ഇനി മുതല്‍ കിടപ്പുമുറികളില്‍ ജസ്റ്റിസ് കൃഷ്ണയ്യരുടെ വലിയൊരു ചിത്രം കൂടി വയ്‍ക്കണം. കുളിച്ച് ഈറനായി കാച്ചിയെണ്ണയുടെ മണമുള്ള മുടിയില്‍ മുല്ലപ്പൂ ചൂടി പിള്ളേരു രണ്ടും ഉറങ്ങിയെന്നുറപ്പാക്കി ചുണ്ടില്‍ ചെറിയൊരു ചിരിയുമായി കയറിവരുന്ന ഭാര്യയെ ഒരാലിംഗനംകൊണ്ട് തരളിതയാക്കി കിടക്കയിലേക്കു മറിയുമ്പോള്‍ ജസ്റ്റിസിന്റെ ചിത്രത്തിലേക്കൊന്നു നോക്കണം. എല്ലാ ആവേശവും തണുത്ത് ദേശഭക്തിഗാനം പാടി അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞുകിടന്നുറങ്ങാന്‍ അത് സഹായിക്കും.
ജസ്റ്റിസ് കൃഷ്ണയ്യര്‍ അത്രയ്‍ക്ക് അണ്‍സെക്‍സിയാണോ എന്ന് ചോദിക്കരുത്. ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. രണ്ടു കുട്ടികളുള്ള ദമ്പതികള്‍ മൂന്നാമതൊന്നിനെക്കൂടി ഉണ്ടാക്കിയാലുണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഓര്‍മിപ്പിക്കാനാണ് ജസ്റ്റിസിന്റെ ചിത്രം വയ്‍ക്കാന്‍ പറഞ്ഞത്. ജസ്റ്റിസ് കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്കരണസമിതി സര്‍ക്കാരിനു സമര്‍പ്പിച്ച കേരള വിമന്‍്സ് കോഡ് ബില്ലിലെ ശുപാര്‍ശകള്‍ അനുസരിച്ച് ബോധപൂര്‍വം മൂന്നാമൊരു കുട്ടിയെ സൃഷ്ടിക്കുന്നവന്‍ അകത്തുപോകും. അബദ്ധത്തിലാണെങ്കിലും മൂന്നാമതൊരു കുട്ടിയെ ഉണ്ടാക്കുന്ന രാജ്യദ്രോഹിക്ക് സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നിഷേധിക്കും (പിള്ളേരില്ലാത്തവരെ സര്‍ക്കാര്‍ സഹായിച്ചു കൊല്ലും).
ജനസംഖ്യാനിയന്ത്രണത്തില്‍ ശ്രദ്ധയൂന്നിയിരിക്കുന്ന ബില്‍ രണ്ടു കുട്ടികള്‍ എന്നത് സംസ്ഥാനത്തിന്റെ പൊതുനയമായി അംഗീകരിക്കണമെന്നു ശുപാര്‍ശ ചെയ്യുന്നു. അതിന്റെ തുടര്‍ച്ചയായാണ് മറ്റ് നിര്‍ദേശങ്ങള്‍. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് (മൂന്നാമത്തേതും നാലാമത്തേതുമൊക്കെ എങ്ങനെ ഉണ്ടായതായാലും ശരി) സര്‍ക്കാരിന്റെ സഹായങ്ങളെല്ലാം നിഷേധിക്കണമെന്നാണ് ബില്‍ ശുപാര്‍ശ ചെയ്യുന്നത്. രണ്ടു കഴിഞ്ഞുള്ള കുട്ടികളെ ബോധപൂര്‍വം സൃഷ്ടിച്ചതാണെങ്കില്‍ സൃഷ്ടാവിന് മൂന്നു മാസത്തെ തടവും 10000 രൂപ പിഴയും ശിക്ഷ നല്‍കണമെന്ന് ബില്‍ ശുപാര്‍ശ ചെയ്യുന്നു.
ഇതുകൊണ്ടൊന്നും കഴിഞ്ഞിട്ടില്ല. ഇവിടെ പിള്ളേരെ ഉണ്ടാക്കാന്‍ സബ്‍സിഡി കൊടുക്കുന്ന മതസ്ഥാപനങ്ങള്‍ക്കിട്ടുമുണ്ട് പണി. രണ്ടു കുട്ടികളെന്ന വ്യവസ്ഥ ലംഘിക്കാന്‍ പ്രേരിപ്പിക്കുകയോ കൂടുതല്‍ കുട്ടികള്‍ വേണമെന്നു പ്രചരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, സമുദായങ്ങള്‍ എന്നിവരെ ശിക്ഷാനടപടിക്കു വിധേയരാക്കണമെന്നും ബില്‍ ശുപാര്‍ശ ചെയ്യുന്നു. അഞ്ചാമത്തെ കുട്ടിക്ക് 10000 ഓഫര്‍ ചെയ്ത പള്ളീലച്ചന്മാര്‍ ഓഫറില്‍ ആകൃഷ്ടരായി പണിയെടുക്കുന്ന കുഞ്ഞാടുകള്‍ക്ക് മൂന്നാമത്തെ കുട്ടിമുതല്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള പതിനായിരങ്ങളും ജയിലില്‍ കിടക്കുന്നതിനുള്ള നഷ്ടപരിഹാരം കൂടി കൂട്ടി ഓഫര്‍ കുറഞ്ഞത് രണ്ടു രക്ഷമെങ്കിലും ആക്കേണ്ടി വരും. എന്നാലും ബില്‍ പാസ്സായാല്‍ അച്ചന്മാരും കുടുങ്ങും. എട്ടും പത്തും പിള്ളേരുള്ള മുസ്‍ലിം കുടുബങ്ങളിലെ ചേട്ടന്മാര്‍ പിള്ളേരുടെ എണ്ണം വച്ചാണെങ്കില്‍ ജീവപര്യന്തം അകത്തുകിടക്കേണ്ടി വരും.
ഇപ്പോള്‍ സ്കൂള്‍ കുട്ടികളും അവിവാഹിതരായ പെണ്‍കുട്ടികളും ആശ്രയിക്കുന്ന അബോര്‍ഷനും മറ്റും കുറച്ചുകൂടി പോപ്പുലറാകാനുള്ള സാഹചര്യങ്ങളും ഒരുങ്ങുന്നുണ്ട്. നിയമങ്ങള്‍ക്ക് അനുസൃതമായി സുരക്ഷിതമായ ഗര്‍ഭഛിദ്രം അനുവദിക്കണമെന്നതാണു ബില്ലിലെ മറ്റൊരു പ്രധാന വ്യവസ്ഥ. എല്ലാ ആശുപത്രികളിലും ഇതിനുള്ള സൗകര്യം ലഭ്യമാക്കണം. ഗര്‍ഭനിരോധനത്തിനുള്ള മാര്‍ഗങ്ങള്‍ വിവാഹവേളയില്‍ തന്നെ സൗജന്യമായി ലഭ്യമാക്കണം (ചെക്കന്‍ താലികെട്ടുന്നു. കാര്‍മികന്‍ കോണ്‍ഡം എടുത്ത് കയ്യില്‍ കൊടുക്കുന്നു. ചുറ്റും നില്‍ക്കുന്നവര്‍ പുഷ്പവൃഷ്ടിക്കു പകരം കോണ്‍ഡം പാക്കറ്റുകള്‍ വാരിവിതറുന്നു).
ജനസംഖ്യാ നയം കര്‍ശനമായി നടപ്പാക്കാന്‍ രാഷ്ട്രീയക്കാരോ മതപ്രതിനിധികളോ ഇല്ലാത്ത കമ്മിഷന്‍ രൂപീകരിക്കണമെന്നും ബില്ലില്‍ ശുപാര്‍ശയുണ്ട്. സിനിമാക്കാരും ബ്ലോഗര്‍മാരുമൊക്കെ അടങ്ങുന്ന സമത്വസുന്ദരമായ ഒരു കമ്മിറ്റിയുടെ സാധ്യതകള്‍ എന്നെ ഹരംകൊള്ളിക്കുന്നുണ്ട്. റിപ്പോര്‍ട്ടിലെ ഏതാനും പേജുകളിലെ നിര്‍ദേശങ്ങള്‍ മാത്രമാണിത്. റിപ്പോര്‍ട്ടിന് 94 പേജുണ്ട്.കൃഷ്ണയ്യര്‍ ഉള്‍പ്പെടെ 12 അംഗങ്ങളാണ് കമ്മിഷനിലുള്ളത്. എന്തായാലും കത്തോലിക്കാ സഭയുടെ പ്രതിനിധികള്‍ പ്രതിഷേധിച്ചു തുടങ്ങിക്കഴിഞ്ഞു. നിയമപരിഷ്കരണസമിതി തന്നെ പിരിച്ചുവിടണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.വരും ദിവസങ്ങളില്‍ മറ്റു സമുദായക്കാരും കളത്തിലിറങ്ങി കളി ആരംഭിക്കുമെന്നും പ്രതീക്ഷിക്കാം.
No comments:
Post a Comment