ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളെല്ലാം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള മണല്‍കണ്ടെത്തുന്നത് കടലില്‍ നിന്നാണെന്നിരിക്കെ, കേരളവും ഇത്തരത്തില്‍ മണല്‍ ഖനനം ചെയ്‌തെടുക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ച മന്ത്രി കെ.എം മാണിയുടെ നിലപാട് ചൂടേറിയ ചര്‍ച്ചാവിഷയമാകുന്നു. പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂടി അഭിപ്രായം ലക്ഷ്യമാക്കിയാണ് കെ.എം മാണി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കു തുടക്കമിട്ടിരിക്കുന്നത്. കേരളത്തിലെ നദികളെ പരിസ്ഥിതിനാശത്തില്‍ നിന്നും രക്ഷിക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ അധിക വിഭവസമാഹരണത്തിനായി സമുദ്രത്തില്‍നിന്ന് മണല്‍ വാരാവുന്നതാണെന്നാണ് ധനമന്ത്രിയുടെ നിലപാട്. കൂടുതല്‍ വിഭവസമാഹരണം നടത്താന്‍ പരമ്പരാഗതമല്ലാത്ത മേഖലകളിലേക്ക് കടക്കണം.
സമുദ്രത്തില്‍ ഇഷ്ടംപോലെ മണലുണ്ട്. അത് വാരിയാല്‍ പരിസ്ഥിതിക്ക് ബുദ്ധിമുട്ടുണ്ടോയെന്നു ധനമന്ത്രി കെ.എം മാണി. എന്ത് പറഞ്ഞാലും പരിസ്ഥിതിയെന്ന് പറഞ്ഞ് പേടിപ്പിക്കുകയാണ്. പുതിയ രീതിയില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ സംസ്ഥാനം ആലോചിക്കണം. 12ാം പഞ്ചവല്‍സര പദ്ധതിയുടെ കരട് സംബന്ധിച്ച് പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച ചര്‍ച്ചയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് 10 ശതമാനംവരെ സാമ്പത്തികവളര്‍ച്ച അസാധ്യമല്ല. ദാരിദ്ര്യരേഖയെ സംബന്ധിച്ച കേന്ദ്ര ആസൂത്രണ കമീഷന്റെ അളവുകോല്‍ മാറ്റണം. അല്‌ളെങ്കില്‍ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുമ്പോള്‍ വലിയ ശതമാനം ആളുകള്‍ക്ക് സുരക്ഷയില്ലാതാവും. എല്ലാ ജനവിഭാഗങ്ങളെയും എല്ലാ മേഖലയെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയാണ് വേണ്ടത്. കാര്‍ഷികേതര രംഗത്തേതിനേക്കാള്‍ മൂന്നിരട്ടിയാണ് കാര്‍ഷികമേഖലയിലെ വളര്‍ച്ച. റോഡ് നിര്‍മാണത്തിന് കരാര്‍ കൊടുക്കുമ്പോള്‍ അതിന്റെ ഈട് ഉറപ്പുവരുത്തണം. ചെറുകിട വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
. നേരത്തെ തന്നെ കടല്‍മണല്‍ ഖനനം വേണമെന്ന ആവശ്യം വിവിധകോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന്റെ അമ്പതിരട്ടിയില്‍ അധികമാണ് ഒരു ദശാബ്ദത്തിനുള്ളില്‍ മണലിന്റെ വില കൂടിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന ഘടകമായ മണല്‍ അഴിമതിക്ക് കാരണമാകുന്ന വന്‍ വിപത്തായി മാറിയിരിക്കുന്നു. ശരാശരി ഒരാള്‍ക്ക് 250 കിലോഗ്രാം മണല്‍ ആവശ്യമായി വരുന്നുവെന്നാണ് ലോകമെമ്പാടുമുള്ള കണക്ക്. മലയാളി ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. സമ്പന്ന രാജ്യങ്ങളില്‍പ്പോലും ക്യുബിക് അടിക്ക് 10 മുതല്‍ 15വരെ രൂപയ്ക്ക് കിട്ടുന്ന മണലിന് നാം ഇന്ന് നല്കുന്നത് 90 രൂപയാണ്. ഇനിയും ഈ സ്ഥിതി തുടര്‍ന്നാല്‍ ഒരു പക്ഷേ, പൊന്നിന്റെ വിലയെത്തിയെന്നുംവരാം.
ആറുവര്‍ഷംമുമ്പ് കേരള ഹൈക്കോടതി പുഴമണലിന് ബദല്‍ സംവിധാനം കണ്ടെത്തണമെന്നു നിര്‍ദേശിച്ചതാണ്. ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളും ആശ്രയിക്കുന്ന കടല്‍ മണലിന്റെ ഉപയോഗത്തെക്കുറിച്ച് പഠനം നടത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുമാണ് ആലുവ പരിസ്ഥിതി സംരക്ഷണ സമിതി സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി നിര്‍ദേശമുണ്ടായത്. കടല്‍മണല്‍ ഖനനത്തെക്കുറിച്ച് അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി 2001ല്‍ നിര്‍ദേശിച്ചതാണ്. എന്നാല്‍ എട്ടുവര്‍ഷം കഴിഞ്ഞിട്ടം ഫലമുണ്ടായില്ല. കടല്‍മണലിനെ അവഗണിച്ച് പരിസ്ഥിതിയെ തകിടം മറിക്കുന്ന പുഴമണലിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പൊതുവെ കണ്ടുവരുന്നത്. ആളോഹരി വരുമാനം കേരളത്തിന്റെ 300 ഇരട്ടിയില്‍ അധികമുള്ള രാജ്യങ്ങളില്‍പ്പോലും പത്തോ പതിനഞ്ചോ രൂപയ്ക്ക് ഒരു ക്യൂബിക് അടി മണല്‍ ലഭിക്കും. അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രഥമ പരിഗണന നല്‍കേണ്ട മണലിന് കേരളത്തില്‍ തീവില ആയതിനു പിന്നില്‍ കാലങ്ങളായുള്ള വികലനയങ്ങളും ആര്‍ജവമില്ലാത്ത നിലപാടുകളുമാണ്.
സംസ്ഥാനം അടിമുടി അഴിമതിയില്‍ മുങ്ങിനില്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് മണല്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ്. ഭൂഗര്‍ഭ ജലനിരപ്പ് ഭയാനകമാംവിധം താഴ്ന്നുകൊണ്ടിരിക്കുമ്പോഴും നദികളെ ഉന്മൂലനം ചെയ്യുംവിധം മണല്‍വാരല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. കേരളത്തില്‍ 44 നദികളില്‍ ഒട്ടുമിക്കവയുടെയും അടിത്തട്ടില്‍ മണല്‍ശേഖരമില്ല. മധ്യ തിരുവിതാംകൂറില്‍ മാത്രം കഴിഞ്ഞ രണ്ട്ദശാബ്ദങ്ങള്‍ക്കിടയില്‍ മരിച്ച നദികളുടെ എണ്ണം നാലാണ്. വരട്ടാറിലും കോലറ ആറിലും അരീത്തോട്ടത്തിലും കുട്ടന്‍പേരൂര്‍ ആറിലുമെല്ലാം ഇന്ന് നാട്ടുകാര്‍ വീട് വെക്കുകയും കൃഷിയിറക്കുകയുമാണ്. കേരളത്തെ ഫലഭൂയിഷ്ഠമാക്കുന്നത് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നദികളുടെ നിരകളാണ്. വൃഷ്ടിപ്രദേശങ്ങളിലെ ജലസമ്പുഷ്ടി നിലനിര്‍ത്തുന്നതും നദീജലംതന്നെ. അനിയന്ത്രിതമായ മണല്‍വാരല്‍ വറുതിയിലേക്ക് നയിക്കുമ്പോഴും ശാസ്ത്രീയ പഠനങ്ങളോ പരിഹാര നിര്‍ദേശങ്ങളോ നിര്‍ദേശിക്കാന്‍ കഴിയുന്നില്ല. നദികളുടെ ശുദ്ധജലപ്രവാഹം കഴിഞ്ഞതോടെ ഓരുജല ലക്ഷണം 30 കി.മീ. മുകളിലേക്ക് വ്യാപിച്ചുകഴിഞ്ഞു.
