പ്രക്ഷോഭങ്ങള്‍, ദുരിതങ്ങള്‍, അക്രമങ്ങള്‍, സന്തോഷങ്ങള്‍, നേട്ടങ്ങള്‍, സങ്കടങ്ങള്‍, കൌതുകങ്ങള്‍. ലോകമെങ്ങൂം നിന്ന് ഓരോ ദിവസവും ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുന്നത് ഇത്തരം ഒരു പാട് അനുഭവങ്ങളാണ്. തിരിഞ്ഞു നോക്കുമ്പോള്‍ ആശ്ചര്യത്തോടെ മാത്രം കാണാനാവുന്ന ആ വാര്‍ത്താ നിമിഷങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത കുറച്ചു ഫോട്ടോകളാണിത്. കഴിഞ്ഞ ആഴ്ച ലോകം എങ്ങിനെയായിരുന്നു എന്നു പറയുകയാണ് ഈ ചിത്രങ്ങള്‍. വിവിധ വാര്‍ത്താ ഏജന്‍സികള്‍ പുറത്തു വിട്ട് ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതാണ് ഈ ചിത്രങ്ങള്‍.
ഒന്നുമറിയാതെ പുഞ്ചിരിക്കുന്ന ലൈല എന്ന ഈ കുഞ്ഞ് ഒരു അഭയാര്‍തഥി ക്യാമ്പിലാണ്. ഉള്ളതെല്ലാം വിറ്റു പെറുക്കി അഫ്ഗാനിസ്ഥാനിലെ മസാരി ഷരീഫിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വന്നു പെട്ടതാണ് ഇവള്‍. മുന്നില്‍ അനിശ്ചിതമായ ഭാവി ആണെന്നറിയാത്ത ഈ നിഷ്കളങ്കതത പകര്‍ത്തിയത് എ.എഫ്.പി ഫോട്ടോഗ്രാഫര്‍ ഫര്‍ഷാദ് ഉസ്യാന്‍. ജനുവരി 31ന് പ്രസിദ്ധീകരിക്കപ്പെട്ടു.
വെടിയേറ്റു കൊല്ലപ്പെട്ട ബോക്സിങ് താരം ക്രിസ്റ്റഫര്‍ റിവേറയുടെ മൃതദേഹമാണ് ഇത്. റിവേറയുടെ ജന്‍മനാടായ പ്യുവര്‍ട്ടോറിക്കയിലെ സാന്‍ജുവാനില്‍
അദ്ദേഹത്തിന് ആദരസൂചകമായി ഒരുക്കിയ ബോക്സിങ് റിങ്ങിലാണ് ഈ മൃതദേഹം. എ.പി ഫോട്ടോഗ്രാഫര്‍ റികാര്‍ഡോ ആര്‍ഡുവെന്‍ഗോ പകര്‍ത്തിയ ചിത്രം. ജനുവരി 31ന് പ്രസിദ്ധീകരിക്കപ്പെട്ടു.
തായ്ലാന്റില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും സര്‍ക്കാര്‍ അനുകൂല വിഭാഗവും തമ്മിലുണ്ടായ വെടിവെപ്പിനിടെ പരിക്കേറ്റ പുരുഷനും സ്ത്രീയും മതിലിനോട് ചേര്‍ന്ന് മറഞ്ഞു നില്‍ക്കുന്നു. ബാങ്കോക്കിലെ ലാക് സി ജില്ലാ കാര്യാലയത്തിനു മുന്നില്‍ നിന്നുള്ള ദൃശ്യം. ഇ.പി.എ ഫോട്ടോഗ്രാഫര്‍ പോങ്മനത് തസിരി പകര്‍ത്തിയ ചിത്രം. ഫെബ്രുവരി ഒന്നിന് പ്രസിദ്ധീകരിക്കപ്പെട്ടു.
അത്ര അകലെയല്ലാതെ അഗ്നിപര്‍വതം പൊട്ടുമ്പോള്‍ ഊഞ്ഞാലാടുന്ന ബാലന്‍. അസാധാരണമായ ഈ ദൃശ്യം ഇക്വാഡോറില്‍നിന്ന്. അവിടെയുള്ള തുന്‍ഗുറഹുവ അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ ക്രിസ് തൊവാല ഒലിവറിസ് പകര്‍ത്തിയ ചിത്രം. ഫെബ്രുവരി ഒന്നിന് പ്രസിദ്ധീകരിക്കപ്പെട്ടു.
ഉക്രൈനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെയുള്ള ദൃശ്യം. കീവ് നഗരത്തില്‍ പ്രക്ഷോഭകര്‍ക്കെതിരായി സ്ഥാപിച്ച ബാരിക്കേഡിന് അരികെ കാവല്‍ നില്‍ക്കുകയാണ് ഈ പ്രക്ഷോഭകര്‍. ഇ.പി.എ ഫോട്ടോഗ്രാഫര്‍ മാക്സിം ഷിപെന്‍കോവ് പകര്‍ത്തിയ ദൃശ്യം. ഫെബ്രുവരി ഒന്നിന് പ്രസിദ്ധീകരിക്കപ്പെട്ടു.
ഉണ്ണിയേശുവിന്റെ രൂപത്തില്‍ അവസാന മിനുക്കു പണികള്‍. മെക്സിക്കോ നഗരത്തിലെ ഇസ്റ്റാപാല്‍പ ബറോയില്‍ നടക്കുന്ന ആഘോഷത്തിനായി തയ്യാറാക്കിയതാണ് ഈ ഉണ്ണിയേശുവിന്റെ രൂപം. റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ തോമസ് ബ്രാവോ പകര്‍ത്തിയ ചിത്രം. ഫെബ്രുവരി ഒന്നിന് പ്രസിദ്ധീകരിക്കപ്പെട്ടു.
പാക് തലസ്ഥാനമായ ഇസ്ലാമബാദിലെ അഫ്ഗാന്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് ഈ പെണ്‍കുട്ടി. ദുരിതങ്ങളുടെയും അരക്ഷിതാവസ്ഥയുടെയും കാര്‍മേഘങ്ങള്‍ക്കിടയിലും കുട്ടികള്‍ക്കു മാത്രം കഴിയുന്ന സന്തോഷ നേരങ്ങളിലാണ് ഈ കുട്ടി. എ.പി ഫോട്ടോഗ്രാഫര്‍ മുഹമ്മദ് മുഹ്സിന്‍ പകര്‍ത്തിയ ചിത്രം. ഫെബ്രുവരി രണ്ടിന് പ്രസിദ്ധീകരിക്കപ്പെട്ടു.
പരസ്പരം പോരടിക്കുന്ന രണ്ട് വിത്തുകുതിരകള്‍. ചൈനയിലെ ഗുവാങ്സി പ്രവിശ്യയിലെ ടിയാന്‍റ്റു ഗ്രാമത്തില്‍ അശ്വവര്‍ഷത്തിനോടനുബന്ധിച്ച് നടന്ന കുതിരപ്പോരില്‍നിന്നുള്ള ചിത്രം. എ.എഫ്.പി ഫോട്ടോഗ്രാഫര്‍ മാര്‍ക് റാല്‍സ്റ്റന്‍ പകര്‍ത്തിയ ചിത്രം. ഫെബ്രുവരി രണ്ടിന് പ്രസിദ്ധീകരിക്കപ്പെട്ടു.
ഇസ്രായേലിലെ തെക്കന്‍ തെല്‍ അവീവിലെ ലെവിന്‍സ്കി പാര്‍ക്കില്‍നിന്നുള്ള ദൃശ്യം. ഇവിടെ പ്രതഷേധത്തിന് എത്തിയ ആഫ്രിക്കന്‍ അഭയാര്‍ത്ഥികള്‍ തണുപ്പകറ്റാന്‍ ഒരേ പുതപ്പു പുതച്ചിരിക്കുകയാണ്. ഇ.പി.എ ഫോട്ടോഗ്രാഫര്‍ ഒലിവര്‍ വെയ്കന്‍ പകര്‍ത്തിയ ചിത്രം. ഫെബ്രുവരി മൂന്നിന് പ്രസിദ്ധീകരിക്കപ്പെട്ടു.
റഷ്യയിലെ സോചിയില്‍നിന്നുള്ള ദൃശ്യം. ഇവിടെ നടക്കാനിരിക്കുന്ന ശൈത്യകാല ഒളിമ്പിക്സിനായി തയ്യാറാക്കിയ കെട്ടിടത്തിനു മീതെ നിന്ന് ആകാശത്തേക്കു തല ചെരിക്കുന്ന തൊഴിലാളിയുടെ ചിത്രം പകര്‍ത്തിയത് എ.പി ഫോട്ടോഗ്രാഫര്‍ വോങ് മായേ. ഫെബ്രുവരി നാലിന് പ്രസിദ്ധീകരിച്ചു.
മഞ്ഞു മൂടിയ മരങ്ങള്‍ക്കടുത്തുള്ള വര്‍ണപ്പകിട്ടേറിയ തേനിച്ച കൂട്. സ്ലോവേനിയയിലെ രകിത്നിക്കില്‍നിന്നുള്ള ദൃശ്യം. റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ സ്ജാന്‍ സിവുലോവിയോ പകര്‍ത്തിയതാണ് ഈ മനോഹരമായ കാഴ്ച. ഫെബ്രുവരി നാലിന് പ്രസിദ്ധീകരിക്കപ്പെട്ടു.
പത്തു വയസ്സുകാരനായ ജിയോ വനി മൌഗോനുവിന് ഇരുകാലുകളുമില്ല. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ബോയ് റാബേ ജില്ലയിലെ പള്ളിക്കു നേരെ വിമത സൈന്യം നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഈ ബാലനു കാലുകള്‍ നഷ്ടമായത്. വീല്‍ ചെയറില്‍ വീട്ടിലേക്കു പോവുന്ന ജിയോവനിയുടെ ചിത്രം പകര്‍ത്തിയത് റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ സീഗ്ഫ്രൈ മഡോല. ഫെബ്രുവരി നാലിന് പ്രസിദ്ധീകരിക്കപ്പെട്ടു.
മധ്യ ആഫ്രിക്കന്‍ രാജ്യമായ ബാന്‍ഗുയിയില്‍ നിന്നുള്ള കൊടുംക്രൂരതയുടെ ദൃശ്യം. മുന്‍ വിമത സൈനികനാണെന്ന് ആരോപിച്ച് സൈനികര്‍ ഒരു യുവാവിനെ അതിക്രൂരമായി മര്‍ദ്ദിക്കുന്നു.എ.എഫ്.പി ഫോട്ടോഗ്രാഫര്‍ ഇസൂഫ് സാന്‍ഗോല്‍ പകര്‍ത്തിയ ദൃശ്യം. ഫെബ്രുവരി അഞ്ചിന് പ്രസിദ്ധീകരിക്കപ്പെട്ടു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പ്രതിവാര പൊതു സമ്മേളനത്തിന് എത്തിയ പോപ് ഫ്രാന്‍സിസ് താഴെ കാത്തിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കായി ചുംബനമെറിയുന്നു. എ.എഫ്.പി ഫോട്ടോഗ്രാഫര്‍ വിന്‍സെന്‍സോ പിന്റോ പകര്‍ത്തിയ ചിത്രം. ഫെബ്രുവരി അഞ്ചിന് പ്രസിദ്ധീകരിക്കപ്പെട്ടു.
കൊടും മഞ്ഞിനു നടുവില്‍ അടിവസ്ത്രം മാത്രം ധരിച്ചു നില്‍ക്കുന്ന ഈ മനുഷ്യന്‍ ഒരു ശില്‍പ്പമാണ്. വെല്ലസ്ലിയിലെ ഒരു കോളജ് കാമ്പസില്‍ നിര്‍മിച്ച ഈ ശില്‍പ്പത്തിന് എതിരെ പ്രതിഷേധം ഉയരുന്നുണ്ട്. എ.പി ഫോട്ടോഗ്രാഫര്‍ സ്റ്റീവന്‍ സെന്‍ പകര്‍ത്തിയ ചിത്രം. ഫെബ്രുവരി അഞ്ചിന് പ്രസിദ്ധീകരിക്കപ്പെട്ടു.
കുരുമുളക് സ്പ്രേയില്‍നിന്ന് രക്ഷപ്പെടാന്‍ സഹപാഠിയുടെ കണ്ണില്‍ പാലൊഴിക്കുകയാണ് ഈ വിദ്യാര്‍ത്ഥികള്‍. കൊസോവയിലെ പ്രിസ്റ്റിന സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍തഥി പ്രക്ഷോഭത്തിനെതിരെ പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിക്കുകയായിരുന്നു. എ.പി ഫോട്ടോഗ്രാഫര്‍ വിസാര്‍ ക്രെസിയു പകര്‍ത്തിയ ചിത്രം ഫെബ്രുവരി ആറിനാണ് പ്രസിദ്ധീകരിച്ചത്. www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment