Sunday, 9 October 2011

[www.keralites.net] സംസാരിക്കാന്‍ കഴിയാതിരുന്നിട്ടും മൗനത്തിന്റെ ലോകത്തുനിന്നും 'അഭിനയ'

 


ഈ മൗനത്തിന് വാക്കുകളേക്കാള്‍ സൗന്ദര്യമുണ്ട്. ചുരുങ്ങിയ നാളുകള്‍കൊണ്ടാണ് അഭിനയ അതു തെളിയിച്ചത്. തമിഴും തെലുങ്കും കന്നടയും കടന്ന് ഈ താരം മലയാളത്തില്‍ എത്തുന്നു. മൗനത്തിന്റെ ലോകത്തുനിന്നും 'അഭിനയ' താരപദവിയിലേയ്‌ക്കെത്തിയത് സിനിമാലോകത്തെ അമ്പരപ്പിക്കുന്നു.

'
ദി റിപ്പോര്‍ട്ടര്‍' എന്ന തന്റെ ആദ്യമലയാള ചിത്രത്തിനുവേണ്ടി അഭിനയ ആദ്യമെത്തിയത് ശ്രീഗുരുവായൂരപ്പന്റെ സന്നിധിയിലായിരുന്നു. വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന റിപ്പോര്‍ട്ടറില്‍ ബധിരവിദ്യാലയത്തിലെ അധ്യാപിക സാറയായാണ് അഭിനയ വേഷമിടുന്നത്. ജീവിതവും കഥാപാത്രവും തമ്മില്‍ വളരെ അടുത്തിണങ്ങുന്ന വേഷത്തെക്കുറിച്ച് മൗനം ഭേദിച്ചും സാറ 'വാചാല'യായി. മുമ്പിലേക്ക് വെച്ചുനീട്ടിയ കടലാസില്‍ തനിക്കു ലഭിച്ച വേഷത്തെക്കുറിച്ച് അഭിനയ നിറയെ എഴുതിനിറച്ചു - 'ദൈവത്തോട് നന്ദി, മലയാളത്തിലേക്ക് ആദ്യമായി കിട്ടിയ ക്ഷണത്തിന് കടപ്പാടും'. പിന്നെ സിനിമയ്ക്കുവേണ്ടി പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തയ്യാറാക്കിയ സെറ്റില്‍ സാറ ടീച്ചര്‍ ആയി ക്യാമറയ്ക്കും കുട്ടികള്‍ക്കും മുന്നിലെത്തി.
അവാര്‍ഡുകളും വരവായി

തമിഴില്‍ സമുദ്രക്കനി കണ്ടെടുത്ത താരം പ്രതിഭ തെളിയിച്ചുകഴിഞ്ഞു. രണ്ടു ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി ഏഴ് പുരസ്‌കാരങ്ങള്‍ എന്നിവ ലഭിച്ചു. ഇപ്പോള്‍ തമിഴ്‌നാടിന്റെ സംസ്ഥാന അവാര്‍ഡിലേക്കും അഭിനയയുടെ പേര് പരിഗണിച്ചുകഴിഞ്ഞു. തമിഴിലെ പുതിയ ചിത്രമായ 'ഏഴാം അറിവി'ല്‍ സൂര്യയുടെ രണ്ടു നായികമാരില്‍ ശ്രുതി ഹാസനൊപ്പം അഭിനയയ്ക്കും പ്രധാനവേഷമാണ്.ഹൈദരാബാദ് സെന്റ് ആന്‍സ് കോണ്‍വെന്റ് സ്‌കൂളില്‍നിന്നും പ്ലസ്ടു കഴിഞ്ഞു. സിനിമയില്‍ തിരക്കായതോടെ പഠനം തല്‍ക്കാലം മാറ്റിവെച്ചു. അച്ഛന്‍ റിട്ട. എയര്‍ഫോഴസ് ഉദ്യോഗസ്ഥന്‍ ഗ്യാനാനന്ദ് തെലുങ്കിലെ പ്രശസ്ത നടനാണ്. ഇളയ സഹോദരന്‍ ധര്‍മാനന്ദും അഭിനയരംഗത്തുണ്ട്.

അച്ഛന്‍ ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് പതിവായി മകളെ കൊണ്ടുപോകാറുണ്ട്. കുട്ടിയായിരിക്കുമ്പോഴെ നടീനടന്മാരെ കണ്ടുപഠിച്ച് അവരുടെ ചേഷ്ടകള്‍ മകളും കാണിക്കുമായിരുന്നു. സംസാരിക്കാന്‍ കഴിയാതിരുന്നിട്ടും കുട്ടിയുടെ പ്രകടനം അന്നേ സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ സംസാരവിഷയമായി. പിന്നീട് ചെറിയ പരസ്യങ്ങളില്‍ മോഡലായി അഭിനയ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അച്ഛനും മകളും കൂടി ഒരു എയര്‍ട്രാവല്‍ കമ്പനിയുടെ പരസ്യത്തില്‍ ഒരുമിച്ച് അഭിനയിച്ചു. പരസ്യ സംവിധായകനും മലയാളിയുമായ സ്ലീബയാണ് അഭിനയയുടെ ചില ഫോട്ടോ കൊച്ചിയിലെത്തിച്ചത്. ആയിടയ്ക്കാണ് സമുദ്രക്കനി 'നാടോടികള്‍' ക്കുവേണ്ടി പുതുമുഖ നായികയെ തേടി കൊച്ചിയില്‍ എത്തുന്നത്. ഫോട്ടോയിലെ ആദ്യകാഴ്ചയില്‍ തന്നെ നായികയെ ഉറപ്പിച്ചു. അങ്ങനെ നാടോടികളിലൂടെ അഭിനയ താരമായി.സിനിമയിലെത്തിയപ്പോഴും പേരു മാറ്റിയില്ല. തമിഴിലെ ഈ ഹിറ്റ് ചിത്രം തെലുങ്കിലേക്കും കന്നടയിലേക്കും
റീമേക്കു ചെയ്തപ്പോഴും നായിക അഭിനയ തന്നെയായിരുന്നു. രവി തേജയും പുനീത് രാജകുമാറുമായിരുന്നു നായകന്മാര്‍.

ശശികുമാറിന്റെ 'ഈശന്‍' എന്ന ചിത്രത്തിലും നായികയായി. സംസാരവും കേള്‍വിയുമുള്ളവരേക്കാള്‍ വളരെ എളുപ്പത്തിലാണ് അഭിനയ ഡയലോഗുകള്‍ മനസ്സിലാക്കുന്നതെന്ന വസ്തുത സംവിധായകരെയും ആശ്ചര്യപ്പെടുത്തുകയാണ്. നല്ലൊരു നര്‍ത്തകികൂടിയാണ് അഭിനയ. ബീറ്റുകള്‍ എണ്ണി തിട്ടപ്പെടുത്തിയാണ് ഓരോ ചുവടുവെയ്ക്കുന്നത്. മലയാള ചിത്രത്തിലഭിനയിക്കാനുള്ള മോഹവും മനസ്സില്‍ സൂക്ഷിച്ച അഭിനയയ്ക്ക് റിപ്പോര്‍ട്ടറില്‍ അവസരം കിട്ടി. ഈ ചിത്രത്തില്‍ അച്ഛന്‍ ആനന്ദ്‌വര്‍മയ്ക്കും ഒരു വേഷമുണ്ട്. ഏതെങ്കിലുമൊരു സിനിമയില്‍ ഇനി അച്ഛനും സഹോദരനുമൊപ്പം അഭിനയിക്കണമെന്നും അഭിനയയ്ക്ക് മോഹമുണ്ട്. അമ്മ ഹേമലതയ്‌ക്കൊപ്പമാണ് അഭിനയയുടെ സിനിമാസഞ്ചാരം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment