ജഡ്‌ജിയെ വിഡ്‌ഢിയെന്നു വിളിച്ചാല്‍ എന്താണു തെറ്റ്?
തുറന്ന മനസോടെ- കെ.എം. റോയ്
ഒരു ന്യായാധിപനെ, അതു ഹൈക്കോടതി ജഡ്‌ജിയായാലും, വിമര്‍ശിക്കാനും വേണ്ടിവന്നാല്‍ വിഡ്‌ഢിയെന്നു വിളിക്കാനും ഒരു സാധാരണ പൗരനു സ്വാതന്ത്ര്യമുണ്ടോ? കോടതിയുടെ അന്തസ് നിലനിര്‍ത്താനെന്നപേരില്‍ കോടതി മുറുകെപ്പിടിച്ചിരിക്കുന്ന കോടതിയലക്ഷ്യ നിയമം പൗരന്മാരോടുള്ള നീതിനിഷേധമല്ലേ?
പരിഷ്‌കൃത ജനാധിപത്യ രാജ്യങ്ങളില്‍ ഈ രണ്ടു ചോദ്യങ്ങള്‍ക്കും ഇപ്പോള്‍ പ്രസക്‌തിയില്ലാതായിരിക്കുന്നു. കാരണം ഒരു ജഡ്‌ജിയെ വേണ്ടിവന്നാല്‍ വിഡ്‌ഢി എന്നു വിളിക്കാനും കോടതിയെ വിമര്‍ശിക്കാനും പൗരന്മാര്‍ക്ക് അവകാശമുണ്ടെന്നത് ആ രാജ്യങ്ങളിലെ നിയമവ്യവസ്‌ഥ അംഗീകരിച്ചിട്ടുള്ള കാര്യങ്ങളാണ്. പക്ഷേ ഇന്ത്യയില്‍ ഏകാധിപതികളെപ്പോലെ ഈ രണ്ടു കാര്യങ്ങളും നീതിപീഠത്തിലിരിക്കുന്നവര്‍ അവരുടെ രക്ഷാകവചങ്ങളായി ഇപ്പോഴും ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതാണു നാം കാണുന്നത്.
ഒന്നാമത്, കോടതിലക്ഷ്യമെന്നതു സാമാന്യനീതിക്കു നിരക്കാത്ത നിയമമാണ്. ഈയിടെ വിവാദ വിഷയമായ, എം.വി. ജയരാജനെതിരേ എടുത്ത കോടതിയലക്ഷ്യക്കേസിന്റെ കാര്യമെടുക്കാം. കോടതിയെ വിമര്‍ശിച്ചതിനു കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണിത്. ആ കേസില്‍ കോടതിയാണു പരാതിക്കാരന്‍. അതായത് വാദി. ആ കേസില്‍ ന്യായാധിപനും കോടതിതന്നെ. വാദിയും ന്യായാധിപനും ഒരാളാണെങ്കില്‍ ആ കേസില്‍ ഏതു പ്രതിക്കാണു നീതി ലഭിക്കുക? അങ്ങനെ വരുമ്പോള്‍ തീര്‍ത്തും പക്ഷപാതപരമായ വിധിയാണല്ലോ സ്വാഭാവികമായും കോടതിയില്‍നിന്നുണ്ടാവുക. അതുകൊണ്ടുതന്നെയാണ് കോടതിയലക്ഷ്യമെന്നതു സാധാരണ നീതിക്കു നിരക്കാത്ത നിയമമാണെന്ന കാഴ്‌ചപ്പാട് പല വിദേശരാജ്യങ്ങളും കൈക്കൊണ്ടിരിക്കുന്നത്.
കോടതിയലക്ഷ്യ നിയമവ്യവസ്‌ഥ ആദ്യം നിലവില്‍ വന്നതു ബ്രിട്ടനില്‍ രാജഭരണം നിലനില്‍ക്കുന്ന കാലത്തായിരുന്നു. അന്ന് ഏകാധിപതിയും പരമാധികാരിയുമായ രാജാവിന്റെ ഏജന്റുമാരായിരുന്നു ന്യായാധിപന്മാര്‍. അതുകൊണ്ടുതന്നെ രാജാവിന്റെ ഏജന്റായ ജഡ്‌ജിയെ വിമര്‍ശിക്കുകയോ വിഡ്‌ഢിയെന്നു വിളിക്കുകയോ ചെയ്‌താല്‍ അതു രാജാവിനെ അവഹേളിക്കുന്നതിനു തുല്യമായിരുന്നതുകൊണ്ട് അയാളെ ശിക്ഷിക്കുന്നതിനുവേണ്ടി കോടതിയലക്ഷ്യം എന്ന നിയമവ്യവസ്‌ഥയുണ്ടാക്കി.
പക്ഷേ ജനാധിപത്യ വ്യവസ്‌ഥ നിലവില്‍ വന്നപ്പോള്‍ ജനങ്ങള്‍ രാജ്യത്തെ പരമാധികാരിയായി മാറി. ജനം എന്ന ആ പരമാധികാരിയുടെ കീഴിലുള്ള 'ജനങ്ങളുടെ സേവകര്‍' എന്ന നിര്‍വചനത്തിനു കീഴില്‍ വരുന്നവരായി ന്യായാധിപന്മാരടക്കമുള്ള എല്ലാ ഉദ്യോഗസ്‌ഥവര്‍ഗവും മാറി. അതുകൊണ്ടുതന്നെ കോടതിയലക്ഷ്യ നിയമം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍പ്പോലും അതു കോടതിയുടെ സുഗമമായ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിനു പ്രാപ്‌തമാകുന്ന നിയമമെന്നല്ലാതെ, കോടതിയുടെ ആധിപത്യവും ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരവും അടിച്ചേല്‍പ്പിക്കുന്നതിനോ വിമര്‍ശകരായ പൗരന്മാരെ ഇടിച്ചുതാഴ്‌ത്തുന്നതിനോ ഉള്ള ആയുധമായി കോടതിയലക്ഷ്യ നിയമത്തെ ഒരിക്കലും കാണാന്‍ പാടില്ല എന്നാണു ലോകത്തിലെ പ്രഖ്യാതരായ എല്ലാ നിയമജ്‌ഞന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. പക്ഷേ നമ്മുടെ രാജ്യത്ത് തങ്ങളെ വിമര്‍ശിക്കുന്ന എല്ലാവരേയും അമര്‍ച്ച ചെയ്യുന്നതിനുള്ള ഒരായുധമായി കോടതിയലക്ഷ്യ നിയമത്തെ ദുരുപയോഗിക്കുന്ന ന്യായാധിപന്മാരെ യുക്‌തിബോധമുള്ളവര്‍ക്കു ന്യായീകരിക്കാനാവില്ല.
കോടതിയുടെ അന്തസും കോടതിയോടു ജനങ്ങള്‍ക്കുള്ള ആദരവും നിലനിര്‍ത്തുന്നതിനുവേണ്ടിയുള്ളതാണു കോടതിയലക്ഷ്യ നിയമമെന്നു വാദിക്കുന്ന ന്യായാധിപന്മാരുണ്ടെന്നതു കാണാതിരിക്കുന്നില്ല, പക്ഷേ അവര്‍ മനസിലാക്കാത്ത ഒരു കാര്യം ആദരവ് എന്നതു കോടതിയുടെ കര്‍ശന നിയമംമൂലം ജനങ്ങളില്‍നിന്നു പിടിച്ചുപറിച്ചെടുക്കേണ്ട ഒന്നല്ലെന്നും മറിച്ച് അന്തസാര്‍ന്ന കോടതിയുടെ പ്രവര്‍ത്തനംമൂലം ജനങ്ങള്‍ സ്വമേധയാ നല്‍കേണ്ടതാണെന്നുള്ളതുമാണ്.
ഇതിനിടയില്‍ ജഡ്‌ജിയെ വിഡ്‌ഢിയെന്നു വിളിക്കാന്‍ പൗരന്മാര്‍ക്കുള്ള സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം. 1987 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റും ഗാര്‍ഡിയന്‍ ന്യൂസ്‌പേപ്പര്‍ ഗ്രൂപ്പും തമ്മില്‍ ഒരു കേസുണ്ടായി. പ്രമുഖ ബ്രിട്ടീഷ് ചാരനായിരുന്ന പീറ്റര്‍ റൈറ്റ് ചില സുപ്രധാന രഹസ്യപ്രവര്‍ത്തന വിവരങ്ങള്‍ വെളിപ്പെടുത്തുന്ന 'സ്‌കൈ കാച്ചര്‍' എന്നൊരു പുസ്‌തകം പ്രസിദ്ധീകരിച്ചു. അതിലെ ഉള്ളടക്കം രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്നതുകൊണ്ട് ആ പുസ്‌തകം നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് ഗവണ്‍മെന്റ് കോടതിയിലെത്തി. പ്രിവി കൗണ്‍സില്‍ എന്ന കോടതി രണ്ടിനെതിരേ മൂന്നു ജഡ്‌ജിമാരുടെ ഭൂരിപക്ഷത്തോടെ നിരോധനം അനുവദിച്ചു. പിറ്റേദിവസം ദ് ഡെയ്‌ലി മിറര്‍ എന്ന പ്രമുഖ പത്രം നിങ്ങള്‍ വിഡ്‌ഢികള്‍ എന്ന ബാനര്‍ തലക്കെട്ടില്‍ ഒരു പേജില്‍ ആ മൂന്നു ജഡ്‌ജിമാരുടേയും ഫോട്ടോ തലകുത്തിയ രീതിയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് ആ വാര്‍ത്താ റിപ്പോര്‍ട്ട് നല്‍കിയത്‌്. എന്നുവച്ചാല്‍ അങ്ങനെ നിരോധനം നല്‍കിയ മൂന്നു ജഡ്‌ജിമാരേയും വിഡ്‌ഢികള്‍ എന്നു വിളിച്ചുകൊണ്ടുള്ള മത്തങ്ങാ തലക്കെട്ട്.
ആ റിപ്പോര്‍ട്ടിനെക്കുറിച്ച് അന്നു ലണ്ടനിലുണ്ടായിരുന്ന ഇന്ത്യയിലെ പ്രമുഖ അഭിഭാഷകനായ ഫാലി എസ്. നരിമാന്‍ ന്യായാധിപനായ ടെമ്പിള്‍മാന്‍ പ്രഭുവിനോടു ചോദിച്ചു. അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു. 'വിഡ്‌ഢിയെന്നു വിളിച്ച് വ്യക്‌തിപരമായി അധിക്ഷേപിക്കുന്നത് ഇംഗ്ലണ്ടിലെ ജഡ്‌ജിമാര്‍ അത്ര ഗൗരവമായി എടുക്കാറില്ല. ഞാനൊരു വിഡ്‌ഢിയല്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. അതേസമയം അങ്ങനെ പറയാന്‍ അന്യര്‍ക്ക് അവകാശമുണ്ടെന്ന കാര്യം ഞങ്ങള്‍ അംഗീകരിക്കുന്നു'.
ഇപ്പോള്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായ മുന്‍ സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് മാര്‍ക്കണ്ഡേയ കട്‌ജു തനിക്കുണ്ടായ ഒരനുഭവം ഒരു ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസായിരിക്കുമ്പോള്‍ മറ്റു രണ്ടു ജഡ്‌ജിമാര്‍ അദ്ദേഹത്തെ കണ്ട് ഒരു പരാതി പറഞ്ഞു. തങ്ങളുടെ പേരില്‍ ചില ആരോപണങ്ങളുന്നയിച്ചുകൊണ്ട് ഒരു നോട്ടീസ് അച്ചടിച്ച് ചിലര്‍ കോടതിവളപ്പില്‍ വിതരണം ചെയ്‌തിട്ടുണ്ടെന്നും അതിനെതിരേ കര്‍ശന നടപടിയെടുക്കണമെന്നുമായിരുന്നു ജഡ്‌ജിമാരുടെ ആവശ്യം. ഈ ആരോപണങ്ങളുടെ കാര്യത്തില്‍ നിങ്ങളുടെ മനഃസാക്ഷി ശുദ്ധമാണെങ്കില്‍ നോട്ടീസിന്റെ കാര്യം അവഗണിച്ചുകളയാനാണു ചീഫ് ജസ്‌റ്റീസ് അവരെ ഉപദേശിച്ചത്. ഒരു ജനാധിപത്യ വ്യവസ്‌ഥിതിയില്‍ ജഡ്‌ജിയുടെ പ്രവര്‍ത്തനത്തിനിടയില്‍ ഇങ്ങനെയെല്ലാം ചിലപ്പോള്‍ ആളുകള്‍ ആരോപണമുന്നയിച്ചെന്നിരിക്കും. അവയെല്ലാം അവഗണിക്കാനും കൂടി ന്യായാധിപന്മാര്‍ പഠിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു ചീഫ് ജസ്‌റ്റിസിന്റെ ഉപദേശം. അഴിമതിക്കാരന്‍ എന്നും മറ്റും ജഡ്‌ജിമാരെ ആക്ഷേപിക്കുന്നതാണു തെറ്റ്. അങ്ങനെ ആരോപിച്ചാല്‍ വിമര്‍ശകര്‍ അതു തെളിയിക്കേണ്ടിയിരിക്കുന്നു എന്നുമാത്രം.
കോടതിയേയും ജഡ്‌ജിമാരേയും വിമര്‍ശിക്കാനുള്ള പൗരന്മാരുടെ അവകാശത്തിനെതിരേ കുതിര കയറാനുള്ള ജഡ്‌ജിമാരുടെ ഒരു ചവിട്ടുപടി മാത്രമാണ് പരിഷ്‌കൃത രാജ്യങ്ങള്‍ ഉപേക്ഷിച്ച കോടതിയലക്ഷ്യ നിയമമെന്നാണു സുപ്രീംകോടതി ജഡ്‌ജിയായിരുന്ന വി.ആര്‍. കൃഷ്‌ണയ്യര്‍ മുതല്‍ ഇന്ത്യയിലെ നിയമമന്ത്രിയായിരുന്ന രാം ജത്മലാനി വരെയുള്ള നിയമജ്‌ഞരുടെ സുചിന്തിതമായ അഭിപ്രായം.
പത്രപ്രവര്‍ത്തകര്‍ ഇതിനെതിരേ പോരാടണമെന്നാണ് ഒരിക്കല്‍ ജസ്‌റ്റിസ് കൃഷ്‌ണയ്യര്‍ എന്നോടു പറഞ്ഞത്. രാം ജത്മലാനി എന്നോടു പറഞ്ഞത് കോടതിയേയും ജഡ്‌ജിമാരേയും ശക്‌തിയായി വിമര്‍ശിച്ചുകൊള്ളൂ, അതിന്റെ പേരില്‍ കോടതിയലക്ഷ്യക്കുറ്റത്തിനു കേസെടുത്താല്‍ താങ്കള്‍ക്കുവേണ്ടി സൗജന്യമായി കോടതിയില്‍ വന്നു വാദിക്കാമെന്ന് ജത്മലാനി എനിക്ക് ഉറപ്പുതന്നു. അതു കേട്ടപ്പോള്‍ സൗമ്യതയോടെ ജത്മലാനിയോടു ഞാന്‍ പറഞ്ഞു 'ഏതെങ്കിലും പത്രത്തിന്റെ പേരില്‍ ജഡ്‌ജി കോടതിയലക്ഷ്യക്കേസെടുക്കുമ്പോള്‍ കോടതിയെ വിമര്‍ശിച്ചെഴുതിയ പത്രപ്രവര്‍ത്തകന്‍ മാത്രമായിരിക്കില്ല പ്രതി. പത്രത്തിന്റെ മുഖ്യ പത്രാധിപര്‍, പ്രസാധകര്‍ എന്നിവരെക്കൂടി കോടതി പ്രതികളാക്കും. അതു കോടതിയുടെ ഒരു തന്ത്രമാണ്. കോടതിയലക്ഷ്യക്കേസില്‍ ഒന്നോ രണ്ടോ ആഴ്‌ച തടവുശിക്ഷ അനുഭവിക്കുന്നത് എന്നെപ്പോലുള്ള പത്രപ്രവര്‍ത്തകര്‍ വലിയ കാര്യമായെടുക്കില്ല. ഇന്നു പത്രമുടമകള്‍ തന്നെയാണല്ലോ ചീഫ് എഡിറ്ററും പ്രസാധകരും മറ്റും. അവരെയും ജയിലിലേക്കയച്ചു എന്നുവരും. അതുകൊണ്ടു കോടതിയലക്ഷ്യം എന്ന നീതിക്കു നിരക്കാത്ത കുറ്റത്തിനു വഴങ്ങാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്'. ജത്മലാനി അതുകേട്ടു ചിരിച്ചതേയുള്ളൂ.
ഇനി എം.വി. ജയരാജന്റെ പേരില്‍ കോടതി കൈക്കൊണ്ട കോടതിയലക്ഷ്യത്തിന്റെ കാര്യം. ഈ കേസില്‍ തടവുശിക്ഷ വാങ്ങിച്ചതിനു പ്രതി ജയരാജനും അദ്ദേഹത്തിന്റെ സി.പി.എമ്മുകാരനായ അഭിഭാഷകനും തന്നെയാണ് ഉത്തരവാദി എന്നാണ് എന്റെ അഭിപ്രായം. ഈ കേസ് ആരംഭിച്ച ഘട്ടത്തില്‍ ഒരു സെമിനാറില്‍ എറണാകുളം ടൗണ്‍ഹാളില്‍ ഞാനും ജയരാജനും പ്രസംഗിച്ചിരുന്നു. പാതയോരയോഗങ്ങള്‍ നിരോധിച്ച വിധി പ്രസ്‌താവന നടത്തിയ ജഡ്‌ജി വിഡ്‌ഢിയെന്നര്‍ഥമുള്ള ശുംഭനാണെന്നു വിമര്‍ശിച്ചതില്‍ തെറ്റില്ലെന്നും ജഡ്‌ജിയെ വിഡ്‌ഢിയെന്നു വിളിക്കാമെന്നതു സംബന്ധിച്ച് ബ്രിട്ടീഷ് പ്രിവി കൗണ്‍സിലിന്റെ സുവ്യക്‌തമായ വിധിതീര്‍പ്പുണ്ടെന്നും അതാണു കോടതിയില്‍ വാദിക്കേണ്ടതെന്നുമാണു ഞാന്‍ അഭിപ്രായപ്പെട്ടത്.
കാരണം, വഴിയോരത്തുവച്ച് പോലീസ് വെടിവയ്‌പ്പുണ്ടാവുകയും രണ്ടുമൂന്നുപേര്‍ അതില്‍ മരിച്ചുവീഴുകയും ചെയ്‌താല്‍ അതിനെതിരേ പ്രതിഷേധയോഗം നടത്താന്‍ ജനങ്ങള്‍ സംഭവസ്‌ഥലത്തുനിന്ന് ഏതെങ്കിലും മൈതാനമന്വേഷിച്ചു പോകണമെന്നു നിര്‍ദേശിക്കുന്നതിനേക്കാള്‍ ശുംഭത്തരം വേറെ എന്താണുള്ളത്?
ശ്രീകണ്‌ഠേശ്വരത്തിന്റെ മലയാളം നിഘണ്ടു അനുസരിച്ച് 'ശുംഭന്‍' എന്ന പദത്തിനു വിഡ്‌ഢി എന്നുതന്നെയാണ് അര്‍ഥം. ആദ്യകാല മലയാള നോവലുകള്‍ വായിച്ചിട്ടുള്ളവരെല്ലാം കണ്ടിരിക്കും നമ്പൂതിരി ഇല്ലങ്ങളിലെ വല്യ നമ്പൂതിരിയുടെ ശിങ്കിടിയായി നടക്കുമായിരുന്ന വിഡ്‌ഢിയായ ഭൃത്യനെ സദാ 'ഏഭ്യന്‍' എന്നാണു വല്യനമ്പൂതിരി വിളിച്ചിരുന്നത്.
ഇതാണു യാഥാര്‍ഥ്യമെന്നിരിക്കെ ശുംഭന്‍ എന്ന പദത്തിനു ശോഭിക്കുന്നവന്‍, പ്രകാശം പരത്തുന്നവന്‍ തുടങ്ങിയ അര്‍ഥമാണുള്ളതെന്ന് സംസ്‌കൃത വ്യാകരണ ഗ്രന്ഥത്തില്‍ പറയുന്നതായി കോടതിയില്‍ ജയരാജനും വക്കീലും വാദിച്ചു. മലയാളത്തിലില്ലാത്ത അര്‍ഥം സംസ്‌കൃതത്തിലുണ്ടോ എന്നെനിക്കറിയില്ല. പാതയോരയോഗം നിരോധിച്ച ജഡ്‌ജി അറിവിന്റെ പ്രകാശം പരത്തുന്നവനാണെന്നതുകൊണ്ട് ആ ന്യായാധിപന്റെ വിധിയെ പ്രശംസിക്കുകയല്ലേ ജയരാജനും വക്കീലും ചെയ്‌തത്. ശുംഭന്‍ എന്ന വാക്കിനു തെറ്റായ അര്‍ഥം നല്‍കി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനായിരുന്നോ പ്രതിക്കു ശിക്ഷ നല്‍കിയതെന്ന് ആര്‍ക്കറിയാം.
ജയരാജന്‍ കേസിന്റെ വിധി മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ബുദ്ധിശക്‌തിയില്‍ എനിക്കു മതിപ്പാണുണ്ടാക്കിയത്. ലക്ഷക്കണക്കിനു രൂപ ഫീസ് കൊടുത്താണെങ്കിലും കമ്യൂണിസ്‌റ്റുകാരല്ലാത്ത പ്രമുഖ സുപ്രീംകോടതി അഭിഭാഷകരെക്കൊണ്ടാണ് അച്യുതാനന്ദന്‍ തന്റെ കേസുകള്‍ വാദിപ്പിച്ചതും പലതിലും പ്രതികള്‍ക്കു ശിക്ഷ വാങ്ങിക്കൊടുത്തതും. തന്റെ പാര്‍ട്ടിയിലെ വക്കീലന്മാരെക്കൊണ്ടാണു കേസ് വാദിപ്പിച്ചിരുന്നതെങ്കില്‍ ഒടുവില്‍ വാദിയായ തനിക്കായിരിക്കും ശിക്ഷ കിട്ടുകയെന്ന് അച്യുതാനന്ദന് അറിയാമായിരുന്നിരിക്കണം.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment