പല്ലിശ്ശേരി മനയില്‍ വൈദ്യുതിയും പാചകവാതകവും ആവശ്യത്തിലേറെ
എടപ്പാള്‍: വൈദ്യുതിക്കും പാചകവാതകത്തിനും വിലകയറിയാല്‍ നാരായണന്‍ നമ്പൂതിരി ആശങ്കപ്പെടാറില്ല. ആകാശത്ത് സൂര്യനും പറമ്പില്‍ പശുക്കളുമുള്ളിടത്തോളംകാലം തന്റെ വീട് ഇക്കാര്യത്തില്‍ സ്വയംപര്യാപ്തമാണെന്ന് അദ്ദേഹം പറയും.എടപ്പാള്‍ പൊന്നാഴിക്കരയിലെ പല്ലിശ്ശേരി മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിയാണ് ആവശ്യമായ വൈദ്യുതിയും പാചകവാതകവുമെല്ലാം സ്വയം ഉത്പാദിപ്പിക്കുന്നത്.
അഞ്ചര ഏക്കറോളം വരുന്ന മനപ്പറമ്പിലെ വീടിന്റെ മുകളില്‍ സൗരോര്‍ജ പാനലുകളുടെ നിര കാണാം.
വീട്ടിലെ ലൈറ്റും ഫാനും എ.സിയും ഫ്രിഡ്ജും ടി.വിയും ഗ്രൈന്‍ഡറും വാഷിങ്‌മെഷീനും മോട്ടോറുമടക്കമുള്ള എല്ലാ ഉപകരണങ്ങളും പ്രവര്‍ത്തിപ്പിച്ചിട്ടും ബാക്കിയാവുന്നതാണ് ഇദ്ദേഹത്തിന്റെ വൈദ്യുതി ഉത്പാദനം. പ്രതിദിനം ശരാശരി 15 യൂണിറ്റിന്റെ ഉപയോഗം.
200 വാട്ട് ശേഷിയുള്ള 24 സോളാര്‍ പാനലുകള്‍ വീടിന് മുകളില്‍ സ്ഥാപിച്ച് 150 ആംപിയര്‍ ശേഷിയുള്ള 16 ബാറ്ററികളും ആറ് കിലോവാട്ടിന്റെ പവര്‍കണ്‍ട്രോള്‍ യൂണിറ്റും (പി.സി.യു) സ്ഥാപിച്ചാണ് നമ്പൂതിരി തന്റെ വീടിനെ വന്‍ ഊര്‍ജ ഉത്പാദനകേന്ദ്രമാക്കിയത്.
എറണാകുളത്തെ എം.ജെ സോളാര്‍ ഫാക്ടറി റിന്യൂവബിള്‍ എന്‍ര്‍ജി സൊല്യൂഷന്‍ ലിമിറ്റഡാണ് 12 ലക്ഷം രൂപയുടെ യൂണിറ്റ് ഇവിടെ സ്ഥാപിച്ചത്. ഇതില്‍ നാലരലക്ഷംരൂപ സബ്‌സിഡിയാണ്. പാനലുകള്‍ക്ക് 25 വര്‍ഷവും ബാറ്ററിക്ക് 15 വര്‍ഷവും വാറണ്ടിയുമുണ്ട്.
ഒമ്പത് പശുക്കളാണ് അടുക്കളയുടെ ഐശ്വര്യത്തിന് നിദാനമെന്ന് നമ്പൂതിരി പറയുന്നു.
നാല് മീറ്റര്‍ ക്യൂബ് ബയോഗ്യാസാണ് ഇവിടുത്തെ ഗ്യാസ് പ്ലാന്റിന്റെ ഉത്പാദനക്ഷമത. ഇതിനായി രണ്ട് ടാങ്കുകള്‍ നിര്‍മിച്ചു.
പാചകവാതകത്തിനുള്ള പ്ലാന്റില്‍നിന്നുള്ള ചാണക അവശിഷ്ടം പച്ചക്കറി, തീറ്റപ്പുല്‍, വാഴ തുടങ്ങിയവയ്ക്ക് വളമാകുമ്പോള്‍ പറമ്പും പരിസരവും എന്നും പച്ചയണിയുന്നു. ഉമാദേവി അന്തര്‍ജനമാണ് നാരായണന്‍ നമ്പൂതിരിയുടെ ഭാര്യ. മകള്‍ ശ്രീന. ഏക മകന്‍ ശ്രീജേഷ് അമേരിക്കയില്‍ എന്‍ജിനിയറാണ്.
Mathrubhumi
No comments:
Post a Comment