Saturday, 25 May 2013

Re: [www.keralites.net] ഇങ്ങനെ വേണോ മലയാളി ഹൗസ്‌?

ഇവിടെ രാഹുൽ ഈശ്വറിൻറെയും പ്രദീപിൻറെയും മറ്റും " അഴിഞ്ഞാട്ടം കാണുന്നത് കൊണ്ടല്ലേ എല്ലാരും ഇങ്ങനെ പറയണേ. 

ഞാൻ ഒരു കാര്യം ചോദിക്കട്ടെ...സാധാരണക്കാരായ നമ്മൾ തന്നെ ഒരു ക്യാമറ നമ്മളെ വാച്ച് ചെയുന്നു എന്ന് അറിഞ്ഞാൽ എന്ത് മാത്രം ഡീസന്റ് ആകും, അപ്പൊ ഇത്രയും അറിയപെടുന്നവർ അതും ഒരു റൂമിൽ 30 ക്യാമറ ഉണ്ടെന്നു അറിഞ്ഞുകൊണ്ട് ഇങ്ങനെ മലര്ന്നു കിടന്നു തുപ്പുമൊ?
എൻറെ അറിവിൽ ഇത് scripted പ്രോഗ്രാം ആണ്. ചാനൽകാര് പറഞ്ഞു കൊടുക്കുന്നത് അത് പോലെ ക്യാമറയുടെ താഴെ വന്നു നിന്ന് പറയുന്നു..ഒരു തരം അഭിനയം അതിനു അവർക്ക് പ്രതിഫലവും കിട്ടുന്നുണ്ടാകും. അല്ലാതെ വീട്ടുകാർ അറിയാതെ ഗോവായിൽ പോകാം എന്ന് "രഹസ്യമായി" ക്യാമറയുടെ താഴെ വന്നു നിന്ന് മൈക്രോഫോണിലൂടെ പറയുമോ? U K യിൽ പോയി പഠിച്ചവൻ അത്രക്ക് മണ്ടനോ? GS പ്രദീപും അത് പോലെ മണ്ടൻ ആണെന്ന് കരുതുന്നുണ്ടോ?

just സിനിമ കാണുന്ന പോലെ കാണുക. സിനിമയിൽ ബാലൻ കെ നായർ ബലാല്സംഗം ചെയുന്ന രംഗം, അയാൾ മനപൂർവം ചെയുന്നതല്ലോ അത്രയേ ഉള്ളു ഇവിടെയും. വെറുതെ വിമർശിച്ചു അവരുടെ രെറ്റിങ്ങ് കൂട്ടി എന്നല്ലാതെ വേറെ ഒന്നും സംഭവിക്കാൻ പോണില്ല.

ഇവർ ആ പ്രോഗ്രാമിൽ കാണിക്കുന്നത് കണ്ടു അവർ അങ്ങനെ ആണ് എന്ന് ധരിച്ചു വച്ചാൽ.. അത് നമ്മുടെ മണ്ടത്തരം മാത്രം ആണ്...

From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Saturday, 25 May 2013 1:17 PM
Subject: [www.keralites.net] ഇങ്ങനെ വേണോ മലയാളി ഹൗസ്‌?

 

ഇങ്ങനെ വേണോ മലയാളി ഹൗസ്‌?

പണവും പ്രസിദ്ധിയും കിട്ടാന്‍ ഏതു വേഷവും കെട്ടിയാടാം എന്ന്‌ പുതുതലമുറയെ പഠിപ്പിക്കാനാണ്‌ നമ്മുടെ മാധ്യമങ്ങളും അറിവുരാക്ഷസന്മാരും ഇപ്പോള്‍ കേരളത്തില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. പണം നേടാന്‍ മിടുക്ക്‌ കാണിക്കുന്നവന്‌ താരപരിവേഷം പതിച്ചു നല്‍കപ്പെടുന്നു. മാധ്യമങ്ങളിലും പൊതുചര്‍ച്ചകളിലും താരപരിവേഷം നല്‍കപ്പെടുന്ന ക്രിമിനലുകളെ കണ്ടു കൊതിക്കുന്ന പുതുതലമുറ ഒരു `ബണ്ടിചോര്‍' എങ്കിലും ആയെങ്കില്‍ എന്ന്‌ കൊതിച്ചു പോകുന്നുവെങ്കില്‍ അവരെ മാത്രം കുറ്റം പറഞ്ഞിട്ട്‌ കാര്യമുണ്ടോ?
മെയ്‌ ആദ്യവാരം തൊട്ടു മലയാളത്തിലെ ഒരു സ്വകാര്യചാനല്‍ ഒരു പ്രത്യേക പരിപാടി ആരംഭിച്ചിരിക്കുന്നു. പ്രേക്ഷകരെ പിടിച്ചിരുത്തി റേറ്റിംഗ്‌ കൂട്ടി, കൂടുതല്‍ പരസ്യവരുമാനം നേടാനുള്ള ഓട്ടപ്പാച്ചിലിനിടെ കണ്ടുപിടിച്ചതാണ്‌ ഈ പരിപാടി. കണ്ണീര്‍ സീരിയലുകളും സ്‌ത്രീകള്‍ക്ക്‌ വേണ്ടിയുള്ള പ്രത്യേക പരിപാടികളും അമ്മായി നാത്തൂന്‍ റിയാലിറ്റി ഷോകളും വളിപ്പന്‍ കോമഡികളും പട്ടുറുമാല്‍ സ്റ്റാര്‍ സിംഗര്‍ മുതലായവയുമൊക്കെ നാട്ടുകാര്‍ക്ക്‌ മടുത്തു തുടങ്ങിയ ഘട്ടത്തിലാണ്‌ ഈ പുതിയ കണ്ടുപിടുത്തം. വലിയ മുതല്‍മുടക്കില്ല. മൊത്തം മലയാളികളെ വലയില്‍ പെടുത്തുകയും ചെയ്യാം.
സംഗതി സിമ്പിള്‍. പാല വീണ ചെകുത്താനെ പോലെ എവിടെയും റേഞ്ച്‌ കിട്ടാതെ തെക്ക്‌ വടക്ക്‌ നടക്കുന്ന കുറച്ചു `താരങ്ങളെ' കുറച്ചു ദിവസത്തേക്ക്‌ വാടകയ്‌ക്കെടുത്ത്‌ ഒരു വീട്ടില്‍ പാര്‍പ്പിക്കുക. പ്രത്യേകിച്ച്‌ ഒരു സ്‌ക്രിപ്‌റ്റോ സംവിധാനമോ ഇല്ലാതെ അവരെ അവരുടെ പാട്ടിനുവിട്ട്‌ അവര്‍ കാണിച്ചു കൂട്ടുന്ന കൂത്തുകള്‍ നേരെ കാഴ്‌ചക്ക്‌ വെക്കുക! യുവനടന്‍ സന്ദീപ്‌ മേനോന്‍, ശബരിമല തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വര്‍, കോമാളി വേഷം കെട്ടി നടക്കുന്ന സന്തോഷ്‌ പണ്ഡിറ്റ്‌ തുടങ്ങി ആണും പെണ്ണും അടങ്ങുന്ന 16 പേര്‍ ഒരു വീട്ടിനകത്ത്‌ 90 ദിനങ്ങള്‍ ചെലവിടുന്നു. അതിനിടെ നടക്കുന്ന വെപ്പും തീനും പാട്ടും കൂത്തും ശൃംഗാരവും 30 ക്യാമറകള്‍ വെച്ച്‌ ഒപ്പിയെടുത്തു തിങ്കള്‍ മുതല്‍ വെള്ളി വരെ നാട്ടുകാര്‍ക്ക്‌ മുമ്പില്‍ തുറന്നുകാട്ടുന്നു. ഇതില്‍ അമ്പരപ്പ്‌ തോന്നിയത്‌, ഈ വാടകത്താരങ്ങളുടെ കൂട്ടത്തില്‍ ജി എസ്‌ പ്രദീപ്‌, സിന്ധു ജോയ്‌ എന്നീ പേരുകള്‍ കണ്ടപ്പോഴാണ്‌. ചാനലുകള്‍ വെറും വിനോദോപാധി മാത്രമല്ല വിജ്ഞാന പരിപോഷണത്തിനും ഉപകരിക്കും എന്ന്‌ മലയാളികള്‍ക്ക്‌ കാണിച്ചു തന്ന അശ്വമേധം എന്ന ഇന്‍ഫോഷോയുടെ ശില്‌പിയായിരുന്നല്ലോ അറിവ്‌ രാക്ഷസന്‍ എന്ന്‌ വാഴ്‌ത്തപ്പെട്ട ജി എസ്‌ പ്രദീപ്‌. സിന്ധു ആകട്ടെ, ഇടതു വിപ്ലവ വിദ്യാര്‍ഥി സംഘടനയായ എസ്‌ എഫ്‌ ഐ യുടെ സംസ്ഥാന പ്രസിഡന്റും.
ബുദ്ധിരാക്ഷസന്‍ പ്രദീപും (മുന്‍) വിപ്ലവകാരി സിന്ധുവും കോമാളി സന്തോഷ്‌ പണ്ഡിറ്റും ശാന്തിക്കാരന്‍ രാഹുല്‍ ഈശ്വറും ലക്കുകെട്ട കുറച്ചു യുവതികള്‍ക്കൊപ്പം അഴിഞ്ഞാടുന്നു! അവര്‍ക്കിടയില്‍ നടക്കുന്ന സ്വകാര്യ സംഭാഷണങ്ങളും വൃത്തികെട്ട ചലനങ്ങളും മറയില്ലാതെ പുറത്തുകാട്ടുകയും അത്‌ കുടുംബസദസ്സുകളില്‍ ശ്വാസം വിടാതെ കണ്ടാസ്വദിക്കുകയും ചെയ്യുക! ഇത്‌ കേരളത്തിന്റെ പുതിയ വീട്ടുസംസ്‌കാരം ആകണമെന്ന്‌ കരുതി തന്നെ ആകണം, മലയാളി വീട്‌ എന്ന്‌ ഈ പരിപാടിക്ക്‌ പേര്‌ നല്‍കിയിരിക്കുന്നത്‌. മലയാളി ഹൗസ്‌ പ്രേക്ഷകന്‌ നല്‍കുന്ന സന്ദേശം എന്താണ്‌? ആധുനിക മലയാളിയുടെ സംസ്‌കാരം ഈ വിധം `സ്വതന്ത്രവും ഉദാരവും' ആകണമെന്നോ? ഒരു മറയും വെളിവുമില്ലാതെ വരും തലമുറ `പുരോഗമിക്കണ'മെന്നോ?
കേരളത്തില്‍ ചാനല്‍ പരിപാടികള്‍ക്ക്‌ ശക്തമായ സെന്‍സര്‍ സംവിധാനം ഇല്ലെന്നു വേണം കരുതാന്‍. സ്വീകരണ മുറിയിലേക്ക്‌ അഴുക്കുവെള്ളം തുറന്നു വിടുന്ന ചാനലുകള്‍ക്കെതിരെ നിശ്ശബ്‌ദമായിക്കൂടാ. ഇങ്ങനെ പോയാല്‍ നാളെ, ടോയ്‌ലെറ്റുകളില്‍ ക്യാമറ സ്ഥാപിച്ച്‌ അത്‌ തല്‍സമയം സംപ്രേക്ഷണം ചെയ്യാനും ഈ പണക്കൊതിയന്മാര്‍ മടിക്കില്ല. അതിനും തയ്യാറുള്ള നാണമില്ലാത്ത നടന്മാരും നടിമാരും ബുദ്ധിരാക്ഷസന്മാരും ഈ നാട്ടില്‍ ക്യൂ നില്‌കുന്നുണ്ട്

www.keralites.net


No comments:

Post a Comment