മലയാളിയുടെ രക്തത്തില്‍ കലര്‍ന്ന ഉന്മാദം
യേശുദാസ് തൈക്കാട് എസ്.എസ് ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ എം.ജയചന്ദ്രന്റെ സംവിധാനത്തില്‍ 'മല്ലുസിങ്' എന്ന സിനിമക്കായി പാടുന്നു
'കാല്‍പാടു'കളുടെ ശബ്ദം ലോകം കാത്തിരുന്ന സംഗീതമായിരുന്നു. പനിപിടിച്ച ശരീരത്തില്‍ നിന്ന് ഇളം ചൂടുപോലുമേല്‍ക്കാതെ കാലത്തിനുമേല്‍ അരനൂറ്റാണ്ട് മുമ്പ് അതൊഴുകിയിറങ്ങി. അസംഖ്യം ഗാനമായി പല ഭാഷയില്‍ പിന്നെയത് പരന്നൊഴുകി, പല പല രാജ്യങ്ങളില്‍. ലോകം ആ സ്വര മാധുര്യത്തെ കെ.ജെ. യേശുദാസ് എന്നു വിളിച്ചു. മലയാളികള്‍ സ്വന്തം നാട്ടുകാരനെന്ന് അതില്‍ കൂട്ടി വിളിച്ചു. സംഗീതത്തിന് ശബ്ദം വിട്ടുകൊടുത്ത അമ്പതാമാണ്ടിലെ ഓര്‍മ ദിവസം വീണ്ടുമൊരു പാട്ടുമായി യേശുദാസ് തലസ്ഥാനത്തെത്തി. പാടാത്ത പാട്ടുകളുടെ പാട്ടുകാരന്‍ കൂടിയാണെന്ന് പാടിവെച്ച് മടങ്ങി.
പിന്നണിപ്പാട്ടിന് യേശുദാസ് ആദ്യം വരിനിന്നത് 1961 നവംബര്‍ 14നായിരുന്നു. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയില്‍. സിനിമ കെ.എസ്. ആന്റണിയുടെ കാല്‍പാടുകള്‍. സംഗീതം എം.ബി. ശ്രീനിവാസനും. എ.പി. ഉദയഭാനുവും സൌണ്ട് എന്‍ജിനീയര്‍ കോടീശ്വര റാവുവുമടക്കമുള്ള വന്‍ നിരയുടെ മുമ്പില്‍,പാടാനേറെ മോഹിച്ച് അലഞ്ഞെത്തിയ ശരീരം അപ്പോള്‍ പനിച്ചുവിറച്ചിരുന്നു.
പരീക്ഷണച്ചൂടിലേക്കിറങ്ങാന്‍ എല്ലാവരും മടിച്ചു. നിര്‍മാതാവ് രാമന്‍ നമ്പിയത്തൊഴികെ. ആശകൊടുത്ത് വരുത്തിയയാളെ നിരാശനാക്കാന്‍ മടിച്ച നമ്പിയത്തിന്റെ അന്നേരത്തെ അസാമാന്യമായ ധൈര്യമായിരുന്നു പിന്നീടുണ്ടായ 'യേശുദാസ്'. പാട്ടുപോലുമല്ലാത്ത നാലുവരി ശ്ലോകം പാടിത്തീര്‍ന്നപ്പോള്‍ അവിടെക്കൂടിയവര്‍ക്ക് യേശുവിന്റെ തിരുപ്പിറവി അനുഭവപ്പെട്ടു. ആ സിനിമയിറങ്ങിയില്ലെങ്കിലും ജാതി മത ദ്വേഷങ്ങള്‍ക്കെതിരായ സമരമായി സ്വയം പ്രഖ്യാപിച്ച ജീവിതത്തിലൂടെ ആ പാട്ട് പിന്നെ പാടിപ്പതിഞ്ഞു. പിന്നെയത് മലയാളികളുടെ ചോരയില്‍ കലര്‍ന്ന ഉന്മാദമായി മാറി. ബാക്കിയെല്ലാം ചരിത്രമായി.
സത്യനും പ്രേംനസീറിനും മധുവിനും ജയനും സോമനും സുകുമാരനുമൊക്കെ വേണ്ടി പാടിയ ആ ശബ്ദം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ്ഗോപിയുടെയുമെല്ലാം അഭിനയത്തിന് അകമ്പടിയായ ശബ്ദസാന്നിധ്യമായി. അവിടെയും തീരുന്നില്ല ചരിത്രം. സുകുമാരന് വേണ്ടി പാടിയ ആ കണ്ഠത്തില്‍നിന്ന് മകന്‍ പൃഥ്വിരാജിനുവേണ്ടിയും ആ ശബ്ദം പകര്‍ന്നേകി. ഏറ്റവും പുതിയ പൃഥ്വിരാജ് ചിത്രത്തില്‍ പോലും യേശുദാസിന്റെ ശബ്ദം നിറഞ്ഞു കവിയുന്നു. ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇടര്‍ച്ചയില്ലാതെ ആ നാദധാര ആസ്വാദകന്റെ ഹൃദയത്തിലൂടെ ചിറകള്‍ തകര്‍ത്ത് ഒഴുകിക്കൊണ്ടേയിരിക്കുന്നു.
സത്യത്തില്‍ പ്രേംനസീര്‍ എന്ന നടനെ മലയാളത്തിന്റെ നിത്യഹരിത നായകനും റൊമാന്റിക് ഹീറോയുമാക്കി മാറ്റിയതില്‍ മറ്റെന്തിനേക്കാളും പങ്കുവഹിച്ചത് യേശുദാസിന്റെ ശബ്ദസൌന്ദര്യമായിരുന്നു. വയലാര്‍ - ദേവരാജന്‍ ടീമില്‍ ഉടലെടുത്ത അക്കാലത്തെ പാട്ടുകള്‍ക്ക് ജീവനേകാന്‍ ഒരേയൊരു ശബ്ദമേ മലയാളത്തില്‍ ഉണ്ടായിരുന്നുള്ളു. യേശുദാസ്.
എം.എസ്. ബാബുരാജ്, എം.കെ. അര്‍ജുനന്‍ , ദക്ഷിണാമൂര്‍ത്തി, എ.ടി. ഉമ്മര്‍ , രവി ബോംബേ, എം.ജി. രാധാകൃഷ്ണന്‍ , ശ്യം, ജെറി അമല്‍ ദേവ്, ജോണ്‍സണ്‍ , രവീന്ദ്രന്‍ , ഔസേപ്പച്ചന്‍ , എ.ആര്‍. റഹ്മാന്‍ , തുടങ്ങി പുതുതലമുറയിലെ ജാസി ഗിഫ്റ്റും എം. ജയചന്ദ്രനും അടക്കമുള്ള എണ്ണമറ്റ സംഗീത സംവിധായകര്‍ ആ ശബ്ദത്തിന്റെ സാധ്യതകളെ മലയാളികളുടെ കാതുകളെ വിരുന്നൂട്ടി.
അരനൂറ്റാണ്ട് പിന്നിട്ട സംഗീത ജീവിതം എത്ര പാട്ടുകള്‍ പാടിത്തന്നു എന്ന് ആര്‍ക്കും നിശ്ചയമില്ല. ഒരു ദിവസം പല ഭാഷകളില്‍ 11 പാട്ട് പാടിയ അപൂര്‍വത വരെയുണ്ടതില്‍. ആകെ അരലക്ഷം എന്നൊരു കണക്കുണ്ട് സംഗീത ഗവേഷകര്‍ക്ക്. ഭാഷകളിലുമുണ്ട് ഈ വൈവിധ്യം. മലയാളത്തിന്റെ മലയതിരുകള്‍ക്കകത്ത് ഒതുങ്ങാതെ എല്ലാ ഭാഷകളിലുമായി ആ ശബ്ദം പരന്നൊഴുകി. കശ്മീരിയും അസമീസുമല്ലാത്ത ഇന്ത്യന്‍ ഭാഷകളിലെല്ലാം യേശുദാസ് പാടി.
ഇംഗ്ലീഷ്, അറബി, ലത്തീന്‍, റഷ്യന്‍ ഭാഷകള്‍ ആ ശബ്ദത്തെ ലോകത്തോളമുച്ചത്തിലാക്കി. സ്വര മാധുര്യവും വൈദഗ്ധ്യവും കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിച്ച പല പാട്ടുകളതില്‍ പിറന്നു.
ആദ്യപാട്ടിന്റെ അമ്പതാം വര്‍ഷം തികഞ്ഞ തിങ്കളാഴ്ചയും യേശുദാസ് സ്റ്റുഡിയോയിലെത്തി. തിരുവനന്തപുരത്തെ എസ്.എസ് ഡിജിറ്റല്‍ സ്റ്റുഡിയോയില്‍. 'മല്ലുസിങ്' എന്ന് ചിത്രത്തില്‍ മുരുകന്‍ കാട്ടാക്കട എഴുതിയ പാട്ടിന് ശബ്ദം നല്‍കാനായിരുന്നു ഈ വരവ്. രാവിലെ 9.15നെത്തിയ യേശുദാസ് 'നീ പാടാതെ പാടുന്ന പാട്ടില്‍..' എന്ന പാട്ട് പാടി ഒരു മണിക്കൂറിനകം മടങ്ങി. ഈ പാട്ടിന് സംഗീതമിട്ടത് എം.ജയചന്ദ്രന്‍. 40ാം വര്‍ഷം തികഞ്ഞ ദിവസവും ജയചന്ദ്രന്റെ പാട്ടുപാടാനായിരുന്നു യേശുദാസിന്റെ നിയോഗം. കാണാനും കേള്‍ക്കാനുമെത്തിയവരോട്, 'ഇപ്പോഴും താനൊരു വിദ്യാര്‍ഥിയാണെ'ന്ന് ഓര്‍മിപ്പിക്കുക മാത്രം ചെയ്തു ഇന്നലെയാ ശബ്ദം. അരനൂറ്റാണ്ട് മുമ്പ് അവസരം കാത്ത് സ്റ്റുഡിയോ വാതിലില്‍ പനിച്ചുനിന്നയാളെക്കാത്ത് ഇന്ന് ലോകം മുഴുവന്‍ സ്റ്റുഡിയോകള്‍ക്ക് മുന്നില്‍ കാത്തുനില്‍ക്കുന്നെന്ന വ്യത്യാസം മാത്രമേ ഇപ്പോഴുള്ളൂ. അന്നുമിന്നും പാടാന്‍ ആ ശബ്ദമുണ്ട്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment