യൂണിഫോം ഇടുന്ന തൊഴിലില്‍ ഡോക്ടറും അല്ലാത്തതില്‍ അധ്യാപകനും ഒഴികെ ആര് തന്നെ അടുത്തൂണ്‍ പറ്റിയാലും പിന്നെ അവന്‍ സാധാരണ മനുഷ്യനാണ്. സാദാ പോലീസുകാരനായി ജോലിക്ക് ചേര്‍ന്ന് ഡി.ജി.പി. ആയി പെന്‍ഷന്‍ ആയാലും, പെന്‍ഷന്‍ ആകുന്ന നിമിഷം മുതല്‍ ആര്‍ക്കും അയാളെ എന്തും വിളിക്കാം. വിളിക്കുകയും ചെയ്യും. അങ്ങനെ വിളിക്കാതിരിക്കുന്നവര്‍ തങ്ങളുടെ മാനത്തെ ഭയന്നായിരിക്കും അപ്പണിക്ക് പോകാത്തത്.
ഒരു കഥ പറയാം. വനം വകുപ്പില്‍ പ്രശസ്തനായ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (നമുക്ക് അദ്ധേഹത്തെ 'ശശി' എന്ന് വിളിക്കാം) അടുത്തൂണ്‍ പറ്റി. പ്രശസ്തനും, വകുപ്പിലെ മിക്കവര്‍ക്കും പ്രിയങ്കരനും ആയിരുന്നു ശശി. വന സംരക്ഷണത്തില്‍ അത്രയൊന്നും ശോഭിക്കാത്ത ഒരാളെ (ചന്ദ്രന്‍ എന്ന് വിളിക്കാം) അദ്ദേഹം വകുപ്പ് ആസ്ഥാനത്തെ 'എസ്റ്റേറ്റ് ഓഫീസര്‍' എന്ന തസ്തികയില്‍ 'സംരക്ഷിച്ചു' പോന്നു. അടുത്തൂണ്‍ പറ്റുന്ന ദിവസം വരെ ടി എസ്റ്റേറ്റ് ഓഫീസര്‍ ശശിയുടെ വിശ്വസ്തനും വിധേയനും ആയിരുന്നു. അടുത്തൂണ്‍ പറ്റിയതിനു അടുത്ത ദിവസം ശശി തന്റെ പഴയ ലാവണത്തില്‍ വന്നു. പുതിയ മേധാവി വിളിപ്പിച്ചിട്ടു വന്നതാണ്. പഴയ വിശ്വസ്ത വിധേയന്‍ പുതിയ മേധാവിയുടെ ആപ്പീസില്‍ വന്നപ്പോള്‍, ശശി സന്ദര്‍ശക കസേരയില്‍ ഇരിക്കുന്നു. "ശശി സാറേ, പി.സി.സി.എഫ്. മീറ്റിങ്ങില്‍ ആണ്. വരുന്നത് വരെ, സാര്‍ പുറത്ത് വെയിറ്റിംഗ് ഏരിയയില്‍ ഇരിക്കണം." ആപ്പീസിന് പുറത്തു സന്ദര്‍ശകര്‍ക്കുള്ള കാത്തിരിപ്പ് മേഖലയില്‍ പെന്‍ഷന്‍ പറ്റിയ ആ മുന്‍ മേധാവി ഏറെ സമയം കാത്തിരിക്കേണ്ടി വന്നു. അവിടം കൊണ്ടും തീര്‍ന്നില്ല മുന്‍ വിധേയന്റെ നടപടികള്‍. ശശിയെ പി.സി.സി.എഫ്.ന്റെ മുറിയില്‍ കടത്തി ഇരുത്തിയതിനു പ്യൂണിനും പി.എ.ക്കും കണക്കിന് ശകാരവും നല്‍കി. അതും ശശി കേള്‍ക്കെ തന്നെ. പിന്നീട് ഒരിക്കലും ശശി, താന്‍ തന്നെ രൂപകല്‍പന ചെയ്തു നിര്‍മ്മാണത്തിന് നേരിട്ട് നേതൃത്വം നല്‍കി പൂര്‍ത്തിയാക്കിയ 'വനലക്ഷ്മി' എന്ന കെട്ടിടത്തില്‍ കാലു കുത്തിയിട്ടില്ല എന്നാണറിവ്.
ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും ഇപ്പോഴും സമൂഹം ഒരു മാന്യത കല്പിച്ചു നല്‍കിയിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല, ഇവര്‍ രണ്ടുപേരും ആണ് സാധാരണ മനുഷ്യന് നേരിട്ട് അനുഭവിച്ചറിയാന്‍ പറ്റുന്ന എന്തെങ്കിലും ഉപകാരങ്ങള്‍ ചെയ്തിട്ടുള്ളത്.
അപ്പോള്‍, പറഞ്ഞു വന്നത് എന്തെന്നാല്‍, സര്‍ക്കാര്‍ ജീവനക്കാര്‍ അഥവാ പൊതുജന സേവകര്‍ അവര്‍ ഉദ്യോഗത്തില്‍ തുടരുമ്പോള്‍ മാത്രമേ ബഹുമാന്യര്‍ ആകുന്നുള്ളൂ. അതുകഴിഞ്ഞാല്‍ പിന്നെ അവരും പൊതുജനം തന്നെ. കഴുത എന്നോ, തൃണം എന്നോ ഒക്കെ വിളിക്കാം. പരിഭവമില്ല.
ഇനിയൊരുകൂട്ടം പോതുസേവകര്‍ ഉണ്ട്. സേവകര്‍ അല്ല, അവര്‍ നേതാക്കന്മാരാണ്. തിന്നുന്നത് പൊതുജനത്തിന്റെ കാശ് ആണെങ്കിലും ഒരിക്കല്‍ നേതാവ് ആയിക്കഴിഞ്ഞാല്‍ മരണം വരെ അവര്‍ നേതാക്കള്‍ തന്നെ. അല്ലെങ്കില്‍ സ്വന്തം പാര്‍ട്ടി പുറത്താക്കുകയും മറ്റാരും സ്വീകരിക്കാതിരിക്കുകയും വേണം. ഈ പരാഗ ജീവികള്‍ ആജീവനാന്തം ജനങ്ങളുടെ നേതാവാണ്.
ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിനിധികള്‍ ആണ് മേല്പടി നേതാക്കന്മാര്‍. ജനങ്ങളുടെ പ്രതിനിധി ആകണമെങ്കില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കണം. ഭൂരിപക്ഷം ലഭിച്ചാല്‍ പ്രതിനിധി. അല്ലെങ്കില്‍ ആവോ! മിക്കവാറും ടി നിധികളുടെ കാലാവധി അഞ്ചു വര്‍ഷമാണ്. കാലാവധി കഴിഞ്ഞാല്‍, വീണ്ടും ജനങ്ങള്‍ തെരഞ്ഞെടുത്താല്‍ പിന്നെയും പ്രതിനിധി ആയി തുടരാം. ഇത് സാമാന്യ തത്വം.
എന്നാല്‍,നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു പഞ്ചായത്ത് അംഗം പോലും അല്ലാത്തവരും ജനപ്രതിനിധിയും ജന നേതാവും ഒക്കെ ആകുന്നതിലെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല. ഒരു പ്രത്യേക വിഭാഗം മാത്രം പ്രതിനിധാനം ചെയ്യുന്ന ഏതു കച്ചടാ പാര്‍ട്ടിയുടെയും ഭാരവാഹിയും അനുഭാവിയും ഒക്കെ ജനങ്ങളുടെ നേതാവ് ആകുന്നതു എങ്ങനെ? അവര്‍ അതത് പാര്‍ട്ടിയുടെ മാത്രം നേതാവാണ്. എന്നാല്‍, ഈ നാണംകെട്ട മോന്മാര്‍ സ്വയം വിശ്വസിക്കുന്നതും പറഞ്ഞു പരത്തുന്നതും, ജനപ്രതിനിധിയും ജനനേതാവും എന്നൊക്കെയാണ്. ഇതിനെ ആരും തള്ളിപ്പറയുകയോ, എതിര്‍ക്കുകയോ ചെയ്യുന്നില്ല.
ആത്യന്തിക ഫലം, ഒന്നും അറിയാത്ത സാമാന്യ ജനത്തിന്റെ പേരില്‍, എന്ത് കോപ്രായവും കാട്ടാം എന്ന അഹങ്കാരം ഈ പരാഗ ജീവികളില്‍ വളര്‍ത്തുന്നു. പിന്നെ, വേറെ പണിയൊന്നുമില്ലാത്ത കുറെ അനുയായികളും. എറുമ്പിന്‍ കോളനികളിലെ അടിമകളാണ് ഈ അനുയായികള്‍. പച്ചക്ക് പറഞ്ഞാല്‍ നപുംസകങ്ങള്‍ - ഇണചേരാനും പ്രത്യുല്പാദനം നടത്താനും കഴിവുള്ളത് റാണിക്ക്. പുരുഷ പ്രജകള്‍ റാണിയുടെ രതിപൂരക വസ്തുക്കള്‍. ഇത് രണ്ടുമല്ലാത്തത് - നപുംസകങ്ങള്‍ - കൂട് കൂട്ടാനും തീറ്റ ശേഖരിക്കാനും മറ്റുമുള്ള അടിമകള്‍. ഇതേ നിലവാരത്തില്‍ തന്നെയുള്ളതാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ അണികളും. വിശപ്പടക്കാന്‍ വല്ലതും കഴിക്കുക, പിന്നെ മേലാളന്മാരുടെ ഉത്തരവുകള്‍ പാലിക്കുക. ചിന്തിക്കാനോ, ഉത്തരവുകളുടെ തെറ്റും ശരിയും മനസ്സിലാക്കാനോ ഒന്നും നപുംസക അടിമകള്‍ക്ക് അവകാശമോ സ്വാതന്ത്ര്യമോ അതിലുപരി താല്പര്യമോ ഇല്ല.
ഇത്തരത്തിലുള്ള റാണിയുടെ ഒരു മൂട് താങ്ങി (എറുമ്പിന്‍ കോളനിയിലെ പുരുഷ പ്രജ) യുടെ അഹങ്കാരത്തിന് കഴിഞ്ഞ ദിവസം കോടതി ശക്തമായ ഒരു താക്കീത് നല്‍കി. അര്‍ഹിക്കുന്നതു തന്നെയാണ്. ഉത്തരവില്‍, കോടതി, മേല്പടി മൂടുതാങ്ങിയെ പുഴു എന്ന് പരാമര്‍ശിച്ചു എന്ന വാര്‍ത്ത കേട്ട. ബഹുമാനപ്പെട്ട കോടതി അത്രയ്ക്ക് ദയ കാട്ടേണ്ട കാര്യമില്ലായിരുന്നു. ഇത്തരം ആള്‍ക്കാര്‍ വെറും പുഴുവല്ല - പരാഗ ജീവിയാണ് - അല്ലെങ്കില്‍, രാഷ്ട്രീയക്കാരാകുന്ന പാക്ഷാണത്തില്‍ നുരഞ്ഞു തിമിര്‍ക്കുന്ന കൃമിയാണ് - പാക്ഷാണത്തില്‍ കൃമി.
ഇപ്പറഞ്ഞതൊക്കെ ഇടതു പക്ഷത്തിനു എതിരാണെന്ന് ആരും കരുതേണ്ട. എല്ലാ രാഷ്ട്രീയ പാക്ഷാണ പാര്‍ട്ടികള്‍ക്കും എതിരാണ്. കാരണം, യദാര്‍ത്ഥ ജനത്തിനോ അവരുടെ പ്രശ്നങ്ങള്‍ക്കോ വേണ്ടി ആത്മാര്‍ത്ഥമായി ഇവര്‍ ആരും ഒന്നും ചെയ്യുന്നില്ല. ക്ഷമിക്കണം, ഒന്നും ചെയ്യുന്നില്ല എന്ന് പറയുന്നത് പച്ചക്കള്ളമാകും - ജനത്തിന്റെ പിച്ചച്ചട്ടിയില്‍ ഇവരെല്ലാം ഒരുപോലെ കയ്യിട്ടു വാരുന്നുണ്ട്.
--
ഗുരുദാസ് സുധാകരന്‍ Gurudas SudhakaranMob: +91-9447 55 40 55
തിരുവനന്തപുരം Thiruvananthapuram
കേരളം Keralam
No comments:
Post a Comment