ശുദ്ധജല മത്സ്യങ്ങള്‍ നദികളില്‍നിന്ന് മണ്‍മറയുകയും കായല്‍ മത്സ്യങ്ങളെ കണ്ടുതുടങ്ങിയതും പുതിയൊരു വിപത്തിന്റെ സൂചനയായിക്കാണാം. 560 കി.മീറ്ററാണ് കേരളത്തിന്റെ കടല്‍ത്തീരം. വിശാലമായ കടലോരമുണ്ടായിട്ടും കടല്‍ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ നാം കണ്ണുതുറന്നിട്ടില്ല. കടല്‍ മണല്‍ ഡ്രഡ്ജ് ചെയ്ത് പരിചരണ പ്രക്രിയയിലൂടെ ശുദ്ധീകരിച്ചാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ നല്ല മണല്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കാം. അമേരിക്ക, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജപ്പാന്‍, മലേഷ്യ, നെതര്‍ലന്‍ഡ് എന്നിവിടങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശുദ്ധീകരിച്ച കടല്‍ മണലാണ് ഉപയോഗിക്കുന്നത്. 8041 കി.മീറ്റര്‍ ദൈര്‍ഘ്യംവരുന്ന കടല്‍ത്തീരം ഇന്ത്യയ്ക്ക് ഉണ്ടെങ്കിലും ഇത് പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ നാം പരാജയപ്പെടുന്നു.
ഇംഗ്ലണ്ടില്‍ മണല്‍ ഖനനത്തിനുള്ള ലൈസന്‍സ് 1963 മുതല്‍ നല്‍കിയിട്ടുണ്ട്. ലൈസന്‍സ് 15 വര്‍ഷത്തേക്കാണ് നല്കുന്നത്. പ്രതിവര്‍ഷം ഏകദേശം 40 ലക്ഷം ടണ്‍ മണല്‍ അവിടെ കടലില്‍നിന്ന് ഖനനംചെയ്ത് എടുക്കുന്നു. തീരത്തുനിന്നും 600 മീറ്റര്‍ ദൂരത്തിലും 22 മീറ്റര്‍ മേല്‍ആഴത്തിലും കുഴിക്കാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. ഇതുകൊണ്ട് സമുദ്രതീരത്തിനോ ആഴക്കടലിന്റെ ഘടനയേ്ക്കാ ജീവജാലങ്ങള്‍ക്കോ യാതൊരു ദോഷവുമുണ്ടാകുന്നില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. 70 ലക്ഷം ടണ്‍ മണല്‍ പ്രതിവര്‍ഷം ആവശ്യമായിവരുന്ന നെതര്‍ലന്‍ഡില്‍ കടല്‍മണലിനെ മാത്രമാണ് ആശ്രയിക്കുന്നത്. മണല്‍ ഖനനംകൊണ്ട് എടുത്തുപറയത്തക്ക യാതൊരുവിധ പ്രത്യാഘാതങ്ങളും പരിസ്ഥിതിക്ക് ഉണ്ടാകുന്നില്ലെന്നും അവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മണല്‍ ഖനനത്തിന് ഉപയോഗിക്കേണ്ട ഡ്രഡ്ജര്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ച നിലവാരമുള്ളവയായിരിക്കണമെന്നും 20 മീറ്റര്‍ വരെ ആഴത്തിലും കടലിന്റെ അടിത്തട്ടില്‍നിന്നു രണ്ടു മുതല്‍ മൂന്നു മീറ്റര്‍ താഴ്ചയിലും ഖനനം നടത്താമെന്നും വ്യവസ്ഥകളില്‍ പറയുന്നു.
ഫ്രാന്‍സില്‍ കടലില്‍നിന്നു ഖനനം ചെയ്യുന്ന മണല്‍ പ്രധാനമായും നിര്‍മാണാവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. കടലിന്റെ അടിത്തട്ടില്‍ ഏകദേശം 30 മീറ്റര്‍ ആഴത്തില്‍ 600 മില്യന്‍ മീറ്റര്‍ ക്യൂബ് മണല്‍ ഒരു പ്രധാന വിഭവമായി കിടക്കുന്നു. പ്രതിവര്‍ഷം 30 ലക്ഷം മീറ്റര്‍ ക്യൂബ് മണല്‍ കടലില്‍നിന്ന് അവര്‍ ഖനനംചെയ്തു വില്ക്കുന്നുണ്ട്. മലേഷ്യയില്‍ ഡ്രഡ്ജിങ് നടത്തുന്നത് സമുദ്രതീരത്തുനിന്ന് രണ്ടു കി.മീറ്റര്‍ മാറി 10 മീറ്റര്‍ ആഴത്തിലാണ്. സിംഗപ്പൂരില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെനിന്നാണ് മണല്‍ കയറ്റി അയയ്ക്കുന്നത്. തയ്‌വാനില്‍ 10 കിലോമീറ്റര്‍ കടലിലേക്കു മാറി 25 മുതല്‍ 30 മീറ്റര്‍വരെ ആഴത്തില്‍ മണല്‍ഖനനത്തിനുള്ള അനുവാദം നല്കിയിട്ടുണ്ട്. ഏകദേശം 180 ലക്ഷം മീറ്റര്‍ ക്യൂബ് മണല്‍ നിര്‍മാണ ആവശ്യങ്ങള്‍ക്ക് കടലില്‍നിന്നു ഖനനംചെയ്ത് എടുക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ നദികളെ ആശ്രയിച്ചാണ് അവര്‍ മണല്‍ഖനനം നടത്തിയിരുന്നത്. രൂക്ഷമായ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍മൂലം നദികളില്‍നിന്നുള്ള മണല്‍ഖനനം പൂര്‍ണമായും നിരോധിച്ചു. കടലില്‍ ഖനനം ചെയ്യുവാനുള്ള നിയമം 1995 മുതല്‍ നടപ്പാക്കുകയും ചെയ്തു.
ഗള്‍ഫ് രാജ്യങ്ങളില്‍ നദികളും മറ്റു ജലസ്രോതസ്സുകളും ഇല്ലാത്തതിനാല്‍ ഇവിടെ 1969 മുതല്‍ കടല്‍മണലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. കടല്‍ ത്തീരത്തുനിന്ന് ഏകദേശം നാലു കിലോമീറ്റര്‍ കടലിലേക്ക് മാറിയാണ് ഡ്രഡ്ജിങ്. മണല്‍ കുഴിച്ചെടുക്കുന്നതുകൊണ്ട് സമുദ്രതീരത്തിനോ ജീവജാലങ്ങള്‍ക്കോ യാതൊരു ദോഷവും ഉണ്ടാകുന്നില്ല എന്ന് ജപ്പാന്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സാമ്പത്തികമായും സാങ്കേതികമായും ലോകത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന യു.എസ്.എ.യില്‍ നിര്‍മാണരംഗത്ത് ഉണ്ടായ വളര്‍ച്ചയുടെ ഒരു പ്രധാന കാരണം ശുദ്ധീകരിച്ച കടല്‍ മണലിന്റെ ഉപയോഗമാണ്. കടലില്‍നിന്നു മണല്‍ഖനനം ചെയ്ത് എടുക്കുന്നതുകൊണ്ട് പരിസ്ഥിതിക്കോ മത്സ്യസമ്പത്തിനോ യാതൊരുവിധ തകരാറുകളും ഉണ്ടാകുന്നില്ലെന്ന് ഇവിടെ നടത്തിയ ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചു. കടലില്‍ 18 മീറ്റര്‍ ആഴത്തിനുമേല്‍ മണല്‍ ഖനനം ചെയ്യാനുള്ള അനുവാദം ഇവിടെ നല്കിയിട്ടുണ്ട്. 40 ലക്ഷത്തോളം തൊഴിലാളികളും അനുബന്ധ വ്യവസായങ്ങളും ഉള്‍പ്പെടുന്നതാണ് കേരളത്തിലെ നിര്‍മാണ മേഖല. മണല്‍ക്ഷാമവും വിലക്കയറ്റവും ഗുണനിലവാരക്കുറവുമാണ് ഈ വ്യവസായത്തെ തളര്‍ത്തുന്നത്.
