ന്യൂഡല്‍ഹി: 2 ജി. സ്‌പെക്ട്രം ലേലം ചെയ്യേണ്ടെന്ന് തീരുമാനിച്ചത് അന്ന് ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ അറിവോടെയാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു. 2001-ലെ നിരക്കില്‍ത്തന്നെ സ്‌പെക്ട്രം നല്‍കണമെന്ന ടെലികോം മന്ത്രി എ. രാജയുടെ ആവശ്യത്തെ അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം അംഗീകരിച്ചിരുന്നെന്ന് വ്യക്തമാക്കുന്ന കുറിപ്പാണിത്.
ലേലം ഒഴിവാക്കുന്നതില്‍ ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന കേസ് പരിഗണിക്കവെ ഹര്‍ജിക്കാരനായ ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമിയാണ് മറ്റ് രേഖകള്‍ക്കൊപ്പം നിര്‍ണായകമായ കുറിപ്പും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ കൊല്ലം മാര്‍ച്ചില്‍ ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ ഈ കുറിപ്പ്് ധനമന്ത്രി പ്രണബ് മുഖര്‍ജി കണ്ടിട്ടാണ് അയച്ചതെന്നും വ്യക്തമായിട്ടുണ്ട്. യു. പി.എ. മന്ത്രിസഭയിലെ രണ്ട് ഉന്നതര്‍ തമ്മിലുള്ള ചേരിപ്പോരിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു. സാമൂഹി കപ്രവര്‍ത്തകനായ വിവേക് ഗാര്‍ഗ് വിവരാവകാശനിയമപ്രകാരം അപേക്ഷിച്ചപ്പോളാണ് സ്വാമി സമര്‍പ്പിച്ച ഈ രേഖ പുറത്തു വന്നത്.
അതേസമയം, 2 ജി. സ്‌പെക്ട്രം ഇടപാടില്‍ നഷ്ടമുണ്ടായിട്ടില്ലെന്ന ട്രായ് റിപ്പോര്‍ട്ട് ആശ്ചര്യപ്പെടുത്തുന്നതാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടില്ലെന്ന് സി.ബി.ഐ.യും കോടതിയെ അറിയിച്ചു.
2008 ജനവരി എട്ടിന് ചിദംബരവും രാജയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ലേലം ഒഴിവാക്കുന്നതിനുള്ള നിര്‍ദേശത്തിന് അംഗീകാരം നല്‍കിയതെന്ന് കുറിപ്പ് വ്യക്തമാക്കുന്നു. തുടര്‍ന്ന് ജനവരി 15-ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ സ്‌പെക്ട്രം വിഷയം അടഞ്ഞ അധ്യായമായി കാണണമെന്ന് ചിദംബരം അഭ്യര്‍ഥിച്ചിരുന്നെന്നും കുറിപ്പില്‍ പറയുന്നു. ധനമന്ത്രാലയം കര്‍ക്കശ നിലപാടെടുത്തിരുന്നെങ്കില്‍ ടെലികോം മന്ത്രാലയം സ്‌പെക്ട്രം ലേലത്തിന് തയ്യാറാകുമായിരുന്നെന്നും ചൂണ്ടിക്കാട്ടുന്നു.
ധനകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി.ജി.എസ്. റാവു ഒപ്പിട്ട കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയന്റ് സെക്രട്ടറി വിനി മഹാജന്റെ പേരിലാണ് അയച്ചിരിക്കുന്നത്. 11 പേജുള്ള കുറിപ്പ് പ്രണബ് മുഖര്‍ജി വ്യക്തിപരമായി പരിശോധിച്ചിരുന്നെന്ന് അതില്‍നിന്ന് വ്യക്തമാണ്. ഫിബ്രവരിയില്‍ രാജ അറസ്റ്റിലായ ശേഷമാണ് കുറിപ്പയച്ചിരിക്കുന്നത്. ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറായ അന്നത്തെ ധന സെക്രട്ടറി സുബ്ബറാവു 2007 നവംബര്‍ 22-ന് തയ്യാറാക്കിയ കുറിപ്പില്‍ 2001-ലെ സ്‌പെക്ട്രം വില നിലവിലുള്ള കമ്പോളവിലയുമായി ഒത്തുപോകുന്നതല്ലെന്ന് പറഞ്ഞിരുന്നെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലേക്കയച്ച കുറിപ്പില്‍ പറയുന്നു. ''രാജയും ചിദംബരവും തമ്മില്‍ വിലയുടെ കാര്യത്തില്‍ സമവായത്തിലെത്തിയിരുന്നു. തുടക്കത്തില്‍ വേണ്ട 4.4 മെഗാഹെര്‍ട്ട്‌സിനു മുകളിലുള്ള സ്‌പെക്ട്രം ലേലം ചെയ്യണമെന്ന നിലപാടില്‍ ധനമന്ത്രാലയം ഉറച്ച നിലപാട് എടുത്തിരുന്നെങ്കില്‍ ടെലികോം മന്ത്രാലയത്തിന് ലൈസന്‍സ് വ്യവസ്ഥകളിലെ 5.1 വകുപ്പുപ്രകാരം ലേലം നടത്തേണ്ടിവരുമായിരുന്നു''- കുറിപ്പ് പറയുന്നു.
122 ലൈസന്‍സുകള്‍ വിതരണം ചെയ്ത് അഞ്ച് ദിവസത്തിനു ശേഷമാണ് 2008 ജനവരി 15-ന് ചിദംബരം സ്‌പെക്ട്രം വിഷയം അടഞ്ഞ അധ്യായമായി കരുതണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചത്. 15 ദിവസത്തിനുശേഷം വിഷയം പുനപ്പരിശോധിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഫിബ്രവരി 11-ന് സ്‌പെക്ട്രം വില പുനപ്പരിശോധിക്കാന്‍ സാമ്പത്തികകാര്യ വകുപ്പ് തത്ത്വത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, രണ്ട് മാസത്തിനു ശേഷം, 2001-ലെ നിരക്കില്‍ത്തന്നെ നല്‍കാന്‍ ചിദംബരം രാജയോട് ആവശ്യപ്പെടുകയായിരുന്നു.
2008-ല്‍ ചിദംബരവും രാജയും തമ്മില്‍ ചര്‍ച്ച നടത്തിയതിന്റെ മിനുട്‌സും സുബ്രഹ്മണ്യംസ്വാമി കോടതിയില്‍ നല്‍കി. 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് സി.എ.ജി. കണ്ടെത്തിയത്. എന്നാല്‍, നഷ്ടമില്ലെന്ന് ചൂണ്ടിക്കാട്ടിയ ട്രായിയുടെ നിലപാട് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന്, റിപ്പോര്‍ട്ടില്‍ ആശ്ചര്യം പ്രകടിപ്പിച്ച് ജസ്റ്റിസ് ജി.എസ്. സിങ്‌വി പറഞ്ഞു.
ചിദംബരത്തിനെതിരെ വന്ന പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് വിസമ്മതിച്ചു.
WITH THANKS & REGARDS
SAM JOSEPH
UNITED ARAB EMIRATES
No comments:
Post a Comment