നോക്കൂ... പുതുതലമുറയുടെ സൗന്ദര്യ സങ്കല്പം. ഓരോരുത്തര്‍ക്കും ഓരോ അളവുകോല്‍! ഈ പിള്ളേരെ സമ്മതിക്കണം എന്റിഷ്ടാ...
രംഗം ഒന്ന്:
ഇന്നലെ പെയ്ത മഴയുടെ ഈറന്‍ നനഞ്ഞു നില്‍ക്കുന്ന തലശേരി ബ്രണ്ണന്‍ കോളേജ്. ഒരു കാലത്ത് സമരമുഖങ്ങളും സംവാദങ്ങളും നിറഞ്ഞിരുന്ന കാമ്പസിപ്പോള്‍ വളരെ ശാന്തമാണ്. പണ്ട് പ്രണയികളെക്കൊണ്ട് നിറഞ്ഞിരുന്ന പഞ്ചാരമുക്കില്‍ ഇപ്പോള്‍ ആരെയെങ്കിലും കാണണമെങ്കില്‍ മഷിയിട്ടു നോക്കണം.
ഇടവേള സമയത്ത് ക്ലാസിനു പുറത്തിറങ്ങി കാമ്പസില്‍ മേഞ്ഞു നടക്കുന്ന തലശേരി സുന്ദരിമാര്‍. പുതിയ വസ്്ത്രങ്ങളും ഫാഷനും കാണണമെങ്കില്‍ പോകണം തലശേരിയില്‍, എന്നു കവിത ചൊല്ലിപ്പോകാവുന്ന അന്തരീക്ഷം.
നീല ചുരിദാറില്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങി വന്ന ഒരുവളെ കണ്ട് ഇംഗ്ലീഷ് അധ്യാപിക അനു ടീച്ചര്‍ക്ക് സംശയം-ആരാണിത്? ''അയ്യോ, ഇതു ഫങ്ഷണല്‍ ഇംഗ്ലീഷിലെ തസ്‌നിമല്ലേ'', എന്നു കോറസ്. അതു കേട്ട് വീണ്ടും അനു ടീച്ചര്‍ക്ക് വിസ്മയം. ഇന്നേവരെ പര്‍ദ ധരിച്ചല്ലാതെ ഈ കുട്ടിയെ കണ്ടിട്ടില്ലെന്നു ടീച്ചര്‍.
'ഇതൊരു വലിയ മാറ്റം തന്നെയാണ്. ഒരു കാലത്ത് കാമ്പസില്‍ ശാലീന സുന്ദരികളേയും മോഡേണ്‍ സുന്ദരികളേയുമെല്ലാം തിരിച്ചറിയാനെളുപ്പമായിരുന്നു. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ അത്തരം ലേബലുകള്‍ ഇഷ്ടപ്പെടുന്നില്ലെന്നു തോന്നുന്നു,' അധ്യാപിക അനു എസ് പറയുന്നു.
കാമ്പസും ഇതു ശരി വെക്കുന്നു. പര്‍ദ ഇട്ടു വരുന്ന പലരും അടിയില്‍ പോസ്റ്റ്-മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചാവും വരിക. ഇക്കൂട്ടരുടെ 'തനി നിറം' പുറത്താവണമെങ്കില്‍ കോളേജില്‍ എന്തെങ്കിലും പ്രധാന ഫങ്ഷനുകള്‍ നടക്കണം.
വളരെ പതുക്കെ, തണുത്ത ഒരു പകലില്‍, മഴയ്ക്ക് കുട പിടിച്ചു കൊണ്ട് കേരളീയ കാമ്പസുകള്‍ സംസാരിച്ചു തുടങ്ങുകയാണ്. വിഷയം ഇത്തരം കാര്യങ്ങള്‍ തന്നെ.