മണല്‍വാരലിലൂടെ നശിച്ച നദികളും തീരങ്ങളും പാടശേഖരങ്ങളും പാലങ്ങളുടെ ബലക്ഷയവുമെല്ലാം കണക്കിലെടുത്താല്‍ 4000 കോടി രൂപയുടെ സാമ്പത്തികനഷ്ടം പ്രതിവര്‍ഷം കേരളത്തിനുണ്ടാകുന്നതായി കണക്കാക്കപ്പെടുന്നു. ഇന്ന് വിപണിയില്‍ തീ വിലയ്ക്ക് ലഭിക്കുന്ന മണല്‍ ചെളിയും ജൈവമാലിന്യങ്ങളും രാസപദാര്‍ഥങ്ങളും ഉപ്പുരസവും കലര്‍ന്നതാണ്. ഇവ ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടങ്ങളും പാലങ്ങളും അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ബലക്ഷയമുണ്ടാകുമെന്നുറപ്പാണ്. കേരളത്തില്‍ കടല്‍ മണല്‍ ഖനനം കാര്യമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകില്ല. ട്രോളിങ്ങിനെ അപേക്ഷിച്ച് ഡ്രഡ്ജിങ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എത്രയോ കുറവാണെന്ന് കാണാം. ട്രോളിങ്ങിനുവേണ്ടി ഏകദേശം ആറായിരത്തോളം ബോട്ടുകള്‍ കേരളത്തിന്റെ തീരക്കടലില്‍ ഉണ്ട്. ഒരു ബോട്ട് ഒരു ദിവസം നാലായിരം മുതല്‍ അയ്യായിരം വരെ ച.മീ. വിസ്തീര്‍ണം കടലിന്റെ അടിത്തട്ട് ഉഴുതുമറിക്കുന്നു. എന്നാല്‍ ട്രൊയിലിങ് സെക്ഷന്‍ ഹോപ്പര്‍ ഡ്രഡ്ജര്‍ ഉപയോഗിച്ച് ഡ്രഡ്ജ് ചെയ്താല്‍ കടലിന്റെ അടിത്തട്ടിനെ ഇളക്കിമറിക്കില്ല. ഡ്രഡ്ജ് ചെയ്യപ്പെടുന്ന മണല്‍ ഉള്ളിലേക്ക് വലിച്ചെടുക്കുന്നതിനാല്‍ നേരിയ ചലനങ്ങള്‍ മാത്രമേ അടിത്തട്ടില്‍ ഉളവാക്കുകയുള്ളൂ.
ട്രോളിങ് മുഖേന കടലിന്റെ അടിത്തട്ടില്‍ ഉള്ള കലക്കല്‍ മൂന്നിരട്ടിയായി വര്‍ധിക്കുന്നു. ഇത് നിയന്ത്രിക്കാന്‍ ഒരു ഉപാധിയുമില്ല. എന്നാല്‍ ഡ്രഡ്ജിങ്ങില്‍ സില്‍ട്ട് സ്‌ക്രില്‍, ഡയാപേഴ്‌സ് മുതലായ ആധുനിക മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതുമൂലം അടിത്തട്ടില്‍ ഉണ്ടാകുന്ന നേരിയ തോതിലുള്ള കലക്കല്‍ പോലും നിയന്ത്രിക്കാന്‍ കഴിയും. ട്രോളിങ് കേരളത്തിന്റെ തീരക്കടലിലും ആഴക്കടലിലും ആകമാനം വ്യാപിച്ചിരിക്കുന്ന ഒരു പ്രക്രിയ ആയതിനാല്‍ അടിത്തട്ടില്‍ ഉണ്ടാകുന്ന പോഷകവസ്തുക്കളെയും ഓക്‌സിജന്റെയും അളവില്‍ ഉളവാകുന്ന വ്യതിയാനങ്ങള്‍ കടലില്‍ മുഴുവന്‍ വ്യാപിക്കാന്‍ കാരണമാകുന്നു. ഇത് മത്സ്യസമ്പത്തിന് ഹാനികരമാണ്. മണലിനുവേണ്ടിയുള്ള ഡ്രഡ്ജിങ് പ്രവര്‍ത്തനം നടക്കുന്നത് കടലിന്റെ വളരെ ചെറിയ ഭാഗത്തു മാത്രമായതിനാല്‍ പോഷകവസ്തുക്കളുടെയോ ഓക്‌സിജന്റെയോ അളവില്‍ നേരിയ വ്യതിയാനങ്ങള്‍ ഉണ്ടായാല്‍ത്തന്നെ അത് കടല്‍ മുഴുവന്‍ വ്യാപിക്കുന്ന പ്രതിഭാസം ആവില്ല.
ട്രോളിങ് കടലിന്റെ അടിത്തട്ടിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുന്ന ഒരു പ്രവര്‍ത്തനമായതുകൊണ്ട് കടല്‍ സസ്യങ്ങളെയും ഇത് കാര്യമായി ബാധിക്കും. ഡ്രഡ്ജിങ് പ്രവര്‍ത്തനം നടക്കുന്നത് കരയില്‍നിന്നും 40 കി.മീറ്റര്‍ കടലിലേക്ക് മാറി 50 മീറ്റര്‍ മേല്‍ ആഴത്തില്‍ വളരെ ചുരുങ്ങിയ വിസ്തീര്‍ണത്തില്‍ ആയതുകൊണ്ട് കടലിലെ ജീവജാലങ്ങളുടെയോ സസ്യങ്ങളുടെയോ നിലനില്പിന് ഭീഷണിയാകുന്നില്ല. ഡാമുകളിലെ മണ്ണെടുപ്പും കേരളത്തില്‍ പ്രായോഗികമാകില്ല. ഡാമുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്നത് 15 മുതല്‍ 30 ശതമാനം വരെ മണ്ണാണ്. ഇത് വെട്ടുകല്ല്, തടി, ചെളി, മണല്‍ എന്നിവ ഒത്തുചേര്‍ന്ന മിശ്രിതമാണ്. ഇത് ശുദ്ധീകരിക്കുന്നതിനുള്ള സാമ്പത്തികച്ചെലവും ശുദ്ധജലദൗര്‍ലഭ്യവും കണക്കിലെടുത്താല്‍ അപ്രായോഗികമെന്ന് കണ്ടെത്താനാകും.
കേരളത്തില്‍ ആവശ്യത്തിന് തമിഴ്‌നാട്ടില്‍ നിന്ന് മണല്‍ കൊണ്ടുവരുന്നതും ഗുണകരമാവില്ല. ലോറിയില്‍ കയറ്റുന്ന മണലിന്റെ അളവ് അടക്കം നിയമലംഘനങ്ങള്‍ ഇപ്പോള്‍ത്തന്നെ ഏറെ നടക്കുന്നു. തമിഴ്‌നാടിനെ ആശ്രയിക്കുന്നതിലൂടെ മണലിന്റെ വില വീണ്ടും കൂടാനും കാരണമാകും. കേരളത്തിന്റെ കടല്‍ത്തീരത്തുനിന്നും 40 കി.മീ. കടലിലേക്ക് മണല്‍തിട്ടയുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിര്‍മാണപ്രശ്‌നങ്ങള്‍ക്ക് ആവശ്യമായ മണല്‍ കടലില്‍ നിന്ന് സംഭരിക്കാനാകുമെന്ന് ഇത് വ്യക്തമാക്കുന്നു. മണല്‍ പെയ്യുന്നില്ല. മഴ മാത്രമാണ് പെയ്യുന്നത്. മണലിന്റെ വര്‍ധിച്ച ഉപയോഗം കണക്കിലെടുത്ത് പുതിയ ഒരു സംവിധാനം ഉണ്ടായേ തീരൂ. ഈ ഒരു തിരിച്ചറിവില്‍ നിന്നാണ് ധനമന്ത്രിയുടെ ആഹ്വാനം.
No comments:
Post a Comment