സിനിമകള്‍ സ്വപ്‌നങ്ങളാണെന്നും സിനിമാകോട്ടകള്‍ സ്വപ്‌നക്കോട്ടകളാണെന്നും ലോകത്തിന്റെ അപ്രാപ്യമായ അങ്ങേയറ്റത്തെങ്ങോയിരുന്ന് നമുക്കൊക്കെ വേണ്ടി സ്വപ്‌നങ്ങള്‍ മെനയുന്നവരാണ് സിനിമാക്കാര്‍ എന്നും ഭാവനകണ്ടിരുന്ന ഒരുറ്റചങ്ങാതിയുണ്ടെനിക്ക്. സിനിമകാണുമ്പോള്‍ അയാള്‍ സ്വപ്‌നം കാണുകയാണെന്നേ തോന്നൂ. പ്രപഞ്ചത്തിന്റെ കോലാഹലങ്ങളില്‍ നിന്നെല്ലാം സ്വയം വേര്‍പെടുത്തി, കണ്ണുകള്‍ തുറന്നോ അടഞ്ഞോ അല്ലാതെ, ശന്തനായി, ഉറക്കത്തിലെന്നപോലെ പാവമായിരുന്ന്, ഇടക്കിടെ ചിരിച്ച് അവനങ്ങനെ സിനിമ കാണും! ഇടവേളകളില്‍ മൂത്രമൊഴിക്കാന്‍ പോകുന്നതുപോലും സ്വപ്‌നഭംഗത്തില്‍ നിന്നെന്ന പോലെ..! "മുള്ളണ്ടെങ്കി മുള്ള്" എന്ന മട്ടില്‍ കാര്യസാധ്യം..!
സിനിമയേ അവനെ കൊതിപ്പിച്ചിട്ടുള്ളൂ. സിനിമാക്കാരനാകാനേ അവന്‍ കൊതിച്ചിട്ടുള്ളു. സ്വപ്‌നം പോലൊരു സിനിമ! മഞ്ഞുപൊഴിയുന്ന പ്രഭാതത്തില്‍ തുടങ്ങി മഴപെയ്യുന്ന സന്ധ്യകളിലേക്ക് ചേക്കേറുന്ന ഒരു സിനിമാ വിസ്മയം. അല്ലെങ്കില്‍ സൂര്യനെപ്പോലെ ഉദിച്ചുയര്‍ന്ന്, കത്തിക്കറങ്ങി.. അന്തിക്ക് സ്നേഹസാഗരത്തില്‍ ലയിക്കുന്ന തുടുതുടുത്ത മുഖമുള്ള ഒരു സുന്ദരകാവ്യം. സ്വപ്നാടകനെപ്പോലെ ലോകത്തിന്റെ അങ്ങേയറ്റത്തെക്ക് നടന്നു ചെന്ന് തൂവെള്ളവാനില്‍ മാലോകര്‍ക്കായി സ്വപ്‌നസിനിമകള്‍ വരക്കുക; മാരിവില്ലും കാര്‍മേഘങ്ങളും വരച്ച പ്രോജ്ജ്വലനായ കലാകാരനും അതുകണ്ട് അനുഗ്രഹം തൂകുക! അതായിരുന്നു അവന്റെ ഏറ്റവും വലിയ സ്വപ്നം.
അമ്മമലയാളം കലയും സാഹിത്യവും സംസ്കാരവും പെറ്റിട്ട മഹാരാജാസിന്റെ കവാടം തള്ളിത്തുറന്ന് നടന്നുനീങ്ങിയപ്പോള്‍ മുന്നേ നടന്ന പ്രഗല്‍ഭരുടെ കാല്പാടുകള്‍ ആവേശമായി. മലയാളം പ്രണയവും വിരഹവും പഠിച്ച ആ കലാലയത്തില്‍ അവന്‍ പ്രണയത്തിനുചേര്‍ന്നു. അതില്‍ നല്ലമാര്‍ക്കോടെ വിജയിച്ചു. 'കല നമ്മില്‍ ലയിക്കുകയും നാം കലയില്‍ ലയിക്കുകയും ചെയ്യുന്ന സ്ഥലമാണ് കലാലയം, അത് സ്വര്‍ഗ്ഗത്തിന്റെ ഭാഗമാണ്' എന്നതായിരുന്നു അയാളുടെ സിദ്ധാന്തം. അതു മനസ്സിലായവരോട് ചങ്ങാത്തം കൂടി. അല്ലാത്തവരുമായി ശണ്ഠ കൂടി. പ്രണയവും ചങ്ങാത്തങ്ങളും ശണ്ഠകളും അലസമായി ഉപേക്ഷിക്കപ്പെട്ട തുണ്ടുകടലാസുകളിലെ രസകരങ്ങായ കുറിപ്പുകളായി.
അതിലൊന്നില്‍ ഞാനിങ്ങനെ കണ്ടു "പട്ടാളത്തില്‍ ജോലികിട്ടിയിട്ടും എന്റെ വാക്കുകേട്ട്, 'കല മതി' എന്നു പറഞ്ഞ് സായാഹ്നക്കൂട്ടംവിട്ടു പോകാതിരുന്ന പ്രാരാബ്ധക്കാരനായ കൂട്ടുകാരനെ 'യുദ്ധമാണെടോ ഏറ്റവും വലിയ കല' എന്നു പറഞ്ഞ് പറ്റിച്ച് പട്ടാളത്തിലേക്കു വിട്ടു. ദൈവമേ അവനെ തോക്കുകൊണ്ടു 'കലചെയ്യുന്ന' വീരശുരപരാക്രമിയായ ഒരു കലാകരനാക്കണേ; അവന്‍ സംവിധാനം ചെയ്യുന്ന എല്ലാ ബോംബുകളും പൊട്ടി ഹിറ്റാകണേ.."
മറ്റൊന്നില്‍ഇങ്ങനെ:
മഹാരാജാസിലെ മരച്ചോട്ടിലിരിക്കുമ്പോള്‍ ഒരാള്‍ വന്നു ചോദിച്ചു.
"ലിറ്ററേച്ചറിലെ ഭരതനെ അറിയുമോ?" ഞാന്‍ പറഞ്ഞു "ഭരതന്‍ മലയാളത്തിലാണ്?".
"എങ്കില്‍ ഒന്നു വിളിക്കൂ, ഞാന്‍ ഹിസ്റ്ററിയിലെ പത്മരാജനാണ്"
സത്യത്തില്‍ അപ്പോള്‍ ഞാന്‍ ആരായിരുന്നു, ഇസ്‌ലാമിക് ഹിസ്റ്ററിയിലെ സ്വപ്‌നകാമുകനായ ഷാജഹാനോ?
(കുറിപ്പ്: സ്വപ്നയുടെ കാമുകനായിരുന്നു ഷാജഹാന്‍ എന്നതുകൂടി ചേര്‍ത്തുവായിക്കുക).
ജീവിതം തലതിരിച്ചുവച്ചുള്ള കുതിപ്പുകള്‍ അവന്റെ ഹൃദയത്തില്‍ പുതിയ ലോകമുണ്ടാക്കി. ഗ്രാമാന്തരത്തിലെ തോട്ടുവക്കില്‍നിന്ന് ആലുവാപുഴയോരത്തൂടെ അറബിക്കടല്‍തീരത്തേക്കും പിന്നീട് കടലിനക്കരേക്കും അതിനുമപ്പുറത്തേക്കും ആകാശത്തേക്കും ആ ലോകം പടര്‍ന്നു! അപ്പോഴേക്കും സിനിമാക്കാര്‍ ചക്രവാളങ്ങളില്‍ നിന്നും അവന്റെ അതിര്‍ത്തിയിലേക്കെക്കഴിഞ്ഞിരുന്നു, അല്ലെങ്കില്‍ അവന്‍ അവരുടെ ചുറ്റുവട്ടത്തേക്കെത്തിപ്പെട്ടിരുന്നു.
അവരില്‍ പലരോടും അവന്‍ കഥകള്‍ പറഞ്ഞു. അതില്‍ ചില കഥകളും പല സന്ദര്‍ഭങ്ങളും കളവുപോയി. ഒന്ന് കണ്മുന്നില്‍ തന്നെ കാക്കകൊത്തി ചന്തയിലിട്ടു ചതച്ചരച്ചു. "കഥയല്ലേ നമുക്കിനിയും എഴുതാടോ" എന്ന അവന്റെ പ്രതികരണത്തില്‍ അസ്വസ്ഥതയുടെ കണ്ണുചിമ്മലുകള്‍ ഞാന്‍ കണ്ടു.. ഒപ്പം, പഠനം കഴിഞ്ഞ് സിനിമയും പറഞ്ഞു നടക്കുന്നവനോട് വീട്ടുകാരുടെ കണ്ണുരുട്ടല്‍, നാട്ടുകാരുടെ ചുണ്ട്കൂര്‍പ്പിക്കല്‍ , കൂട്ടുകാരുടെ പല്ലിളിക്കല്‍ ! "എല്ലാവരേം സന്തോഷിപ്പിക്കാന്‍ കഴിയില്ലെടോ" എന്ന വിമ്മിഷ്ടത്തിനു "സന്തോഷിപ്പിക്കേണ്ടവരെ സങ്കടപ്പെടുത്താനും കഴിയില്ല" എന്നും അര്‍ത്ഥമുണ്ടായിരുന്നു? കുടുംബവും കൂട്ടുകാരും കൂടെയില്ലെങ്കില്‍ മനസ് വിരിയില്ലത്രേ! അങ്ങനെ ദുബായില്‍ അവനൊരു ബിസിനസ് തുടങ്ങി. ഒരു ഫാബ്രിക്കേഷന്‍ യൂനിറ്റ്. പക്ഷെ, കല ഒരുതരം ചൊറിച്ചിലാണല്ലോ? ചൊറിഞ്ഞാല്‍ മാന്താതിരിക്കനാവില്ല. ദുബായിലല്ല, സിംഗപ്പൂരിലാണെങ്കിലും മാന്തും, മാന്തിപ്പോകും! അങ്ങനെ അവിടെയിരുന്നും എഴുതി...!
അങ്ങനെ താല്പര്യമില്ലാത്ത ഗള്‍ല്ഫിലുറങ്ങണോ അതോ സിനിമ എന്ന സ്വപ്നത്തിലേക്ക് തിരികെ ഉണരണോ എന്ന കണ്ഫ്യൂഷനും കടിച്ചുപിടിച്ചു നടക്കവേ ഒരാളെ കണ്ടു മുട്ടുന്നു. വെറും ഒരാളല്ല. ഒരു സിനിമാക്കാന്‍! വെറും സിനിമാക്കരനല്ല, തനി സിനിമാക്കാരന്‍! സ്വപ്നക്കൂടുകള്‍ പണിത കമലിന്റെ മിടുക്കനായ ശിഷ്യന്‍. ആ അര്‍ത്ഥത്തില്‍ ലാല്ജോസിന്റെയും ദിലീപിന്റെയും പിന്ഗാമി! 'ഇപ്പ ഞാന്‍ സിനിമചെയ്തുകളയും' എന്ന മട്ടില്‍ നടത്തം. 'സിനിമയെക്കുറിച്ച് ഒന്നും പറയാനില്ലെങ്കില്‍ എണീറ്റുപോടോ' എന്നമട്ടില്‍ ഇരുത്തം. ആരാണെന്നല്ലേ? സുഗീത്. ഇപ്പോള്‍ മഞ്ഞില്‍കുളിക്കുന്ന ഗവിയില്‍ ച്രിത്രീകരണം പുരോഗമിക്കുന്ന 'ഓര്‍ഡിനറി'എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ സംവിധായകന്‍. അന്ന് കഥകളും സ്വപ്നങ്ങളും ചവച്ചരച്ചു നടക്കുകയായിരുന്നു കക്ഷി. പിന്നെ ഒന്നും ആലോചിച്ചില്ല. സ്വപ്‌നങ്ങള്‍ സന്ധിച്ചു. കണ്ഫ്യൂഷന്റെ കടിവിട്ട് സുഗീതിനോട് ഒന്നും രണ്ടും പറഞ്ഞു, സുഗീത് തിരിച്ച് രണ്ടും മൂന്നും പറഞ്ഞു, കഥകള്‍!
അതില്‍ സുഗീതിന്റെ സ്വപ്നസമാനമായൊരുകഥ സിനിമയാക്കാന്‍ തീരുമാനിച്ചു. കഥയില്‍ കാര്യവും രസവും സാമ്പാറും ഈ സ്വപ്നാടകന്റെ വക. അഥവാ അയാള്‍ തിരക്കതയോരുക്കി. കൂടെ മനുപ്രസാദ് എന്ന കാസര്‍കോട്ടുകാരനായ പാതിരാ സഞ്ചാരിയും. അവരോടൊപ്പം ഇടക്കൊക്കെ ചിലവഴിക്കാന്‍ എനിക്കും അവസരം കിട്ടി. ഏറ്റവും അടുത്ത ആര്‍ക്കൊക്കെയോ വേണ്ടി വാദിക്കുന്നതുപോലെ തോന്നും കഥാപാത്രങ്ങളുടെ പേരില്‍ അവര്‍ തമ്മില്‍ ഏറ്റുമുട്ടുന്നതു കണ്ടാല്‍. കാരക്ടര്സിനെ സൃഷ്ട്ടിക്കുന്ന കലാകാരന്മാര്‍ക്ക് ആദ്യം വേണ്ടത് സ്വന്തമായി ഒരു കാരക്ടര്‍ ആണെന്ന പാഠം ഞാന്‍ അവരില്‍ നിന്നും പഠിച്ചു. അതുകൊണ്ടാണല്ലോ പ്രതിബന്ധങ്ങള്‍ക്കിടയിലും ശക്തമായി നിന്ന് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അവര്‍ക്കു കഴിഞ്ഞത്!
ഏതായാലും ആ സ്വപ്നസിനിമ അധികം താമസിയാതെ നമ്മള്‍പ്രേക്ഷകര്‍ക്കു മുന്നിലെത്തും. അതില്‍ എന്നെ ഏറ്റവും ആഹ്ലാദിപ്പിക്കുക കഥയോ രസകരങ്ങളായ സന്ദര്‍ഭങ്ങളോ ആയിരിക്കില്ല. 'ഓര്‍ഡിനറി' എന്ന പേരിനൊക്കെ ശേഷം മൃദുതാളത്തിലുള്ള സംഗീതപശ്ചാത്തലത്തില്‍ വെള്ളിത്തിരയില്‍ തെളിയുന്ന 'തിരക്കഥ, സംഭാഷണം - നിഷാദ്.കെ.കോയ' എന്ന എന്റെ ആ പ്രിയചങ്ങാതിയുടെ പേരായിരിക്കും. അപ്പോള്‍ ഞാന്‍ കയ്യടിക്കുമോ ചിരിക്കുമോ കരയുമോ എന്നെനിക്കുറപ്പില്ല. പക്ഷെ ഒന്നെനിക്കുറപ്പാണ്, എന്റെ കണ്ണുകള്‍ നിറയും..! ആരും കാണാതെ അതു തുടച്ചുകൊണ്ടു അടുത്തിരിക്കുന്നയാളോടു ഞാന്‍ പറയും 'അതെന്റെ കൂട്ടുകാരനാണ്..ഇത് ഞങ്ങള്‍ കണ്ട സ്വപ്‌നമാണ്'..!
ആലുവവാല.
No comments:
Post a Comment