പോലീസിന് ഇനി ക്ഷേമകാലം: ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത് ആനുകൂല്യങ്ങളുടെ നീണ്ടനിര
കോട്ടയം: സംസ്ഥാന പോലീസിന് ഇനി ക്ഷേമകാലം. ക്ഷേമപദ്ധതികളുടെ നീണ്ടനിരയാണ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷ മുതല്‍ സ്റ്റേഷന് ജിം വരെ നീളുന്നു ഈ പട്ടിക. പോലീസുകാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യമാണു ലക്ഷ്യം. ഡി.ജി.പി. ജേക്കബ് പുന്നൂസിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ പോലീസ് വെല്‍ഫെയര്‍ ഗ്രൂപ്പാണ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.
സംസ്ഥാനത്തെ പോലീസുകാര്‍ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇന്ത്യയില്‍ ആദ്യമായാണ് പോലീസുകാര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതെന്ന് ഡി.ജി.പി. ജേക്കബ് പുന്നൂസ് പറഞ്ഞു. ഇന്‍ഷുറന്‍സ് പരിരക്ഷ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കും ലഭിക്കും.
മറ്റൊരു പ്രധാന പദ്ധതിയാണ് പോലീസ് കാന്റീന്. പട്ടാളക്കാര്‍ക്കു ലഭിക്കുന്ന എല്ലാ നികുതിയിളവുകളും കാന്റീനില്‍നിന്നു വാങ്ങുന്ന സാധനങ്ങള്‍ക്കു ലഭിക്കും. നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ വാഹനങ്ങള്‍ വരെ കാന്റീനിലൂടെ വിപണനം ചെയ്യും. സംസ്ഥാനമാകെ ഇക്കൊല്ലം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയിലൂടെ നൂറുകോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യം.
50,000 പേര്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഡിസംബര്‍ 23നു തിരുവനന്തപുരത്ത് സെന്‍ട്രല്‍ പോലീസ് കാന്റീന് നിലവില്‍ വരും. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴി ആധുനികരീതിയിലാവും കാന്റീനില്‍ പണമിടപാടുകള്‍ നടത്തുക.
36 കോടിരൂപ ചെലവിട്ട് മഞ്ചേശ്വരം മുതല്‍ പാറശാല വരെ നൂറോളം ഡോര്‍മെറ്ററികള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. പോലീസ് ഹൗസിംഗ് കോര്‍പ്പറേഷനാണ് ഇതിന്റെ ചുമതല. പോലീസ് സ്റ്റേഷനുകളില്‍ ജിം സ്ഥാപിക്കും. കൂടാതെ പോലീസുകാരുടെ മാനസികോല്ലാസം ലക്ഷ്യമാക്കി മാസത്തില്‍ രണ്ടുതവണ കുടുംബാംഗങ്ങളുമൊത്തു വിനോദയാത്ര പോകാനും സൗകര്യമൊരുക്കും. റിട്ടയര്‍ ചെയ്ത പോലീസുകാര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കത്തക്ക വിധമാണു പദ്ധതികള്‍ രൂപീകരിച്ചിരിക്കുന്നത്.
No comments:
Post a Comment