ക്രിക്കറ്റ് ഒത്തുകളിയും വാതുവയ്പുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന ഒട്ടേറെ വിവരങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഈ വിവാദങ്ങളില്‍ മലയാളിയായ ക്രിക്കറ്റര്‍ ശ്രീശാന്തും ഉള്‍പ്പെട്ടുവെന്നതു കായികപ്രേമികളെ മാത്രമല്ല വിഷാദഭരിതരാക്കിയത്. കേരളം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റര്‍ എന്ന നിലയിലും ഇന്ത്യന്‍ ടീമില്‍ അത്യുജ്വല പ്രകടനം കാഴ്ചവച്ച കളിക്കാരന്‍ എന്ന നിലയിലുമൊക്കെ മലയാളിയുടെ അഭിമാനമായി മാറിയിരുന്നു ശ്രീശാന്ത്. എന്നാല്‍, കളിക്കളത്തിലെ മികവില്‍ ജ്വലിച്ചുനിന്നപ്പോഴും ശ്രീശാന്തിന്റെ ചില പെരുമാറ്റങ്ങളും 'മാനറിസ'ങ്ങളുമൊന്നും പലര്‍ക്കും രുചിക്കുന്നതായിരുന്നില്ല. എന്നിട്ടും പ്രതിഭാശാലിയായ ഒരു ക്രിക്കറ്ററുടെ യൌവനത്തിളപ്പായി അതിനെ അവഗണിക്കാനും കായികപ്രേമികള്‍ക്കു കഴിഞ്ഞിരുന്നു.
പൊടുന്നനെയാണ് ശ്രീശാന്തിന്റെ കരിയറിലേക്ക് ഇടിത്തീയെന്നപോലെ ഒത്തുകളി വിവാദം വന്നുവീണത്. അറസ്റിലായ ശ്രീശാന്തിനെക്കുറിച്ച് ഓരോ ദിവസവും ഓരോരോ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. സ്വാഭാവികമായും പോലീസില്‍നിന്നു കിട്ടുന്ന വിവരങ്ങളായിരുന്നു ഇവയിലേറെയും. താരമൂല്യമുള്ള പ്രതികളും ജനപ്രീതിയുള്ള കളിയുമായതിനാല്‍ ദേശീയ മാധ്യമങ്ങള്‍ക്ക് ഇത്തരം കഥകളും പോലീസ് വെളിപ്പെടുത്തലുകളും ചൂടുള്ള വിഭവങ്ങളായി. ശ്രീശാന്തിനെ വാനോളം ഉയര്‍ത്തിയവര്‍തന്നെ പാതാളത്തോളം താഴ്ത്തി. ശ്രീശാന്തിനെ തലയിലേറ്റി നടന്നവര്‍പോലും യാതൊരു ഉളുപ്പുമില്ലാതെ ശ്രീശാന്തിനെ തള്ളിപ്പറയുന്നതും നാം കേട്ടു. രാജ്യത്തെ ഒറ്റുകൊടുത്തയാളെന്നുപോലും ശ്രീശാന്തിനെ വിശേഷിപ്പിക്കാന്‍ ചിലര്‍ മുതിര്‍ന്നു.
ഡല്‍ഹി പോലീസ് പുറത്തുവിട്ട വിവരങ്ങളും കോടതിയില്‍ ബോധിപ്പിച്ച കാര്യങ്ങളും പൂര്‍ണമായും സത്യമെങ്കില്‍ ഒരു കാരണവശാലും ശ്രീശാന്തിനെ അല്പംപോലും ന്യായീകരിക്കാന്‍ ആര്‍ക്കുമാവില്ല. ശ്രീശാന്തിന്റെ തെറ്റുകള്‍ക്കു നിയമപരമായ ശിക്ഷ ലഭിക്കണം. തന്റെ അനൌചിത്യങ്ങളും അവിവേകങ്ങളും മനസിലാക്കി തിരുത്താന്‍ ശ്രീശാന്തിന് അവസരവും നല്കണം. എന്നാല്‍ പോലീസ് നടപടികളും ഒത്തുകളി വിവാദത്തിന്റെ തുടര്‍അധ്യായങ്ങളും സസൂക്ഷ്മം വീക്ഷിക്കുന്നവര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടാകുന്നതില്‍ അദ്ഭുതമില്ല. മാത്രമല്ല, ഒരാള്‍ കുറ്റവാളിയെന്നു കോടതി കണ്െടത്തുംവരെ അയാള്‍ക്ക് സംശയത്തിന്റേതായ ചില ആനുകൂല്യങ്ങള്‍ നല്കേണ്ടതു സാമാന്യനീതി മാത്രമാണ്. ശ്രീശാന്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ഒരിക്കല്‍ ഇതു കെട്ടിച്ചമച്ച കേസാണോ എന്നു കോടതി ചോദിക്കാനിടയായ സാഹചര്യവും ഓര്‍ക്കേണ്ടതുണ്ട്.
ഇക്കഴിഞ്ഞദിവസം ശ്രീശാന്തിന്റെ പേരില്‍ 'മക്കോക' നിയമം ചുമത്തിയത് പലവിധ സംശയങ്ങള്‍ക്കും ഇടനല്‍കുന്നു. വാതുവയ്പു കേസില്‍ അറസ്റിലായ ഗുരുനാഥ് മെയ്യപ്പനും വിന്ദു ധാരാസിംഗിനും മുംബൈ ജുഡീഷല്‍ മെട്രോപ്പോലിറ്റന്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ച അതേദിവസം തന്നെയാണ് ഡല്‍ഹി പോലീസ് ശ്രീശാന്തിനു ജാമ്യം കിട്ടാന്‍ ഏറെ ബുദ്ധിമുട്ടുള്ള നിയമമായ മക്കോകകൂടി ചേര്‍ത്തു കുറ്റം ചുമത്തിയിരിക്കുന്നത്. സമ്പന്നനായ മെയ്യപ്പനു മുംബൈയില്‍ ലഭിച്ച 'നീതി'യും ശ്രീശാന്തിനു ഡല്‍ഹിയില്‍ ലഭിച്ച 'നീതി'യും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു.
ഭീകരപ്രവര്‍ത്തനം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ടാഡ, പോട്ട തുടങ്ങിയ നിയമങ്ങളുടെ മാതൃകയില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ 1999-ല്‍ കൊണ്ടുവന്നതാണ് മഹാരാഷ്ട്രാ കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്(എംസിഒസിഎ). 2002-ല്‍ ഡല്‍ഹിയിലും ഈ നിയമം വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ നിയമപ്രകാരം കുറ്റം ചുമത്തപ്പെടുന്ന പ്രതിക്ക് ജാമ്യം കിട്ടുന്നതുള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ വലിയ തടസങ്ങളുണ്ടാവും. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമൊഴിച്ച് മറ്റൊരു സംസ്ഥാനത്തും നിലവിലില്ലാത്ത ഈ നിയമം ശ്രീശാന്തിന്റെ മേല്‍ ചുമത്തിയപ്പോള്‍ ഇതേ വാതുവയ്പു കേസില്‍ അറസ്റിലായ ഗുരുനാഥ് മെയ്യപ്പനും വിന്ദു ധാരാസിംഗിനുമെതിരേ മഹാരാഷട്രാ പോലീസ് മക്കോക ചുമത്താന്‍ തുനിഞ്ഞില്ല.
അധോലോക നായകനായ ദാവൂദ് ഇബ്രാഹിമിനും അയാളുടെ അനുചരനായ ഛോട്ടാ ഷക്കീലിനും വാതുവയ്പുകേസില്‍ ബന്ധമുണ്െടന്ന പോലീസിന്റ സംശയമാണ് മക്കോക നിയമം ശ്രീശാന്തിന്റെ മേല്‍ ചുമത്താന്‍ കാരണമായി പറയുന്നത്. ശ്രീശാന്തിനെതിരേ ആദ്യഘട്ടത്തില്‍ ഉന്നയിച്ച പല ആരോപണങ്ങളും തെളിവുകളുടെ അഭാവത്തില്‍ ചോദ്യം ചെയ്യപ്പെടുമെന്ന സാഹചര്യം വന്നപ്പോഴാണ് ഡല്‍ഹി പോലീസ് ജാമ്യംപോലും നിഷേധിക്കത്തക്ക വിധത്തിലുള്ള വകുപ്പുകള്‍ ശ്രീശാന്തിന്റെമേല്‍ ചുമത്തിയിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരും പറയുന്നു. ഇതിനിടെ ഐപിഎല്‍ ഒത്തുകളി അന്വേഷണം സംബന്ധിച്ച് ഡല്‍ഹി, മുംബൈ പോലീസ് സംഘങ്ങള്‍ തമ്മിലുള്ള ശീതസമരവും വാര്‍ത്തകളില്‍ നിറയുന്നുണ്ട്.
ബിസിസിഐ അധ്യക്ഷനായിരുന്ന എന്‍. ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മെയ്യപ്പനും ധാരാസിംഗിന്റെ മകനായ വിന്ദുവിനുമൊക്കെ കിട്ടുന്ന ഉന്നതതല സംരക്ഷണവും സഹായവും ശ്രീശാന്തിനു കിട്ടുന്നില്ല. എന്തിന്, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിലയിലാണിപ്പോള്‍ ശ്രീശാന്ത്. ആര്‍ക്കും സഹതപിക്കാന്‍ പോലുമാകാത്ത ചില കെണികളില്‍ ശ്രീശാന്ത് പെട്ടിട്ടുണ്െടന്ന് ഇതുവരെ പുറത്തുവന്ന വാര്‍ത്തകളില്‍നിന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച വിവരങ്ങളില്‍നിന്നും ജനങ്ങള്‍ കരുതുന്നു.
ഇന്ത്യന്‍ ടീമിന്റെ നായകനായ മഹേന്ദ്രസിംഗ് ധോണി ഉള്‍പ്പെടെയുള്ളവരുടെമേലും സംശയത്തിന്റെ നിഴലുകള്‍ വീഴുമ്പോള്‍ ക്രിക്കറ്റ് ലോകത്തെ അണിയറക്കഥകള്‍ ഇനിയുമേറെ പുറത്തുവരാനിരിക്കുന്നു എന്നാണു മനസിലാക്കേണ്ടത്. ക്രിക്കറ്റ് സംഘടനകളുടെ തലപ്പത്തു നടക്കുന്ന ശീതസമരങ്ങളും അധികാരവടംവലികളും രാഷ്ട്രീയക്കളികളും എത്രയോ ഭീകരമാണ്. താരങ്ങളെ അധാര്‍മിക ഇടപാടുകളിലേക്കു വലിച്ചിഴയ്ക്കുന്ന സാഹചര്യത്തിന് അവരും ഉത്തരവാദികളാണ്. പക്ഷേ, രാജ്യത്തിനുവേണ്ടി ചില നേട്ടങ്ങള്‍ സമ്മാനിച്ച ശ്രീശാന്തിനെ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍, ഉന്നതങ്ങളില്‍ പിടിപാടില്ലാത്തതിന്റെ പേരില്‍, പഴയ സുഹൃത്തുക്കള്‍ സഹായിക്കാത്തതിന്റെ പേരില്‍ പീഡിപ്പിക്കാന്‍ അനുവദിക്കരുത്. ശ്രീശാന്ത് കുറ്റം ചെയ്തിട്ടുണ്െടങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. അതദ്ദേഹം ഏറ്റുവാങ്ങി പുതിയൊരു ജീവിതത്തിനു ശ്രമിക്കട്ടെ. എന്നാല്‍, ആരുടെയെങ്കിലും ഗൂഢതാത്പര്യങ്ങളുടെ ഇരയായി ശ്രീശാന്ത് മാറരുത്.
-- Nandakumar
|
No comments:
Post a Comment