'മൊഴി ബോംബ്': മുഖംമൂടികള്‍ അഴിയുന്നു
കൊച്ചി/തിരുവനന്തപുരം: രണ്ടു കേന്ദ്രമന്ത്രിമാരും മൂന്നു സംസ്‌ഥാനമന്ത്രിമാരും ഏതാനും പ്രമുഖ നേതാക്കളും വഴിവിട്ട ആവശ്യങ്ങള്‍ക്കായി തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന് അടുത്തവൃത്തങ്ങളോടു സരിത എസ്. നായര്‍ നടത്തിയ വെളിപ്പെടുത്തല്‍ കോടതിയിലെ രഹസ്യമൊഴിയിലും ആവര്‍ത്തിച്ചതായി സൂചന. തന്റെ ബന്ധങ്ങളെക്കുറിച്ചു തുറന്നുപറഞ്ഞതിനൊപ്പം ഡി.എന്‍.എ. പരിശോധനയെന്ന ആവശ്യവും അവര്‍ ഉന്നയിച്ചതായി അറിയുന്നു.
സരിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവരുമെന്ന് അവരുടെ അഭിഭാഷകന്‍ ഇന്നലെ കോടതിക്കു പുറത്തു മാധ്യമങ്ങളോടു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് എറണാകുളം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റിനു മുമ്പാകെ സരിത രഹസ്യമൊഴി നല്‍കിയത്. മുഖ്യമന്ത്രിയെ ആരോപണനിഴലില്‍പോലും പെടുത്താതെ ഏറെ ശ്രദ്ധയോടെയായിരുന്നു സരിതയുടെ മൊഴിയെന്നാണു സൂചന.
രഹസ്യമൊഴി നല്‍കുന്നതിനു തൊട്ടുമുമ്പ് അഭിഭാഷകരോടു സംസാരിക്കാന്‍ അനുമതി ലഭിച്ചപ്പോള്‍ കോടതി മുമ്പാകെ കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറയാനുള്ള താല്‍പര്യം സരിത പ്രകടിപ്പിക്കുകയായിരുന്നു. തനിക്കു ചില കാര്യങ്ങള്‍ പറയാനുണ്ടെന്നു കോടതിയില്‍ പറഞ്ഞ സരിത പിന്നീടു മജിസ്‌ട്രേറ്റിന്റെ അടച്ചിട്ട ചേംബറില്‍ വെളിപ്പെടുത്തല്‍ ആവര്‍ത്തിച്ചതായാണു വിവരം.
എന്നാല്‍, ഇത്തരം വെളിപ്പെടുത്തലുകള്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ മുമ്പാകെയാണു നടത്തേണ്ടതെന്ന് അഭിഭാഷകന്റെ സാന്നിധ്യത്തില്‍ കോടതി പറഞ്ഞു. കസ്‌റ്റഡിയില്‍ പ്രതി നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണു കോടതി ആരാഞ്ഞതെങ്കിലും കടുത്ത വിവാദങ്ങളുയര്‍ത്താവുന്ന വെളിപ്പെടുത്തല്‍ നടത്താനുള്ള അവസരമായാണു സരിത ഇതിനെ കണ്ടത്. പറയാനുള്ള കാര്യങ്ങള്‍ രേഖാമൂലം നല്‍കാന്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടത് ഈ സന്ദര്‍ഭത്തിലാണ്.
കേന്ദ്ര-സംസ്‌ഥാന മന്ത്രിമാരും പോലീസ് ഉന്നതരും പ്രമുഖ നേതാക്കളും സരിതയുടെ മൊഴിയില്‍ പരാമര്‍ശിക്കപ്പെട്ടതായ വിവരം പുറത്തുവന്നതോടെ ഇതു സംബന്ധിച്ച നിസാരസൂചനകള്‍പോലും തേടി നെട്ടോട്ടത്തിലായി കേരളരാഷ്‌ട്രീയം. കേന്ദ്രമന്ത്രിയടക്കം നാലു മന്ത്രിമാരുടെ പേരുകള്‍ സരിത വെളിപ്പെടുത്തിയതായി രാത്രിയോടെ ചില ചാനലുകളില്‍ വാര്‍ത്ത വന്നു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ശ്രീധരന്‍ നായര്‍ക്കൊപ്പം കണ്ടെന്നു സരിത പറഞ്ഞിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് ഇന്റലിജന്‍സ്. സരിതയുടെ മൊഴി പ്രത്യേക അന്വേഷണസംഘത്തെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. തങ്ങളോടു പറയാത്ത കാര്യങ്ങള്‍ സരിത കോടതി മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ടോ എന്നതാണ് അവരുടെ പ്രശ്‌നം.
ആഭ്യന്തരമന്ത്രിയുടെ പ്രൈവറ്റ് സെ്രകട്ടറിയെ തുടരെ വിളിച്ചതെന്തിന്?, കോടിയേരി ബാലകൃഷ്‌ണനെ അങ്കിള്‍ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം സരിതയ്‌ക്ക് എപ്പോള്‍ ലഭിച്ചു?, മുഖ്യമന്ത്രിയുടെ മുന്‍ സ്‌റ്റാഫ് അംഗം ടെന്നി ജോപ്പനു രണ്ടുലക്ഷം രൂപ കൊടുത്തതെന്തിന്? തുടങ്ങിയ ചോദ്യങ്ങള്‍ക്കു സരിതയുടെ മൊഴി ഉത്തരമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇന്നലെ ഉച്ചയോടെയാണ് സോളാര്‍ കേസില്‍ നാടകീയ വഴിത്തിരിവു സൃഷ്‌ടിച്ച്, തനിക്കു കുറച്ചുകാര്യങ്ങള്‍ രഹസ്യമായി പറയാനുണ്ടെന്ന് സരിത മജിസ്‌ട്രേറ്റിനെ അറിയിച്ചത്. അതോടെ ചാനലുകളില്‍ ഇതു മുഖ്യചര്‍ച്ചാവിഷയമായി.
സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍ മുഖ്യകേന്ദ്രബിന്ദുവായി. അഭിഭാഷകന്റെ വാക്കുകള്‍ക്കായി രാഷ്‌ട്രീയനേതാക്കളും നിരീക്ഷകരും ചെവിയോര്‍ത്തു. അന്വേഷണപരിധിയില്‍ ഇതുവരെ വരാത്ത ഉന്നതരുടെ പേരുവിവരങ്ങള്‍ സരിത വെളിപ്പെടുത്തുമെന്ന് അഭിഭാഷകന്‍ വ്യക്‌തമാക്കിയിരുന്നു. 20 മിനിറ്റാണ് അഭിഭാഷകനൊപ്പം സരിത മജിസ്‌ട്രേറ്റിനു മുന്നില്‍ ചെലവഴിച്ചത്.
കോടതി പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍: അഭിഭാഷകന്‍
മാന്നാര്‍: കോടതി പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സോളാര്‍ കേസില്‍ സരിത വെളിപ്പെടുത്തിയതെന്ന് അഭിഭാഷകനായ ഫെനി ബാലകൃഷ്‌ണന്‍. പണമിടപാടുകള്‍ക്ക് പുറമേ മറ്റ് വിഷയങ്ങളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാന്നാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഫെനി ബാലകൃഷ്‌ണന്‍. ഇതുവരെ ചിത്രത്തില്‍ വന്നിട്ടില്ലാത്ത ഉന്നതന്മാര്‍ കുടുങ്ങും. കോടതിയില്‍ സരിത രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. മൊഴി എഴുതി നല്‍കണമെന്ന കോടതിയുടെ ആവശ്യത്തിന്റെ അടിസ്‌ഥാനത്തില്‍ പൂര്‍ണമായ മൊഴി രേഖപ്പെടുത്തി തിങ്കളാഴ്‌ച കോടതിയില്‍ സമര്‍പ്പിക്കും. ജീവന് ഭീഷണിയുള്ളതിനാലാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയാത്തത്. കേസുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ മാത്രമേ വിവരങ്ങള്‍ പുറത്ത് വന്നിട്ടുള്ളൂ. പുതുതായി നിരവധി ആളുകള്‍ കേസില്‍ ഉള്‍പ്പെടുമെന്നും ഫെനി പറഞ്ഞു.
No comments:
Post a Comment