Sunday, 9 October 2011

[www.keralites.net] കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരും മക്കളെ!

 

കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരും മക്കളെ!

Fun & Info @ Keralites.net

എസ്സേയ്‌സ് / സരിത കെ വേണു

Fun & Info @ Keralites.netകറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരും മക്കളെ! എന്നു പറഞ്ഞ് വിശ്വസിപ്പിച്ച അദ്ദേഹം ഇപ്പോള്‍ ബാംഗ്ലൂരിലെ ജയിലിലാണ്. അദ്ദേഹമോ അദ്ദേഹം ചെയ്തകുറ്റമോ അല്ല ഇവിടെ വിഷയം. എന്റേയും, ഒരു പക്ഷെ ഇതുവായിക്കുന്ന നിങ്ങളുടേയും നിറമാണ്. അതെ, അത് കറുപ്പാണ്.

നല്ല മെഴുകുപോലെ കറുത്ത് സുന്ദരിയായ ഒരമ്മായിയുണ്ട് എനിക്ക്. അവരെ കാണുമ്പോഴൊക്കെ എനിക്കു തോന്നാറുണ്ടായിരുന്നു കറുപ്പിന് നൂറഴകാണെന്ന്. പക്ഷെ അന്ന് ഞാന്‍ ചെറിയ കുട്ടിയായിരുന്നു. ജീവിതത്തില്‍ കറുപ്പ് നിറം ഒരു കറുപ്പായി പടര്‍ന്നു പിടിക്കുന്നതിന് എത്രയോ മുമ്പായിരുന്നു അത്. ഇപ്പോള്‍ ഞാനും ശരിവയ്ക്കും കറുപ്പിന് ഏഴഴകാണെന്ന്, ബാക്കി തൊണ്ണൂറ്റിമൂന്നും വെളുപ്പിന് തന്നെ. ഇതൊക്കെ പറഞ്ഞാലോ, കോംപ്ലസ്, അപകാര്‍ഷതാബോധം, സ്വതബോധമില്ലായ്മ എന്നൊക്കെപ്പറഞ്ഞ് വെളുത്തവരും കറുത്തവരുമായ എല്ലാ സുഹത്തുക്കളും അഭ്യുദയകാംഷികളും എന്നെ കുറ്റപ്പെടുത്തും.

ജീവിതത്തില്‍ ഒരിക്കലും എന്റെ നിറത്തെ ഞാന്‍ തള്ളിപ്പറഞ്ഞിട്ടില്ല, എന്നാല്‍ തൊലിയുടെ നിറം എന്നെ സദാ ഒറ്റിക്കൊടുത്ത നിരവധി സംഭവങ്ങള്‍ എണ്ണമിട്ട് പറയാന്‍ കഴിയും. അപ്പോഴും എല്ലാവരും എന്നെ കുറ്റപ്പെടുത്തും. ഒരല്‍പ്പംപോലും ആത്മബോധമില്ലാത്ത പെണ്ണ് എന്നു പറഞ്ഞ് നിങ്ങള്‍ എന്നെ പരിഹസിച്ചേക്കാം. ഒരാളുടെ കുറവുകള്‍ അല്ലെങ്കില്‍ കൂടുതലുകള്‍ തുടങ്ങി അയാള്‍ അനുഭവിക്കുന്ന എല്ലാവിധ അവസ്ഥകളും അയാള്‍ തന്നെ അനുഭവിച്ചുതീര്‍ക്കണം. ഉദാഹരണത്തിന് ദലിതയായി ജനിച്ച ഞാന്‍ അനുഭവിക്കുന്ന ജാതീയവും, സാമൂഹികവുമായ വിവേചനങ്ങള്‍, മാറ്റിനിര്‍ത്തലുകള്‍ തുടങ്ങിയവ എനിക്കുമാത്രമേ മനസിലാവൂ. അതിന്റെ വേവും നീറ്റലുമൊന്നും നായരോ, നമ്പൂതിരിയോ, നസ്രാണിയോ ആയ ദലിത് പ്രവര്‍ത്തകര്‍ക്കറിയാന്‍ സാധ്യതയില്ല.

ഉദാഹരണത്തിന് കോഴിക്കോട് യൂനിവേഴ്‌സിറ്റിയിലെ എം.സി.ജെ ക്ലാസ്മുറിയില്‍ എന്റെ അടുത്ത കൂട്ടുകാരിയോടൊപ്പം ഞാനിരിക്കുന്നു. അവള്‍ എന്നോട് പറയുന്നു, എടാ, എന്റെ നാട്ടിലെ തെയ്യത്തിന് നിന്നെ കൊണ്ടു പോകണമെന്നുണ്ട്, പക്ഷെ നിനക്കറിയാലോ എന്റെ വീട്ടുകാരെ അവരൊക്കെ കണ്‍സര്‍വേറ്റീവുകളാ, നിനക്ക് വിഷമമാവും" അവളുടെ മുന്നില്‍ ചിരിച്ചു കൊണ്ടിരുന്നെങ്കിലും ഞാന്‍ അനുഭവിച്ച വിവേചനം, ആ മാറ്റിനിറുത്തല്‍ അതില്‍ നിന്നുണ്ടായ മനോവിഷമം അത് എനിക്കുമാത്രമേ മനസിലാവൂ. അത് നായരും നമ്പൂതിരിയും നസ്രാണിയുമായ എന്റെ സുഹൃത്തുക്കള്‍ക്ക് മനസിലാവണമെന്നില്ല.Fun & Info @ Keralites.net

അപ്പോള്‍ പറഞ്ഞുവരുന്നത് കറുത്തവളോ കാണാന്‍ അല്‍പ്പം അഭംഗിയുള്ളവരോ ആയവരുടെ മാനസികാവസ്ഥ അത് അവര്‍ക്ക് മാത്രം മനസിലാവുന്ന ഒന്നാണ് എന്നാണ്. വെളുത്തുതുടുത്ത സുന്ദരികുട്ടികള്‍ക്ക് അതൊന്നും അറിയണമെന്നില്ല. ഉദാഹരണത്തിന്, മീഞ്ചന്തയിലെ പ്രശസ്തമായ ഒരു കോളജില്‍ അറ്റസ്റ്റ് ചെയ്യാന്‍ പോവുകയാണ് ഞാന്‍. ഇന്ത്യയിലെ പ്രശസ്തമായ യൂനിവേഴ്‌സിറ്റിയില്‍ എം.ഫില്‍ പഠനത്തിനുള്ള അപേക്ഷാഫോമാണ് പ്രിന്‍സിപ്പല്‍ ഒപ്പിട്ടു നല്‍ക്കേണ്ടത്. അദ്ദേഹം എന്നോട് എന്റെ അക്കാദമിക്ക് വിവരങ്ങള്‍ ആരാഞ്ഞതിനുശേഷം ചോദിക്കുന്നു, പത്രത്തില്‍ എന്താണ് പണി, പ്രസ്സിലാണോ. അതെ ന്യൂസ് റീല്‍ ഉരുട്ടുകയാണ് പണി എന്നു പറഞ്ഞാലും ടിയാന്‍ വിശ്വസിക്കുമായിരുന്നു.

വെയില്‍ കൊണ്ടു വാടിയ എന്റെ മുഖം ഫേസ്‌ക്രീം പരസ്യത്തിലെ കറുത്തപെണ്‍കുട്ടിയുടെ പോലെയായിരുന്നു എന്നത് സത്യം. ഒരാള്‍ കറുത്തവളോ, കറുത്തവനോ ആണെങ്കില്‍ അവള്‍ ഫാന്‍സി കടയിലെ എടുത്തുകൊടുപ്പുകാരിയും അവന്‍ മീന്‍കാരനും ആവണമെന്ന മനശാസ്ത്രം ഇവിടെ വായിക്കാം. എനിക്ക് ഒരു ജേണലിസ്റ്റ് ആവാനൊന്നും കാഴ്ചയില്‍ യോഗതയില്ലെന്നാണ് അന്നത്തെ എന്റെ എഡിറ്ററുടെ സഹപ്രവര്‍ത്തകന്‍ കൂടിയായ ആ പ്രന്‍സിപ്പല്‍ കരുതിയത്. മുഖവും നിറവും ജാതിയും മതവുമൊന്നും നോക്കാതെ വിദ്യ അഭ്യസിപ്പിക്കുന്ന അധ്യാപകന്റെ മുഖം നോക്കിയുള്ള ജോലി പറച്ചില്‍ കേട്ടപ്പോള്‍ ശരിക്കും സഹതാപം തോന്നി. ഇതിനേക്കാള്‍ എത്രയോ ഭേദമായിരുന്നു മീഞ്ചന്തയിലെ സെയ്ഫുക്കയുടെ കടയില്‍ ചായകുടിക്കാന്‍ വന്ന വിദ്യതീണ്ടിയിട്ടില്ലാത്ത നാട്ടുപ്രമാണിയുടെ കണ്ടെത്തല്‍!

"നീയാ ടെലിഫോണ്‍ ബൂത്തിലെ പെണ്ണല്ലോ?" "അല്ല സര്‍, നിങ്ങള്‍ക്കാളുമാറിയതാ." "ഹേയ് അതെങ്ങെ മാറാനാ, നീയവള്‍ തന്നെ!" "നീയാകെ മെലിഞ്ഞു പോയല്ലാടീ…"

നാട്ടുപ്രമാണി തന്റെ പ്രസ്താവനയില്‍ ഉറച്ചുനിന്നു.അപ്പോഴും സ്തബ്ദ്ധയായ ഞാന്‍ പറഞ്ഞു സോറി സര്‍, ഞാന്‍ ആ കുട്ടിയല്ല. അവസാനം സെയ്ഫുക്ക ഇടപെട്ടാണ് രംഗം തണുപ്പിച്ചത്. കറുത്ത് മെലിഞ്ഞിരുന്നാല്‍ നാം വേറൊരാളായിവരെ തെറ്റിധരിക്കപ്പെടാന്‍ സാധ്യതയുണ്ട്. ടെലിഫോണ്‍ ബൂത്തിലെയോ, ഫാന്‍സിഷോപ്പിലെയോ ജോലി ഒട്ടും മോശമല്ല, അവിടത്തെ ജോലി എന്നെ അലട്ടുമില്ല. ഞാനും അവരും ചെയ്യുന്നത് ജീവിക്കാന്‍ വേണ്ടി ഒരു ജോലിയാണ്. മാത്രവുമല്ല പത്രപ്രവര്‍ത്തകയാവുക എന്നത് ലോകത്തെ എറ്റവും മികച്ച കാര്യവുമല്ല. നാട്ടുപ്രമാണിക്ക് ആളുതെറ്റിയതാവാം. പക്ഷെ പ്രന്‍സിപ്പലോ, അയാളുടെ മുന്നിലല്ലേ ഞാന്‍ എന്റെ സര്‍ട്ടിഫിക്കറ്റ് മുഴുവനും അറ്റസ്റ്റ് ചെയ്യാന്‍ കൊടുത്തത്.

ഒരിക്കല്‍ ഒരു വാര്‍ത്തയ്ക്കു വേണ്ടി മേയറെ കാണാന്‍ അപ്പോയ്‌മെന്റെടുത്ത് കാത്തിരിക്കുകയായിരുന്നു ഞാന്‍. അനുവദിച്ച സമയമായപ്പോള്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ മുറിയില്‍ നിന്നും വിളിവന്നു. എന്നെ കണ്ടതും സെക്രട്ടറി, നീയാണോ? ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കരുതി… സെക്രട്ടറി വാക്കുകള്‍ മുഴുവനാക്കിയില്ല. എന്റെ ഭാഗ്യം. അല്ലെങ്കില്‍ ഞാന്‍ അയാളെ എന്തെങ്കിലും തെറിവിളിക്കുമായിരുന്നു. പിന്നെ സ്‌റ്റോറി എപ്പോള്‍ കൈവിട്ടു എന്നു ചോദിച്ചാല്‍ മതിയല്ലോ.

വെളുത്തവര്‍ മൂഢകളും ലോകത്തില്‍ വെറുക്കപ്പെടേണ്ട- വരുമാണെന്നല്ല പറഞ്ഞുവരുന്നത്. കറുപ്പും ഒരു നിറമാണെന്നാണ്

ഇതുപോലെ നിരവധി തവണ അപമാനിതയായിട്ടുണ്ട്. പ്രണയത്തില്‍, വിവാഹകമ്പോളത്തില്‍, ചെറുക്കന്‍മാരുടെ കമന്റടികള്‍ക്കിടയില്‍ തുടങ്ങി എല്ലായിടത്തും ഞാനും എന്റെ കറുത്ത സുഹൃത്തുക്കളും പരിചയക്കാരും അപമാനിതരായിട്ടുണ്ട്. ഒരിക്കല്‍ കാമുകന്‍ റെക്കോര്‍ഡ് ചെയ്തുകൊണ്ടുവന്ന ഓഡിയോ ക്ലിപ്പിലും കേട്ടൂ, പെണ്‍കുട്ടി സുന്ദരിയാണോ? എങ്കില്‍ നോക്കാം. കാമുകന്റ വീട്ടുകാരുടെ അഭിപ്രായമായിരുന്നു അത്. പിന്നീടറിഞ്ഞു വെളുത്ത ഭാര്യയുടെ ഭര്‍ത്താവായി എന്റെ പഴയ കാമുകന്‍ എന്ന്. ആര് അതൊക്കെ ശ്രദ്ധിക്കുന്നു.

തീര്‍ച്ചയായും കഴിവാണ് ഏതിന്റേയും മാനദണ്ഡം. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ തെറ്റില്ലാതെയും ഭംഗിയായും പറയാനും പ്രതിഫിലിപ്പിക്കാനും എനിക്കറിയാം.ആകാശവാണിയുടെ സര്‍ട്ടിഫിക്കറ്റോടുകൂടിയ ബ്രോഡ്കാസ്റ്റിങ് ക്വാളിറ്റി ശബ്ദവുമാണ്, എന്നാലും ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന ഇവന്റ്മാനേജ്‌മെന്റ് കമ്പനിക്ക് എന്റെ കാഴ്ചയില്‍ വിശ്വാസമില്ല. കുറച്ച് നിറം കൂടെയുണ്ടായിരുന്നെങ്കില്‍ പരിപാടികള്‍ക്ക് ആങ്കറായി വിടാമായിരുന്നു. തിരഞ്ഞെടുക്കേണ്ടത് അവരാണ്. ഒരുപക്ഷെ വാശിപിടിച്ച് പരിപാടികള്‍ക്ക് പോയാലും അവിടെയും കുറ്റംകേള്‍ക്കേണ്ടിവരും. എന്റെ സാന്നിധ്യം, എന്റെ കാഴ്ച തുടങ്ങിയവ തീര്‍ച്ചയായും ആരെങ്കിലും ഒരാളെയെങ്കിലും അലോസരപ്പെടുത്തും തീര്‍ച്ച. പൊതുസമൂഹത്തിന് ഒരു വിചാരമുണ്ട് പെണ്‍കുട്ടി വെളുത്തുതുടുത്തിരിക്കണമെന്നും അവളുടെ വെളുക്കെയുള്ള ചിരിയില്‍ മറ്റെല്ലാകുറവുകളും ഇല്ലാതാവുമെന്നൊക്കെ.(ഉദാഹരണം വിവാഹപ്പരസ്യങ്ങള്‍) അതുകരുതി വെളുത്തവര്‍ മൂഢകളും ലോകത്തില്‍ വെറുക്കപ്പെടേണ്ടവരുമാണെന്നല്ല പറഞ്ഞുവരുന്നത്. കറുപ്പും ഒരു നിറമാണെന്നാണ്.

ഒരിക്കല്‍ ഒരു പരിപാടിക്ക് വേണ്ടി അവതാരകരുടെ റേറ്റ് ഫോട്ടോയൊടൊപ്പം ക്വോട്ട് ചെയ്തപ്പോള്‍ ക്ലൈന്റ് വിളിച്ച് ചീത്തപറഞ്ഞത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. നിങ്ങളുടെ ഗേള്‍സ് എല്ലാം കാണാന്‍ ബിലോ ആവറേജാണ് എന്നാണ് അയാള്‍ പറഞ്ഞത്. വെറും കാഴ്ചയുടെ അടിസ്ഥാനത്തിലായിരുന്നു അയാളുടെ അഭിപ്രായ പ്രകടനം. ആ പെണ്‍കുട്ടികള്‍ ഐശ്വര്യറായിയെ പോലെ അല്ലായിരുന്നു എന്നത് സത്യം. എന്നാല്‍ ഈ പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഴിവുകളെക്കുറിച്ച് അയാള്‍ക്ക് എന്തറിയാം. അയാള്‍ക്ക് ഒരു കറുത്തകുട്ടിയുണ്ടാവട്ടേ എന്നാശംസിക്കാം എന്നല്ലാതെ കൂടുതല്‍ എന്തു ചെയ്യാനാവും.

അതിന്റെ വേവും നീറ്റലുമൊന്നും നായരോ, നമ്പൂതിരിയോ, നസ്രാണിയോ ആയ ദലിത് പ്രവര്‍ത്തകര്‍ക്കറിയാന്‍ സാധ്യതയില്ല

ഒരു വിദേശ എയര്‍ലൈനില്‍ ജോലിചെയ്യുന്ന ഒരു സുഹൃത്തുണ്ട് എനിക്ക്. അവള്‍ പറയുന്ന കഥകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞതൊക്കെയും കറുപ്പിനോടുള്ള സമൂഹത്തിന്റെ അവജ്ഞയും വെറുപ്പും മാത്രം. ചുണ്ടുകള്‍പോലും കറുത്തുപോയ ഒരു പെണ്‍കുട്ടി എയര്‍ടിക്കറ്റിങ് പഠിക്കാന്‍ അവളുടെ ക്ലാസില്‍ വന്ന കഥകേട്ടപ്പോള്‍ ശരിക്കും സങ്കടം തോന്നി. അവളോട് ട്യൂട്ടര്‍മാര്‍ പറഞ്ഞത്രെ, കുട്ടിക്ക് ഇത് പറ്റില്ലെന്ന്, ഒരുപക്ഷെ അവളുടെ അച്ഛനും സഹോദരനും ആ വര്‍ഷം മരിച്ചില്ലായിരുന്നെങ്കില്‍ ആ പെണ്‍കുട്ടിയുടെ ഇന്നത്തെ അവസ്ഥ ആലോചിക്കാന്‍ പോലുമാവില്ല. ജോലിയന്വേഷിച്ച് പോകുന്ന അവളെ സമൂഹം കറമ്പിയെന്നു വിളിച്ച് ആക്ഷേപിച്ചേനെ.

കാണാന്‍ ഭംഗിയില്ലെങ്കില്‍ ഈ സമൂഹം നമ്മെ എവിടെ എത്തിക്കും എന്നറിയാന്‍ എവിടെയും പോവേണ്ടതില്ല. നമ്മുടെ സ്വീകരണമുറിയിലേക്ക് നോക്കിയാല്‍ മതി. കുട്ടിക്കാലത്ത് കണ്ട് ശീലിച്ച ഒരു പരസ്യമുണ്ട് സണ്‍ലൈറ്റ് സോപ്പുപൊടിയുടെ, 'നിറമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഭംഗിയുണ്ടോ?' എന്നാണ് അതിലെ യുവതിയോട് പരസ്യത്തിലെ വോയ്‌സ് ഓവര്‍ ചോദിക്കുന്നത്. പ്രത്യക്ഷത്തില്‍ യാതൊരു അത്യാഹിതങ്ങളും ഉണ്ടാക്കാത്ത പരസ്യം. എന്നാല്‍ പതുക്കെ പതുക്കെ എല്ലാവരുടേയും ബോധത്തിലേക്ക് ആ വാചകം പതിഞ്ഞമരുന്നത് ആരും അറിഞ്ഞിട്ടുണ്ടാവില്ല. ഏതായാലും കറുത്ത പൗഡറിന്റെ കാലം വരുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണ്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment