പോവുന്നത് കുറെ വെളുത്ത പെന്‍ഗ്വിനുകളും കുറെ കറുത്ത പെന്‍ഗ്വിനുകളുമാണെന്ന് തോന്നി...എല്ലാവരും അവരവരുടെ തിരക്കുകളിലേക്ക് നടന്നുപോയി...മലയാളി എന്നുതോന്നിച്ച ഒരാളുടെ അടുത്തെത്തി ഞാന്‍ വിവരം പറഞ്ഞു. കാത്തുനില്‍ക്കൂ, നിങ്ങളുടെ അര്‍ബാബ് വരാതിരിക്കില്ല. ആ അപരിചിതനില്‍നിന്നാണ് ആദ്യമായി ഞാന്‍ ആ അറബിവാക്ക് കേള്‍ക്കുന്നത്, അര്‍ബാബ്'' (ആടുജീവിതം-ബെന്യാമിന്‍)
തിളയ്ക്കുന്ന ചൂടില്‍ പുറത്ത് വലിയൊരു ട്രക്കര്‍ വന്നുനിര്‍ത്തി. വന്നത് അര്‍ബാബ് അല്ല, നാട്ടിലെ പരിചയക്കാരന്‍. മണല്‍ത്തിട്ടകള്‍ക്കുനടുവിലെ കണ്ണാടിപോലെ തെളിഞ്ഞ പാതയില്‍ ആ സുഹൃത്തിന്റെ വലിയവണ്ടി വട്ടം ചുറ്റി. ഒടുവില്‍ മണല്‍പ്പരപ്പിലൂടെ ഇറങ്ങിനിന്നത് കുറെ ടെന്റുകള്‍ക്ക് നടുവില്‍. അവിടുത്തെ ഒരു ഇടുങ്ങിയ ഒറ്റമുറിയില്‍നിന്ന് ഏഴുപേര്‍ ഒരുമിച്ച് എണീറ്റുവന്നു. മുറിയില്‍ അട്ടിക്കിട്ട കട്ടില്‍ കൂടുകളില്‍ ഏറ്റവും മുകളിലെ വാസസ്ഥലത്ത് അപ്പോഴും ഉറക്കച്ചടവിലായിരുന്നു നാസര്‍. പതിനെട്ടുവയസ്സുതൊട്ടേ ഗള്‍ഫുനാടുകളില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന കോഴിക്കോട് തിക്കോടിക്കാരന്‍.


'
ചെറുപ്പത്തില്‍ പ്രേംനസീറിന്റെ വീട്ടില്‍ പാചകക്കാരനായിരുന്നു ഞാന്‍. പത്തൊന്‍പതാം വയസ്സിലാണ് ആദ്യം വിദേശത്തേക്ക് വരുന്നത്. എട്ടുവര്‍ഷം സൗദിയിലെ ഒരു ഷെയ്ഖ് ഫാമിലിയില്‍ കുക്കായി. അവിടുത്തെ അറബിക്കും ഭാര്യക്കും മകനെപ്പോലെയായിരുന്നു. അവര്‍ മരിച്ചപ്പോള്‍ മക്കളുടെ ഭരണമായി. അതോടെ സ്ഥലംവിട്ടു. ഇറാക്കില്‍ അമേരിക്കന്‍ പട്ടാളക്കാര്‍ക്കൊപ്പം രണ്ടരക്കൊല്ലം ജോലി ചെയ്തിട്ടുണ്ട്. അന്ന് പട്ടാളക്യാമ്പില്‍വെച്ച് പുറംലോകം കണ്ടിരുന്നില്ല. ഇത്തവണത്തെ ദുബായ് വരവ്് വിസിറ്റിനാണ്. വിസ റെഡിയാവുന്നതുവരെ ഈ ഒളിവുജീവിതം.'

നാസറിനെപ്പോലെ ഭാഗ്യപരീക്ഷണത്തിനിറങ്ങുന്ന പലരും ആദ്യം വിസിറ്റിനുവരും. സ്ഥിരമായൊരു ജോലി കിട്ടുംവരെ അധികം പുറത്തിറങ്ങേണ്ടി വരാത്ത കുക്കിന്റെ പണിയെടുക്കും,ചിലപ്പോള്‍ ഈ ഒളിവുജീവിതം വര്‍ഷങ്ങള്‍ നീളാം. എല്ലാം തലയിലെഴുത്ത് അനുസരിച്ചിരിക്കും. 'ഇത്ര കാലത്തെ അധ്വാനം കൊണ്ട് നാല് പെങ്ങന്‍മാരെ കെട്ടിച്ചയച്ചു. ഇനി എന്റെ ചെറിയ വീടൊന്ന് മൊഞ്ചാക്കണം. ഭാര്യയും രണ്ടുചെറിയ മക്കളും പ്രായമായ ഉമ്മയുമാണ് വീട്ടില്‍. അവര്‍ക്കുവേണ്ടിയും എന്തെങ്കിലും സമ്പാദിക്കണ്ടേ.' 
നാസര്‍ വിസ നല്‍കി കൊണ്ടുവന്ന പലരും ഗള്‍ഫില്‍ രക്ഷപ്പെട്ടു. ജനകനെന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ നിര്‍മാതാവ് ചന്ദ്രബോസിന് ആദ്യം വിസ നല്‍കിയത് നാസറായിരുന്നു. ഹിന്ദിയും അറബിയും ഉറുദുവും മറാത്തിയും ഫ്രഞ്ചും ഇംഗ്ലീഷുമെല്ലാം പഠിച്ചതാണ് നാസറിന്റെ 30 വര്‍ഷത്തെ ഗള്‍ഫ് സമ്പാദ്യം. 

''
ഇങ്ങനെ കുത്തിയിരുന്നാല്‍ അടുപ്പ് പുകയില്ലല്ലോ. ഒമാന്‍ മത്തിയും ബ്രസീല്‍ കോഴിയുമുണ്ട്. നാട്ടിലെ ഏഴുരൂപയുണ്ടേല്‍ തോക്കിന്‍കുഴല്‍ പോലെ നീണ്ട ഒമാന്‍ മത്തി കിട്ടും. ബ്രസീല്‍ കോഴിക്കും ഇവിടെ വില കുറവാ. നമ്മള് നാട്ടില്‍നിന്ന് വരുന്നതിനും മുമ്പേ ബ്രസീലില്‍നിന്ന് കയറിവന്നതാവുമെന്ന് മാത്രം'' നാസര്‍ പുറത്തെ ടെന്റിലുള്ള അടുക്കളയിലേക്കുനടന്നു. ഒറ്റ സ്റ്റൗ, അതിനൊരു സ്റ്റാന്റ്. അതാണ് അടുക്കള. അപ്പുറത്തും ഇപ്പുറത്തുമൊക്കെ നിരവധി അടുക്കളകള്‍. പഞ്ചാബികള്‍,ആന്ധ്രക്കാര്‍,തമിഴര്‍ തുടങ്ങിയ ദേശക്കാരുടെതാണ് മറ്റ് അടുക്കളകള്‍. പുറത്ത് ചുട്ടുപൊള്ളുന്ന ചൂട്. ഉരുകി മറിയുന്നു മണലാരണ്യം. പൊടിക്കാറ്റില്‍ മുങ്ങിയമരുന്ന കെട്ടിടങ്ങള്‍.

പഴയകാലം
 
വര്‍ഷമെത്ര കഴിഞ്ഞാലും നാടും നാട്ടിലെ ഓര്‍മകളും ഗള്‍ഫിലെത്തിയ മലയാളികളെ വിട്ടൊഴിയാറില്ല.

''
മുപ്പത് വര്‍ഷം മുമ്പ് വീട്ടില്‍നിന്ന് ഇറങ്ങിയ ദിവസം. തോരാത്ത മഴപെയ്യുന്ന കര്‍ക്കടകത്തിലായിരുന്നു ആ യാത്ര. ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോലെ അച്ഛനും അമ്മയും പെങ്ങന്‍മാരുമെല്ലാം വീടിന്റെ ഉമ്മറത്ത് നിരന്നുനില്‍ക്കുന്നു'' സമോവറില്‍നിന്ന് ചൂടുള്ള സുലൈമാനി ഗ്ലാസിലേക്ക്് പകരുന്നതിനിടയില്‍ തിരുവല്ലയിലെ പ്രഭാകരന്‍ പഴയകാലത്തിലേക്കൊരു യാത്ര പോയി. ദെയ്‌രയിലെ പ്രഭാകരന്റെ ഈ കഫറ്റീരിയ നാട്ടിലെ തട്ടുകടകളെ ഓര്‍മിപ്പിക്കുന്നു. ദുബായിലും ഷാര്‍ജയിലുമെല്ലാമായുള്ള രണ്ടായിരത്തോളം മലയാളി കഫറ്റീരിയകളിലൊന്ന്. 

''
വീട്ടിലെ മൂത്തയാളാണ് ഞാന്‍. താഴെ നാല് പെങ്ങന്‍മാര്‍. അവരെ കെട്ടിച്ച് അയക്കണം,അച്ഛന്് പ്രായമായി. ഇനി കുടുംബം നോക്കേണ്ടത് ഞാന്‍ തന്നെയാണ്. അതുകൊണ്ട് എനിക്ക് പോയേ പറ്റുമായിരുന്നുള്ളൂ. അന്ന് വീട്ടില്‍നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോഴുള്ള അമ്മയുടെ കരച്ചില്‍. വേലിക്കരികിലെത്തിയപ്പോള്‍ പാവം എന്റെ പുറകെ ഓടിവരുന്നു. കൈയില്‍ തുളസിയിലയും ചെമ്പരത്തിയുമിട്ട് കാച്ചിയ ഒരുകുപ്പി എണ്ണ. നിനക്ക് എണ്ണ മാറിത്തേച്ചാല്‍ ജലദോഷം വരുന്നത് ഓര്‍മയില്ലേ...

ബസ്സിലായിരുന്നു അന്ന് മുംബൈവരെ വന്നത്. നാട്ടിനുപുറത്തുപോവുന്നത് തന്നെ ആദ്യമായിട്ടാണ്. പിറന്ന നാട്, വീട്ടുകാര്‍, കൂട്ടുകാര്‍, വീടിനടുത്തുള്ള കുളം...എല്ലാം ദൂരേക്ക് മറയുകയാണ്. ഇനിയൊരിക്കല്‍ക്കൂടി കാണാനാകുമോ എന്ന് പോലും ഉറപ്പില്ലാതെ. അതുവരെ അടക്കിനിര്‍ത്തിയ സങ്കടമെല്ലാം കൂടെ വന്ന് തികട്ടി. ഞാന്‍ ഉറക്കെ കരഞ്ഞു. ബസ്സില്‍ ആരൊക്കെയോ എന്റെ തോളില്‍തട്ടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. എല്ലാവരും എന്നെ പോലെ നാടുവിട്ടുപോകുന്നവര്‍.'' അരികുകള്‍ കീറിയ പഴയൊരു പുസ്തകം നിവര്‍ത്തിവെക്കുന്ന ശ്രദ്ധയോടെയാണ് പ്രഭാകരന്‍ പ്രവാസകാലം ഓര്‍ത്തെടുക്കുന്നത്. നാടിന്റെ പച്ചപ്പിലേക്ക് തിരിച്ചുപോവുന്നതും അലാറത്തിന്റെ മൂളക്കമില്ലാതെ ഉണരുന്ന പ്രഭാതവും ഏതൊരു പ്രവാസിയെയുംപോലെ പ്രഭാകരനും സ്വപ്‌നം കാണാറുണ്ട്. 'പക്ഷേ മാസാമാസം ചെലവിന് കൊടുക്കുന്ന, രണ്ടുവര്‍ഷത്തിലൊരിക്കല്‍ രണ്ടുമാസം വിരുന്നെത്തുന്ന ഗള്‍ഫുകാരനെയേ നാടിനുവേണ്ടൂ.' അയാളില്‍ വീണ്ടും സങ്കടം പൊടിഞ്ഞുവന്നു.

ഇതാണ് ഗള്‍ഫ് മലയാളിയുടെ ജീവിതം. നാടിനും കുടുംബത്തിനും അവര്‍ പണം കായ്ക്കുന്ന മരം മാത്രം. ചിലര്‍ക്ക് വലിയ ആശങ്കയുണ്ട്. 'നാടെത്ര മാറിപ്പോയി. ഞങ്ങളെ ഇനി എങ്ങനെ സ്വീകരിക്കും എന്ന്' എല്ലാം തകര്‍ന്ന് തരിപ്പണമാവുമ്പോഴും പലരും കാത്തിരിക്കുന്നു,എന്നെങ്കിലും തന്റെ ദിവസം വരുമെന്ന് പ്രതീക്ഷിച്ച്.

ദുബായില്‍നിന്ന് ഷാര്‍ജയിലേക്കുള്ള ഷേക്ക് സായിദ് റോഡ്. ആറുവരിപ്പാതയിലൂടെ ദുബായ് ടാക്‌സി 'കാംറി ' ഒഴുകിക്കൊണ്ടിരുന്നു. മിന്നിമായുന്ന കൂറ്റന്‍ കെട്ടിടങ്ങളിലെല്ലാം ഒറ്റ ബോര്‍ഡ് മാത്രം-വാടകയ്ക്ക്. കൂടെയൊരു ടെലിഫോണ്‍ നമ്പറും 'ദുബായിലും ഷാര്‍ജയിലുമെല്ലാം ഇപ്പോള്‍ കെട്ടിടങ്ങള്‍ എളുപ്പം വാടകയ്ക്ക് കിട്ടും. നാലഞ്ചുവര്‍ഷംമുമ്പേ വന്നാല്‍ ഇങ്ങനെയൊരു ബോര്‍ഡേ കാണില്ലായിരുന്നു.'ഡ്രൈവര്‍ കാസര്‍കോട്ടുകാരന്‍ അഷ്‌റഫ് ഒരു നാട്ടുകാരനെ കണ്ട സന്തോഷത്തിലാണ്. 'ഞാനിവിടെ 21 വര്‍ഷമായി. കാസര്‍കോട്ടുകാര്‍ ഇങ്ങനെയാണ്. മുട്ടയില്‍നിന്നു വിരിയുമ്പോഴേ ഗള്‍ഫിലോട്ട് വണ്ടി കയറും'അയാള്‍ ഹൃദ്യമായി ചിരിച്ചു.

ഷാര്‍ജയില്‍ ഒരു നുണക്കഥ
 
ഒരു നുണക്കഥയാണ്. ഗള്‍ഫില്‍നിന്ന് ഏറെക്കാലത്തിനുശേഷം നാട്ടിലോട്ടു വന്ന മലയാളി ഇവിടെയൊരു ജ്യൂസ് കട തുടങ്ങി. പഴവും പാലും ബൂസ്റ്റുമെല്ലാമിട്ട് അവിയല്‍ പരുവത്തിലൊരു ഡ്രിങ്കായിരുന്നു സ്‌പെഷല്‍. ചേരുവ പോലെത്തന്നെ പേരും കിടിലന്‍. 'ഷാര്‍ജ ഷെയ്ഖ്്' ആരോ മെനഞ്ഞെടുത്ത കഥയാണെങ്കിലും വേനലില്‍ ഈ ഷാര്‍ജതന്നെ വേണം മലയാളിയെ കുളിര്‍പ്പിക്കാന്‍. ഡ്രിങ്കുകളിലെ ആ രാജാവിന്റെ നാട്ടില്‍ പക്ഷേ മഷിയിട്ടുതിരഞ്ഞിട്ടും ഈ ഷെയ്ഖിനെ കണ്ടില്ല. എന്നാലോ നമ്മുടെ പൂരിയും ചപ്പാത്തിയും പുട്ടും അപ്പവും കിട്ടാന്‍ പഞ്ഞവുമില്ല. 

'
ഇതൊരു കൊച്ചുകേരളമല്ലേ. നാട്ടില്‍ കിട്ടുന്നതെന്തും ഇവിടെയും സുലഭം'. ഷാര്‍ജ റോളയില്‍ കറിക്ക് ചേമ്പ് ചുരണ്ടുകയായിരുന്നു എടപ്പാളുകാരന്‍ നാസര്‍. 35 വര്‍ഷം മുമ്പാണ് നാസറിന്റെ ഉപ്പ ഈ ഹോട്ടല്‍ തുടങ്ങിയത്. 

നാസര്‍ വന്നിട്ട് 25 വര്‍ഷം. 'അന്നൊക്കെ ആയിരം ദര്‍ഹത്തിന് ജോലി ചെയ്താല്‍ 700 ദര്‍ഹം നാട്ടില്‍ അയക്കാനുണ്ടാവും. ഇന്ന് 700 ദര്‍ഹമുണ്ടെങ്കിലും ഇവിടെ ജീവിക്കാന്‍ പാടാണ്. നിര്‍മാണത്തൊഴിലിനും ഹോട്ടലിലേക്കുമൊന്നും പഴയപോലെ ആളുകള്‍ വരുന്നുമില്ല.'സ്വന്തം ബിസിനസ്സിലെ പ്രതിസന്ധികളിലേക്ക് വിരല്‍ ചൂണ്ടി നാസര്‍. അതുവരെ പത്രത്തില്‍ തലപൂഴ്ത്തിയിരുന്ന ഒരു മലയാളി അതുകേട്ട് ഒന്നു തലപൊക്കി. ആളെയൊന്ന് മുട്ടാന്‍ ചെന്നപ്പോള്‍ ഞാനീ നാട്ടുകാരനല്ലെന്ന ഭാവത്തില്‍ അദ്ദേഹം ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോയി.
'35
വര്‍ഷം മുമ്പ് ഷാര്‍ജയില്‍ വന്നയാളാണ്. അന്ന് ആസ്പത്രിയില്‍ ഡ്രൈവറായിരുന്നു. ആ പണിപോയപ്പോള്‍ പുള്ളിയൊരു ടാക്‌സിയെടുത്തു. ടാക്‌സി നിരോധിച്ചപ്പോള്‍ പിന്നെയും പെരുവഴിയിലായി. ഇപ്പോള്‍ വണ്ടി പ്രൈവറ്റാക്കി കള്ള ടാക്‌സിയായി ഓടുകയാണ്. പിടിച്ചാല്‍ അകത്തായതുതന്നെ' നാസര്‍ കഥ പൂരിപ്പിച്ചു. അല്ലെങ്കിലും നാടുവിട്ടാല്‍ മലയാളി 'പൂച്ച'യെപ്പോലെയല്ലേ. എവിടെ വീണാലും നാലുകാലിലേ വീഴൂ. ഒരു ജോലി പോയാല്‍ അവന്‍ വേറെ വഴിനോക്കും.

'
ഇത്രദൂരം ഓടിയിട്ടും നിങ്ങള്‍ റോഡിലെത്ര ബൈക്ക് കണ്ടു, ഒന്നോ രണ്ടോ അല്ലേ' ചോദ്യവും ഉത്തരവും നാദാപുരത്തുകാരന്‍ ഫിറോസിന്റെ വക. ദുബായിലേക്കുള്ള മടക്കയാത്രയുടെ സാരഥിയാണ് ഫിറോസ്.
'
ഇവിടെ ബൈക്ക് കണ്ടാല്‍ അത് കാറ്ററിങ്ങ് സര്‍വീസില്‍ ജോലി ചെയ്യുന്ന മലയാളിയുടേതാവും. അത്ര റിസ്‌കുള്ള ജോലിക്ക് നമ്മുടെ നാട്ടുകാരെയേ കിട്ടൂ. പത്തുവര്‍ഷം കൂടുമ്പോഴാണ് ഇവിടെ ലൈസന്‍സ് പുതുക്കാറ്. പക്ഷേ ടുവീലര്‍ ഓടിക്കുന്നവര്‍ക്ക് പലപ്പോഴും അതിന് ഭാഗ്യം കിട്ടാറില്ല' ക്രൂരമായൊരു ഫലിതം പറഞ്ഞ് ഫിറോസ് ചിരിച്ചു. വണ്ടി ദുബായിലെ ഒരു ഡാന്‍സ് ബാറിനു മുന്നില്‍ ബ്രേക്കിട്ടു.

ആയിരത്തൊന്ന് രാവുകള്‍
 
ദുബായ് ഉണരുകയാണ്. രാത്രി എട്ടരയ്ക്ക്. ഡാന്‍സ് ബാറുകളില്‍ വര്‍ണവെളിച്ചങ്ങള്‍ കണ്ണ് തുറക്കുന്നു. ഒപ്പം സംഗീതം പെരുമ്പറ കൊട്ടിത്തുടങ്ങി. ഈ സപ്തനക്ഷത്ര ബാറില്‍ പ്രവേശനത്തിനുതന്നെവേണം 200 ദര്‍ഹം. തുകയടച്ചെന്ന് ഉറപ്പാക്കാന്‍ സന്ദര്‍ശകരുടെ കൈയിലൊരു പച്ചകൂത്ത്.

'
മരുഭൂമിയില്‍ എന്തെങ്കിലുമൊരു ആനന്ദം വേണ്ടേ. കുടുംബമോ കുട്ടികളോ അടുത്തില്ല. ഞങ്ങളുടെ ഉള്ളിലെ തിളയ്ക്കുന്ന വികാരങ്ങള്‍ ഇങ്ങനെയൊക്കെ ശമിപ്പിക്കുന്നു' ഡാന്‍സ് ബാറിലെ ഇരുണ്ട വെളിച്ചത്തില്‍ ഇളകിമറിയുന്ന പെണ്‍ശരീരങ്ങള്‍ക്ക് നടുവില്‍നില്‍ക്കുന്ന തിരുവനന്തപുരംകാരന്‍ കിരണ്‍. മലയാളിയെ എളുപ്പം ദരിദ്രനാക്കുന്ന ഗള്‍ഫിലെ ഈ പ്രലോഭനീയ ലോകത്തേക്ക് അപ്പോഴേക്കും പലദേശക്കാരായ പെണ്‍കുട്ടികള്‍ വന്നുനിറഞ്ഞുകൊണ്ടിരുന്നു. 'പത്ത് കോടിയുമായി വന്നാലും ഒറ്റരാത്രികൊണ്ട് പൊടിച്ചുതീര്‍ക്കാം. അതാണീ മായികലോകം' കിരണ്‍ ഒരുപെഗ്ഗിലേക്ക് ചുണ്ട് ചേര്‍ത്തു. പുലര്‍ച്ചെ മൂന്നുമണിവരെ നീളുന്ന ആഘോഷത്തിനുള്ള ആദ്യ ചിയേഴ്‌സ്.
'
ദുബായില്‍ മാത്രമുണ്ട് ചെറുതും വലുതുമായി 1500 ഡാന്‍സ് ബാറുകള്‍'. തൊട്ടടുത്തെ മലയാളിപ്പാട്ടുള്ള ബാറിന്റെ പടി കയറുമ്പോള്‍ സുഹൃത്തിന്റെ കണക്കെടുപ്പ്. അകത്തെ മങ്ങിയവെളിച്ചത്തില്‍ റിയാലിറ്റി ഷോയിലെപ്പോലെ ഊഴം കാത്തിരിക്കുന്ന പെണ്‍കുട്ടികള്‍. നിരത്തിയിട്ട കസേരകളില്‍ പക്ഷേ സന്ദര്‍ശകരുടെ തിരക്കില്ല. സാമ്പത്തികമാന്ദ്യം ആഘോഷങ്ങളെയും വിഴുങ്ങിക്കളഞ്ഞത്രേ. 'മുമ്പ് വ്യാഴവും,വെള്ളിയും ഈ പരിസരത്ത് നില്‍ക്കാനാവില്ല. അത്രയ്ക്കും തിരക്കാവും. ഇതിപ്പോള്‍ ശമ്പളം കിട്ടിയ വെള്ളിയാഴ്ചയല്ലേ. സമയം പത്തായിട്ടും ഇവിടെയൊന്നും ആളില്ലല്ലോ.' ബാറുടമയുടെ ആശങ്കയോടെയാണ് ഓയില്‍ കമ്പനി ജീവനക്കാരന്‍ വിവേകിന്റെ സംസാരം. അതുപറഞ്ഞ ആശ്വാസത്തിലാവും വിവേക് അടുത്ത കുപ്പിയുടെ കഴുത്തില്‍ പിടിമുറുക്കി.

ഒറ്റമുറിയില്‍ നിന്ന് ചിറകുവിരിച്ച് പറന്നു
 
കടുവയെ പിടിച്ച കിടുവ. മീനയെ അങ്ങനെത്തന്നെ വിളിക്കണം. ഫാഷനിലും ലൈഫ് സ്റ്റെലിലുമെല്ലാം മുടിചൂടാമന്നന്‍മാരാണ് ദുബായിക്കാര്‍. അവര്‍ ഇപ്പോഴെന്ത് വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഏതുവാച്ച് കെട്ടണമെന്നുമൊക്കെ തീരുമാനിക്കുന്നത് ഒരു മലയാളി സ്ത്രീയാണെന്നത് ചില്ലറക്കാര്യമൊന്നുമല്ലല്ലോ.

'
യു.എ.ഇ.യിലുള്ളവര്‍ പെട്ടെന്ന് പുതിയ ഫാഷനുകളെ സ്വാഗതം ചെയ്യും. ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങളാണ് അറബി സ്ത്രീകള്‍ ധരിക്കുന്നതെങ്കിലും അവരെല്ലാം ഫാഷന്‍ കോണ്‍ഷ്യസാണ്.' ഷാര്‍ജയിലെ ആഡംബര റിസോര്‍ട്ട് മാബെല്ലയുടെ തണുപ്പില്‍ മീന ഒരു കോഫിയുടെ ചൂട് നുണഞ്ഞു. അരികിലെ ചില്ലുമേശയില്‍ ഗള്‍ഫിലെ നമ്പര്‍വണ്‍ ലൈഫ് സ്റ്റെല്‍ മാഗസിന്‍ 'ഗള്‍ഫ്‌കൊണൈസറി'ന്റെ പുതിയലക്കം. കോടികള്‍ വിറ്റുവരവുള്ള മാസികയുടെ ഒരേയൊരു മുതലാളിയാണ് ഈ ഇരിക്കുന്ന മീന നാരായണ്‍. 

' 20
വര്‍ഷമായി ഞാനിവിടെ. ബാംഗ്ലൂരില്‍ ഫെമിനയിലും വുമണ്‍സ് ഇറയിലുമൊക്കെ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായി തുടങ്ങിയതാണ്. പിന്നെ സൊസൈറ്റിയുടെയും സാവിയുടെയുമൊക്കെ ബാംഗ്ലൂര്‍ ലേഖികയായി. അതുകഴിഞ്ഞാണ് യു.എ.ഇ.യിലേക്കുള്ള വരവ്' മീന പഴയപത്രപ്രവര്‍ത്തന ജീവിതത്തിലേക്ക് കൂപ്പുകുത്തി. 'കേശവീയം' മഹാകാവ്യത്തിന്റെ കര്‍ത്താവ് കെ.സി.കേശവപ്പിള്ളയുടെ കൊച്ചുമകളും കേരള സാഹിത്യചരിത്രമെഴുതിയ ആര്‍.നാരായണപ്പണിക്കരുടെ പേരമകളുമായ മീനക്ക് ചെറുപ്പത്തിലേ എഴുത്തുതന്നെയായിരുന്നു അഭിനിവേശം.
'
ദുബായില്‍ വന്ന് ഖലീജ് ടൈംസില്‍ ചേര്‍ന്നു. അവിടെ സ്വന്തം ബുദ്ധി ഉപയോഗിക്കേണ്ടാത്ത പണിയായിരുന്നു. മീഡിയോക്കര്‍ ജേര്‍ണലിസം. എഡിറ്റേഴ്‌സിനോട് ഞാന്‍ പല നിര്‍ദേശങ്ങളും പറയും. എല്ലാത്തിനും ഭയങ്കര തടസ്സങ്ങള്‍. ഓരോന്നുപറയുമ്പോഴും എന്റെ ചിറകിങ്ങനെ വെട്ടുകയാ. ഈ സ്ത്രീ അതിരുകടക്കുന്നു എന്ന് സ്വകാര്യമായി പറയും. പിന്നെ ബ്രിട്ടീഷ് ദമ്പതികള്‍ നടത്തുന്ന ഒരു മാസികയില്‍ ചേര്‍ന്നു. അവരെന്നെ അസിസ്റ്റന്റ് എഡിറ്ററാക്കി. കുറെക്കഴിഞ്ഞപ്പോള്‍ എന്റെ ഇംഗ്ലീഷ് കൊള്ളില്ല, കോപ്പി നല്ലതല്ല എന്നെല്ലാം പറയാന്‍ തുടങ്ങി. ഈ ഇംഗ്ലീഷുകാര്‍ക്കൊരു വിചാരമുണ്ട്. ഇംഗ്ലീഷില്‍ അവരെ കഴിഞ്ഞേ ആളുള്ളൂവെന്ന്. ഞാന്‍ എവിടെ പോയാലും എന്നെ തമര്‍ത്തുമായിരുന്നു. എങ്ങനെയാണ് ഒരിന്ത്യക്കാരി നല്ല ഇംഗ്ലീഷില്‍ ഒരു മാസിക ഇറക്കുകയെന്ന് ചോദിച്ച്. ഞാനൊന്നിനും മറുപടിപറയാന്‍ പോയില്ല, നിശ്ശബ്ദമായി ജോലിചെയ്തു. 

ഇതിനുശേഷമാണ് ഒരു അറബി സ്ത്രീ സാംസ്‌കാരിക മാസിക തുടങ്ങിയത്. കുറച്ചുകാലം അതിന്റെ എഡിറ്ററായി. അതും കഴിഞ്ഞാണ് സ്വന്തമായി ഒരു മാസിക തുടങ്ങിക്കൂടേയെന്ന് തോന്നിയത്. അങ്ങനെ 2003ല്‍ ഒറ്റമുറിയില്‍ ഒരു ലേഔട്ട് ആര്‍ട്ടിസ്റ്റിനെയും വെച്ചാണ് ഗള്‍ഫ് കൊണൈസറിന്റെ തുടക്കം. ആദ്യത്തെ കൊല്ലം ഞങ്ങള്‍ ഏറെ പ്രയാസപ്പെട്ടു. കുറെ ശത്രുക്കളുണ്ടായിരുന്നു. ബ്രൂണെക്കാരും ഫിലിപ്പൈനികളും. ഇന്ത്യക്കാര്‍ മുകളില്‍ വരുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. അതിനോടൊക്കെ കുറെയധികം പോരാടി.' മീന വീര്യത്തോടെ പറഞ്ഞുകൊണ്ടിരുന്നു. എല്ലാംകേട്ട്് മാസികയുടെ മാര്‍ക്കറ്റിങ്ങ് മാനേജര്‍ നാരായണ്‍ നെടുങ്ങാടി, മീനയുടെ ഭര്‍ത്താവ്.

'
എല്ലാ മാസവും ഞങ്ങള്‍ യാത്ര ചെയ്യും. റോള്‍സ് റോയ്‌സിന്റെ ലോഞ്ചുണ്ടെങ്കില്‍ യു.എ.ഇ.യില്‍ നിന്ന് ക്ഷണിക്കപ്പെടുന്നത് ഞങ്ങള്‍ മാത്രമാ. അപ്പോള്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്യും. ഫാഷന്‍ മീനയുടെ ഏരിയയാണ്. വാച്ചുകളാണെങ്കില്‍ മകന്‍ ജയദീപ് പോവും. ഏത് യൂറോപ്യന്‍ കമ്പനി വന്നാലും അവര്‍ക്ക് ആദരവാണ്. എവിടെ പോയാലും ആളുകളുടെ ബഹുമാനം കിട്ടുന്നു.' ദുബായിലായതുകൊണ്ടാണ് ഇത്തരമൊരു നേട്ടം കൈവന്നതെന്ന പക്ഷക്കാരിയാണ് മീന.'ഷേക്ക് മുഹമ്മദിന്റെ കണ്‍സെപ്റ്റാണ് ദുബായിയെ ഇന്നത്തെ രീതിയില്‍ മാറ്റിമറിച്ചത്. ലോകത്തെ ഏറ്റവും മികച്ചതെല്ലാം ദുബായില്‍ വേണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. അതുകൊണ്ടല്ലേ 163 നിലകളില്‍ ബുര്‍ജ് ഖലീഫ ഇങ്ങനെ തലപൊക്കിനില്‍ക്കുന്നത്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ലോകത്തെതന്നെ അതിശയിപ്പിക്കുന്നു. ഫാഷന്‍സിറ്റി,മോട്ടോര്‍ സിറ്റി,സ്‌പോര്‍ട്‌സ് സിറ്റി എല്ലാം ഇവിടെയുണ്ട്. അദ്ദേഹം ദുബായിയെ മൊത്തത്തിലങ്ങ് മാറ്റിയെടുത്തെന്ന് പറയാം.'

മറക്കില്ല ആ നാളുകള്‍...
 

ജോ
സഫേട്ടന്റെ കഥ കേട്ടിരുന്നപ്പോള്‍ നാട്ടിലെ പഴയ സിനിമാകൊട്ടകയാണ് ഓര്‍മ വന്നത്. മുന്നിലെ തിരശ്ശീലയില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം. ഒന്നുമില്ലായ്മയില്‍നിന്ന് തുടങ്ങുന്ന നായകന്റെ കഥ. ക്ലൈമാക്‌സില്‍ കൈതെരുത്തു കയറ്റി വിജയശ്രീലാളിതനാവുന്ന മമ്മൂട്ടിയോ മോഹന്‍ലാലോ. ആ ഭാവനപോലും തോറ്റുപോവുന്നു ഈ ചങ്ങനാശ്ശേരിക്കാരന്റെ ജീവിതാനുഭവങ്ങള്‍ക്കു മുന്നില്‍. ഒരു കര്‍ഷക കുടുംബത്തിലാണ് ജോസഫിന്റെ ജനനം. 36 വര്‍ഷം മുമ്പേ വിമാനം കയറുമ്പോള്‍ എന്തെങ്കിലുമൊരു ജോലിയായിരുന്നു ജോസഫിന്റെയും ഗള്‍ഫ് സ്വപ്‌നം...ബാക്കി കഥ അദ്ദേഹം തന്നെ പറയട്ടെ.

''1972
ല്‍ താനെയില്‍ ഒരു കമ്പനിയില്‍ ജോലി കിട്ടി. അവിടുത്തെ ഒരാള്‍ ഗള്‍ഫിലേക്ക് പോയിരുന്നു. ലോഞ്ചിലാണ് പോയത്. ലോഞ്ച് പാകിസ്താനില്‍ പിടിച്ചു. ഇന്ത്യന്‍ചാരനെന്നു പറഞ്ഞ് അയാളെ അവിടെ ജയിലിലിട്ടു. ശിക്ഷ കഴിഞ്ഞ് സൈന്യം പുള്ളിയെ രാജസ്ഥാന്‍ അതിര്‍ത്തിയില്‍ കൊണ്ടുവിടുകയാണ്. അപ്പോള്‍ പാകിസ്താന്‍ ചാരനെന്ന് പറഞ്ഞ് ഇന്ത്യന്‍സൈന്യം കക്ഷിയെ പിടികൂടുന്നു. വീണ്ടും മൂന്നാലുമാസം ജയിലില്‍. അതുംകഴിഞ്ഞ് ആശാന്‍ കമ്പനിയിലോട്ടുതന്നെ തിരിച്ചെത്തിയപ്പോഴാണ് ഞങ്ങള്‍ കഥയറിയുന്നത്. വീണ്ടും അദ്ദേഹം ഗള്‍ഫിലോട്ട് പോവാന്‍ ഒരുക്കം തുടങ്ങി. അപ്പോള്‍ എന്നോടും ചോദിക്കുകയാണ്. ജോസഫ് വരുന്നോ എന്ന്. വിസയ്ക്ക് പതിനായിരം രൂപ വേണം. ഞാന്‍ വീട്ടിലേക്കോടി. അന്ന് 13 പറ നെല്ല് വിളയുന്ന സ്ഥലം വിറ്റാണ് അപ്പന്‍ എനിക്ക്് പണം തന്നത്. '

വലിയ പ്രതീക്ഷകളുമായാണ് ജോസഫ് വിമാനം കയറിയത്. പക്ഷേ എല്ലാം തകര്‍ത്തുകളയുന്നതായിരുന്നു ഗള്‍ഫിലെ ആദ്യാനുഭവങ്ങള്‍.
'
വിമാനത്താവളത്തില്‍ സ്‌പോണ്‍സറാണ് നമ്മളെ കൂട്ടിക്കൊണ്ടുപോവാന്‍ വരേണ്ടത്. ഒരുപാട് കാത്തുനിന്നിട്ടും അങ്ങനെയൊരാളും വരുന്നില്ല. ഭാഗ്യത്തിന് ഞാന്‍ വിമാനത്തില്‍ വെച്ചൊരാളെ പരിചയപ്പെട്ടിരുന്നു. തൃശ്ശൂരുകാരന്‍ സുകുമാരന്‍. നടുക്കടലില്‍പ്പെട്ട പോലെ നിന്ന എനിക്ക് അദ്ദേഹമാണ് ദൈവമായത്. പുള്ളിയെ കൂട്ടാന്‍ ബന്ധുക്കള്‍ വന്നിട്ടുണ്ട്. എന്റെ ദയനീയാവസ്ഥ കണ്ടിട്ടാവും അവര്‍ കൂടെപ്പോരാന്‍ പറഞ്ഞു. അതിലൊരു പുഷ്‌പേട്ടനെ എനിക്കിപ്പോഴും ഓര്‍മയുണ്ട്. അദ്ദേഹമാണ് ഗള്‍ഫിലിടാന്‍ എനിക്ക് മൂന്നുജോടി ഡ്രസ് തന്നത്. അവരുടെ കൂടെയായി എന്റെ താമസം. ദിവസവും രാവിലെ ഞാന്‍ സ്‌പോണ്‍സറെ അന്വേഷിച്ചിറങ്ങും. അത് നടക്കില്ലെന്നായപ്പോള്‍ എവിടെയെങ്കിലും ജോലി നേടാന്‍ ശ്രമം തുടങ്ങി. ഒരു യൂറോപ്യന്‍ കമ്പനി ജോലി തരാമെന്നേറ്റു. പക്ഷേ പാസ്‌പോര്‍ട്ട് കൊടുക്കണം. എന്റെ പാസ്‌പോര്‍ട്ടാണെങ്കില്‍ എനിക്കുവിസ തന്ന ഞാന്‍ അതുവരെ കണ്ടിട്ടില്ലാത്ത സക്കറിയയുടെ കയ്യിലും.

ഇനിയെന്ത് വഴിയെന്ന് നിരാശനായി നടക്കുമ്പോഴാണ് ഒരു പരിചയക്കാരനെ കാണുന്നത്. അയാളോട് ഞാനീ ദുരിതകഥയൊക്കെ പറഞ്ഞു. ഒരുകടയുടെ മുന്നില്‍ നിന്നാണ് ഞങ്ങള്‍ സംസാരിക്കുന്നത്. എന്റെ സംസാരംകേട്ട് കടയില്‍നിന്ന് ഒരു അറബി ഇറങ്ങിവന്നു. അത്ഭുതം, അത് എന്റെ അര്‍ബാബ് ആയിരുന്നു. 'നീ എന്റെ കൂടെ കൂടിക്കോ' അദ്ദേഹം എന്നെ സാന്ത്വനിപ്പിച്ചു. ഇലക്ട്രോണിക് കട നടത്തുകയാണ് പുള്ളി. 'എനിക്ക് ഈ പണിയൊന്നും അറിയില്ല' എല്ലാം നമുക്ക് പഠിക്കാം, അദ്ദേഹം ആശ്വസിപ്പിച്ചു. ഞാനാ കടയില്‍ ജോലിക്ക് കയറി. 

ഫാന്‍,ഏരിയല്‍,ഇലക്ട്രോണിക്‌സ് അങ്ങനെയുള്ള സാധനങ്ങളായിരുന്നു ഞങ്ങളുടെ വില്‍പന. ചെറുതായി തുടങ്ങിയതാണ്. ഏറെ കഷ്ടപ്പെട്ടു. തൂത്തുവാരിയിട്ടുണ്ട്. വണ്ടിയോടിച്ചിട്ടുണ്ട്. 1988 വരെ കഷ്ടപ്പാടിന്റെ കാലമായിരുന്നു. പിന്നെപ്പിന്നെ ചെറിയലാഭം കിട്ടിത്തുടങ്ങി. കച്ചവടം വിപുലമായപ്പോള്‍ വമ്പന്‍ കമ്പനികള്‍ അവരുടെ ഡീലര്‍ഷിപ്പ്് തന്നു. അര്‍ബാബും ഞാനും കഠിനമായി അധ്വാനിച്ചു. ചിലപ്പോള്‍ അദ്ദേഹം വണ്ടിയോടിക്കും,ഞാന്‍ ചുമടെടുക്കും. അദ്ദേഹം ചുമടെടുക്കുമ്പോള്‍ ഞാന്‍ സാധനങ്ങള്‍ ഇറക്കിവെക്കും.'

ഷാര്‍ജയിലെ സബഗ്രൂപ്പിന്റെ റേഡിയേറ്റര്‍ ഫാക്ടറിക്കകത്തെ ഓഫീസ്മുറിയില്‍ കസേരയിലേക്ക് ഒന്ന് അമര്‍ന്നിരുന്നു ജോസഫ് . അറുന്നൂറിലധികം ജോലിക്കാരുള്ള സ്ഥാപനം കെട്ടിപ്പടുത്ത ഓര്‍മകള്‍ അദ്ദേഹത്തില്‍ തിടംവെച്ചുകൊണ്ടിരുന്നു. ഓട്ടോമൊബൈല്‍ ബാറ്ററി,റേഡിയേറ്റര്‍, മെറ്റല്‍ കണ്‍സ്ട്രക്ഷന്‍... ചുമരിലെ ബോര്‍ഡിലുണ്ട് വിപുലമായ ബിസിനസ് സ്ഥാപനങ്ങളുടെ നിര. കഷ്ടപ്പാടുകള്‍ക്കെല്ലാം ദൈവം നല്‍കിയ സമ്മാനം പോലെ.

ഇതാ ഇവിടെയൊരു ഗദ്ദാമ
 
കാവ്യാ മാധവന്റെ ഗദ്ദാമവേഷം നസീമ ഒരിക്കലും കണ്ടിട്ടില്ല. പക്ഷേ ആ കഥാപാത്രം അനുഭവിക്കുന്നതിലേറെ വേദനകള്‍ ഇവര്‍ പലവട്ടം അനുഭവിച്ചിട്ടുണ്ട്. 

ഗള്‍ഫിലെ സാമൂഹിക പ്രവര്‍ത്തകന്‍ അമാനുള്ള തന്ന നമ്പറില്‍ വിളിക്കുമ്പോള്‍ നസീമ ദെയ്‌രയിലെ ഒരു വീട്ടില്‍ പാര്‍ട്ടിക്ക് ഭക്ഷണമൊരുക്കുകയായിരുന്നു. രണ്ടുമാസത്തിനുശേഷം കിട്ടിയ ജോലി. എന്നിട്ടും അവര്‍ വന്നു. ഇവരെങ്കിലും തന്നെ രക്ഷപ്പെടുത്തിയാലോ എന്ന പ്രതീക്ഷയോടെ, വിസയും പാസ്‌പോര്‍ട്ടുമില്ലാതെ ജീവിക്കുന്നതിന്റെ ചങ്കിടിപ്പുണ്ടായിരുന്നു അവരുടെ വാക്കുകളില്‍.

'
ആലപ്പുഴ റെയില്‍വേ സ്റ്റേഷനടുത്താണ് വീട്. എന്റെ ചെറുപ്പത്തിലേ ഉമ്മ മരിച്ചതാണ്. പരിചയമുള്ള ഒരു സ്ത്രീയാണ് എന്നെ വളര്‍ത്തിയത്. വളര്‍ത്തുമ്മയായിരുന്നു എനിക്കെല്ലാം, രണ്ട് പൊടിക്കുഞ്ഞുങ്ങളെയും ഉമ്മയെ ഏല്‍പ്പിച്ച് 13 വര്‍ഷം മുമ്പാണ് ഞാന്‍ നാട്ടില്‍നിന്നുപോന്നത്. അവരെ പോറ്റാന്‍ ജോലി അന്വേഷിച്ചു നടക്കുമ്പോഴാണ് ഗള്‍ഫില്‍ കൊണ്ടുപോകാമെന്ന് ഒരു ഏജന്റ് പറഞ്ഞത്. വീട്ടുജോലിക്കാണെന്ന് പറഞ്ഞിരുന്നു. ബോംബെ വരെ എന്റെ കൂടെ ഉമ്മയും വന്നു. അവിടെ നിന്ന് ഏജന്റ് കയറ്റിവിട്ടു. ഷാര്‍ജയിലെവിടെയോ ഒരു വീട്ടിലായിരുന്നു ജോലി. ഒരു വണ്ടിയിലാക്കിയാണ് എന്നെ അവിടേക്ക് കൊണ്ടുപോയത്്. ഇന്നും ചോദിച്ചാല്‍ ആ സ്ഥലം ഏതാണെന്ന് എനിക്കറിയില്ല. അറബിയുടെ വീട്ടിലായിരുന്നു. ഭയങ്കര കഷ്ടപ്പാടായിട്ടും മക്കളെയോര്‍ത്ത് ഞാനവിടെ പിടിച്ചുനിന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞുവിട്ടു. എന്റെ സ്ഥാനത്ത് ഒരു ഫിലിപ്പീനി പെണ്ണിനെ ജോലിക്കുകൊണ്ടുവന്നിരുന്നു. പിന്നെ പോയ വീട്ടിലാണേല്‍ ഭയങ്കര അടീം ബഹളോം. അടിയൊക്കെ കൊണ്ട് മേലൊക്കെ ചീര്‍ത്തു. പിന്നെ ഓരോ അസുഖങ്ങളായി. അവിടെനിന്ന് ചാടിപ്പോരാന്‍ തീരുമാനിച്ചു. വിസയും പാസ്‌പോര്‍ട്ടുമൊക്കെ ചോദിച്ചപ്പോള്‍ അവര്‍ എമിഗ്രേഷനില്‍ ഏല്‍പിച്ചെന്ന് പറഞ്ഞു. അവിടെ അന്വേഷിച്ചപ്പോള്‍ കിട്ടിയില്ലെന്നായി. ഇപ്പോള്‍ വിസ നഷ്ടമായിട്ട് 13 വര്‍ഷം. പലപ്പോഴും പോലീസിന്റെ പിടിയില്‍പെടാന്‍ പോയിട്ടുണ്ട്. പക്ഷേ പടച്ചവന്റെ കാരുണ്യം കൊണ്ട് രക്ഷപ്പെട്ടതാണ്.

ഇപ്പോള്‍ എനിക്കാണേല്‍ പണിയൊന്നുമില്ല. പല വീടുകളിലും ഞാന്‍ ജോലിതേടി പോവുന്നു. പക്ഷേ വിസയില്ലെന്നും പറഞ്ഞ് ആരും നിര്‍ത്തുന്നില്ല. ഇത്തിരി പൈസ കൈയില്‍കിട്ടിയിട്ട് നാട്ടിലോട്ട് പോണം എന്നു വിചാരിച്ചിരിക്കയാ. ഒരുപാട് കാലത്തിനുശേഷം വരികയല്ലേ. അവരൊക്കെ എന്തൊക്കെ പ്രതീക്ഷിക്കുന്നുണ്ടാവും. വളര്‍ത്തുമ്മയ്ക്ക് ഇപ്പോള്‍ കണ്ണുകാണില്ല. ഉമ്മ എന്നും കരച്ചിലാണത്രേ. ഇത്ര കൊല്ലമായി പോയ മോളെ മരിക്കുന്നതിനുമുമ്പ് ഒന്നു കാണണമെന്ന് പറഞ്ഞ്്. മോള്‍ക്കാണെങ്കില്‍ കെട്ടുപ്രായമായി...' എങ്ങനെയെങ്കിലും വീടു പിടിക്കണമെന്ന ആഗ്രഹത്തോടെ അവര്‍ പറഞ്ഞുകൊണ്ടിരുന്നു.'എന്തെങ്കിലും വഴിയുണ്ടാവും' ആ ആശ്വാസവാക്കുകള്‍ക്ക് കാത്തുനില്‍ക്കാതെ അവര്‍ മടങ്ങിപ്പോയി.
 
 
കടപ്പാട്: ഗൃഹലക്ഷ്മി

www.keralites.net

No comments:

Post a Comment