Monday, 26 September 2011

[www.keralites.net] അനാവശ്യം കാണിച്ചാല്‍ അടി

 

അനാവശ്യം കാണിച്ചാല്‍ അടി!

രഞ്‌ജിനി അങ്ങനെയാണ്‌. എന്തും മുഖത്തടിച്ചതു പോലെ പറഞ്ഞുകളയും. മനസ്സില്‍ ഒന്നുവച്ച്‌ മറ്റൊന്നു പ്രവര്‍ത്തിക്കാനറിയില്ല രഞ്‌ജിനിക്ക്‌. അതുകൊണ്ടുതന്നെ പല ബിരുദങ്ങളും ചാലിച്ചുകിട്ടിയിട്ടുണ്ടവര്‍ക്ക്‌. അഹങ്കാരി, തന്റേടി...പക്ഷേ അതിനെല്ലാമപ്പുറം ജീവിതത്തെ മറയില്ലാതെ നോക്കിക്കാണാനുളള മനസ്സും മറയില്ലാത്ത പെരുമാറ്റവും, അടുത്തിടപഴകുന്നവര്‍ക്ക്‌ രഞ്‌ജിനി ഹരിദാസെന്ന വ്യക്‌തിത്വത്തെ പ്രിയപ്പെട്ടവളാക്കിത്തീര്‍ക്കുകയും ചെയ്യും. രഞ്‌ജിനിയുമായി ചില നിമിഷങ്ങള്‍

ആദ്യമായി ടി.വി.യില്‍ മുഖം കാണിച്ചത്‌?

ജൂഡ്‌ അട്ടിപ്പേറ്റിയുടെ ശരറാന്തല്‍ എന്ന സീരിയലിനുവേണ്ടി മുന്‍വരിയിലെ പല്ലുപോയ ഒരു കൊച്ചുകുട്ടിയെ വേണമായിരുന്നു. സ്‌കൂളില്‍ പിള്ളേരെ തിരക്കിവന്ന സീരിയലിന്റെ ആളുകളുടെ മുന്നിലേക്ക്‌ പല്ലില്ലാത്ത മോണയും കാട്ടി ചിരിച്ചുചെന്ന എന്നെ യാദൃച്‌ഛികമായി തെരഞ്ഞെടുക്കുകയായിരുന്നു.

ആരാധിക്കപ്പെടുകയും അത്രയേറെ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന സെലിബ്രിറ്റി കേരളത്തിലില്ല. എങ്ങനെ വിലയിരുത്തുന്നു. ?

ആളുകള്‍ക്ക്‌ ഒരു ധാരണയുണ്ട്‌. അതുകൊണ്ട്‌ ഇക്കാര്യങ്ങളൊന്നും എന്നെ കാര്യമായി ബാധിക്കാറില്ല. ഇടക്കാലത്തായിരുന്നെങ്കില്‍ ഇതൊക്കെ പേടിച്ചു ചിലപ്പോള്‍ കഴിയുമായിരുന്നു. ഇനി ആരെന്തു പറഞ്ഞാലും എനിക്കൊരു പ്രശ്‌നവുമില്ല.

ഇങ്ങനെ തുറന്നടിച്ചു സംസാരിക്കുന്നതാണോ പ്രശ്‌നം?

കേരളം എന്നു പറയുന്നത്‌ എല്ലാം തുറന്നടിച്ചു പറയുന്ന ഒരു സൊസൈറ്റിയല്ല. പലതും മൂടിവച്ചേ സംസാരിക്കൂ. പക്ഷേ ഞാന്‍ എല്ലാക്കാര്യവും മുഖത്തുനോക്കി പറയും. പറയുമ്പോള്‍ അത്രയും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലേ. അതുകൊണ്ടാണ്‌ എന്നെക്കുറിച്ച്‌ എഴുതുന്നത്‌. അവര്‍ തുറന്നുപറയാത്തിടത്ത്‌ ഒരു പെണ്‍കുട്ടി തുറന്നടിച്ചു പറയുന്നു എന്ന അസൂയ ഇതിന്റെ പിന്നിലുണ്ട്‌.

എന്‍ഡോസള്‍ഫാനെക്കാള്‍ മാരകമാണ്‌ രഞ്‌ജിനിയുടെ മലയാളമെന്ന്‌ പ്രശസ്‌ത നിരൂപകന്‍, ആധുനികമലയാളത്തിന്റെ അമ്മയെന്ന്‌ വേറെ ചിലര്‍... ഈ ബഹുമതികളൊക്കെ എങ്ങനെ കൊണ്ടു നടക്കുന്നു?

പരിഹാസങ്ങളാണെങ്കിലും ഞാനത്‌ ഒരു തമാശയായിട്ടേ എടുത്തിട്ടുള്ളൂ. എന്നെ അമ്മ സ്‌ഥാനത്തു നിര്‍ത്തിയിരിക്കുന്നത്‌ വലിയ കാര്യം. എഴുത്തച്‌ഛന്റെയൊക്കെ ഒരു ലവലിലല്ലേ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. എന്നെ സംബന്ധിച്ചിടത്തോളം മറുനാട്ടില്‍ പഠിച്ചു, ജോലിചെയ്‌തു, ആശയവിനിമയത്തിന്‌ എനിക്ക്‌ ഏറ്റവും എളുപ്പമായി തോന്നുന്നത്‌ ഇംഗ്ലീഷാണ്‌. മലയാളിയായത്‌ ഒരു കുറവായി കാണുന്നയാളൊന്നുമല്ല ഞാന്‍. പക്ഷേ ഒഴുക്കോടെ മലയാളത്തില്‍ സംസാരിക്കാന്‍ എനിക്കു പറ്റില്ല. ചിലപ്പോള്‍ വാക്കുകിട്ടാതെ തപ്പിത്തടയും. പ്രോഗ്രാം ചെയ്യുമ്പോള്‍ മലയാളത്തിലാകും, ഇടയ്‌ക്ക് അറിയാതെ ഇംഗ്ലീഷിലേക്കു പോകും. അപ്പോഴാണ്‌ പെട്ടെന്ന്‌ ഓര്‍ക്കുക മലയാളം പരിപാടിയാണല്ലോയെന്ന്‌, തിരിച്ചു മലയാളത്തിലേക്ക്‌ വരും. ഒടുവിലത്‌ ഇംഗ്ലീഷായി മാറും. ഇതാണ്‌ സംഭവിക്കുന്നത്‌.

രഞ്‌ജിനിയുടെ ആരാധകരെക്കുറിച്ച്‌...?

പതിനഞ്ചുവയസില്‍ താഴെയുള്ള കുട്ടികളും അറുപതുവയസിനു മുകളിലുള്ളവരുമാണ്‌ എന്നെ ഏറ്റവും അധികം ഇഷ്‌ടപ്പെടുന്നത്‌. വളരെ ചെറിയ ആള്‍ക്കാരും വളരെ മൂത്തയാള്‍ക്കാരും പിന്ന വീട്ടമ്മമാരും. ഏതെങ്കിലും പരിപാടിയിലോ മറ്റോ കാണുകയാണെങ്കില്‍ ഈ വീട്ടമ്മമാര്‍ മലയാളത്തിലൊന്നുമല്ല ഇംഗ്ലീഷിലായിരിക്കും എന്നോട്‌ സംസാരിക്കുക. എനിക്കു മലയാളമറിയാമെന്നു പറഞ്ഞാലും അവര്‍ വിടില്ല. അവര്‍ക്കറിയാവുന്ന ഇംഗ്ലീഷൊക്കെപറഞ്ഞ്‌ എന്നെ കെട്ടിപ്പിടിക്കുകയും ഉമ്മവയ്‌ക്കുകയുമൊക്കെ ചെയ്യും.

രണ്ടുവര്‍ഷം മുന്‍പ്‌ കൂട്ടുകാരുടെകൂടെ ആലപ്പുഴ ബീച്ചില്‍ നില്‍ക്കുമ്പോള്‍ എണ്‍പതുവയസുള്ള ഒരാള്‍ ഓടിവന്നു കൈപിടിച്ചിട്ടു പറഞ്ഞു രഞ്‌ജിനിച്ചേച്ചിയെ കണ്ടതില്‍ സന്തോഷം പരിപാടിയൊക്കെ കാണാറുണ്ട്‌ ഗംഭീരമാണ്‌ എന്നൊക്കെ. സത്യം പറഞ്ഞാല്‍ ഞാനാകെ ചമ്മിപ്പോയി. എന്നെ ചേച്ചിന്നൊന്നും വിളിക്കരുത്‌, എന്റെ മുത്തച്‌ഛനെക്കാള്‍ പ്രായമുണ്ട്‌ എന്നു ഞാന്‍ പറഞ്ഞു. അങ്ങനെ പറയരുത്‌. അതു ഞങ്ങള്‍ നല്‌കുന്ന ബഹുമാനമാണ്‌ എന്നായി അദ്ദേഹം.

സ്‌റ്റാര്‍സിംഗറിന്റെ ആദ്യ സീസണിനുശേഷം ഒഴിവാക്കപ്പെട്ടതും പിന്നീട്‌ തിരിച്ചുവിളിച്ചതും...

ആദ്യ സീസണ്‍ കഴിഞ്ഞു അടുത്തത്‌ ആരംഭിക്കുന്നതിന്‌ തലേദിവസം എന്നെ വിളിച്ചുപറഞ്ഞു. പുതിയ സീസണ്‍ തുടങ്ങുകയാണ്‌, സ്‌റ്റേജില്‍ എനിക്കൊപ്പം രമ്യാരവീന്ദ്രനുംകൂടി ഉണ്ടാകുമെന്ന്‌. അതെനിക്ക്‌ ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. എന്റെ പ്രകടനം മോശമായതുകൊണ്ടാണല്ലോ മറ്റൊരാളെക്കൂടി ഉള്‍പ്പെടുത്തുന്നത്‌. മാത്രമല്ല, എന്റെ ബഹളസ്വഭാവത്തിന്‌ നേരെ വിപരീതമാണ്‌ രമ്യ. വളരെ ശാന്തമായി കോമ്പയറിംഗ്‌ നടത്തുന്നയാള്‍. ഒരുതരത്തിലും ഞങ്ങളുടെ ശൈലികള്‍ യോജിക്കില്ല.

അതുകൊണ്ട്‌ ഒഴിവാകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഒരു സൂത്രം പ്രയോഗിച്ചു. എടുത്താല്‍ പൊങ്ങാത്ത പ്രതിഫലം ഞാനാവശ്യപ്പെട്ടു. പ്രതീക്ഷിച്ചതുപോലെ അതു തരാന്‍ പറ്റില്ലെന്നു പറഞ്ഞു. ഞാന്‍ വീട്ടിലിരുന്നു. പരിപാടി ഫ്‌ളോപ്പായതും പിന്നീട്‌ എന്നെ തിരിച്ചുവിളിച്ചതും നിങ്ങള്‍ക്കറിയാം. പക്ഷേ ഒഴിവായതു നന്നായി എന്നുവേണം പറയാന്‍. വീട്ടിലിരുന്ന ആ മൂന്നുമാസക്കാലയളവില്‍ ഒരു മാസം ഞാന്‍ പൂര്‍ണ്ണമായും കിടപ്പിലായിരുന്നു. നട്ടെല്ലിന്റെ അസുഖം മൂര്‍ച്‌ഛിച്ച്‌ പുറംവേദന കാരണം ഞാന്‍ കിടപ്പിലായിപ്പോയി. സ്‌റ്റേജില്‍ ഞാന്‍ കയറുമ്പോള്‍ കാലുകള്‍ കുറച്ചകറ്റിയാണ്‌ നില്‍ക്കുന്നത്‌. അതും അഹങ്കാരത്തിന്റെ ലക്ഷണമായി ചിലര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്‌. നട്ടെല്ലിന്റെ പ്രശ്‌നം കാരണമാണ്‌ ഞാന്‍ അങ്ങനെ നില്‍ക്കുന്നതെന്ന്‌ അവര്‍ക്കറിയില്ലല്ലോ.

വീടിനുചേര്‍ന്ന്‌ കൃഷ്‌ണന്റെ അമ്പലം... ഭക്‌തിയൊക്കെ എങ്ങനെ?

വീട്ടുമുറ്റത്ത്‌ അമ്പലമുണ്ടായിട്ടും ഞാന്‍ ക്ഷേത്രത്തില്‍ പോയിട്ട്‌ പതിനെട്ടുവര്‍ഷമായി. അമ്മയും മുത്തശ്ശിയുമൊക്കെ എപ്പോഴും അവിടെത്തന്നെയാണ്‌. ഏഴാം ക്ലാസില്‍ പഠിക്കുന്നതുവരെ അമ്മയുടെ കൂടെ പോകുമായിരുന്നു. അമ്പലത്തില്‍ പോയിട്ടുവരുമ്പോള്‍ അമ്മ ദോശയോ വടയോ വാങ്ങിത്തരും. അതു കിട്ടാന്‍വേണ്ടി കുട്ടിയായിരുന്നപ്പോള്‍ പോയിരുന്നു. പിന്നെ അമ്മയുടെ കൂടെ പോകുമ്പോള്‍ അമ്പലത്തിനു പുറത്തു നില്‍ക്കാന്‍ തുടങ്ങി. പിന്നെ ഒട്ടും പോകാതെയായി. അല്ലെങ്കില്‍ത്തന്നെ എല്ലാവരും അവരുടെ ആവശ്യങ്ങള്‍ പറയാനല്ലാതെ അമ്പലത്തില്‍ പോകാറുണ്ടോ? ആവലാതി പറയാന്‍ മാത്രം പോകും. സന്തോഷിച്ചിരിക്കുമ്പോള്‍ ആരെങ്കിലും പോകുമോ! നമ്മെ സ്‌നേഹിക്കുന്ന ദൈവമാണെങ്കില്‍ നമ്മുടെ ആവശ്യങ്ങള്‍ അദ്ദേഹം കണ്ടറിഞ്ഞുതരും.

രഞ്‌ജിനിക്ക്‌ ഒരു പുരുഷലക്ഷണമാണെന്നാണ്‌ പലരും പറയുന്നത്‌? ഈ തന്റേടവും ധൈര്യവും എങ്ങനെ കിട്ടി?

സാഹചര്യങ്ങളാണ്‌ എന്നെ തന്റേടിയാക്കിയത്‌. എനിക്ക്‌ ഏഴുവയസുള്ളപ്പോള്‍ അച്‌ഛന്‍ മരിച്ചു. ഇളയസഹോദരന്‌ ഒന്‍പതുമാസം പ്രായം. അമ്മ വളരെ കഷ്‌ടപ്പെട്ടാണ്‌ ഞങ്ങളെ നോക്കിയത്‌. അതുകൊണ്ട്‌ ചെറുപ്പുകാലം മുതല്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന ലക്ഷ്യമുണ്ടായിരുന്നു. കോളജുപഠനശേഷം ബാംഗ്ലൂരില്‍ ഒരു കോള്‍ സെന്ററില്‍ ഒന്നരവര്‍ഷക്കാലം ജോലി. ആ കാശുകൊണ്ടാണ്‌ പിന്നെ ഞാന്‍ ഇംഗ്ലണ്ടില്‍ എം.ബി.എയ്‌ക്ക് ചേര്‍ന്നത്‌. പഠനത്തിനൊപ്പം ലണ്ടനില്‍ പാര്‍ടൈം ജോലി ചെയ്‌താണ്‌ കഴിഞ്ഞത്‌. ചെലവുചുരുക്കാന്‍ ആപ്പിളും കഴിച്ച്‌ എന്തെങ്കിലും കുടിച്ച്‌ കഴിഞ്ഞ ദിവസങ്ങളുണ്ട്‌.

ഇപ്പോള്‍ ഒരുപാട്‌ സമ്പാദിക്കുന്നുണ്ടല്ലോ?

അങ്ങനെ സമ്പാദിക്കുന്നൊന്നുമില്ല. പണ്ടത്തെ ആള്‍ക്കാരെപ്പോലെ അടുത്തതലമുറക്കൊന്നും സമ്പാദിക്കുന്നില്ല. അടിച്ചുപൊളിച്ച്‌ ജീവിക്കുന്നു. അതാണ്‌ എന്റെ പോളിസി. ഇനി എനിക്കൊരു കുഞ്ഞു ജനിച്ചാലും പതിനെട്ടുവയസുവരെയെ ഞാന്‍ അവന്റെ കാര്യം നോക്കുകയുള്ളൂ. പിന്നെ സ്വന്തം കാലില്‍ നിന്നോളണം.

അവതാരകമാരുടെ മാര്‍ക്കറ്റുയര്‍ത്തിയ താരമാണ്‌ രഞ്‌ജിനി. ആദ്യകാലത്തെ അനുഭവങ്ങള്‍?

എന്റെ ആദ്യ പരിപാടികള്‍ക്കൊന്നും അഞ്ചുപൈസ പ്രതിഫലം കിട്ടിയിട്ടില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു പ്രീമിയര്‍ ക്ലോക്കിന്റെ പരസ്യത്തിലഭിനയിക്കാന്‍ അവസരം കിട്ടി. ഞാനും അമ്മയും കൂടി ഇല്ലാത്ത വണ്ടിക്കുലിയൊക്കെ ഉണ്ടാക്കി കോഴിക്കോടു ചെന്ന്‌ അതില്‍ അഭിനയിച്ചു. രാത്രിയും പകലും ഷൂട്ടു ചെയ്‌തു. പോരാന്‍ നേരം രണ്ടായിരം രൂപയുടെ ചെക്കും തന്നു. വലിയ സന്തോഷത്തോടെ വന്നു ചെക്കു ബാങ്കില്‍ കൊടുത്തു. വണ്ടിച്ചെക്കായിരുന്നു. അത്‌ ആദ്യ തിരിച്ചടി. പിന്നെ കൊച്ചിയില്‍ ഒരു ഫാഷന്‍ഷോയില്‍ പങ്കെടുത്തു. അഞ്ഞൂറുരൂപയായിരുന്നു പ്രതിഫലം പറഞ്ഞിരുന്നത്‌. പരിപാടി കഴിഞ്ഞപ്പോള്‍ സംഘാടകര്‍ കൈമലര്‍ത്തി. ഫണ്ടു കുറവാണെന്നും പറഞ്ഞ്‌ അവര്‍ തടിതപ്പി. പിന്നെ ഒരു ചാന ലില്‍ 12 എപ്പിസോഡില്‍ ഒരു പരിപാടിക്കുവേണ്ടി വേഷം കെട്ടി. ഒടുവില്‍ തന്നത്‌ 1200 രൂപയുടെ ചെക്ക്‌. നിങ്ങള്‍ തന്നെ വച്ചോളാന്‍ പറഞ്ഞ്‌ ഞാന്‍ ഇറങ്ങിപ്പോന്നു. അങ്ങനെ ഒരുപാട്‌ അനുഭവങ്ങളുണ്ട്‌. എന്റെ തുടക്കകാലത്ത്‌ കോമ്പയറിംഗ്‌ ഒരു മോശം പരിപാടിയായിട്ടാണ്‌ പെണ്‍കുട്ടികള്‍ കരുതിയിരുന്നത്‌. ഇപ്പോഴാണെങ്കില്‍ പെണ്‍കുട്ടികള്‍ ഇടിച്ചുനില്‍ക്കുന്നു. ഗ്ലാമറുണ്ട്‌. പണവുമുണ്ട്‌.

നാലുവയസുകാരി മുതല്‍ തൊണ്ണൂറുകാരിവരെ പീഡിപ്പിക്കപ്പെടുന്നു. ഞരമ്പുരോഗികളുടെ നാടായി മാറുകയാണോ കേരളം?

അക്ഷരംപ്രതി ശരിയാണ്‌. എനിക്കൊരു അനുഭവമുണ്ട്‌. ഒരിക്കല്‍ തിരുവനന്തപുരത്തുനിന്ന്‌ പോരാന്‍ ട്രെയിനില്‍ കയറി ഇരിക്കുമ്പോള്‍ കുറച്ചപ്പുറത്തായി ഒരു മനുഷ്യന്‍ എന്നെ നോക്കി മുണ്ടുപൊക്കി അനാവശ്യം കാണിക്കുന്നു. സാധാരണ പെണ്ണുങ്ങളാണെങ്കില്‍ മുഖം തിരിച്ച്‌ ഇരിക്കുകയേയുള്ളൂ. അങ്ങനെയായിരിക്കും അയാളും വിചാരിച്ചത്‌. ഞാന്‍ പെട്ടെന്ന്‌ ചാടിയെണീറ്റു. പന്തിയല്ലെന്നു കണ്ട അയാള്‍ പ്ലാറ്റ്‌ഫോമിലൂടെ ഇറങ്ങിയോടി. ഞാന്‍ പിന്നാലെ. പക്ഷേ കിട്ടിയില്ല. ആള്‍ക്കൂട്ടത്തിലൂടെ ഓടി അയാള്‍ മറഞ്ഞു. ആരെങ്കിലും പിടിച്ചുനിര്‍ത്തിയിരുന്നെങ്കില്‍ ഒരടിയെങ്കിലും കൊടുക്കാമായിരുന്നു. എല്ലാവരും കാഴ്‌ചക്കാരിയായി നിന്നതേയുള്ളൂ. ഒരു പെണ്‍കുട്ടി ഒരാളെ ഓടിച്ചുകൊണ്ടുവരുമ്പോള്‍ സ്വാഭാവികമായും എന്തെങ്കിലും പ്രശ്‌നം കാണുമെന്ന്‌ ഊഹിക്കാമല്ലോ. പക്ഷേ ആര്‍ക്കും ഇടപെടാന്‍ താത്‌പര്യമില്ല. സൗമ്യയെന്ന പാവം പെണ്‍കുട്ടിക്കും ഇതുതന്നെയാണ്‌ സംഭവിച്ചത്‌. ഇടപെടാനോ പ്രതികരിക്കാനോ ഒരാളെങ്കിലും തുനിഞ്ഞിരുന്നുവെങ്കില്‍ ആ കുട്ടി ഇപ്പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നു.

രഞ്‌ജിനിയുടെ പേരില്‍ ഒരു അശ്ലീല എം.എം.എസ്‌ പ്രചരിപ്പിച്ചിരുന്നുവല്ലോ?

അതു ഞാനല്ല. ആണെങ്കില്‍ അതൊരു ബഹുമതിയായിട്ടെ ഞാന്‍ കാണു. കാരണം അതില്‍ കാണുന്ന അറബിപെണ്‍കുട്ടി എന്നേക്കാള്‍ ഹോട്ടാണ്‌. സുന്ദരിയുമാണ്‌. ആ പെണ്‍കുട്ടി അതില്‍ ചിരിക്കുന്നുണ്ട്‌. എനിക്കുമുണ്ടല്ലോ ഒരു കഴുതച്ചിരി. ആ ചിരിക്ക്‌ ഒരു സാമ്യമൊക്കെ തോന്നും അത്രമാത്രം. ഞാന്‍ തന്നെയാണ്‌ ആ എം.എം.എസ്‌. അമ്മയ്‌ക്ക് കാണിച്ചുകൊടുത്തത്‌. അമ്മയും തീര്‍ത്തു പറഞ്ഞു അതു ഞാനല്ലെന്ന്‌. അമ്മയുടെ കോടതിയില്‍ നിന്നു കിട്ടിയ ഉറപ്പിനേക്കാള്‍ വലിയ ഉറപ്പ്‌ എനിക്കാവശ്യമില്ല.

വിവാഹക്കാര്യം?

എന്റെ സ്വഭാവം അറിയാവുന്നതുകൊണ്ടാവാം എനിക്ക്‌ വിവാഹാലോചനകള്‍ വരാറില്ല. മുത്തശ്ശി അഞ്ചാറുവര്‍ഷം മുന്‍പുവരെ കല്യാണക്കാര്യം പറയുമായിരുന്നു. പിന്നെ അവരും അതുപേക്ഷിച്ചു. എന്നെ പെട്ടെന്ന്‌ ആളുകള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ പറ്റിയെന്നുവരില്ല. എനിക്ക്‌ ഒരുപാട്‌ ആളുകളോട്‌ പ്രണയം തോന്നിയിട്ടുണ്ട്‌. അടുത്തിട്ടുണ്ട്‌. പക്ഷേ ഒന്നും മുന്നോട്ടു പോയില്ല. രണ്ടോ മൂന്നോ മാസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കില്ല. പ്രണയമാണെങ്കില്‍ അത്‌ ഒളിച്ചുവയ്‌ക്കുന്ന പരിപാടിയൊന്നുമില്ല. ഒരുമിച്ച്‌ യാത്ര ചെയ്യും. കോഫി ഷോപ്പില്‍ പോകും. സിനിമയ്‌ക്കു പോകും. പക്ഷേ ഞാന്‍ പ്രണയിച്ച ആരുടെയെങ്കിലും പേരെടുത്തുപറഞ്ഞ്‌ അവര്‍ക്കൊരു കോംപ്ലിമെന്റ്‌ കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല.

പ്രണയിച്ച്‌ വിവാഹം കഴിക്കാനാണോ പ്ലാന്‍?

അങ്ങനെ പ്രത്യേകിച്ച്‌ പദ്ധതിയൊന്നുമില്ല. അങ്ങനെയൊരാള്‍ വന്നാല്‍ നോക്കാം പെട്ടെന്നൊന്നും ഒരാള്‍ക്ക്‌ എന്നെ കീഴ്‌പ്പെടുത്താനാവില്ല. പുരുഷനെ സംബന്ധിച്ച്‌ എന്റെ മനസില്‍ മറ്റുള്ള പെണ്‍കുട്ടികളില്‍നിന്നു വ്യത്യസ്‌തമായ കാഴ്‌ചപ്പാടാണ്‌. സാധാരണ പെണ്‍കുട്ടികള്‍ പറയുന്നതുപോലെ എന്നെ ആരും കെയര്‍ ചെയ്യേണ്ട. ജീവിതത്തെ അല്‌പം ലാഘവത്തോടെ കാണുന്നയാളായിരിക്കണം. പൂര്‍ണമായും എന്നെ മനസിലാക്കുന്ന ആളായിരിക്കണം. എന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തരുത്‌.

ഇങ്ങനെ ഉട്ടോപ്യന്‍ നിബന്ധനകളൊക്കെവച്ചാല്‍ ആരെങ്കിലും വരുമോ?

ആരെങ്കിലും വരുമെന്നാണ്‌ പ്രതീക്ഷ. ഒറ്റയ്‌ക്കു ജീവിക്കാന്‍ വയ്യ. പിന്നെ ഇപ്പോള്‍ എനിക്ക്‌ ശരീരത്തില്‍ ചില ബയോളജിക്കല്‍ ആവശ്യങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്‌. ഒരമ്മയാകണമെന്ന ചിന്ത അലട്ടിത്തുടങ്ങിയിരിക്കുന്നു. പണ്ട്‌ കൊച്ചുകുട്ടികളെ അത്ര ഇഷ്‌ടമില്ലാതിരുന്ന എനിക്ക്‌ ഇപ്പോള്‍ കുഞ്ഞുങ്ങളെ കാണുമ്പോള്‍ വല്ലാത്ത സ്‌നേഹം തോന്നുന്നു.ഒരു മുപ്പത്തഞ്ചുവയസുവരെ ആരും വന്നില്ലെങ്കില്‍ ചിലപ്പോള്‍ ഒരു കുഞ്ഞിനെ ഞാന്‍ ദത്തെടുക്കും. അല്ലെങ്കില്‍ കൃത്രിമ ബീജസങ്കലനംവഴി ഒരു കുഞ്ഞിനെ സംഘടിപ്പിക്കും.

വിവാഹത്തിനു മുന്‍പുള്ള സെക്‌സിനെക്കുറിച്ച്‌ എന്താണഭിപ്രായം?

പതിനെട്ടു വയസുകഴിഞ്ഞ സ്‌ത്രീക്കും ഇരുപത്തിയൊന്നുകഴിഞ്ഞ പുരുഷനും എന്തും ചെയ്യാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്‌. സെക്‌സ് ഒരു വിലക്കപ്പെട്ട കനിയായി ഞാന്‍ കരുതിയിട്ടില്ല. എന്റെ കാര്യത്തിലാണെങ്കില്‍ അത്‌ എന്റെ മാത്രം ഇഷ്‌ടമാണ്‌. ദൈവം നമ്മെ സൃഷ്‌ടിച്ച കൂട്ടത്തില്‍ സെക്‌സും തന്നു. സെക്‌സിനുവേണ്ടി വീര്‍പ്പുമുട്ടുന്ന ഒരു സമൂഹത്തെ വെറുതെ സൃഷ്‌ടിക്കുകയാണിവിടെ. അമര്‍ത്തിവച്ച ലൈംഗികതയുടെ നാടാണ്‌ കേരളം. പ്രായപൂര്‍ത്തിയായ ഒരു സ്‌ത്രീക്കും പുരുഷനും ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള നിയമപരമായ അനുമതി ഭാരതത്തിലുണ്ട്‌. പക്ഷേ സമൂഹം അതിന്‌ സമ്മതിക്കുന്നില്ല. വിചിത്രമെന്നല്ലാതെന്തു പറയാന്‍?

മെഡിക്കല്‍ ഷോപ്പില്‍ അവിവാഹിതരായ പെണ്‍കുട്ടികള്‍ നേരിട്ടുചെന്ന്‌ ഗര്‍ഭനിരോധന ഉറകളും ഗുളികകളും വാങ്ങുന്ന കാലമാണ്‌?

വളരെ നല്ല കാര്യമാണ്‌. അമേരിക്കയിലൊക്കെ ഒരു പ്രായം കഴിഞ്ഞാല്‍ സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടിക്ക്‌ ഉച്ചഭക്ഷണത്തോടൊപ്പം കോണ്‍ടവും കൊടുത്തുവിടും. ഇവിടെയാണെങ്കില്‍ സെക്‌സിനെക്കുറിച്ച്‌ വീട്ടിലോ സ്‌കൂളിലോ ഒരു വാക്കു മിണ്ടാന്‍ അനുവാദമില്ല. രോഗങ്ങളും അനാവശ്യഗര്‍ഭവും അബോര്‍ഷനും മറ്റും ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ എത്ര നല്ലതാണ്‌. സെക്‌സ് എഡ്യൂക്കേഷന്റെ നല്ല അഭാവം ഇവിടെയുണ്ട്‌. ചോദിക്കുന്നവര്‍ക്ക്‌ സെക്‌സിനെക്കുറിച്ച്‌ ഞാന്‍ അറിയാവുന്നതൊക്കെ പറഞ്ഞുകൊടുക്കാറുണ്ട്‌.

പാര്‍ട്ടികളില്‍ രഞ്‌ജിനി വളരെ ഹരം പിടിക്കുന്ന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു എന്നു കേള്‍ക്കുന്നു?

ഒരു കൈകണ്ടാല്‍ മലയാളികള്‍ക്ക്‌ ഹരം പിടിക്കുന്ന കാലമാണിതെന്ന്‌ എനിക്കറിയില്ലായിരുന്നു. ശരീരഭാഗങ്ങള്‍ പുറത്തു കാണുന്ന സെക്‌സിയായ വസ്‌ത്രങ്ങള്‍ ഞാന്‍ ധരിക്കാറുണ്ട്‌. വളരെ കംഫര്‍ട്ടബിള്‍ ആണ്‌. സാരി ചുറ്റി ന്യൂഡില്‍സ്‌ട്രാപ്പ്‌ ബ്ലൗസ്‌ ധരിക്കുന്നത്‌ പ്രശ്‌നമാക്കുന്നവര്‍ എന്തുകൊണ്ട്‌ മലയാള സിനിമയിലെ ചില വേഷങ്ങളെക്കുറിച്ച്‌ മിണ്ടാതിരിക്കുന്നു. ഞാന്‍ വയറും പുക്കിളും കാണിച്ച്‌ നടക്കുന്നില്ലല്ലോ. ഞാന്‍ ബിക്കിനിയും ധരിച്ച്‌ റോഡിലൂടെ നടക്കുന്നില്ലല്ലോ.

സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തയുണ്ട്‌?

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാളികള്‍ തുടര്‍ച്ചയായി എന്നെ കണ്ടുകൊണ്ടിരിക്കുകയാണ്‌. എന്റെ നടപ്പും ചലനങ്ങളും മാനറിസങ്ങളുമെല്ലാം മലയാളിക്ക്‌ മനപാഠമാണ്‌. സിനിമയില്‍ അഭിനയിച്ചാല്‍ അവര്‍ക്ക്‌ പുതുതായി ഒന്നും നല്‌കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു ബോറാകും. പക്ഷേ നല്ല വേഷങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും അഭിനയിക്കും.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment