പ്രമുഖര്‍ ഉള്‍പ്പെട്ട കോടതിയലക്ഷ്യക്കേസുകള്‍ ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും പ്രമുഖ രാഷ്ട്രീയകക്ഷിയുടെ സംസ്ഥാന നേതാവും മുന്‍ എംഎല്‍എയുമായ ഒരാള്‍ അതിന്റെപേരില്‍ പരമാവധി ശിക്ഷയ്ക്ക് ഇരയാകുന്നത് ഇതാദ്യം.
ആദ്യ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാട് മുതല്‍ ഇപ്പോഴത്തെ കേന്ദ്രമന്ത്രി വയലാര്‍ രവി വരെയുള്ളവര്‍ കോടതിയലക്ഷ്യത്തിന്റെപേരില്‍ നടപടി നേരിട്ടിട്ടുണ്ട്. ഒപ്പം ജസ്റ്റിസ് കൃഷ്ണയ്യര്‍ക്കെതിരെ കേസ് പോലുമെടുക്കാതെ നടപടികള്‍ അവസാനിപ്പിച്ച സംഭവവും സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച കോടതിയലക്ഷ്യങ്ങളുടെ ചരിത്രത്തില്‍ കാണാം.
രണ്ടാംവട്ടം മുഖ്യമന്ത്രിയായിരിക്കെയാണ് ഇ എം എസിന് കോടതിയലക്ഷ്യനടപടി നേരിടേണ്ടിവന്നത്. 1967 നവംബര്‍ ഒമ്പതിന് മുഖ്യമന്ത്രി ഇ എം എസ് പത്രസമ്മേളനത്തില്‍ പറഞ്ഞ വാചകങ്ങളാണ് കേസിനാധാരമായത്.
"മര്‍ദനോപകരണം ആയാണ് മാര്‍ക്സും എംഗല്‍സും ജുഡീഷ്യറിയെ കണക്കാക്കിയത്. രാഷ്ട്രീയ സംവിധാനം യാതൊരു മാറ്റവും കൂടാതെ തുടരുന്ന ഈ കാലത്തും അത് അപ്രകാരം തുടരുന്നു. വര്‍ഗവിരോധവും സ്വാര്‍ഥതാല്‍പര്യങ്ങളും മുന്‍വിധികളും ആണ് ന്യായാധിപരെ നയിക്കുന്നതും നിയന്ത്രിക്കുന്നതും. നന്നായി വേഷംധരിച്ച കുടവയറനായ ധനികനും മോശം വേഷം ധരിച്ച നിരക്ഷരനായ സാധുവിനും ഇടയ്ക്ക് നീതി നിര്‍ണയിക്കുമ്പോള്‍ കോടതി സ്വഭാവേന ആദ്യം പറഞ്ഞ ആളെ അനുകൂലിക്കുന്നു"- ഇതായിരുന്നു ഇ എം എസിന്റെ പ്രസ്താവന.
ഇ എം എസിനെതിരെ കോടതിയലക്ഷ്യക്കേസ് വരികയും 1000 രൂപ പിഴശിക്ഷ കിട്ടുകയുംചെയ്തു. എന്നാല്‍ , സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ശിക്ഷ ഒരുദിവസമാക്കി കുറച്ചു. ജസ്റ്റിസ് ഹിദായത്തുള്ള ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചിന്റെതായിരുന്നു വിധി.
കെഎസ്പി നേതാവായിരുന്ന മത്തായി മാഞ്ഞൂരാന് തന്റെ കേരള പ്രകാശം പത്രത്തില്‍ നല്കിയ വാര്‍ത്തയുടെ പേരിലാണ് നടപടി നേരിട്ടത്. 100 രൂപ ശിക്ഷ അടയ്ക്കാന്‍ വിസമ്മതിച്ച മത്തായി മാഞ്ഞൂരാന് തന്നെ ജയിലിലടച്ചോളാന് പറഞ്ഞു. കോടതി ഒരുമാസത്തെ തടവിനു ശിക്ഷിച്ച് വിയ്യൂര്‍ ജയിലിലയച്ചു.
1982ല്‍ കോട്ടയത്തു നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് വയലാര്‍ രവിക്കെതിരെ നവാബ് രാജേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. കോടതികള്‍ പ്രതിപക്ഷപാര്‍ടികളെപ്പോലെ സര്‍ക്കാരിനോട് പെരുമാറരുതെന്നായിരുന്നു പ്രസംഗം. എന്നാല്‍ , പരാമര്‍ശം കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍വരില്ലെന്ന തീര്‍പ്പോടെ ഹൈക്കോടതി ഹര്‍ജി തള്ളി.
ഇതിനുപുറമേ മുന്‍ സിപിഐ എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന് , പാലോളി മുഹമ്മദ് കുട്ടി, ജി സുധാകരന് എന്നിവര്‍ക്കെതിരെയും കോടതിയലക്ഷ്യക്കേസുകള്‍ വന്നിട്ടുണ്ട്.
ഇതില്‍നിന്നെല്ലാം വ്യത്യസ്തമായിരുന്നു സുപ്രീംകോടതി മുന്‍ ജഡ്ജിയും ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ നിയമമന്ത്രിയുമായിരുന്ന വി ആര്‍ കൃഷ്ണയ്യര്‍ക്കെതിരായ കേസ്. 1981 ഒക്ടോബര്‍ 31ന് ഹൈക്കോടതിയങ്കണത്തില്‍ നടന്ന ഹൈക്കോടതിയുടെ രജതജൂബിലി ആഘോഷച്ചടങ്ങിലായിരുന്നു കോടതിയെ കശക്കിയ കൃഷ്ണയ്യരുടെ തീപ്പൊരിപ്രസംഗം.
"ഡല്‍ഹി കഴ്സണ്‍ റോഡിലെ ഉത്തുംഗമായ ചെങ്കല്‍സൗധം (സുപ്രീംകോടതി) ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത കാലം വരും. ഇവിടെ യേശുക്രിസ്തു ഇന്നും ക്രൂശിക്കപ്പെടുന്നു. ജഡ്ജിമാര്‍ ബറാബസിനെ വെറുതെവിടുന്നു. സോഷ്യലിസത്തിലും മതേതരത്വത്തിലും വിശ്വാസമില്ലാത്ത ജഡ്ജിമാര്‍ രാജിവച്ച് സ്ഥലംവിടുകയാണു വേണ്ടത്. നീതിന്യായപീഠത്തില്‍ ചടഞ്ഞുകൂടരുത്..." എന്നിങ്ങനെയായിരുന്നു രണ്ടുമണിക്കൂര്‍ നീണ്ട പ്രസംഗം.
പരിപാടിക്കുപിന്നാലെ പബ്ലിക് ഇന്ററസ്റ്റ് ലോ എന്ന സംഘടനയുടെ സെക്രട്ടറി അഡ്വ. വിന്‍സന്റ് പാനികുളങ്ങര കൃഷ്ണയ്യര്‍ക്കെതിരെ ഹൈക്കോടതിയിലെത്തി. കേസ് ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച് ജസ്റ്റിസ് സുബ്രഹ്മണ്യന്‍പോറ്റിയും ജസ്റ്റിസ് പരിപൂര്‍ണനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നടത്തിയ നിരീക്ഷണം ഇങ്ങനെ: പ്രമുഖ ന്യായാധിപനും ലോ കമീഷന്‍ അംഗവുമായ നിയമപണ്ഡിതനായ കൃഷ്ണയ്യരുടെ അഭിപ്രായങ്ങള്‍ ദുരുദ്ദേശ്യപരമാണെന്ന് ആലോചിക്കാനാവില്ല. ജനങ്ങളെ നിയമസംവിധാനം സംബന്ധിച്ച് ജാഗരൂകരാക്കാനാകും അദ്ദേഹം ശ്രമിച്ചത്. ബന്ധപ്പെട്ട കക്ഷി (ജസ്റ്റിസ് കൃഷ്ണയ്യര്‍) പരിചയമുള്ളയാളാകുമ്പോള്‍ കേസ് കേള്‍ക്കാതിരിക്കുന്നതാണ് ഉചിതം. എന്നാല്‍ , അദ്ദേഹം എല്ലാവര്‍ക്കും സുപരിചിതനായതിനാല്‍ അഡ്വക്കറ്റ് ജനറലിന്റെയും ഹര്‍ജിക്കാരന്റെയും സാന്നിധ്യത്തില്‍ കേസ് കേള്‍ക്കുകമാത്രമാണ് കോടതി ചെയ്തത്.
No comments:
Post a Comment