സിസേറിയന്‍ അടിയന്തിര ഘട്ടത്തില്‍ മാത്രം
കുഞ്ഞിന്റെ വളര്‍ച്ച മുരടിക്കുക, പ്രസവതീയതി കടന്നു പോകുക, ഗര്‍ഭപാത്രമുഖം വികസിക്കാതിരിക്കുക, രക്‌തസ്രാവം തുടങ്ങിയ സങ്കീര്‍ണതകള്‍ കടന്നു വരുമ്പോള്‍ സിസേറിയന്‍ ആവശ്യമായി വരുന്നത്
സുഖപ്രസവം തന്നെയാണ് ഏറ്റവും അഭികാമ്യം. എന്നാല്‍ ഇന്ന് ശസ്‌ത്രക്രിയയുടെ എണ്ണം സുഖപ്രസവത്തേക്കാള്‍ കൂടുതലാണ്. അതിന് ഒരു പ്രധാന കാരണം പ്രസവവേദനയുടെ മണിക്കൂറുകള്‍ ക്ഷമയോടെ കാത്തിരിക്കാന്‍ ഗര്‍ഭിണികള്‍ തയാറാകുന്നില്ലെന്നതാണ്. എന്നാല്‍ നേരത്തെ സുഖപ്രസവം തീരുമാനിച്ചാലും ചില അത്യാവശ്യ ഘട്ടങ്ങളില്‍ സിസേറിയന്‍ ഒഴിവാക്കാന്‍ കഴിയാതെ വന്നേക്കാം. പണ്ടത്തെ അപേക്ഷിച്ച് താരതമ്യേന സങ്കീര്‍ണതകള്‍ കുറവായതുമാണ് ഇന്ന് സിസേറിയന്‍ ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി കൂടാന്‍ കാരണം. സിസേറിയനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ശാസ്‌ത്രീയമായ വിവരങ്ങളും.
എന്താണ് സിസേറിയന്‍?
വയറുകീറിയുള്ള പ്രസവമാണ് സിസേറിയന്‍. അമ്മയുടെ വയറും ഗര്‍ഭാശയവും ചെറുതായി കീറി കുഞ്ഞിനെ പുറത്തെടുക്കുന്ന രീതിയാണിത്. യാതൊരു രീതിയിലും സുഖപ്രസവം സാധ്യമാകാതെ വരുന്ന സാഹചര്യത്തിലാണ് സിസേറിയന്‍ തിരഞ്ഞെടുക്കുന്നത്. ഗര്‍ഭകാലത്തുതന്നെ പ്രസവം സാധാരണ നിലയിലാണോ സിസേറിയനാണോയെന്ന് അറിയാന്‍ കഴിയും. അമ്മയുടെ ഇടുപ്പ് അസ്‌ഥികള്‍ വേണ്ട വിധത്തില്‍ വികസിക്കാതിരിക്കുന്നതാണ് ഇതില്‍ എടുത്തു പറയാവുന്നത്.
സിസേറിയന്‍ എപ്പോള്‍?
പ്രസവവേദന തുടങ്ങുന്നതോടെ കുഞ്ഞ് ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തിറങ്ങാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നു. ഇതിനായി ഗര്‍ഭാശയമുഖം വികസിക്കുകയും മാതൃയോനീ രസങ്ങളിലൂടെ കുഞ്ഞ് പുറത്തേക്ക് വരികയും ചെയ്യുന്നു. എന്നാല്‍ കുഞ്ഞ് ഈ രീതിയില്‍ വരാന്‍ കാത്തിരുന്നിട്ടും വേദനസംഹാരികള്‍ കുത്തിവച്ചിട്ടും ഫലം കാണാതെവരുമ്പോഴാണ് സിസേറിയനെ കൂട്ടുപിടിക്കുന്നത്.
സാധാരണ പ്രസവത്തില്‍ വേദന ആരംഭിച്ച് വേദനസംഹാരികള്‍ നല്‍കി കാത്തിരുന്ന് പ്രസവിപ്പിക്കുന്നു. എന്നാല്‍ കുഞ്ഞിന്റെ വളര്‍ച്ച മുരടിക്കുക, പ്രസവതീയതി കടന്നു പോകുക, ഗര്‍ഭപാത്രമുഖം വികസിക്കാതിരിക്കുക, രക്‌തസ്രാവം തുടങ്ങിയ സങ്കീര്‍ണതകള്‍ കടന്നു വരുമ്പോള്‍ സിസേറിയന്‍ ആവശ്യമായി വരുന്നു.
അനസ്‌തേഷ്യ
ജനറല്‍ അനസ്‌തേഷ്യ നല്‍കി പൂര്‍ണമായും ബോധം കെടുത്തിയോ നട്ടെല്ലില്‍ കുത്തിവച്ച് മരവിപ്പിച്ചോ ആണ് സിസേറിയന്‍ ചെയ്യുന്നത്. ഇന്ന് പ്രസവശസ്‌ത്രക്രിയയില്‍ കൂടുതലായും ഉപയോഗിക്കുന്നത് റീജനല്‍ അനസ്‌തേഷ്യയാണ്. അരയ്‌ക്കു താഴേക്കു മാത്രം മരവിപ്പിക്കുന്ന രീതി. റീജനല്‍ അനസ്‌തേഷ്യ രണ്ടു രീതിയിലുണ്ട്. സ്‌പൈനല്‍ അനസ്‌തേഷ്യയും എപ്പിഡ്യൂറല്‍ അനസ്‌തേഷ്യയും. ഇതില്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്നത് സ്‌പൈനല്‍ അനസ്‌തേഷ്യയാണ്.
സ്‌പൈനല്‍ അനസ്‌തേഷ്യയില്‍ നട്ടെല്ലിന് എടുക്കുന്ന കുത്തിവയ്‌പ്പ് പിന്നീട് നടുവേദനയ്‌ക്ക് കാരണമാകുമെന്ന ചിന്ത വലിയൊരു ശതമാനംപേര്‍ക്കും ഉണ്ട്. ഈ ധാരണ തെറ്റാണ്. ചെറിയ സൂചി ഉപയോഗിച്ച് വളരെ വിദഗ്‌ധമായ രീതിയിലാണ് സ്‌പൈനല്‍ അനസ്‌തേഷ്യ ചെയ്യുന്നത്. അതിനാല്‍തന്നെ ഇത് യാതൊരു പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല. സുഷമ്‌നാനാഡിയിലെ ആവരണമായ സി.എസ്.എഫ് ദ്രാവകത്തിലാണ് മരുന്ന് കുത്തിവയ്‌ക്കുന്നത്‌്
രോഗിയെ കിടത്തിയോ ഇരുത്തിയോ കുത്തിവയ്‌ക്കാം. ഈ കുത്തിവയ്‌പ്പ് ശരിയായ രീതിയിലാണെടുക്കുന്നതെങ്കില്‍ യാതൊരു വേദനയും ഉണ്ടാക്കുന്നില്ല. കാരണം വളയുന്ന നേര്‍ത്ത സൂചിയാണ് ഉപയോഗിക്കുന്നത്. മാത്രമല്ല ബോധം കെടുത്താത്തതിനാല്‍ സിസേറിയന്‍ സമയത്ത് ഗര്‍ഭിണിക്ക് ഡോക്‌ടറുമായി സംസാരിക്കാനും ബുദ്ധിമുട്ടുകള്‍ അറിയിക്കാനും കഴിയും.
അതുപോലെ റീജനല്‍ അനസ്‌തേഷ്യയില്‍ രക്‌ത നഷ്‌ടവും കുറവായിരിക്കും.
- See more at: http://www.mangalam.com/health/family-health/148122#sthash.16kq4UOe.dpuf
ശസ്‌ത്രക്രിയ ചെയ്യുന്ന വിധം
രണ്ടു രീതിയില്‍ സിസേറിയന്‍ ചെയ്യാവുന്നതാണ്. പൊക്കിളിനു താഴെ നേരെ മുറിക്കുന്ന ക്ലാസിക്കല്‍ രീതിയും അടിവയറ്റില്‍ താഴെ കുറുകെ മുറിക്കുന്ന സ്‌പൈനല്‍ അനസ്‌തേഷ്യ രീതിയും. സിസേറിയന്‍ അധികവും സ്‌പൈനല്‍ അനസ്‌തേഷ്യ രീതിയിലാണ് നടത്തുന്നത്. കൂടുതല്‍ സുരക്ഷിതമായ രീതിയാണിത്. അടിയന്തിര ഘട്ടങ്ങളില്‍ അതായത് ഗര്‍ഭാശയമുഖ മുഴകള്‍, മറുപിള്ള ഗര്‍ഭാശയമുഖത്തിന് അടിയിലായി കാണപ്പെടുക, കുട്ടി മാര്‍ഗതടസം ഉണ്ടാക്കുന്ന രീതിയില്‍ കിടക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ ക്ലാസിക്കല്‍ ആവശ്യമായി വരുന്നു.
ഉദരഭിത്തിമുറിച്ച് ഗര്‍ഭാശയത്തില്‍ കുഞ്ഞിന്റെ തല കടന്നുവരാന്‍ മാത്രം വലിപ്പത്തില്‍ മുറിവുണ്ടാക്കി കിടപ്പനുസരിച്ച് കുഞ്ഞിന്റെ കാലോ തലയോ പിടിച്ച് പുറത്തെടുക്കുന്നു. കുഞ്ഞ് പുറത്തുവന്ന് മറുപിള്ളയും പോരുന്നതോടെ മുറിവ് തുന്നിക്കെട്ടുന്നു. ഏതൊരു ശസ്‌ത്രക്രിയക്കും ഉണ്ടാകാവുന്ന അപകടസാധ്യത മാത്രമേ സിസേറിയനും ഉള്ളൂ.
മറ്റൊരു രീതിയിലും അമ്മയുടെയോ കുഞ്ഞിന്റെയോ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സിസേറിയന്‍ ദോഷം ചെയ്യുന്നില്ല. സിസേറിയന്‍ ചെയ്യുന്ന രീതിയിലും തയ്‌ക്കാന്‍ ഉപയോഗിക്കുന്ന നൂലുകളിലും വന്നിട്ടുള്ള പുരോഗതി സിസേറിയന്‍മൂലമുള്ള ബുദ്ധിമുട്ടുകള്‍ വളരെയധികം കുറച്ചിട്ടുണ്ട്.
സിസേറിയന്‍ കൂടുന്നുവോ
ആധുനിക ജീവിതശൈലിയും ജീവിതരീതിയുമാണ് സിസേറിയന്‍ പെരുകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഇന്ന് ഗര്‍ഭാരംഭം മുതല്‍ ഒരു രോഗിയോടുള്ള പരിചരണമാണ് ഗര്‍ഭിണിക്കു നല്‍കുന്നത്. അണുകുടുംബങ്ങളില്‍ കുട്ടികളുടെഎണ്ണം ഒന്നും രണ്ടും ആയി കുറഞ്ഞപ്പോള്‍ കുഞ്ഞിനായുള്ള കാത്തിരിപ്പിന്റെ ആകാംക്ഷയുംകൂടി. ഗര്‍ഭിണിയെ എണ്ണയും കൊഴുപ്പും അമിതമായി അടങ്ങിയ ഭക്ഷണം കഴിപ്പിക്കാന്‍ കുടുംബാംഗങ്ങള്‍ മത്സരിക്കുകയാണ്. അങ്ങോട്ടോ ഇങ്ങോട്ടോ തിരിയാന്‍പോലും സമ്മതിക്കാതെ ശുശ്രൂഷകള്‍തന്നെ. ഇതിനൊപ്പം വ്യായാമം കൂടി ഇല്ലാതാകുന്നതോടെ സുഖപ്രസവം ദുഷ്‌കരമാകുന്നു. മാത്രമല്ല മറ്റുള്ളവര്‍ പറഞ്ഞുകേള്‍ക്കുന്ന പ്രസവവേദനയെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകള്‍ ഗര്‍ഭിണിയെ സിസേറിയന്‍ ചെയ്യുന്നതിനു പ്രേരിപ്പിക്കുന്നു. അമ്മയുടെ ക്ഷമയും സഹനവുമാണ് സുഖപ്രസവത്തിലേക്കുള്ള എളുപ്പ വഴി.
ശസ്‌ത്രക്രിയക്കുശേഷം
സിസേറിയനുശേഷം മൂന്ന് ദിവസം കഴിഞ്ഞ് വീട്ടില്‍പ്പോകാവുന്നതാണ്. ആറാഴ്‌ചവരെ കഠിനമായ ജോലികള്‍ ചെയ്യാതെ ശ്രദ്ധിക്കണം. നമ്മുടെ നാട്ടില്‍ പൊതുവേ കണ്ടുവരുന്ന പ്രസവാനന്തശുശ്രൂഷകള്‍ ഒരുമാസത്തിനുശേഷം ആരംഭിക്കുന്നതാണ് നല്ലത്. ആദ്യത്തേത് സിസേറിയനായാല്‍ രണ്ടാമത്തേതും സിസേറിയനായിരിക്കും എന്ന ധാരണയാണ് മിക്കവര്‍ക്കും. എന്നാല്‍ വീണ്ടും സിസേറിയന്‍തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. അടുത്ത തവണ സുഖപ്രസവത്തിന് ഇത് തടസമാകുന്നില്ല. നേരത്തെ സിസേറിയന്‍ ചെയ്‌തതിന്റെ കാരണവും രണ്ടാമത്തെ ഗര്‍ഭകാലത്തെ നിരീക്ഷണങ്ങളും അനുസരിച്ചാണ് വീണ്ടും സിസേറിയന്‍ വേണമോയെന്ന് തീരുമാനിക്കുന്നത്.
ഒരാര്‍ക്ക് എത്ര തവണ വേണമെങ്കിലും സിസേറിയന്‍ ചെയ്യാവുന്നതാണ്. ഇത് ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നില്ല. ഒരു കുഞ്ഞ് ജനിച്ച് മൂന്ന് വര്‍ഷത്തേയെങ്കിലും ഇടവേളയ്‌ക്കു ശേഷമേ വീണ്ടും ഗര്‍ഭം ധരിക്കാവൂ.
ഗര്‍ഭധാരണം ഒരു രോഗമല്ല ഒരു സ്‌ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ്. അതിനാല്‍ ഗര്‍ഭധാരണവും പ്രസവവും സാധാരണ നടക്കുന്ന ഒരു പ്രക്രിയയായി കണകാക്കി സുഖപ്രസവം നടത്തുന്നയാണ് നല്ലത്.
- See more at: http://www.mangalam.com/health/family-health/148122?page=0,1#sthash.A705RyGV.dpuf
No comments:
Post a Comment