കണ്ണൂര്‍:'കൈരളി' ചാനലിന്റെ ന്യൂസ് ഡയറക്ടര്‍ എന്‍.പി.ചന്ദ്രശേഖരനെ വാര്‍ത്തകളുടെ ചുമതലകളില്‍നിന്ന് ഒഴിവാക്കി. പകരം, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഇ.എം.അഷറഫിനെയാണ് ദൈനംദിന വാര്‍ത്തകളുടെ ചുമതല ഏല്പിച്ചിരിക്കുന്നത്.
സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും കൈരളി ചാനലിന്റെ മുന്‍ ഡയറക്ടറുമായ ഡോ. തോമസ് ഐസക്കിനെ ചാനല്‍ ചര്‍ച്ചകള്‍ക്കുംമറ്റും ക്ഷണിക്കേണ്ടെന്നും അദ്ദേഹത്തിന് അധികം 'കവറേജ്' നല്‍കേണ്ടെന്നും നിര്‍ദേശംനല്‍കി.
സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത ഡയറക്ടര്‍മാരുടെയും മുതിര്‍ന്ന ജേര്‍ണലിസ്റ്റുകളുടെയും യോഗത്തെ തുടര്‍ന്നാണ് ഈ തീരുമാനം.
കൈരളി പീപ്പ്ള്‍ ചാനലില്‍ രാത്രി ഒമ്പതുമണി മുതല്‍ പത്തുമണിവരെയുള്ള 'ന്യൂസ് ആന്‍ഡ് വ്യൂസ്' എന്ന പരിപാടി പുറംകരാറുകാരെ ഏല്പിക്കാനുള്ള ചെയര്‍മാന്‍ മമ്മൂട്ടിയുടെ നിര്‍ദേശമാണ് പുതിയ സംഭവവികാസങ്ങളുടെ തുടക്കം. ഈ നിര്‍ദേശം ന്യൂസ് കമ്മിറ്റിയോഗത്തില്‍ ന്യൂസ് ഡയറക്ടര്‍ എന്‍.പി.ചന്ദ്രശേഖരന്‍ ശക്തിയായി എതിര്‍ത്തു. ചാനലിന്റെ നിലപാടുകള്‍ വ്യക്തമാക്കുന്ന എഡിറ്റോറിയല്‍ പരിപാടിയായ 'ന്യൂസ് ആന്‍ഡ് വ്യൂസ്' പുറത്തുള്ളവരെ ഏല്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പത്രങ്ങളുടെ മുഖപ്രസംഗംപോലെ പ്രധാനമാണ് ഈ പരിപാടിയെന്നും ചന്ദ്രശേഖരന്‍ വാദിച്ചു. ഡയറക്ടര്‍മാരായ എ.വിജയരാഘവനും പി.ടി.കുഞ്ഞുമുഹമ്മദും ഈ വാദത്തെ അനുകൂലിച്ചു. എന്നാല്‍ ഈ എതിര്‍പ്പുകളെയെല്ലാം മറികടന്ന് പുറത്തുള്ള രണ്ടുപേരെ ഈ പരിപാടി അവതരിപ്പിക്കാന്‍ തീരുമാനമായി. ഏഷ്യാനെറ്റില്‍ 'നമ്മള്‍ തമ്മില്‍' പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്ന അരുണിനെയും ദൂരദര്‍ശനിലെ പരിപാടികള്‍ അവതരിപ്പിക്കുന്ന ഡോ. ലാലിനെയുമാണ് പുറംകരാറുകാരായി തീരുമാനിച്ചത്.
ജോണ്‍ ബ്രിട്ടാസ് കൈരളിവിട്ട് ഏഷ്യാനെറ്റില്‍ എത്തിയപ്പോള്‍ അരുണ്‍ അവതരിപ്പിച്ചിരുന്ന 'നമ്മള്‍ തമ്മില്‍' അദ്ദേഹം ഏറ്റെടുത്തു. പകരം സംവിധാനം എന്ന നിലയ്ക്കാണ് അരുണിന് കൈരളിയില്‍ പരിപാടിക്കുള്ള ഏര്‍പ്പാട്‌ചെയ്തത്. ജോണ്‍ ബ്രിട്ടാസ് മറ്റൊരുചാനലില്‍ ചേര്‍ന്നിട്ടും ചെയര്‍മാന്‍ മുഖേന കൈരളിയുടെ ഭരണം പിന്‍സീറ്റിലിരുന്ന് നിയന്ത്രിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പിണറായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചന്ദ്രശേഖരന്‍ പറഞ്ഞുവത്രേ. ഇത് പിണറായിയെ ചൊടിപ്പിച്ചു.
സി.പി.എം. സംസ്ഥാനക്കമ്മിറ്റി പിരിച്ചെടുത്ത ബംഗാള്‍ ഫണ്ട് ഡല്‍ഹിയില്‍ ബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബസുവിന് താന്‍ കൈമാറുന്ന ചടങ്ങിന്റെ വാര്‍ത്തയോടൊപ്പം ദൃശ്യങ്ങള്‍ തത്സമയം കൈരളിയില്‍ കാണിക്കാതിരുന്നതില്‍ പിണറായി ചന്ദ്രശേഖരനെ എ.കെ.ജി. സെന്ററില്‍ വിളിച്ചുവരുത്തി ശാസിച്ചതായി അറിയുന്നു. അന്ന്ഉച്ചയ്ക്ക് വി.എസ്സിന്റെ പത്രസമ്മേളനം ആദ്യത്തെ വാര്‍ത്തയായി കാണിച്ചതിന്റെയും കാരണവും പിണറായി ആരാഞ്ഞു.
സി.പി.എമ്മിന്റെ മലപ്പുറം സമ്മേളനത്തിനുശേഷമാണ് ഇന്ത്യാവിഷനില്‍നിന്ന് ചന്ദ്രശേഖരനെ കൈരളിയിലേക്ക് കൊണ്ടുവന്നത്. ഡോ. തോമസ് ഐസക്കിന്റെ വിശ്വസ്തനായാണ് ചന്ദ്രശേഖരന്‍ അറിയപ്പെടുന്നത്. നേരത്തെ ദേശാഭിമാനിയിലായിരുന്നു. ഡോ. ഐസക്കിന്റെ പരിപാടികള്‍ അധികം കൊടുക്കേണ്ടതില്ലെന്ന് എക്‌സി. എഡിറ്റര്‍ ഇ.എം.അഷറഫാണ് വാക്കാലെ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചത്.
ഡോ. ഐസക് സി.പി.എമ്മിലെ ഔദ്യോഗിക പക്ഷവുമായി അകലുകയാണെന്ന വാര്‍ത്തകള്‍ക്ക് പുറകെയാണ് ഈ നടപടി. പെട്രോള്‍ വിലവര്‍ധന, പാമോയില്‍ കേസ് എന്നീവിഷയങ്ങള്‍ ചര്‍ച്ചചെയ്ത 'ന്യൂസ് ആന്‍ഡ് വ്യൂസി'ല്‍ ഡോ. ഐസക്കിനെ ക്ഷണിച്ചിരുന്നില്ല. മുമ്പ് ഇത്തരം വിഷയങ്ങളില്‍ ഡോ. ഐസക്കായിരുന്നു സ്ഥിരം ഔദ്യോഗികവക്താവ്.
എഡിറ്ററും മാനേജിങ് ഡയറക്ടറുമായ ബ്രിട്ടാസ് രാജിവെച്ച് ഏഷ്യാനെറ്റില്‍ ചേര്‍ന്നശേഷമാണ് ഗള്‍ഫ് ലേഖകനായ ഇ.എം.അഷറഫിനെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പദവി നല്‍കി തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment