നെടുമ്പാശ്ശേരി: എയര്‍ ഇന്ത്യ തിരുവനന്തപുരത്ത് നിര്‍മിച്ചിട്ടുള്ള എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് ഹാങ്ങറിന്റെ (വിമാന അറ്റകുറ്റപ്പണികേന്ദ്രം) ഉദ്ഘാടനം ഒക്ടോബറില്‍ നടക്കും. കേന്ദ്ര മന്ത്രി വയലാര്‍ രവി ഹാങ്ങറിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായാണ് ഹാങ്ങര്‍ നിര്‍മിച്ചിരിക്കുന്നത്.
കഴിഞ്ഞ ഫിബ്രവരിയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റിയിരുന്നു. വിമാന അറ്റകുറ്റപ്പണി കേന്ദ്രം തിരുവനന്തപുരത്ത് വരുന്നതോടെ ഫലത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 'കേരളത്തിന്റെ സ്വന്തം എയര്‍ലൈനായി' മാറുകയാണ്. ഇതോടെ എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ മുംബൈ ലോബിയുടെ പിടി അയയും. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 27 ഏക്കര്‍ സ്ഥലത്താണ് എയര്‍ ഇന്ത്യ വിമാന അറ്റകുറ്റപ്പണി കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. 68 കോടി രൂപ ഹാങ്ങറിനായും 20 കോടി രൂപ ഉപകരണങ്ങള്‍ക്കായും ചെലവായിട്ടുണ്ട്.
ആധുനിക സൗകര്യങ്ങളോടു കൂടിയ രണ്ട് ഹാങ്ങറുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 737-800 തരം വിമാനങ്ങളുടെയും ആവശ്യമെങ്കില്‍ എയര്‍ബസ് 320 വിമാനങ്ങളുടെയും അറ്റകുറ്റപ്പണികള്‍ നടത്താന്‍ സൗകര്യമുണ്ടാകും. എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളുടെ അറ്റകുറ്റപ്പണികളാണ് പ്രധാനമായും ലക്ഷ്യമിടുന്നതെങ്കിലും മറ്റു വിമാന കമ്പനികളുടെ വിമാനങ്ങളുടെയും അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.
മറ്റു വിമാന കമ്പനികളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് യൂറോപ്യന്‍ എയര്‍സേഫ്റ്റി അസോസിയേഷന്റെയും (ഇഎഎസ്എ) അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അതോറിട്ടിയുടെയും (എഫ്എഎ) അനുമതി വാങ്ങേണ്ടതുണ്ട്. വിദേശ വിമാന കമ്പനികളുടെയും മറ്റും അറ്റകുറ്റപ്പണികള്‍ നടത്തുന്നതുവഴി എയര്‍ ഇന്ത്യക്ക് കൂടുതല്‍ വരുമാനവും നേടാനാകും.
അള്‍ട്രാ മോഡേണ്‍ ഉപകരണങ്ങളാണ് എയര്‍ ഇന്ത്യാ ഹാങ്ങറില്‍ ഉണ്ടാവുക. വിമാനങ്ങളുടെ ട്രാന്‍സിറ്റ് ചെക്കും, എക്‌സ്റ്റന്‍ഡഡ് ട്രാന്‍സിറ്റ് ചെക്കും ഇവിടെ നടത്താനും കൂടാതെ ഓരോ 500 മണിക്കൂര്‍ പാറക്കലിനുശേഷമുള്ള ഫേസ് ചെക്കിങ്ങും 4500 മണിക്കൂറിനുശേഷമുള്ള സി-ചെക്കിങ്ങും തിരുവനന്തപുരത്തു നടത്താന്‍ സൗകര്യമുണ്ടാകും. ഇതിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പ്രത്യേക അനുമതി വാങ്ങും. നിലവില്‍ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ ഇത്തരം ചെക്കിങ്ങുകള്‍ നടത്തുന്നത് മുംബൈയിലാണ്.
കേരളത്തില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ പരിശോധനകളും അറ്റകുറ്റപ്പണികളും ഇവിടെ തന്നെ നടത്താനാകുമെന്നത് എയര്‍ ഇന്ത്യക്ക് സാമ്പത്തിക നേട്ടമാകും. നിലവില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് 21 വിമാനങ്ങളാണുള്ളത്. ഇതില്‍ 18 വിമാനങ്ങളാണ് സര്‍വീസിനായി ലഭ്യമാകുക. ബാക്കി മൂന്നു വിമാനങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഹാങ്ങറിലായിരിക്കും. പുതിയ ഹാങ്ങര്‍ ലഭ്യമാകുന്നതോടെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാകും. ചുരുങ്ങിയത് 19 വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ ഇതുവഴി കഴിയുമെന്നാണ് കരുതുന്നത്.
ഫുള്‍ കമ്പ്യൂട്ടറൈസ്ഡ് ഹാങ്ങറായിരിക്കും തിരുവനന്തപുരത്തേത്. പെയിന്‍റ് ഷോപ്പ്, ബാറ്ററി ഷോപ്പ്, സ്റ്റോര്‍ തുടങ്ങി എല്ലാ സംവിധാനങ്ങളും ഇവിടെ ഉണ്ടാകും. 10000 സ്‌പെയറുകള്‍ (വിമാനഘടകങ്ങള്‍) സ്റ്റോറില്‍ ഉണ്ടാകും. സ്‌പെയറുകള്‍ സൂക്ഷിക്കുന്നതിന് ഡാര്‍ക്ക് റൂമും കോള്‍ഡ് റൂമും ഇവിടെ ഉണ്ടാകും. കൂടാതെ കമ്പ്യൂട്ടറൈസ്ഡ് വീല്‍ ഷോപ്പും ഒരുക്കും. ലോക നിലവാരത്തിലുള്ള റെക്കോഡ് സംവിധാനം ഉണ്ടായിരിക്കുമെന്നതാണ് മറ്റൊരു സവിശേഷത. കോക്പിറ്റ് വോയ്‌സ് റെക്കോഡറും ഡിജിറ്റല്‍ ഫൈ്‌ളറ്റ് ഡാറ്റാറെക്കോഡറും ഡീകോഡ് ചെയ്യുന്നതിനുള്ള സൗകര്യവും തിരുവനന്തപുരത്തെ ഹാങ്ങറിലുണ്ടാകും.
എയര്‍ ഇന്ത്യാ എക്‌സ്പ്രസ് എഞ്ചിനീയറിങ് വിഭാഗം മേധാവി എച്ച്.ആര്‍. ജഗന്നാഥിന്റെ നേതൃത്വത്തില്‍ 200 ഓളം എന്‍ജിനീയര്‍മാര്‍ തിരുവനന്തപുരം ഹാങ്ങറില്‍ ഉണ്ടാകും. 100 ഓളം എന്‍ജിനീയര്‍മാര്‍ മുംബൈയില്‍ നിന്ന് സ്ഥലം മാറി എത്തും. ബാക്കി പേരെ കേരളത്തില്‍ നിന്നും നിയമിക്കും. തിരുവനന്തപുരത്ത് വിമാന അറ്റകുറ്റപ്പണികേന്ദ്രം വരുന്നതോടെ നേരിട്ടും അല്ലാതെയും നിരവധിപേര്‍ക്ക് തൊഴില്‍ ലഭിക്കും. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് മുടക്കം കൂടാതെ സര്‍വീസ് നടത്താനുമാകും. 2007 ലാണ് ഹാങ്ങറിന്റെ നിര്‍മാണം തുടങ്ങിയത്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment