Sunday, 1 September 2013

[www.keralites.net] വന്‍മതിലിന്റെ വര്‍ത്തമാനങ്ങള്‍

 

വന്‍മതിലിന്റെ വര്‍ത്തമാനങ്ങള്‍


ഇന്‍ഡോറില്‍ ജനിച്ച് ബെംഗലൂരുവില്‍ വളര്‍ന്ന രാഹുല്‍ ദ്രാവിഡ് ഇന്ത്യയില്‍ ജനിച്ച് ലോകക്രിക്കറ്റിന്റെ മടിത്തട്ടില്‍ വളര്‍ന്ന ബാറ്റ്‌സ്മാന്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന മഹാമേരുവിന്റെ മുന്‍പില്‍ മാത്രം രണ്ടാമനായിപ്പോകുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രതിഭാസങ്ങളില്‍ ഒന്ന്. 1996-ല്‍ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ 95 റണ്ണുകളെടുത്ത് നില്ക്കുമ്പോള്‍ ക്രിസ് ലൂയിസിന്റെ പന്ത് ബാറ്റിന്റെ അരികില്‍ മുട്ടി എന്ന് സ്വയം സമ്മതിച്ച് തിരിഞ്ഞുനടന്ന മാന്യതയുടെ ആവരണം ദ്രാവിഡിന്റെ സ്വാഭാവികതകളില്‍ ഒന്നു മാത്രമായിരുന്നു. ഒരിക്കല്‍പ്പോലും ആ പദവിക്ക് യോജിക്കാത്ത വാക്കോ നോട്ടമോ രാഹുല്‍ ദ്രാവിഡില്‍ നിന്നും നാം കണ്ടിട്ടില്ല. ഈ പുസ്തകത്തില്‍ ഇത് മറ്റു ചിലരുടെയെങ്കിലും കാര്യത്തില്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ അത് സ്വാഭാവികമായി കണക്കാക്കണം. കാരണം, ഇന്ത്യന്‍ ക്രിക്കറ്റിലെ പല മഹാരഥികളും മാന്യതയുടെ കാര്യത്തില്‍ സ്വയം മത്സരിച്ച ഒരു കാലത്തിന്റെ വക്താവാണ് ദ്രാവിഡ്. ഒരിക്കലും സ്വന്തം താല്പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിട്ടില്ലാത്ത ക്രിക്കറ്റ് ജീവിതമാണ് ദ്രാവിഡ് നയിച്ചത്. ഏകദിന ക്രിക്കറ്റില്‍ ടീമിന്റെ ആവശ്യം മുന്‍നിര്‍ത്തി മാത്രമാണ് ഒട്ടും വഴങ്ങാത്ത വിക്കറ്റ് കീപ്പിങ്ങ് ജോലി ദ്രാവിഡ് സ്വമേധയാ ഏറ്റെടുക്കുന്നത്. കഠിനാധ്വാനംകൊണ്ട് നിലനിന്നുപോന്നിട്ടുള്ളവരെ ജീനിയസ് എന്ന് വിളിക്കാന്‍ നമുക്ക് പലപ്പോഴും മടിയാണ്. ദ്രാവിഡിന്റെ കാര്യത്തില്‍(കുംബ്ലെയുടെയും) അത് മാറ്റിവെച്ചേ മതിയാവൂ. ആ വിശേഷണത്തിന് എല്ലാംകൊണ്ടും യോഗ്യനായ ബാറ്റ്‌സ്മാന്‍തന്നെയാണ് ദ്രാവിഡ്. ചുരുങ്ങിയപക്ഷം, 24000ത്തിലധികം റണ്ണുകളെങ്കിലും അതിനുള്ള സാക്ഷ്യം പറയും.
ഇന്ത്യയിലെ നഗരങ്ങളില്‍ ദേശീയ ക്രിക്കറ്റ് താരങ്ങളെ തേടിച്ചെല്ലുമ്പോഴുള്ള പൊതുവായ അനുഭവം അവര്‍ക്കു പിന്നില്‍ ഓടിത്തളരുക എന്നതാണ്. മത്സരങ്ങളോ ക്യാമ്പുകളോ ഇല്ലാത്ത വിശ്രമവേളകളില്‍പ്പോലും അവര്‍ക്ക് തിരക്കായിരിക്കും. സ്വീകരണച്ചടങ്ങുകള്‍, പരസ്യങ്ങളുടെ ഷൂട്ടിങ്... അവരെ ഫോണില്‍ കിട്ടിയെന്നും വരില്ല. ഓരോ ഇന്ത്യന്‍ ക്രിക്കറ്ററും അവരുടെ നഗരത്തിലെ രാജകുമാരന്മാര്‍തന്നെ. അഭിമുഖത്തിന് അനുവദിച്ച സമയം രണ്ടുതവണയെങ്കിലും തെറ്റിച്ചിരിക്കും. പക്ഷേ, രാഹുല്‍ ദ്രാവിഡ് എന്നും ഈ പതിവുരീതികള്‍ക്ക് അപവാദമായിരുന്നു. അഭിമുഖത്തിന് പറഞ്ഞസമയത്ത്, പറഞ്ഞസ്ഥലത്ത് കൃത്യമായി രാഹുല്‍ എത്തിയിരിക്കും. 'എന്റെ സമയം എന്നപോലെ നിങ്ങളുടെ സമയവും വിലപ്പെട്ടതാണ്.' രാഹുലിന്റെ പ്രവൃത്തികളിലും ചേഷ്ടകളിലും സംസാരത്തിലും എല്ലാം ഈയൊരു ജനാധിപത്യ സ്വഭാവമുണ്ട്. ഇന്ദ്രാനഗറിലെ 'സൃഷ്ടി' എന്ന വീട്ടില്‍ ചെന്നാണ് മുന്‍പ് പലതവണ രാഹുലിനെ കണ്ടത്. ഇത്തവണ ചെന്നപ്പോള്‍ അവിടെ അച്ഛന്‍ ശരദും അമ്മ പുഷ്പയും മാത്രമേയുള്ളൂ. രാഹുല്‍ കുറെക്കൂടി അകലെയുള്ള ഫ്ലറ്റിലേക്ക് മാറിയിരിക്കുന്നു. ഭാര്യ വിജേതയും മകന്‍ സമിതും ഒപ്പമുണ്ട്. രണ്ടു മണിക്കൂര്‍ ശരദിനും പുഷ്പയ്ക്കും ഒപ്പം 'സൃഷ്ടി'യില്‍ ചെലവഴിച്ചപ്പോള്‍ രാഹുല്‍ വീട് മാറിയതിന്റെ കാരണം മനസ്സിലായി. ആ സമയത്തിനുള്ളില്‍ അഞ്ചോ ആറോ സന്ദര്‍ശകരെത്തി രാഹുലിനെ അന്വേഷിച്ച്. ഒപ്പം ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫിനും പൊതുചടങ്ങുകള്‍ക്ക് ക്ഷണിക്കാനുമായി പലരും വരുന്നു. ആരോടും മുഖം കറുപ്പിക്കാതെ, രാഹുല്‍ വീട്ടിലില്ലെന്നും വരുമ്പോള്‍ കാര്യം പറയാമെന്നും പറഞ്ഞ് ശരദ് അവരെ തിരിച്ചയയ്ക്കുന്നു. ശരദ് രാഹുലിനെ ഫോണില്‍ വിളിച്ചു തന്നു. അടുത്തദിവസം രാവിലെ ഒന്‍പതുമണിക്ക് ചിന്നസ്വാമി സ്‌റ്റേഡിയത്തിലെത്താനായിരുന്നു രാഹുലിന്റെ നിര്‍ദേശം. ഞങ്ങള്‍ അല്പം നേരത്തേ എത്തി. രാഹുല്‍ കൃത്യം ഒന്‍പതുമണിക്കും. വാക്കിനും സമയത്തിനും രാഹുലിന് വിലയുണ്ട്.

ഓടിക്കിതച്ച് വിയര്‍ത്താണ് രാഹുലിന്റെ വരവ്. ട്രെയ്‌നിങ് ഷോര്‍ട്‌സും ബനിയനുമാണ് വേഷം. രാവിലത്തെ വ്യായാമത്തിലായിരുന്നു. വിയര്‍പ്പ് തുടച്ച് അഭിമുഖത്തിന് തയ്യാറെടുത്ത് രാഹുല്‍ ഇരുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം വളരെ പെട്ടെന്നാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതീര്‍ക്കും. അല്ലെങ്കില്‍ അധികം ചോദ്യങ്ങള്‍ ആവശ്യമില്ല. പറയാനുള്ളത് രാഹുല്‍ പറയുന്നുണ്ട്. കാര്യങ്ങള്‍ വളരെ വ്യക്തവുമാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദീര്‍ഘകാലം കളിക്കുക എന്നത് കഠിനമായ ദൗത്യമാണ്. രാഹുലിന്റെ വ്യക്തിജീവിതത്തെ അത് എത്രത്തോളം ബാധിച്ചിരുന്നു ?


ശരിയാണ്, തിരക്കുള്ളതായിരുന്നു എന്റെ ദിവസങ്ങള്‍. കൂടുതല്‍ സമയം ക്രിക്കറ്റിനുവേണ്ടി, പ്ലാനിങ്ങിനുവേണ്ടി നീക്കിവെക്കണം. ക്യാപ്റ്റനായിരുന്നപ്പോള്‍ കുറെക്കൂടി കഠിനമായിരുന്നു കാര്യങ്ങള്‍. ടീമിനെക്കുറിച്ചോ മാച്ചുകളെക്കുറിച്ചോ മാത്രം ചിന്തിച്ചാല്‍പോരാ. ട്രെയ്‌നിങ് ക്യാമ്പുകള്‍, ടൂര്‍ പ്രോഗ്രാമുകള്‍ എല്ലാം തീരുമാനിക്കേണ്ടിയിരുന്നു. സമയത്തിന് വിലയേറും. അല്ലെങ്കില്‍ സമയം പോരാതെവരും.

ഒപ്പം സമ്മര്‍ദങ്ങളും അല്ലേ?


സ്വന്തം കളിയെക്കുറിച്ചും, ബാറ്റിങ്ങിനെക്കുറിച്ചുമുള്ള ചിന്തകളും അതുവഴി ഉണ്ടാവുന്ന സമ്മര്‍ദവും. ടീമിന്റെ ക്യാപ്റ്റനായിരുന്ന സമയത്ത് ടീമിലെ എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നു, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള പ്രഷര്‍ ഉണ്ടായിരുന്നു. മാനസികമായും ശാരീരികമായും കൂടുതല്‍ അധ്വാനം വേണ്ടിവന്നു. അന്താരാഷ്ട്രതലത്തില്‍ ക്രിക്കറ്റ് കളിക്കുക എന്നത് വെല്ലുവിളികള്‍ നിറഞ്ഞ ജോലിയാണ്. പക്ഷേ, ആ വെല്ലുവിളികള്‍ ഞാന്‍ ആസ്വദിച്ചു.

ടീമിലെ ജൂനിയര്‍ താരങ്ങള്‍ പറഞ്ഞു കേട്ടിട്ടുണ്ട് , രാഹുല്‍ അവരെ ഒരുപാട് സഹായിച്ചുവെന്നൊക്കെ. അവര്‍ക്കിടയില്‍ രാഹുല്‍ വലിയ ഹിറ്റായിരുന്നു. ടീമിലെ യുവതാരങ്ങളെ പ്രചോദിപ്പിക്കാനും മാനേജ് ചെയ്യാനും പ്രത്യേക രീതികള്‍ രാഹുലിനുണ്ടോ?
അങ്ങനെ പ്രത്യേക രീതിയോ ഫോര്‍മുലയോ അല്ല. ഓരോരുത്തരും വ്യത്യസ്തരായ വ്യക്തികളാണ്. അവരെ ഒരേ കാഴ്ചപ്പാടില്‍ വിലയിരുത്താനോ വഴിതിരിച്ചുവിടാനോ പറ്റില്ല. ചെറിയ കുട്ടികളെ നോക്കൂ, കാര്യങ്ങള്‍ അവര്‍ പഠിക്കുന്നത് എങ്ങനെയാണ്? മുതിര്‍ന്നവരെ കണ്ടാണ്. ടീമില്‍ പുതുതായി എത്തുന്നവരെയും ഇങ്ങനെ പഠിക്കാന്‍ അനുവദിക്കണം. അല്ലാതെ അവര്‍ക്ക് നമ്മള്‍ ഉപദേശങ്ങള്‍ കൊടുക്കേണ്ട ആവശ്യമില്ല. എന്തു ചെയ്യണം, എന്ത് ചെയ്യരുത് എന്ന് അവര്‍ സ്വയം പഠിച്ചോളും. അതിനുള്ള അവസരം നല്കിയാല്‍ മതി. മുതിര്‍ന്ന കളിക്കാരുടെ പെരുമാറ്റം, ഫീല്‍ഡില്‍ അവരുടെ സമീപനം-സ്വാഭാവികമായും അവര്‍ നിരീക്ഷിക്കുന്നുണ്ടാവും. അവരത് കണ്ടുപഠിക്കും. അതുകൊണ്ടുതന്നെ യുവതാരങ്ങളെ ഇന്‍സ്​പയര്‍ചെയ്യാനുള്ള നല്ല മാര്‍ഗം, എന്റെ ജോലി ഏറ്റവും മികച്ച രീതിയില്‍ ഞാന്‍ ചെയ്യുക എന്നതാണ്. എങ്കിലേ അവരും അങ്ങനെ ചെയ്യൂ. ഓരോരുത്തരുമായി സംസാരിക്കാനും കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാനും സന്തോഷമേ ഉള്ളൂ. എങ്കിലും ഏറ്റവും നല്ല രീതി അവരെ സ്വതന്ത്രരായി വിടുക, കണ്ടുപഠിക്കാന്‍ അനുവദിക്കുക എന്നതാണ്.

രാഹുല്‍ ക്രിക്കറ്റര്‍ മാത്രമല്ല, ഒരച്ഛനാണ്, ഭര്‍ത്താവാണ്, മകനാണ്. തിരക്കോടു തിരക്ക്. എങ്ങനെയായിരുന്നു ഇതിനനുസരിച്ച് ജീവിതചര്യ ചിട്ടപ്പെടുത്തിയത് ?


എല്ലാ ദിവസവും ഒരുപോലാവില്ലല്ലോ. വ്യത്യസ്തമായ ഷെഡ്യൂള്‍ ആയിരിക്കും.
എനിക്ക് പരിഗണനയും ശ്രദ്ധയും ആവശ്യമുള്ള ഒരു കുടുംബം ഉണ്ട്. അവര്‍ക്കു വേണ്ടി സമയം ചെലവഴിച്ചേ തീരൂ. മക്കളുടെ വളര്‍ച്ച അരികില്‍ നിന്നു കാണുന്നത് ഒരച്ഛന്‍ എന്ന നിലയില്‍ എന്റെ ഏറ്റവും വലിയ ആഹ്ലാദമാണ്, കടമയാണ്. പിന്നെ ഭാര്യയ്ക്കു വേണ്ടിയും സമയം കണ്ടെത്തണം. അതിനിടയിലും ക്രിക്കറ്റിന്റെ കാര്യങ്ങള്‍ ശ്രദ്ധിച്ചേ തീരൂ. കാരണം, അതെന്റെ പ്രൊഫഷനാണ്. തീര്‍ച്ചയായും കടുത്ത ഷെഡ്യൂള്‍. വലിയ വിഷമം, പുറത്തുപോവാനും കൂട്ടുകൂടാനും സുഹൃത്തുക്കള്‍ക്കൊപ്പം ചെലവിടാനും അധികം സമയം കിട്ടില്ല എന്നതാണ് . രാത്രിയിലൊക്കെയേ അതിനു സമയം കിട്ടൂ. എന്തൊക്കെ വന്നാലും രാവിലെയും വൈകുന്നേരവും ട്രെയ്‌നിങ് മുടക്കാറില്ല. അതിനിടയിലെ സമയം മിക്കവാറും കുടുംബത്തിനായി ചെലവഴിക്കും.

ഏകാഗ്രതയും ക്ഷമാശീലവും ബാറ്റ്‌സ്മാനെന്ന നിലയില്‍ രാഹുലിന്റെ വലിയ ഗുണങ്ങളാണ്. കളിയില്‍ മാത്രമായി ഉള്ളതാവില്ല അത്. ജീവിതത്തിലും കാണുമല്ലോ. എങ്ങനെയാണ് ഈ ഗുണങ്ങള്‍ വളര്‍ത്തിയെടുത്തത്?


അത് മിക്കവാറും നൈസര്‍ഗികമായിത്തന്നെ ലഭിച്ചതാണ്. ചെറുപ്പത്തിലേ ശരിയായ ലക്ഷ്യബോധം എനിക്കുണ്ടായിരുന്നു. ഒരുസമയത്ത് ഒരു കാര്യത്തില്‍ത്തന്നെ ശ്രദ്ധചെലുത്താനുള്ള കഴിവ്. പിന്നെ ബാറ്റ് ചെയ്യുമ്പോഴുള്ള ഏകാഗ്രത. അത് നെറ്റ് പ്രാക്ടീസിലൂടെ വളര്‍ത്തിയെടുത്തതുകൂടിയാണ്. നിരന്തര പരിശീലനങ്ങളിലൂടെ ഉണ്ടാക്കിയതാണ്. ഒരു കാലത്ത് നെറ്റ്‌സില്‍ ഞാന്‍ വളരെ കഠിനമായി അധ്വാനിച്ചിരുന്നു. ഏറെ നേരം ബാറ്റിങ് പരിശീലിച്ചുകൊണ്ടിരുന്നു. നെറ്റ്‌സില്‍ ഏകാഗ്രത ഉണ്ടാവുക എന്നത് വിഷമകരമാണ്. നെറ്റ്‌സില്‍ അതിനു കഴിഞ്ഞാല്‍ മാച്ചിലും അതു സാധിക്കും. അതിനെല്ലാം പുറമെ ചില റിലാക്‌സേഷന്‍ ടെക്‌നിക്കുകളും ഉണ്ട്. മനസ്സിനെയും ശരീരത്തെയും പൂര്‍ണമായി ഫോക്കസ്ഡ് ആക്കി നിര്‍ത്താന്‍ അത് സഹായിക്കും.

രാഹുല്‍ നല്ല വായനക്കാരനാണ്. യാത്രക്കാരനും. ഒപ്പം വന്യമൃഗങ്ങളുടെ ജീവിതം ആസ്വദിക്കുന്ന പതിവുമുണ്ട്. ഇതെല്ലാം കരിയറില്‍, പ്രൊഫഷനില്‍ ഗുണംചെയ്യുന്ന കാര്യങ്ങളാണോ?


ചില സമയത്ത് നമ്മള്‍ക്ക് ക്രിക്കറ്റില്‍നിന്ന്, മത്സരങ്ങളില്‍നിന്ന് പൂര്‍ണമായി സ്വിച്ച്ഓഫ് ചെയ്യണമെന്നു തോന്നും. അത് ആവശ്യമാണ്. ഏത് ജോലിക്കിടയിലും റിലാക്‌സേഷന്‍ വേണമല്ലോ. അപ്പോള്‍ വായനയും യാത്രയും എല്ലാം ഏറെ സഹായിക്കും. ക്രിക്കറ്റിനെക്കുറിച്ചുതന്നെ ചിന്തിച്ച് സമ്മര്‍ദം ഏറിവരുന്ന ഘട്ടത്തില്‍ മനസ്സിനെ മാറ്റിയെടുക്കാന്‍ വായനപോലെ നല്ല വഴി വേറെയില്ല. ഇക്കാര്യത്തില്‍ എന്റെ കുടുംബവും എന്നെ സഹായിച്ചിട്ടുണ്ട്. യാത്രയും വന്യജീവിതം ആസ്വദിക്കുന്നതും എല്ലാം ഇങ്ങനെ റിലാക്‌സ് ചെയ്യാനുള്ള വഴികളാണ്.

ഭാര്യയുടെ സ്വാധീനം ജീവിതത്തിലും കരിയറിലും എത്രത്തോളമുണ്ട്?


(ചോദ്യം ആസ്വദിച്ചിട്ടെന്നപോലെ രാഹുലിന്റെ മുഖത്ത് ഒരു ചെറുചിരി വിടര്‍ന്നു. അല്പം ആലോചിച്ചശേഷമാണ് മറുപടി.) എന്റെ ജീവിതത്തിന്റെ ഭാഗമാണ് അവള്‍. ഒരു ഇന്റര്‍നാഷണല്‍ ക്രിക്കറ്ററുടെ ഭാര്യയാവുക എന്നത് എളുപ്പമല്ല. കൂടുതല്‍ സമയവും വീട്ടില്‍നിന്ന് അകന്നുനില്ക്കണം. നിരന്തരയാത്രകള്‍ വേണം. വിജേത ഒരു ഡോക്ടറാണ്. അവളുടെ പ്രൊഫഷനില്‍നിന്ന് ബ്രെയ്ക്ക് എടുത്താണ് എന്റെ കൂടെ വരുന്നത്. ഇങ്ങനെ ജോലിയില്‍നിന്ന് വിട്ടുനില്‌ക്കേണ്ടിവരുന്നത്, ജോലി ചെയ്യാതിരിക്കുന്നത് തീര്‍ച്ചയായും വിഷമകരമായിരിക്കും. പക്ഷേ, അവള്‍ എപ്പോഴും എന്റെ ഒപ്പം യാത്രചെയ്യുന്നത്, എനിക്കൊപ്പം ഉണ്ടാവുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. എന്റെ മക്കളെ എനിക്ക് എപ്പോഴും കാണാനാവുന്നത് അതുകൊണ്ടാണല്ലോ. എന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് വിജേത.

ടെസ്റ്റും ഏകദിനങ്ങളും മാറിമാറി കളിക്കേണ്ടിവരുമ്പോള്‍ ഏതൊരു ബാറ്റ്‌സ്മാനും ബാറ്റിങ് ടെക്‌നിക്കുകളില്‍ ചില അഡ്ജസ്റ്റ്‌മെന്റുകള്‍ വേണ്ടിവരില്ലേ?


ഏകദിനങ്ങളില്‍ കുറെക്കൂടി പോസിറ്റീവായി കളിക്കണം. ടെസ്റ്റിനെ അപേക്ഷിച്ച് കുറെക്കൂടി വേഗത വേണം. ടെസ്റ്റില്‍ ചെയ്യുന്ന അതേകാര്യം കുറെക്കൂടി വേഗത്തില്‍ ഏകദിനങ്ങളില്‍ ചെയ്യണം. സംഭവങ്ങള്‍ കൂടുതല്‍ വേഗത്തില്‍ നടക്കണം. അതല്ലാതെ അടിസ്ഥാനപരമായി വലിയ മാറ്റമില്ല. ടെക്‌നിക്കുകള്‍ എല്ലാം ഒന്നുതന്നെ. സമീപനത്തിലാണ് മാറ്റം വേണ്ടത്.

ടെസ്റ്റിലും ഏകദിനത്തിലും രാഹുല്‍ 10000 റണ്‍സ് നേടിയിട്ടുണ്ട്. രാഹുലിനെ സച്ചിനും ലാറയുമായെല്ലാം താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് എന്തു തോന്നുന്നു ?


(ചോദ്യം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെതന്നെ രാഹുല്‍ ഇടപെടുന്നു.) ഞാനീ താരതമ്യങ്ങള്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല. അംഗീകരിക്കുകയുമില്ല. ഞാന്‍ എന്റെ ശൈലിയില്‍ കളിച്ചു, പരമാവധി റണ്‍സെടുത്തു , അത്ര മാത്രം. അല്ലാതെ ആരുമായും എന്നെ താരതമ്യം ചെയ്യുന്നത് എനിക്കിഷ്ടമല്ല. പിന്നെ പതിനായിരം റണ്‍സ് പോലുള്ള നാഴികക്കല്ലുകള്‍ പിന്നിടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇത് നല്ല മുഹൂര്‍ത്തങ്ങളാണ്. കുറച്ചുനേരം സന്തോഷിക്കാന്‍ അവസരം തന്നിരുന്നു. പിന്നെ എങ്ങനെ കുടുതല്‍ മുന്നോട്ടുപോവാം, അടുത്തത് എന്താണ് എന്നൊക്കെയാണ് ചിന്തിച്ചത്. ഒരു സ്‌പോര്‍ട്‌സ്മാന്‍ ചെയ്യേണ്ടത് അങ്ങനെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ത്തന്നെ ഉയര്‍ന്ന ബാറ്റിങ് ശരാശരിയുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്കിടയില്‍ രാഹുലുണ്ട് . ലോക ക്രിക്കറ്റില്‍ സമീപകാലത്ത് ഉദയംകൊണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി രാഹുലിനെ വിലയിരുത്തുന്നവരുണ്ട്.


നോക്കൂ, ഇത്തരം കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറേയില്ല. മറ്റുള്ളവര്‍ എന്ത് പറയുന്നു. അവരുടെ കണ്ണില്‍ എന്താണ് എന്റെ ലെവല്‍ എന്നൊന്നും ഗൗനിക്കാറില്ല. എന്നെ സംബന്ധിച്ചിടത്തോളം അതിന് ഒട്ടും പ്രാധാന്യമില്ല. എന്റെ കളി, ബാറ്റിങ് എങ്ങനെ മെച്ചപ്പെടുത്താം എന്നതു മാത്രമായിരുന്നു ഞാന്‍ ചിന്തിച്ചത്. പിന്നെ ബാറ്റിങ് ശരാശരി എത്രയാണെന്നും നോക്കിയിട്ടേയില്ല. എന്റെ പൊട്ടന്‍ഷ്യല്‍ ആണ് പ്രധാനം. എന്റെ പൊട്ടന്‍ഷ്യല്‍ 55 ആണെങ്കില്‍ ആവറേജ് 55 ആവും. 60 ആണെങ്കില്‍ ആവറേജ് 60 ആവും. ക്രിക്കറ്റ് കരിയറിനെ ഒരു യാത്രയായാണ് കണ്ടത്. അതിനിടയില്‍ ലഭിച്ച ലേബലുകളില്‍ വലിയ കാര്യമുണ്ടോ? എനിക്ക് അങ്ങനെ തോന്നുന്നില്ല.

എങ്കിലും പതിനായിരം റണ്ണിനു വേണ്ടിയെല്ലാം ഒരു കാത്തിരിപ്പ് ഉണ്ടായിരുന്നില്ലേ ?


സത്യം പറയാം, അങ്ങനെ ഒരു കാത്തിരിപ്പും എന്നെ സംബന്ധിച്ചിടത്തോളം ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇത്തരം അക്കങ്ങളില്‍, കണക്കുകളില്‍ വലിയ താല്‍പ്പര്യമുണ്ട്. അതുകൊണ്ടാണ് പതിനായിരത്തിനും പതിനൊന്നായിരത്തിനുമെല്ലാം വലിയ പ്രാധാന്യം ലഭിച്ചത്. സത്യത്തില്‍ പതിനായിരത്തോടെ ഒരു ബാറ്റ്‌സ്മാന്റെയും ജീവിതം അവസാനിക്കുന്നില്ലല്ലോ? കൂടുതല്‍ നേടാനുമുണ്ട്. കളിച്ചുകൊണ്ടേയിരിക്കുക, പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുക. അങ്ങനെയായിരുന്നു ഞാന്‍ ചിന്തിച്ചത്. 10000 എന്നത് 8000ഉം 9000ഉം പോലെ ഒരു അക്കം മാത്രമായിരുന്നു എനിക്ക്.

അടിസ്ഥാനപരമായി രാഹുല്‍ ഒരു മധ്യനിര ബാറ്റ്‌സ്മാനാണ്. എന്നാല്‍ ലോകകപ്പ് ഉള്‍പ്പെടെ 70ലധികം മാച്ചുകളില്‍ വിക്കറ്റ് കീപ്പറായി. വിഷമകരമായിരുന്നില്ലേ അത്?


ഞാന്‍ സ്‌കൂള്‍തലത്തില്‍ കളിക്കുമ്പോള്‍ വിക്കറ്റ് കീപ്പ് ചെയ്തിരുന്നു. എന്നാല്‍ അന്താരാഷ്ട്ര മാച്ചുകളില്‍ അത് അത്ര എളുപ്പമായിരുന്നില്ല.ആ റോള്‍ ഏറ്റെടുക്കേണ്ടിവന്നപ്പോള്‍ അതിനുവേണ്ടി കഠിനമായി അധ്വാനിച്ചു. അപ്പോള്‍ അത് ടീമിന്റെ ആവശ്യമായിരുന്നല്ലോ. ഫിറ്റ്‌നസ്, പ്രത്യേകിച്ച് ലോവര്‍ബോഡി സ്‌ട്രെങ്ത്, സഹനശക്തി എന്നിവ മെച്ചപ്പെടുത്താനുള്ള ട്രെയ്‌നിങ്ങുകളായിരുന്നു അന്ന് കൂടുതലും ചെയ്തത്. അതെന്റെ ബാറ്റിങ്ങിനെയും തുണച്ചു എന്നാണ് തോന്നിയിട്ടുള്ളത്.

മിഡില്‍ ഓഡര്‍ ബാറ്റ്‌സ്മാനായ രാഹുലിന് പലപ്പോഴും ഇന്ത്യന്‍ ടീമിനുവേണ്ടി ഓപ്പണ്‍ ചെയ്യേണ്ടിയും വന്നു.


ടീമില്‍നിന്ന് ഏറ്റവും മികച്ച റിസള്‍ട്ട് ഉണ്ടാക്കിയെടുക്കേണ്ടത് എങ്ങനെ എന്ന അന്വേഷണം നിരന്തരം നടന്നിരുന്നു. ഏറ്റവും മികച്ച കോമ്പിനേഷന്‍ ഏതാണ്, ഗെയിംപ്ലാന്‍ എങ്ങനെ ആയിരിക്കണം എന്നെല്ലാം പരീക്ഷിച്ച് അറിയാനുള്ള ശ്രമം പല മാച്ചുകളിലും ഉണ്ടാവും. എല്ലാ സാധ്യതകളും പരീക്ഷിച്ച് അറിയണം. അതിന്റെ ഭാഗമായി ചില മാച്ചുകളില്‍ ഞാന്‍ ഓപ്പണ്‍ ചെയ്തിരുന്നു. പിന്നെ ടീമിന് ആവശ്യം വരുമ്പോള്‍ ഏത് റോളും സ്വീകരിക്കേണ്ടി വരുമെന്ന കാര്യം ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു.

രാഹുലിന് റോള്‍മോഡലുകള്‍ ഉണ്ടോ?


കരിയറില്‍, ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ ഒട്ടേറെ വ്യക്തികള്‍ ഉണ്ട്. ചെറുപ്പത്തില്‍ ഗാവസ്‌കറും കപില്‍ദേവും വിശ്വനാഥും എന്റെ വലിയ ഹീറോകളായിരുന്നു. പിന്നെ മുതിര്‍ന്നപ്പോള്‍ അനില്‍ കുംബ്ലെയ്ക്കും സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കുമൊപ്പം കളിക്കാനും അവരെ നിരീക്ഷിച്ച് പഠിക്കാനും പിന്തുടരാനും അവസരം ലഭിച്ചു. അതും കരിയറില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി.

രാഹുലിന്റെ അമ്മ രാജ്യമറിയുന്ന ചിത്രകാരിയാണ്, ശില്പിയാണ്. അമ്മയുടെ കലാപരമായ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കാണുന്നു? പ്രത്യേകിച്ചും ചിന്നസ്വാമി സ്‌റ്റേഡിയത്തിനുപുറത്ത് ചെയ്തിരിക്കുന്ന രാഹുല്‍ ഉള്‍പ്പെടെയുള്ളവരുടെ ചുവര്‍ച്ചിത്രങ്ങള്‍ ?

അമ്മ വളരെ ക്രിയേറ്റീവായ വ്യക്തിയാണ്. അമ്മയില്‍നിന്ന് ഞാനൊരുപാട് പഠിച്ചു. പ്രത്യേകിച്ചും ഇങ്ങനെ വലിയ വര്‍ക്കുകള്‍ അമ്മ ചെയ്യുന്നതില്‍ സന്തോഷമുണ്ട്, അഭിമാനമുണ്ട്. സ്‌റ്റേഡിയത്തിന്റെ ചുമരിലുള്ള മ്യൂറല്‍ കര്‍ണാടക ക്രിക്കറ്റിലെ താരങ്ങളുടെ ചിത്രങ്ങളാണല്ലോ. അത് നമ്മുടെ വളര്‍ന്നുവരുന്ന കളിക്കാര്‍ക്ക് പ്രചോദനം നല്കുമെന്നാണ് എന്റെ പ്രതീക്ഷ.

(ക്രിക്കറ്റ് വര്‍ത്തമാനങ്ങള്‍ -ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായി അഭിമുഖം എന്ന പുസ്തകത്തില്‍ നിന്ന്)

 
 
 

 

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment