ഇന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞാല്‍ ഏഷ്യയില്‍ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടി സി.പി.എം ആണ്. ആളുകൊണ്ടും അര്‍ഥംകൊണ്ടും അതിനെ വെല്ലാന്‍ മറ്റൊരു സംഘടനയില്ല. സംഘടനാ സംവിധാനത്തിന്‍െറ കാര്യത്തിലും സമ്പത്തിന്‍െറ കാര്യത്തിലും അതിനോട് കിടപിടിക്കാന്‍ മറ്റു പ്രസ്ഥാനങ്ങള്‍ക്ക് സാധ്യമല്ല. ഒരുകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിച്ചിരുന്നത് ഒറ്റക്കല്ലില്‍ തീര്‍ത്ത സമഗ്ര ശില്‍പംപോലെയായിരുന്നു. ഏകശിലാരൂപിയായ പ്രസ്ഥാനത്തിന് തീരുമാനം ഒന്നുമാത്രമായിരുന്നു. അത് പ്രാവര്‍ത്തികമാക്കാന്‍ ഒരു ഉരുക്കുസേനപോലെ പാര്‍ട്ടി. അതുകൊണ്ട് പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാകുമായിരുന്നു. പാര്‍ട്ടിയെക്കുറിച്ച് ബഹുജനങ്ങളില്‍ ആരാധന വളര്‍ന്നു. പാര്‍ട്ടിയെ എതിര്‍ക്കുന്നവര്‍ക്കും പാര്‍ട്ടിയോട് മതിപ്പുണ്ടായിരുന്നു. പക്ഷേ, ഇതെല്ലാം പഴയ കഥകളായി മാറി. കേന്ദ്രീകൃത ജനാധിപത്യ സംഘടനാ സംവിധാനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കരുത്ത്. സംഘടനയുടെ തീരുമാനങ്ങള്‍ ഭൂരിപക്ഷ അഭിപ്രായമായിരുന്നു. വ്യക്തമായ അഭിപ്രായമുള്ളതും ഉറച്ച നിലപാടുള്ളതുമായ നേതൃത്വത്തെക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്പന്നമായിരുന്നു. സര്‍ഗാത്മക നേതാക്കള്‍ തങ്ങളുടെ അഭിപ്രായങ്ങളെയും നയങ്ങളെയും മറ്റു നേതാക്കളുടെ ഇടയില്‍ അവതരിപ്പിച്ച് അവരുടെകൂടെ അംഗീകാരം നേടി സംഘടനാ തീരുമാനമായി അവയെ മാറ്റുമായിരുന്നു. സ്വന്തം അഭിപ്രായങ്ങളെ ഭൂരിപക്ഷത്തിന്‍െറ അഭിപ്രായമായി വികസിപ്പിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടായിരുന്നു. അങ്ങനെയാണ് ഏകശിലാരൂപിയായ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ രൂപപ്പെട്ടിരുന്നത്.
ഏവര്‍ക്കും സ്വീകാര്യമായിരുന്ന ഈ സംവിധാനം തകരാന്‍ തുടങ്ങുന്നത് നേതാക്കള്‍ക്ക് സര്‍ഗാത്മകമായ കഴിവുകള്‍ ഇല്ലാതാവുന്നതോടുകൂടിയാണ്. നേതൃനിരയില്‍ വ്യാജനേതാക്കള്‍ കടന്നുവരാന്‍ തുടങ്ങിയതോടുകൂടി സംഘടനയുടെ ബന്ധം തൊമ്മിയും പട്ടേലരും തമ്മിലുള്ള പോലെയായി. വിധേയന്മാരുടെ ലോകം പാര്‍ട്ടിക്കകത്ത് തുറക്കാന്‍ തുടങ്ങി. പാര്‍ട്ടിയില്‍ വിഭാഗീയത മുടിയഴിച്ചാടി. വിഭാഗീയതയുടെ വിരുന്നുത്സവങ്ങളിലെ മെത്രാപ്പോലീത്തമാരായി വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും മാറി. ഇവര്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര രാഷ്ട്രീയവും കേന്ദ്രീകൃത ജനാധിപത്യ മൂല്യങ്ങളും ശ്വാസംമുട്ടി മരിച്ചു. പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കാന്‍ മിടുക്കരായി ചാരന്മാര്‍ പാര്‍ട്ടിയില്‍ വളര്‍ന്നുവന്നു. ഇവര്‍ക്ക് നേതാക്കളുടെ അനുഗ്രഹാശിസ്സുകളുണ്ടായി. പാര്‍ട്ടി നേതാക്കള്‍ ഭക്തവത്സലന്മാരായി. പിണറായി വിജയന്‍െറ അനുയായികളും അച്യുതാനന്ദന്‍െറ അനുയായികളും പാര്‍ട്ടി രഹസ്യം ചോര്‍ത്തി പത്രങ്ങളില്‍ എത്തിച്ചു. പലരും തിരിച്ചറിയപ്പെട്ടു. എന്നാല്‍, ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത് അച്യുതാനന്ദന്‍െറ അനുയായികള്‍ക്കായിരുന്നു. കാരണം പാര്‍ട്ടിയില്‍ അവര്‍ക്കും അധികാരമില്ലായിരുന്നു. അതിനാല്‍ അവര്‍ ന്യൂനപക്ഷമായി. ചരിത്രം ആവര്‍ത്തിക്കപ്പെടുകയായിരുന്നു. സത്യസന്ധന്‍ കുരിശില്‍ ഏറ്റപ്പെട്ടു. സോക്രട്ടീസ് മുതല്‍ അച്യുതാനന്ദന്‍വരെ ചരിത്രത്തിന് നല്‍കാനുള്ള പാഠം ഒന്നുതന്നെയാണ്. തന്‍െറ വിശ്വസ്തരായ സുരേഷും ബാലകൃഷ്ണനും ശശിധരനും വാര്‍ത്ത ചോര്‍ത്തിയിട്ടില്ലെന്ന് വി.എസ് പറഞ്ഞില്ല. അവര്‍ ചോര്‍ത്തിയതുപോലെ പാര്‍ട്ടിയുടെ ഔദ്യാഗിക നേതൃത്വവും വാര്‍ത്ത ചോര്‍ത്തി. അവര്‍ക്കെതിരെ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത് എന്നാണ് വി.എസ് ചോദിച്ചത്. അതിന് അദ്ദേഹത്തിന് ആശ്വാസം ലഭിച്ചു. വി.എസ് ഉന്നയിച്ച പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമീഷന്‍ വരുന്നു. തന്‍െറ ചിറകരിയരുതെന്ന് പറഞ്ഞ വി.എസിന്‍െറ ചിറകുകള്‍ വെട്ടിമാറ്റി. വ്രണിതനായ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ഒരു അന്വേഷണ കമീഷനും വെച്ചു. ഭാവിയില്‍ ഈ കമീഷന്‍ അറിയപ്പെടുന്നത് ആശ്വാസ കമീഷന്‍ എന്ന പേരിലായിരിക്കും. ഇതുകൊണ്ട് പക്ഷേ പാര്‍ട്ടിയുടെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. അച്യുതാനന്ദന്‍ പറഞ്ഞതൊന്നും പാര്‍ട്ടി പരിഗണിച്ചില്ല. ഇക്കഴിഞ്ഞ പോളിറ്റ് ബ്യൂറോയില്‍ അച്യുതാനന്ദന്‍ പറഞ്ഞത് കേരളത്തിലെ പാര്‍ട്ടിയുടെ ജനവിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ്. ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെട്ടു. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമടക്കം അറുപതിലധികം പേര്‍ ജയിലിലാണ്. പാര്‍ട്ടിയാണ് ടി.പിയെ കൊന്നതെന്ന് കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കുന്നു എന്നാണ് അച്യുതാനന്ദന്‍ പറഞ്ഞത്. ഇത് തിരുത്താനുള്ള സര്‍ഗശേഷി പാര്‍ട്ടി വീണ്ടെടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. പാര്‍ട്ടിയാണ് അത് ചെയ്തതെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുവെന്ന് അച്യുതാനന്ദന്‍ പ്രഖ്യാപിക്കുമ്പോള്‍ അത് സി.പി.എമ്മിന്‍െറ തീരുമാനം എന്ന നിലയിലാണെന്ന് അദ്ദേഹം അടിവരയിടുന്നു. ഇത് പാര്‍ട്ടിയില്‍ സംഘര്‍ഷധ്രുവങ്ങളെ സൃഷ്ടിക്കുന്നു. ഇതാണ് പാര്‍ട്ടിയുടെ പ്രതിസന്ധി. ലാവലിന്‍ അഴിമതിയില്‍ പിണറായി വിജയന്‍ പ്രതിയാണെന്ന് അച്യുതാനന്ദന്‍ വിശ്വസിക്കുകയും അത് പൊതുസമൂഹത്തിന്‍െറ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. പാര്‍ട്ടി സെക്രട്ടറിയെ കള്ളനെന്ന് കേന്ദ്രകമ്മിറ്റി അംഗം വിളിക്കുകയും അതിനുശേഷം ഇരുവര്‍ക്കും ഒരുമിച്ച് ഒരു പാര്‍ട്ടിയില്‍ നില്‍ക്കാന്‍ കഴിയുകയും ചെയ്യുമ്പോള്‍ അത് പാര്‍ട്ടിയുടെ പ്രതിസന്ധിയെ വെളിപ്പെടുത്തും. അതുകൊണ്ടാണ് പാര്‍ട്ടി പ്രതിസന്ധിയുടെ ചുഴിയിലാണെന്ന് അനുമാനത്തില്‍ എത്തുന്നത്.
കേന്ദ്രകമ്മിറ്റി അംഗമായ അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റണം എന്നതായിരുന്നു കേരളത്തിന്‍െറ ഔദ്യാഗിക നേതൃത്വത്തിന്‍െറ ആഗ്രഹം. സംസ്ഥാന കമ്മിറ്റിയുടെ ഭൂരിപക്ഷ തീരുമാനം കൂടിയായിരുന്നു അത്. അതുപക്ഷേ അംഗീകരിക്കാന്‍ കേന്ദ്രനേതൃത്വം തയാറായില്ല. പാര്‍ട്ടിയുടെ സംഘടനാരീതികള്‍ അനുസരിച്ച് സംസ്ഥാന കമ്മിറ്റി ഒരു പ്രമേയം ഭൂരിപക്ഷത്തിന്‍െറ അടിസ്ഥാനത്തില്‍ പാസാക്കിയാല്‍ അത് അംഗീകരിക്കാനുള്ള സംഘടന ഉത്തരവാദിത്തം കേന്ദ്ര നേതൃത്വത്തിനുണ്ട്. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് ഒരു പ്രമേയ രൂപത്തില്‍ അത് കേന്ദ്ര കമ്മിറ്റിയിലോ പോളിറ്റ് ബ്യൂറോയിലോ വെക്കാന്‍ സംസ്ഥാന നേതൃത്വം തയാറാവാഞ്ഞത്.
കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അറിയാവുന്നതുപോലെ അച്യുതാനന്ദനെ ഒഴിവാക്കി മുന്നോട്ടുപോകാന്‍ കേരളത്തിലെ സി.പി.എമ്മിന് ആവില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് അറിയാം. മാത്രമല്ല ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ അച്യുതാനന്ദന്‍ സൃഷ്ടിച്ച പ്രതിച്ഛായ അഴിമതിക്കെതിരായ പോരാളി എന്നാണ്. നേതാവിനെ പുറത്താക്കാന്‍ നടക്കുന്ന പാര്‍ട്ടി, അഴിമതിയെ അകത്താക്കാന്‍ നടക്കുന്ന പാര്‍ട്ടിയായിരിക്കും എന്ന യുക്തിയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മേല്‍ക്കൈ നേടുക. അതുകൊണ്ടാണ് അച്യുതാനന്ദനെ പാര്‍ട്ടി പുറത്താക്കാത്തത്. സ്വാഭാവികമായും അച്യുതാനന്ദനെ പുറത്താക്കാന്‍ ശ്രമിച്ചാല്‍തന്നെ സി.പി.എം അഴിമതിക്കാരുടെ സംരക്ഷണസംഘമായി മാറും. സത്യം പറഞ്ഞതിനാണ് തന്നെ പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍നിന്ന് പുറത്താക്കിയതെന്ന് അച്യുതാനന്ദന്‍ പറഞ്ഞത് ഇപ്പോഴും ജീവനോടെ നില്‍ക്കുകയാണ്. ഇനിയും സത്യങ്ങള്‍ തുറന്നുപറയാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് കേന്ദ്രകമ്മറ്റിയില്‍നിന്നും പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും തന്നെ പുറത്താക്കാന്‍ ശ്രമം തുടരുന്നതെന്ന് അദ്ദേഹം പറയുന്നു.
കേന്ദ്രകമ്മിറ്റി കഴിഞ്ഞപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യാന്‍ ബാക്കിവെച്ച ചില കാര്യങ്ങളില്‍ പ്രധാനപ്പെട്ടത് കേരളത്തിലെ ഔദ്യാഗിക നേതൃത്വവും അച്യുതാനന്ദനും പുലര്‍ത്തുന്ന രാഷ്ട്രീയ വീക്ഷണങ്ങളില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ, ഉണ്ടെങ്കില്‍ അവ എന്താണ് എന്നതത്രെ. കേരളത്തിന്‍െറ സാമൂഹിക ജീവിതം രൂപീകരിക്കുന്നതില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. നവോത്ഥാന ആശയങ്ങള്‍ ഉഴുതുമറിച്ച മണ്ണില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു ഇടതുഭാവുകത്വം നിര്‍മിച്ചു. അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മാത്രം ഒതുങ്ങിനിന്നില്ല. മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്കും അത് പടര്‍ന്നിറങ്ങി. കേരളത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ പരിശോധിച്ചാല്‍പോലും അതിനൊരു ചെറിയ ചുമപ്പ് കാണാം.
പുതിയ ആകാശവും പുതിയ ഭൂമിയും അതില്‍നിന്ന് ഉരുവം കൊണ്ടതാണ്. ഇതെല്ലാം കാലക്രമത്തില്‍ ദ്രവിച്ചുതീരുന്ന തകര്‍ച്ചയുടെ കാഴ്ചയാണ് ഇപ്പോള്‍ സി.പി.എം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. സി.പി.എം ചര്‍ച്ച ചെയ്യപ്പെടുന്നത് ജീര്‍ണതയുടെ പേരിലാണ്. അങ്ങനെ ജീര്‍ണിച്ച സി.പി.എമ്മില്‍ ഉയരുന്ന കലാപത്തിന്‍െറ ജ്വാലമുഖം ദീപ്തമാക്കുന്ന ജോലിയാണ് വി.എസ് ചെയ്യുന്നത്. അതിലാണ് വി.എസ് ഉല്‍പാദിപ്പിക്കുന്ന രാഷ്ട്രീയം കിടക്കുന്നത്. ഷോപ്പിങ് മാളുകളും മെഴുകു മ്യൂസിയങ്ങളും നിര്‍മിക്കാന്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പരിവാരസമേതം വിദേശമലയാളികളെ സന്ദര്‍ശിക്കാന്‍ ഇറങ്ങിയത് പുതിയ പാര്‍ട്ടി ശൈലിയാണ്. അതില്‍ ഇടതുപക്ഷ രാഷ്ട്രീയമില്ല. കാരണം അത് മനുഷ്യന്‍െറ അടിയന്തര ആവശ്യങ്ങളെ സാക്ഷാത്കരിക്കുന്നില്ല. ചെറിയൊരു ന്യൂനപക്ഷത്തിന് സ്വര്‍ഗം നിര്‍മിക്കാനുള്ള വഴിയാണ് അത്. അത് മുതലാളിത്ത മാര്‍ഗമാണ്. പ്ളഷര്‍ഹണ്ടുകളും ജലക്രീഡാകേന്ദ്രങ്ങളും നിര്‍മിക്കുന്നത് പാര്‍ട്ടി അജണ്ടയാവുന്നത് മുതലാളിത്ത ആഭിമുഖ്യം കൊണ്ടാണ്. ഔദ്യാഗിക നേതൃത്വത്തോടുള്ള വൈരാഗ്യം കൊണ്ടാണെങ്കിലും ഇതിനെയെല്ലാം വി.എസ് എതിര്‍ത്തു. ആ എതിര്‍പ്പുയര്‍ത്തുന്ന രാഷ്ട്രീയമാണ് അച്യുതാനന്ദന്‍ ഉല്‍പാദിപ്പിക്കുന്ന രാഷ്ട്രീയം. അച്യുതാനന്ദന്‍ മുന്‍നിന്ന് നടത്തിയ പല കലാപങ്ങളും ജനങ്ങള്‍ക്ക് സ്വീകാര്യമായ കാര്യമായിരുന്നു. കൊക്കക്കോളക്കെതിരായ സമരം ആഗോളീകരണത്തിനെതിരെയും പ്രാദേശിക ജനസമൂഹത്തിന്‍െറ സാംസ്കാരിക പ്രതിരോധത്തിന് വേണ്ടിയുള്ളതുമായിരുന്നു. ജലസ്രോതസ്സ് സംരക്ഷണവും ആവാസവ്യവസ്ഥ കാക്കലും അതിന്‍െറ ലക്ഷ്യമായിരുന്നു.
മതികെട്ടാനിലും ഏലമലയിലും തുറന്നത് പാരിസ്ഥിതിക പോരാട്ടങ്ങളായിരുന്നു. മൂന്നാറില്‍ ഭൂമാഫിയക്കെതിരെ ജനശ്രദ്ധ തിരിച്ചു. ലോട്ടറി മാഫിയക്കും ചന്ദനകടത്തുകാര്‍ക്കും എതിരെ പോരടിച്ചു. ഇതെല്ലാം വി.എസ് തുടര്‍ന്നോ എന്നു ചോദിച്ചാല്‍ ഇല്ലെന്ന് ഉത്തരം പറയേണ്ടിവരും. പക്ഷേ, വി.എസ് അടയാളപ്പെടുത്തിയ ഇത്തരം പ്രക്ഷോഭങ്ങളാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. ലാവലിന്‍ അഴിമതിക്കെതിരായ വി.എസിന്‍െറ ശബ്ദം അതുതന്നെയാണ് സൂചിപ്പിക്കുന്നത്. ഇതൊന്നും പരിഹരിക്കാന്‍ കേന്ദ്ര കമ്മിറ്റിക്കും പോളിറ്റ്ബ്യൂറോക്കും കഴിഞ്ഞിട്ടില്ല. അതിനാല്‍ വി.എസും പാര്‍ട്ടിയും തമ്മിലുള്ള വൈരുധ്യം കുറയുകയല്ല കൂടുകയാണ് ചെയ്യുക. ഇത് വീണ്ടും വീണ്ടും പാര്‍ട്ടിയെ പ്രത്യയശാസ്ത്ര പ്രതിസന്ധിയിലേക്കും സംഘടനാ പ്രതിസന്ധിയിലേക്കും നയിച്ചുകൊണ്ടിരിക്കും.
No comments:
Post a Comment