ശുദ്ധവായു ശ്വസിക്കാന്‍ എം.പി.ക്ക് തിടുക്കം
ലോക്‌സഭാ സമ്മേളനങ്ങള്‍ നടന്നപ്പോള്‍ പലപ്പോഴും തന്റെ സൗകര്യം നോക്കി ഹാജരാകാതിരുന്ന അംഗം ഇപ്പോള്‍ എന്തിന് സഭയില്‍ എത്താന്‍ തിടുക്കം കൂട്ടുന്നു?
ഇതായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ ചോദ്യം. എം.പി. എന്ന നിലയില്‍ സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ ജീവിച്ച് എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച വ്യക്തിക്ക് ജയിലില്‍ ജീവിതം ദുസ്സഹമായിരിക്കും. ശുദ്ധവായു ശ്വസിക്കാനുള്ള ആഗ്രഹംകൊണ്ടാണ് ലോക്‌സഭാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നത്. അല്ലാതെ മറ്റു ന്യായമായ കാരണങ്ങള്‍ ഒന്നും കാണുന്നില്ലെന്ന് കോടതി പറഞ്ഞു.
അഴിമതിക്കേസില്‍ പ്രതിയായി ജാമ്യമില്ലാതെ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി സുരേഷ്‌കല്‍മാഡി തന്നെ ലോക്‌സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നുള്ള ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒരു തടവുകാരന് മാത്രം ഇങ്ങനെയൊരു ആനുകൂല്യം നല്‍കേണ്ടതില്ലെന്നാണ് കോടതിയുടെ നിലപാട്. ''ജയിലിലെ തടവുകാരെ തരംതിരിക്കേണ്ടതില്ല. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്.''
ജനങ്ങള്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ള പ്രതിനിധിയാണ് സുരേഷ് കല്‍മാഡി. ലോക്‌സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ നിയോജകമണ്ഡലത്തിന് പ്രാതിനിധ്യം കിട്ടാതെ പോകുമെന്ന പരാതിക്കാരന്റെ അഭിഭാഷകന്റെ വാദം കോടതി സ്വീകരിച്ചില്ല.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന വ്യക്തി ലോക്‌സഭാംഗമായതുകൊണ്ടുമാത്രം സഭാ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ ഹാജരാവാന്‍ അനുവദിക്കേണ്ടെന്നും അതിന് അദ്ദേഹത്തിന് അര്‍ഹതയുണ്ടെന്നും പറയുമ്പോള്‍ യോജിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. സഭാസമ്മേളനത്തില്‍ തന്റെ സാന്നിധ്യം കൂടിയേ തീരൂ എന്ന് സ്ഥാപിക്കാന്‍ മതിയായ ഒരു കാരണവും പരാതിക്കാരന്‍ കോടതിയെ ധരിപ്പിച്ചിട്ടില്ല. താന്‍ ഹാജരായില്ലെങ്കില്‍ തന്റെ മണ്ഡലത്തിന് എന്തെങ്കിലും നഷ്ടം സംഭവിക്കുമെന്നും ഹര്‍ജിക്കാരന് സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. പുണെ വിമാനത്താവളം, ട്രെയിന്‍ ഗതാഗതം, നഗരവികസനം എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങള്‍ തനിക്ക് ഉന്നയിക്കാനുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതിക്ക് അത് ബോധ്യപ്പെട്ടില്ല. തന്റെ കാര്യംകാണാന്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്തും ഉന്നയിക്കുമെന്നുമാത്രമേ കരുതാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യങ്ങളില്‍ പങ്കാളിയായി അന്വേഷണത്തെയും പ്രോസിക്യൂഷനെയും നേരിടുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ കഴിയില്ലെന്നുള്ള സുപ്രീംകോടതി വിധി ഡല്‍ഹി ഹൈക്കോടതി ഓര്‍മിപ്പിച്ചു.
തിരഞ്ഞെടുപ്പില്‍ ഒരു പൗരന് മത്സരിക്കാം. വോട്ട് ചെയ്യാം. അതിന് അവകാശമുണ്ട്. ജയിലില്‍ കഴിയുന്ന പ്രതിക്കും വോട്ട് ചെയ്യാന്‍ കഴിയും. എന്നാല്‍ ജയിലിലുള്ളപ്പോള്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്ന വ്യവസ്ഥ നിയമത്തില്‍ ഇല്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ വാദം.
No comments:
Post a Comment