കേരളാ ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റശേഷം കഴിഞ്ഞദിവസം ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഇങ്ങനെ പറഞ്ഞു: 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജോലി ചെയ്യാനെത്തിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
ഇവിടെ എന്റെ കടമ നിര്‍വഹിക്കാന്‍ സഹപ്രവര്‍ത്തകരുടെയും മറ്റുള്ളവരുടെയും എല്ലാവിധ സഹകരണവും ഞാന്‍ പ്രതീക്ഷിക്കുന്നു'.
ഹൈക്കോടതിക്കുമുന്നില്‍ വരുന്ന പതിനാലാംതീയതി സി.പി.എം പ്രതിഷേധസമരം പ്രഖ്യാപിച്ച ദിവസമാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ശുഭപ്രതീക്ഷയോടെ തന്റെ ചുമതലകളിലേക്ക് കടന്നത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഒരു ഉത്തരവില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷപാര്‍ട്ടി സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അടിക്കടി കോടതിയെയും ന്യായാധിപന്‍മാരെയും അധിക്ഷേപിച്ച് പൊതുവേദികളില്‍ പ്രസംഗിച്ച സി.പി.എം സംസ്ഥാന കമ്മിറ്റി അംഗത്തിന് കോടതിയലക്ഷ്യ കുറ്റത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടിവരുന്നു. കോടതിക്ക് ആക്ഷേപകരമാണെന്ന് തോന്നിയ വാക്കുകളും പ്രയോഗങ്ങളും പ്രതി വിചാരണവേളയില്‍ ഒരിക്കല്‍പ്പോലും നിഷേധിച്ചിട്ടില്ല. പകരം തന്റെ വാക്കുകളുടെ അര്‍ത്ഥം കോടതിയെ ധരിപ്പിച്ച് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം ചെയ്തത്. തികച്ചും ഗര്‍ഹണീയവും ആക്ഷേപകരവും അന്തസ്സാരവിഹീനവുമായ പദപ്രയോഗങ്ങളുടെ പേരില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പ്രതിക്ക് പരമാവധി ശിക്ഷ നല്‍കുകയും ചെയ്തു. ഇതിനെതിരെ അപ്പീല്‍ പോകാന്‍ പ്രതിക്ക് നിയമപരമായ അവകാശവും അവസരവുമുണ്ട്. എന്നിരിക്കെ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്ന തരത്തില്‍ സമരപ്രഖ്യാപനവുമായി ഹൈക്കോടതിക്കുമുന്നില്‍ അനുയായികളെയും തെളിച്ചുവരുന്നത് ജനാധിപത്യ മര്യാദകള്‍ക്ക് ചേരുന്നതാണോ എന്ന് പൊതുസമൂഹം ചിന്തിക്കണം.
കോടതി എം.വി ജയരാജനെ കുറ്റവിമുക്തനാക്കിയിരുന്നെങ്കില്‍ സി.പി.എം സന്തോഷിക്കുമോ? ന്യായാധിപനെ ശുംഭനെന്നും വിധി പ്രഖ്യാപനത്തിന് പുല്ലുവിലയെന്നും പറഞ്ഞ് കോടതി ഉത്തരവിനെ നടുറോഡില്‍ ധിക്കരിച്ച് ചിന്താശൂന്യരായ അണികളുടെ കയ്യടി നേടാനാണ് സി.പി.എം നേതാവ് ശ്രമിച്ചത്. മാന്യമായ പൊതുപ്രവര്‍ത്തനത്തിന്റെ സീമകള്‍ മറികടന്നു എന്നതിനേക്കാള്‍, സാമാന്യജനങ്ങള്‍ കോടതിവിധിയെ അനുസരിക്കേണ്ട എന്ന ഗുരുതരമായ ഒരു സന്ദേശം കൂടി ഈ നേതാവ് അണികള്‍ക്ക് നല്‍കുകയാണ് ചെയ്തത്. സംസ്ഥാനത്ത് അടിക്കടി വര്‍ധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ നേതാവിന്റെ ഈ പ്രകടനത്തെ സമാധാനജീവിതം കാംക്ഷിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാവില്ല. പൗരാവകാശങ്ങള്‍ തൃണവല്‍ഗണിച്ച് നടുറോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചുകൊണ്ട് പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുന്നത് നിരോധിച്ചതാണ് നേതാവിനെ ചൊടിപ്പിച്ച സംഭവം. സാധാരണ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയാണ് കോടതി ആ ഉത്തരവിലൂടെ ചെയ്തത്. ഇടതുഭരണകാലത്ത് പൊലീസും തദ്ദേശ ഭരണകൂടങ്ങളും മനുഷ്യന്റെ മൗലികാവകാശങ്ങളെപ്പോലും മാനിക്കാതെ കയ്യൂക്കുകൊണ്ട് നിയമം കയ്യിലെടുത്തപ്പോള്‍ സാധാരണക്കാരന് കോടതി മാത്രമേ ആശ്രയമായി ഉണ്ടായിരുന്നുള്ളൂ. ആ ഉത്തരവിനെപ്പോലും നടുറോഡില്‍ ലംഘിച്ചുകൊണ്ടാണ് എം.വി ജയരാജന്‍ കോടതിവിധിക്ക് പുല്ലുവിലയാണ് എന്ന് വെല്ലുവിളിച്ചത്. എന്നിട്ടും ആ നേതാവ് ജനങ്ങള്‍ക്കുവേണ്ടിയാണ് സംസാരിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി അവകാശപ്പെടുന്നു.
ആരാണ് ഇവരുടെ മുന്നിലുള്ള യഥാര്‍ത്ഥ ജനങ്ങള്‍? യുക്തിഹീനമായി നേതാവിന്റെ അനക്ഷരങ്ങളെയും അജ്ഞതകളെയും അംഗീകരിച്ച് കയ്യടിക്കുന്ന പാര്‍ട്ടി അടിമകളെ മാത്രമേ ജനങ്ങളായി ഇവര്‍ കാണുന്നുള്ളൂ. നിശ്ശബ്ദ ഭൂരിപക്ഷം ജീവിക്കുന്നത് നിയമവ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടാണ്. നിയമം ലംഘിച്ചുകൊണ്ടല്ല. കേരളത്തിലെ ക്രിമിനല്‍ കോടതികളില്‍ 90,000 കേസുകള്‍ തീര്‍പ്പുകാത്ത് കിടക്കുകയാണ്. 126 കോടതികളാണ് ഈ കേസുകള്‍ പരിഗണിക്കേണ്ടത്. കാലാകാലങ്ങളില്‍ കേസുകളുടെ എണ്ണം പെരുകുന്നതല്ലാതെ കുറയുന്നില്ല. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയണമെങ്കില്‍ കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടണം. അതിന് നീതിന്യായകോടതി കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. ഉത്തരവാദിത്വബോധമുള്ള രാഷ്ട്രീയ നേതൃത്വം കോടതികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഒത്താശകളും സൗകര്യങ്ങളും ചെയ്തുകൊടുക്കണം. അല്ലാതെ കോടതിക്കെതിരെ യുദ്ധം ചെയ്യാന്‍ അണികളെയും കൂട്ടി പ്രകടനം നടത്തുകയല്ല വേണ്ടത്
No comments:
Post a Comment