ആഭ്യന്തരമില്ലെങ്കില്‍ രമേശില്ല; മുരളിയെ പറ്റിച്ചതുപോലെ നടക്കില്ല
Story Dated: Sunday, May 26, 2013 01:26
തിരുവനന്തപുരം കോണ്‍ഗ്രസില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ സജീവമായെങ്കിലും ആഭ്യന്തരമില്ലെങ്കില്‍ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലുറച്ച് ഐ ഗ്രൂപ്പ്. കെ.പി.സി.സി പ്രസിഡന്റ് സ്‌ഥാനത്തുനിന്ന് മാറി മന്ത്രിസഭയിലേക്ക് പോയ തന്നെ ഉപമുഖ്യമന്ത്രിപദം വാഗ്‌ദാനം ചെയ്‌ത് ചതിക്കുകയായിരുന്നുവെന്ന് കെ. മുരളീധരന്‍ ചെന്നിത്തലയെ അറിയിച്ചുവെന്നാണ് വിവരം. മുമ്പ് മുരളിക്കുണ്ടായ അവസ്‌ഥ രമേശിന് വരാന്‍ പാടില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുരളി രമേശിനെ പിന്തുണയ്‌ക്കുമെന്നറിയിച്ചിട്ടുണ്ട്. ഇതിനിടെ വിശാല ഐ എന്നതിനുപകരം ഐ എന്ന നിലയില്‍ തുടരാനും ഗ്രൂപ്പ് തീരുമാനിച്ചു.
വിട്ടുവീഴ്‌ചയ്‌ക്ക് തയാറാകാതെ നില്‍ക്കുകയാണ് ഇരു ഗ്രൂപ്പും. ചൊവ്വാഴ്‌ചയോടെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന. കേരളയാത്രയുടെ സമാപന ദിവസം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനുമായി നടത്തിയ ചര്‍ച്ചയില്‍ ചെന്നിത്തല ആവശ്യപ്പെടുന്ന സ്‌ഥാനം നല്‍കണമെന്ന് എ.കെ. ആന്റണി നിര്‍ദേശിച്ചിരുന്നു. അതിന് കഴിയില്ലെന്ന നിലപാടായിരൃന്നു ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്.
പാമൊലിന്‍ കേസ് നടക്കുന്ന സാഹചര്യത്തില്‍ വകുപ്പ് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് എ വിഭാഗം. അതിനായാണ് മുഖ്യമന്ത്രി ആഭ്യന്തരം ഏറ്റെടുക്കാന്‍ പോകുന്നുവെന്ന പ്രചാരണം നടത്തുന്നതെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. തന്നെ തരംതാഴ്‌ത്താനാണ് ഭാവമെങ്കില്‍ രാഷ്‌ട്രീയം തന്നെ ഉപേക്ഷിക്കുമെന്നാണ് തിരുവഞ്ചുരിന്റെ ഭീഷണി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കിടയിലും രമേശിന്റേതായി ഇന്ത്യന്‍ എക്‌സ്‌പ്രസില്‍ വന്ന വാര്‍ത്തകളും ഐ ഗ്രൂപ്പ് നേതാക്കള്‍ ചാനല്‍ പ്രസ്‌താവനകളും െഹെക്കമാന്‍ഡിന് അയച്ചുകൊടുക്കാനുള്ള ശ്രമത്തിലാണ് എ വിഭാഗം.
പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി എ.കെ. ആന്റണിയും അഹമ്മദ്‌പട്ടേലും രമേശും ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചു. പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു. ഇന്ന് െവെകിട്ടോടെ രമേശ് കോഴിക്കോേട്ടക്ക് പോകും. അവിടെ നിന്ന് കണ്ണൂരിലെത്തുന്ന അദ്ദേഹം ഡി.സി.സിയുടെ പരിപാടിക്ക് ശേഷം ചൊവ്വാഴ്‌ച മാത്രമേ മടങ്ങിയെത്തുകയുള്ളു.
മുഖ്യമന്ത്രി തിങ്കളാഴ്‌ച തലസ്‌ഥാനത്ത് എത്തും. ചൊവ്വാഴ്‌ച രണ്ടുപേരും ഇവിടെയുള്ള സാഹചര്യത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കാനുള്ള സാദ്ധ്യതയേറെയാണ്. വ്യാഴാഴ്‌ചത്തെ യു.ഡി.എഫ് യോഗത്തിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്‌തമാക്കുന്നത്. തര്‍ക്കങ്ങള്‍ തീര്‍ന്നില്ലെങ്കിലും രമേശ് യു.ഡി.എഫ് യോഗത്തില്‍ സംബന്ധിച്ചേക്കും.
No comments:
Post a Comment