രംഗം രണ്ട്
മഴ അവധിയെടുത്ത മറ്റൊരു പകല്‍. തിരുവന്തപുരം മാര്‍ ഇവാനിയോസ് കോളേജ് കാമ്പസ്. ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിനു ചുറ്റിലും ഇടവഴികളിലുമെല്ലാം കറങ്ങി നടക്കുകയാണ് ചില കുട്ടികള്‍. പുതിയ അഡ്മിഷനു വേണ്ടി എത്തിയവരാകട്ടെ ഈ യുഗത്തിലും സാരിയുടുത്ത് നടക്കുന്നവരോ എന്ന് കാമ്പസിലെ ചില പെണ്‍കുട്ടികളെ നോക്കി അല്‍ഭുതം കൂറൂന്നു. ശാലീന സുന്ദരികളായ രണ്ടു പേരെ പിന്നിട്ട് മേഡേണ്‍ വസ്്ത്രധാരണം ചെയത ചിലര്‍ നടന്നു പോകുന്നു.
ഈ സാരിയൊന്നും കണ്ട് അന്തം വിടണ്ടെന്നേ എന്നു മുന്‍കൂര്‍ ജാമ്യമെടുക്കുന്നു ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിയായ ഐശ്വര്യ നമ്പ്യാര്‍. ആഴ്ചയില്‍ ഒരു ദിവസം സാരി ധരിക്കാനാണ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിന്റെ തീരുമാനം. അപ്പോള്‍ ഇതാ ഇക്കോലം. നാളെ തന്നെ ഇവിടെ വന്നാല്‍ ജീന്‍സില്‍ തന്നെ കണ്ട് വണ്ടറടിക്കേണ്ടെന്നും ഐശ്വര്യ. പിള്ളാരല്ലേ, കല്ല്യാണത്തിനും ഇന്റര്‍വ്യൂവിനും ഒക്കെ മുമ്പ് ഇങ്ങനെ സാരിയുടുത്തും ഒന്നു പഠിക്കട്ടെ.
രംഗം മൂന്ന്
കോഴിക്കോട് പ്രൊവിഡന്‍സ് കോളേജ്. കാമ്പസില്‍ അങ്ങിങ്ങായി തുരുത്തുകള്‍ പോലെ കൂടി നില്‍ക്കുന്ന പെണ്‍കുട്ടികള്‍. ചുരിദാര്‍ ധരിച്ചവരാണ് കൂടുതല്‍. മുടി സ്‌ട്രൈയിറ്റന്‍ ചെയ്തും പുതിയ രീതിയില്‍ വെട്ടിയും ഫാഷനെ തലയിലേക്കാവാഹിച്ച മറ്റൊരു കൂട്ടരുമുണ്ട്. നെയില്‍ പോളിഷും പുതിയ തരം ആക്‌സസറീസും ധരിച്ചു വന്നപ്പോള്‍ ''ഹയ്യോ, സൗന്ദര്യം കൂടിപ്പോയോ, പണിയായോ'', എന്നു ചിലര്‍ക്കു സംശയം. ഇടയ്ക്ക് നുറുങ്ങി വീഴുന്ന പൊട്ടിച്ചിരികള്‍.
എന്തായാലും വെറുതെ തര്‍ക്കിക്കാനില്ല ഇവരൊന്നും. അല്ലെങ്കിലും ഇത്തരം കാര്യങ്ങളൊക്കെ സംസാരിക്കാന്‍ എവിടെ സമയം. സെമസ്റ്റര്‍ സിസ്റ്റം വന്നതോടെ കാമ്പസിന്റെ പച്ചപ്പെല്ലാം ഉണങ്ങിപ്പോയി എന്നു മിക്കവരും. കാറ്റാടി മരങ്ങള്‍ക്കു താഴെയിരിക്കാന്‍ ആളില്ല. പടികളില്‍ ഇരുന്നു സൊറ പറയാന്‍ നേരമില്ല. ക്യാന്റീനിലെ കൊച്ചു കൊച്ചു തമാശകള്‍ക്ക് നീളമില്ല. മരത്തണലുകള്‍ മാറിപ്പോയി, ഇടനാഴികളും ഏകാന്തത അറിഞ്ഞു തുടങ്ങി എന്നു കേരളീയ കാമ്പസുകള്‍ സങ്കടം പറയുന്നു.
'കഷ്ടം തന്നെയാണിത്. ഒന്നിനും സമയമില്ല. ഈ കാമ്പസിലെ പ്രശസ്തമായ ശാന്തി വനം പോലും ഞാനിതു വരെ കണ്ടിട്ടില്ല. ഫോട്ടോ എടുക്കാനായി പടികളില്‍ പോയിരിക്കും എന്നല്ലാതെ അര്‍ത്ഥപൂര്‍ണമായ സംവാദങ്ങള്‍ക്കായി ആരും അവിടെ കുത്തിയിരിക്കുന്നത് കാണാറില്ല,' ബ്രണ്ണന്‍ കോളേജിലെ രണ്ടാം വര്‍ഷ ബി എ വിദ്യാര്‍ത്ഥിനി ശില്‍പ പറയുന്നു. അപ്പോള്‍ ഫാഷനെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചുമൊന്നും നിങ്ങള്‍ സംസാരിക്കാറേയില്ല?
'ഉണ്ട്, പക്ഷെ, അതങ്ങു വീട്ടില്‍ ചെന്ന് ഫേസ് ബുക് ചാറ്റിങിലൂടെയോ, ഓര്‍ക്കുട് സ്‌ക്രാപിലൂടെയോ മാത്രം.'
സാറന്മാരുടെ കാര്യവും അധികം പറയേണ്ടെന്ന്് എറണാകുളം മഹാരാജാസ് കോളേജിലെ ഫിലോസഫി അധ്യാപികയായ ബിന്ദു സി. 'മഹാരാജാസ് കോളേജില്‍ ഒരു പക്ഷെ കുട്ടികളേക്കാള്‍ ഫാഷബിള്‍ ആയി അണിഞ്ഞൊരുങ്ങി വരുന്നത് 30-നും 40-നും ഇടയ്ക്ക് പ്രായം വരുന്ന അധ്യാപകരാണ്.'
കാമ്പസ് പഴയതു പോലല്ല, മാറിയിട്ടുണ്ട്, നൂറായിരം വിധത്തില്‍ എന്ന് ആണയിടുന്നു പുതുകാല കോളേജ് കുമാരീ-കുമാരന്മാര്‍. നിലവിലുണ്ടായിരുന്ന സൗന്ദര്യ സങ്കല്‍പങ്ങളെ പൊളിച്ചടുക്കി പെട്ടീലാക്കി നാടു കടത്താന്‍ തയ്യാറാണ് മിക്കവരും. പഴയത് അവിടെ നിന്നോട്ടെ, പക്ഷെ പുതിയ അഭിരുചികളിലേക്കും സങ്കല്‍പ ദുനിയാവിലേക്കുമുള്ള ടിക്കറ്റെടുക്കാന്‍ മറക്കേണ്ട എന്നു തന്നെയാണ് ജനറേഷന്‍ നെക്സ്റ്റിന്റെ നിലപാട്.
യുവ മനസ്സുകളില്‍ ഇപ്പോള്‍ നാലു തരം സുന്ദരിമാര്‍ക്കാണ് കേരളത്തില്‍ ഏറ്റവും ഡിമാന്റെന്ന് ന്യൂ ജനറേഷന്‍ സമ്മതിക്കുന്നു. ശാലീന സുന്ദരിമാര്‍, കാമ്പസ് സുന്ദരിമാര്‍, മോഡേണ്‍ സുന്ദരിമാര്‍, അള്‍ട്രാ മോഡേണ്‍ സുന്ദരിമാര്‍..എന്നിങ്ങനെ ചിതറിക്കിടക്കുന്നുണ്ട് ഇവര്‍. ഇതിലുള്ള കാമ്പസ് സുന്ദരിമാര്‍ തന്നെ കാലാന്തരത്തില്‍ മോഡേണ്‍ സുന്ദരിയായോ അള്‍ട്രാ മോഡേണ്‍ സുന്ദരിയായോ പരിണമിച്ചേക്കാം.
പെരുമാറ്റം പോയാല്‍ എല്ലാം പോയില്ലേ!
ഞെട്ടേണ്ട, കാമ്പസിലെ പുതിയ തലമുറയിലെ നല്ലൊരു വിഭാഗം ഈ മന്ത്രത്തിലാണ് വിശ്വസിക്കുന്നത്.
'ഞാന്‍ എപ്പോഴും പ്ലസ് പോയന്റു നല്‍കുക ഒരു വ്യക്തിയുടെ പെരുമാറ്റത്തിനാണ്,' തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ എം എ വിദ്യാര്‍ത്ഥിനി ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം മമത കൃഷ്ണന്‍ പറയുന്നു. അപ്പോള്‍ ഞങ്ങളുടെ കാമ്പസിലോ, എന്നു ചോദ്യമിടുന്നു ദൂരെ വടക്കേ മലബാറിലുള്ള തലശേരി ബ്രണ്ണന്‍ കോളേജിലെ .രണ്ടാം വര്‍ഷ ബി എ മലയാളം വിദ്യാര്‍ത്ഥി ഷിനില്‍ എ.കെ. 'ബ്രണ്ണനിലും ബഹു ഭൂരിപക്ഷം പേരും വ്യക്തികളുടെ പെരുമാറ്റത്തിലാണ് സൗന്ദര്യം കാണുന്നത്', ഷിനില്‍. മറ്റെന്തും പോലെ ഒരാളുടെ പെരുമാറ്റത്തിന് വലിയ പ്രസക്തിയുണ്ടെന്നും നല്ല പെരുമാറ്റത്തിലൂടെ കാമ്പസിന്റെ കണ്ണിലുണ്ണികളായി മാറിയ നിരവധി പേരുണ്ടെന്നും ഷിനില്‍ പറയുന്നു.
അടുത്തകാലത്തുവരെ കാമ്പസിന്റെ ഹരമായിരുന്ന ഒരു യുവ സൂപ്പര്‍ താരത്തിനു മാര്‍ക്കറ്റ് ഇടിഞ്ഞത് അദ്ദേഹത്തിന്റെ സംസാരത്തില്‍ മുഴുവന്‍ തുടിച്ചു നില്‍ക്കുന്ന അഹങ്കാരം കൊണ്ടാണത്രെ. 'ആ സ്‌പേസിലേക്കാണ് ആസിഫ് അലിയെപ്പോലുള്ളവര്‍ വന്നത്. നല്ല വിനയവും നിഷ്‌കളങ്കതയുമെല്ലാം സൗന്ദര്യത്തിന്റെ ലക്ഷണമാണ്,' എറണാകുളത്തെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന ശ്രീദേവി നായര്‍ പറയുന്നു.
എന്നാല്‍ പെരുമാറ്റം നന്നായാലും ഔട്ട് ലുക്കില്ലെങ്കില്‍ പോയില്ലേ എന്നാണ് കാമ്പസിലെ മറ്റൊരു വിഭാഗം ചോദിക്കുന്നത്. എന്താണീ ഔട്ട്‌ലുക്ക്? 'ആണായാലും പെണ്ണായാലും അവര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ അവരെ ക്യാരി ചെയ്യണം. തങ്ങളുടെ മുടി, ബാഗ് എന്നിവ സ്റ്റൈലിഷാക്കിയതു കൊണ്ടു മാത്രം കാര്യമില്ല. അവ ഭംഗിയായി കൊണ്ടു നടക്കാനും അവര്‍ക്കറിയണം. അലസന്‍ മട്ടില്‍ ഇവ കൊണ്ടു വന്നിട്ടെന്തു കാര്യം,' കോഴിക്കോട് ദേവഗിരി കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ദിവ്യ ചന്ദ്രന്‍.
ബ്രണ്ണനിലെ അഞ്ജലി അശോക് ഒരു കാര്യം വ്യക്തമാക്കുന്നു. പെരുമാറ്റം പോലെ തന്നെ ഫിസിക്കല്‍ ബ്യൂട്ടിയും സൗന്ദര്യത്തിന് വളരെ പ്രധാനം തന്നെ.
നമ്മള്‍ പെട്ടെന്നു ശ്രദ്ധിക്കാത്ത ചില വ്യക്തികളെപ്പോലും നല്ല വസ്ത്രങ്ങളില്‍ കണ്ടാല്‍ മനസ്സുടക്കി നിന്നു പോകുമെന്ന്് കാമ്പസ് പറയുന്നു. 'ഒരാളെ നാം ഇന്നു പെട്ടെന്നു ശ്രദ്ധിച്ചു പോകുന്നത് അയാളുടെ വസ്ത്രധാരണം കൊണ്ടു തന്നെയാണ്. അവര്‍ ധരിക്കുന്ന ആക്‌സസറീസും തീര്‍ച്ചയായും ശ്രദ്ധിക്കും. അവരുടെ നെയില്‍ പോളിഷ്, ചപ്പല്‍സ് എന്നിവയ്ക്കും സൗന്ദര്യ നിര്‍ണ്ണയത്തില്‍ പ്രാധാന്യം വന്നിരിക്കുന്നു,' പ്രൊവിഡന്‍സ് കോളെജിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനിയായ ഇന്ദ്രനീല്‍ ഗോപിനാഥിന്റെ നിരീക്ഷണം.
'ശരിയാണ്. പലപ്പോഴും ടിവിയിലും സിനിമയിലുമെല്ലാം കാണുന്ന നല്ല വേഷങ്ങള്‍ ആദ്യം തന്നെ കാമ്പസില്‍ അവതരിപ്പിക്കാന്‍ ഓരോരുത്തരും മത്സരിക്കാറുണ്ട്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ രഞ്ജിനി ഹരിദാസ് ഏതെങ്കിലും അടിപൊളി വസ്ത്രങ്ങള്‍ ധരിച്ചാല്‍ അതു കോപ്പി ചെയ്ത് പെട്ടെന്നു കാമ്പസിലെത്തിക്കാന്‍ ഉല്‍സാഹിക്കാറുണ്ട് പലരും,' തലശേരി ബ്രണ്ണന്‍ കോളേജിലെ ശില്‍പ തുടരുന്നു.
തിരുവന്തപുരം മാര്‍ ഇവാനിയസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം തലവനും പ്രമുഖ ടി വി ക്വിസ് മാസ്റ്ററുമായ ഡോ. അബ്രഹാം ജോസഫ് പറയുന്നത് ഇതിനോട് ചേര്‍ത്തു കേള്‍ക്കുക: ' ഖദറിട്ട കിനാക്കളെ കാമ്പസ് ബഹുമാനിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് അതു പോയി. എനിക്കു തോന്നുന്നത് ആളുകളുടെ വ്യക്തിത്വത്തിലാണ് മറ്റുള്ളവര്‍ സൗന്ദര്യം കാണുന്നതെന്നാണ്.'
പുതിയ തലമുറയെപ്പറ്റി പലര്‍ക്കും ഉള്ള പരാതിയാണ്, 'ടീച്ചര്‍മാരോടു വേണ്ടത്ര ബഹുമാനമില്ല. മാനിക്കുന്നില്ല, എന്നൊക്കെ.'ഇന്നു അധ്യാപകരും വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളെപ്പോലെ ആയിട്ടുണ്ട്. പണ്ടത്തെപ്പോലെ അധ്യാപകരെ റോള്‍ മോഡല്‍ ആയൊന്നും കാണാന്‍ അവര്‍ തയ്യാറല്ല', ബ്രണ്ണനിലെ അനു ടീച്ചര്‍ പറയുന്നു . 'പക്ഷേ, ഇവരുടെ അടുത്ത് ധാരാളം പണമുണ്ട്. പാര്‍ട്ട്‌ടൈം ജോലി ചെയ്തും മറ്റും സ്വന്തം സൗന്ദര്യത്തിനായി ഇന്‍വെസ്റ്റ് ചെയ്യാന്‍ ചെയ്യാന്‍ മടിയില്ല,' മഹാരാജാസിലെ ബിന്ദുടീച്ചര്‍ പറയുന്നു.
മുഖത്തിലല്ലേ സൗന്ദര്യം
മറ്റെന്തുണ്ടായിട്ടും കാര്യമില്ല , നല്ലൊരു മുഖമില്ലെങ്കില്‍ എല്ലാം പോയില്ലേ, തകര്‍ന്നില്ലേ എന്നു ചോദിക്കുന്നു പുതിയ തലമുറയുടെ വ്യക്താക്കള്‍. വട്ട മുഖമോ നീള മുഖമോ എന്നുള്ളതല്ല, ആ മുഖം നിങ്ങളുടെ ശരീര ഘടനയ്ക്ക് ചേരുന്നതാണോ എന്നതാണ് വളരെ പ്രധാനം.
ഒരു ആണ്‍കുട്ടിയെ കാണുമ്പോള്‍ തന്നെ അവന്റെ കണ്ണുകള്‍ ശ്രദ്ധിക്കാതിരിക്കുന്നതെങ്ങനെയെന്നു ചോദിക്കുന്നത് തിരുവനന്തപുരം ഓള്‍ സെയ്ന്റ്‌സ് കോളെജിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിയായ അശ്വതി മുകുന്ദനാണ്. ഇന്നത്തെ കാമ്പസിന്റെ പ്രിയ താരങ്ങളില്‍ ആസിഫ് അലിയും നിത്യാ മേനോനും മംമ്താ മോഹന്‍ദാസും റിമാ കല്ലിങ്കലുമെല്ലാം പെടുന്നത് ഈ കണ്‍പ്രേമം കൊണ്ടു കൂടിയാണ്.
അടുത്തകാലത്താണ് കാമ്പസിന്റെ പ്രിയ താരമായി ആസിഫ് അലി കയറി വരുന്നത്. ആസിഫ് അലിക്കു മാര്‍ക്കു കൊടുക്കുന്നുവര്‍ തീര്‍ച്ചയായും ആ നടന്റെ ഇരുനിറ ഭംഗിക്കും നല്ലൊരു മാര്‍ക്കു നല്‍കുന്നുണ്ട്്. 'എങ്കിലും വെളുത്ത നിറം മാത്രമാണ് സൗന്ദര്യം എന്നൊരു ധാരണ പൊതുവേ എങ്ങും പരന്നിട്ടില്ലേ എന്നൊരു ആശങ്ക ഇല്ലാതില്ല', ബ്രണ്ണനിലെ ശില്‍പയുടെ പരാതി.
നല്ല മുടിയുണ്ടെങ്കില്‍ ബഹുവിശേഷമായി എന്നു കരുതുന്നവരും കാമ്പസില്‍ ഉണ്ട്. കാവ്യാ മാധവന്റെ നീളന്‍ മുടി, റിമാകല്ലിങ്കലിന്റെ ചുരുളന്‍ മുടി, മംമ്താ മോഹന്‍ദാസിന്റെ മാറി മാറി വരുന്ന ഹെയര്‍ സ്റ്റൈലുകള്‍...ഇവയെല്ലാം കാമ്പസിന്റെ കുഞ്ഞു ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നു. 'ഞങ്ങളുടേതു പോലുള്ള സാധാരണക്കാരുടെ കാമ്പസില്‍ ഇപ്പോഴും നീളന്‍ മുടിയുള്ളവര്‍ക്ക് തന്നെയാണ് പ്രിയം,'ബ്രണ്ണന്‍ കോളേജിലെ ഹിതാ ഹരിഹരന്‍.
സ്്‌റ്റൈലന്‍ മുടിക്കു സൗന്ദര്യത്തില്‍ നല്ലൊരു പ്രാധാന്യം നല്‍കുമെന്ന് കോഴിക്കോട് പ്രൊവിഡന്‍സ് കോളേജിലെ ട്രാവല്‍ ആന്റ് ടൂറിസം ബിരുദ വിദ്യാര്‍ത്ഥിനി ഹിബ മറിയമും സമ്മതിക്കുന്നു, 'സ്‌പൈക്കും സ്‌ട്രൈയിറ്റനിങ്ങുമെല്ലാം ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ആണ്‍കുട്ടികള്‍ക്കായാലും പെണ്‍കുട്ടികള്‍ക്കായാലും ആ സ്‌റ്റൈല്‍ ഇണങ്ങുന്നുണ്ടോ എന്നു കൂടി നോക്കണം. ചില ആണ്‍കുട്ടികള്‍ യാെതാരു യുനീക്‌നസും ഇല്ലാതെ തലയുടെ ഇരു ഭാഗത്തും രണ്ടു സ്‌റ്റൈലുകള്‍ കൊണ്ടു നടക്കാറുണ്ട്. അതിനെ സുന്ദരമെന്ന് എങ്ങനെ പറയും?'
അപ്പോള്‍ ഫിറ്റ്‌നസ്?
'ഫിറ്റ്‌നസിനെ പറ്റി ഞാനും ബോധവതിയൊക്കെയാണ്. എന്നാല്‍, പലപ്പോഴും ഇഷ്ടപ്പെട്ട വിഭവങ്ങള്‍ കാണുമ്പോള്‍ അറിയാതെ വീണു പോകും,' തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളേജിലെ അശ്വതി കുറ്റ ബോധത്തോടെ സമ്മതിക്കുന്നു. 'ആണ്‍കുട്ടി ആയാലും പെണ്‍ കുട്ടി ആയാലും ഫിറ്റ്‌നസ് വളരെ പ്രധാനം തന്നെയല്ലേ.. അതിലല്ലേ ഭംഗിയിരിക്കുന്നത്. അതു പാലിക്കാത്തവരെ എന്തിനു കൊള്ളാം, ' ചോദിക്കുന്നത് ബ്രണ്ണന്‍ കോളേജിലെ നയീമ.
വളരെ വ്യത്യസ്തമായി, എവിടെയും കാണാത്ത ഒരു വസ്ത്രം, ഒരു മൊബൈല്‍ ഫോണ്‍, കീ ചെയിന്‍, ബാഗ്, ചപ്പലുകള്‍, കുര്‍ത്ത, ചുരിദാര്‍, കുട ..ഇങ്ങനെ എന്തും കാണിച്ച് ഒറ്റനോട്ടത്തില്‍ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാമെന്നും അങ്ങനെ സുന്ദരന്മാരുടെ ലോകത്തേക്കുള്ള എന്‍ട്രി പാസ് സ്വന്തമാക്കാമെന്നും വിശ്വസിക്കുന്ന ഒരു കൂട്ടരും ഇന്നുണ്ട്. (ഇത് ഷോയാണ്, ചുമ്മാ....എന്ന് മറ്റൊരു കൂട്ടര്‍).
ബോഡി ഫീച്ചര്‍
ഒരാളെ ആദ്യം തന്നെ നോക്കണമെങ്കില്‍ അയാള്‍ക്ക് ശ്രദ്ധിക്കപ്പെടുന്ന ബോഡി ഫീച്ചറുകള്‍ വേണമെന്ന പക്ഷക്കാരിയാണ് പ്രൊവിഡന്‍സ് കോളെജിലെ രമ്യ ഹരിദാസ്. തിരുവന്തപുരത്തുകാര്‍ ഷാരൂഖ് ഖാനെ ഇഷ്ടപ്പെടുന്നതും കണ്ണൂരുകാര്‍ നടന്‍ തിലകനേയും മുരളിയേയും ഇഷ്ടപ്പെടുന്നതും ഇതേ മാനദണ്ഡം നോക്കിയാണ്. നീളന്‍ വിരലുകളുള്ള ആണ്‍കുട്ടികളെ ഇഷ്ടപ്പെടുന്നവരും നല്ല നീണ്ട് കൊലുന്നനെയുള്ള പെണ്‍കുട്ടികളെ ഇഷ്്ടപ്പെടുന്നവരും പുതിയ കാല കാമ്പസില്‍ ഉണ്ട്.
'സ്റ്റൈല്‍, അപ്പിയറന്‍സ്,ക്യാരക്ടര്‍...എന്നിങ്ങനെ മൂന്നു കാര്യങ്ങളാണ് പുതിയ തലമുറ സൗന്ദര്യത്തിനു മാനദണ്ഡമായി സ്വീകരിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്,' മോഡലും അവതാരകയുമായ ഐശ്വര്യ നമ്പ്യാര്‍ ചിന്ത പങ്കു വെക്കുന്നു.
'നല്ലൊരു പുരുഷനെ, സുന്ദരിയായ സ്ത്രീയെ കാണിച്ചു തരാന്‍ പറഞ്ഞാല്‍ കേരളത്തില്‍ നിന്ന്, മലയാള സിനിമയില്‍ നിന്ന് ആരെ കാണിച്ചു തരും?. അത്തരത്തില്‍ ഒരു ദാരിദ്യം നാം ഇന്ന് അനുഭവിക്കുന്നുണ്ട്,' ആര്യ ആര്‍ എസ് പറയുന്നു.
കാമ്പസിലെ ശ്രദ്ധേയനായ എഴുത്തുകാരനായ അബ്ദുല്‍ സലാം മുമ്പേ എഴുതി വെച്ചത് പുതിയകാല കാമ്പസിന്റെ സൗന്ദര്യ സങ്കല്‍പത്തിന് അടിവരയിടുന്നതാണെന്നോര്‍ക്കുക
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment