അമേരിക്കയില്‍ ജനിക്കുകയും ഈ എഴുതിയ ബ്ലോഗെല്ലാം ഇംഗ്ലിഷില്‍ എഴുതുകയും ചെയ്തിരുന്നെങ്കില്‍ സാഹിത്യത്തിനും സമാധാനത്തിനുമുള്ള നൊബേല്‍ സമ്മാനം നാലഞ്ചെണ്ണം എന്റെ വീട്ടിലെ അലമാരയില്‍ കിടന്നേനെ- യേശുദാസ് ഫിലോസഫി. ദാസേട്ടനെ ലോകം ദൈവതുല്യനായി കണ്ട് ആദരിക്കുന്നത് അദ്ദേഹം അമേരിക്കയില്‍ താമസിക്കുകയും വല്ലപ്പോഴും ഇവിടെ വന്ന് ഓരോ പാട്ടുപാടിപ്പോവുകയും ചെയ്യുന്നതുകൊണ്ടാണെന്ന് ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചാല്‍ വിശ്വസിക്കുന്ന ആളല്ല ദാസേട്ടന്‍. മാത്രവുമല്ല,അമേരിക്കയില്‍ ജനിച്ച ദാസേട്ടന്റെ അടുത്ത ബന്ധുകൂടിയായ കലാകാരന്‍ ആനന്ദ് ജോണ്‍ നൂറ്റാണ്ടിലധികം കാലത്തെ തടവുശിക്ഷ ഏറ്റുവാങ്ങി അവിടുത്തെ ജയിലില്‍ കിടക്കുകയാണ്.
ആനന്ദിന്റെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം അതിന്റെ പതിന്മടങ്ങ് ആക്രാന്തത്തോടെ ചെയ്തവര്‍ കൂള്‍കൂളായി നടക്കുന്ന നാടാണ് ഇന്ത്യ.ആനന്ദ് അമേരിക്കയില്‍ ജനിച്ചെങ്കിലും ഇന്ത്യന്‍ വംശജനായതുകൊണ്ടാണ് അവര്‍ കള്ളക്കേസില്‍ കുടുക്കി വേട്ടയാടിയതെന്ന് ആനന്ദിന്റെ യേശുദാസ് ഒഴികെയുള്ള ബന്ധുക്കള്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അമേരിക്കയില്‍ ജനിക്കണം എന്നു മാത്രമല്ല വെള്ളക്കാരനായി ജനിക്കണം എന്നാണ് ഓരോ ഇന്ത്യന്‍ കലാകാരനും ആഗ്രഹിക്കേണ്ടത്.
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഇന്ത്യയിലെ ഏറ്റവും ഉന്നതമായ മ്യൂസിക് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ (നാട്ടുമ്പുറത്തുകാരായ ചെറ്റകള്‍ ഗ്രാന്‍ഡ‍് ഫൈനല്‍ എന്നു പറയും)വേദിയിലെത്തി സമ്മാനം പ്രഖ്യാപിച്ച ഗാനഗന്ധര്‍വന്‍ സമ്മാനിതയായ കല്‍പന എന്ന കുട്ടിയോടാണ് അമേരിക്കന്‍ തിയോളജി പരസ്യമായി പ്രഖ്യാപിച്ചത്. കല്‍പന അമേരിക്കയില്‍ ജനിച്ചിരുന്നെങ്കില്‍ ലോകത്തിന്റെ കൊടുമുടിയില്‍ എത്തിയേനെ എന്നും മുജ്ജന്മത്തില്‍ ചെയ്ത പാപഫലമായാണ് ഇന്ത്യയില്‍ ജനിച്ചതെന്നുമാണ് ദാസേട്ടന്‍ പറഞ്ഞത്.പ്രായാധിക്യം കൊണ്ട് എന്തോ പരസ്പരബന്ധമില്ലാതെ പറഞ്ഞതാണ് എന്നു സമാധാനിക്കാവുന്നതേയുള്ളൂ എങ്കിലും ഇക്കാണുന്ന ജനമെല്ലാം ചാനലിലൂടെ തല്‍സമയം കണ്ടതാണെന്നതുകൊണ്ടും ഇന്ത്യക്കാരനായി ജനിച്ചത് മുജ്ജന്മപുണ്യം കൊണ്ടാണെന്നു വിശ്വസിക്കുന്നവര്‍ ധാരാളമുള്ളതുകൊണ്ടും എല്ലാത്തിനും പുറമേ ഏഷ്യാനെറ്റ് എന്ന ചാനലിന്റെ മുതലാളി മുജ്ജന്മപാപം ചെയ്യാത്തതിനാല്‍ ഓസ്‍ട്രേലിയയില്‍ ജനിക്കുകയും അമേരിക്കയിലെത്തിച്ചേരുകയും ചെയ്ത റൂപര്‍ട് മര്‍ഡോക്ക് ആയതുകൊണ്ടും ദാസേട്ടന്റെ പ്രസ്താവന എങ്ങനെ വേണമെങ്കിലും വായിക്കാം.
കല്‍പന അമേരിക്കയില്‍ ജനിച്ചിരുന്നെങ്കില്‍ ലോകത്തിന്റെ കൊടുമുടിയില്‍ എത്തിയേനെ എന്നു പറഞ്ഞത് ചുമ്മാതാണെന്ന് പുള്ളിക്കു തന്നെ അറിയാം. അമേരിക്കയില്‍ ജനിച്ചില്ലെങ്കിലും അവിടെ വളര്‍ന്ന വിജയ് യേശുദാസ് എന്ന ദാസേട്ടന്റെ മകനായ ഗായകന്‍ ഇപ്പോഴും കൊടുമുടിയിലെത്തിയിട്ടില്ല എന്നു മാത്രമല്ല ഒരു പാട്ടുകാരനാക്കാന്‍ വേണ്ടി മകനെ അദ്ദേഹത്തിന് അമേരിക്കയില്‍ നിന്നു കേരളത്തിലെത്തിക്കേണ്ടി വന്നു (ഇന്ത്യയില്‍ ജനിക്കുന്നവരുടെ മുജ്ജന്‍മ പാപം സ്‍ട്രോങ്ങാണെന്നിരിക്കെ അമേരിക്കയി്ല്‍ സെറ്റപ്പുണ്ടായിട്ടും ഇന്ത്യയില്‍ വന്നു ജീവിക്കേണ്ടി വരുന്നവരുടെ മുജ്ജന്മപാപം എത്ര ഭീകരമായിരിക്കും) എന്നത് ചെറിയ കാര്യമല്ല.
മഞ്ച് സ്റ്റാര്‍ സിംഗര്‍ ഫിനാലെയില്‍ ജഗതി ശ്രീകുമാര്‍ ഉണ്ടാക്കിയ ഡാമേജ് ഗാനഗന്ധര്‍വനിലൂടെ തിരിച്ചു പിടിച്ചു എന്ന് ഏഷ്യാനെറ്റിന് ആശ്വസിക്കാം. നാറികളായ പ്രേക്ഷകര്‍ സമയാസമയം എസ്എംഎസ് അയക്കുക അല്ലാതെ ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് ചാനല്‍ പ്രോല്‍സാഹിപ്പിക്കില്ല എന്നറിയാമെങ്കിലും അമേരിക്കയില്‍ വീട് വാങ്ങനുള്ള സെറ്റപ്പ് ഉണ്ടാകുന്നതുവരെയെങ്കിലും സാമ്രാജ്യത്വശക്തികള്‍ക്കെതിരെ പ്രസംഗിക്കാനും അവരുടെ വക്താക്കളെ ഒറ്റപ്പെടുത്താനും സോഷ്യലിസ്റ്റ് ബുദ്ധിജീവികള്‍ക്കു കടമയുണ്ട്.
മ്യൂസിക് റിയാലിറ്റി ഷോകളുടെ അപകടങ്ങളെപ്പറ്റി പലവട്ടം ബോധവല്‍ക്കരിക്കുകയും ബോധമില്ലാത്ത സോ കോള്‍ഡ് ജഡ്‍ജ്മാര്‍ പാട്ടുകാരായ കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതിനെതിരേ വികാരഭരിതമായി സംസാരിക്കുകയും ചെയ്തിട്ടുള്ളയാളാണ് ദാസേട്ടന്‍. അമേരിക്കയുടെ ശക്തി കണ്ട് പുള്ളി നിലപാട് മാറ്റിയതാവാനും മതി. എന്തൊക്കെ പറഞ്ഞാലും, പാപങ്ങള്‍ തീരുവോളം ഇന്ത്യയില്‍ ഇനിയെത്ര ജന്മം കൂടി ജനിക്കേണ്ടി വന്നാലും ജനകോടികളോടൊപ്പം എന്റെയും പ്രിയപ്പെട്ട ഗായകന്‍ യേശുദാസ് തന്നെയായിരിക്കും. യേശുദാസിന്റെ കാലത്ത് ജീവിച്ചിരുന്നു എന്നത് തികഞ്ഞ അഹങ്കാരത്തോടെ ആ ജന്മങ്ങളിലൊക്കെ ആവര്‍ത്തിച്ചു പറയുകയും ചെയ്യും.
No comments:
Post a Comment