മനസ്സ് പറയുന്നു...
പി.ആര്‍. സുമേരന്‍
ലോകവ്യവസായ ഭീമന്മാര്‍ക്കിടയില്‍ രാജ്യത്തിന്റെ യശ്ശസുയര്‍ത്തിയ വ്യവസായ പ്രമുഖന്‍ ജോയി ആലുക്കാസിന്റെ വിശേഷങ്ങളിലേക്ക്...
ലോകത്തെ അതി സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ നാലു മലയാളികളില്‍ ഒരാളാണിപ്പോള്‍ ജോയി ആലൂക്കാസ്. ലോക ആഭരണവിപണിയിലെ മുന്‍നിരക്കാരിലൊരാള്‍. സൗമ്യം, ദീപ്‌തം... അത്രമേല്‍ ഹൃദ്യമാണ് ഈ ചെറിയ മനുഷ്യന്റെ വലിയ ജീവിതം. ആരും കൊതിക്കുന്ന, അസൂയപ്പെട്ടുപോകുന്ന ജോയി ആലുക്കാസിന്റെ വിസ്‌മയ ജീവിതത്തിലേക്ക്...
എന്നും വീട്ടുകാര്‍ക്കൊപ്പം
എല്ലാവരും കരുതുന്ന പോലെ അത്ര തിരക്കേറിയതൊന്നുമല്ല എന്റെ ജീവിതം. വളരെ ഗൗരവമായ ബിസിനസുകളുടെ തിരക്കുകളുണ്ടെങ്കിലും എന്നും എന്റെ മനസ്സ് വീട്ടുകാര്‍ക്കൊപ്പമാണ്.ഏതെല്ലാം രാജ്യങ്ങളിലേക്ക് പായുമ്പോഴും മനസ്സുകൊണ്ട് ഞാനെപ്പോഴും വീട്ടിലായിരിക്കും. കേരളത്തിലെത്തിയാല്‍ എറണാകുളത്തെ ജോയി ആലുക്കാസിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ രാവിലെ 10 മണിക്ക് തന്നെ എത്തും. വൈകിട്ട് ഏഴു വരെ അവിടെയുണ്ടാകും. ബിസിനസിന്റെ കാര്യങ്ങളും മറ്റും അന്വേഷിക്കുകയും സന്ദര്‍ശകരെയും സുഹൃത്തുക്കളെയുമൊക്കെ കാണും. വൈകിട്ട് കഴിവതും ഏഴിനു തന്നെ വീട്ടിലേക്ക് മടങ്ങും.
തൃശൂരിലെ ശോഭാ ഗാര്‍ഡന്‍സിലാണ് എന്റെയും വില്ല. വീട്ടിലെത്തിയാല്‍ ടിവിയിലെ തമാശപരിപാടികള്‍ കാണാനാണ് എനിക്കേറെയും താല്‌പര്യം. ഇപ്പോള്‍ എല്ലാ ചാനലുകളിലും തമാശപരിപാടികളുള്ളതിനാല്‍ എല്ലാം മാറി മാറി കാണും. ചിരിയും സന്തോഷവുമാണല്ലോ ജീവിതത്തില്‍ നമുക്ക് വേണ്ടത്. ടിവിയിലെ മറ്റു പരിപാടികളോടൊന്നും അത്ര താല്‌പര്യമില്ലെങ്കിലും വാര്‍ത്തകളൊക്കെ ശ്രദ്ധിക്കാറുണ്ട്. വീട് എനിക്ക് വലിയ ഒരു ആവേശമാണ്. ജീവിതത്തില്‍ എന്ത് തിരക്കുകളുണ്ടായാലും വീടിനെയും വീട്ടുകാരെയും മറന്നു പോകരുത്. സ്വന്തം കുടുംബത്തെ മറന്നുകൊണ്ട് ബിസിനസില്‍ എന്ത് നേട്ടമുണ്ടായാലും അതുകൊണ്ടൊന്നും യാതൊരു കാര്യവുമില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നമ്മുടെ ജീവിതം തന്നെ കുടുംബത്തിനോടും കൂടിയുള്ളതാണ്. പലരും അത് മറന്നു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വലിയ വലിയ ബിസിനസുകാര്‍ തിരക്കുകള്‍ക്കിടയില്‍ വീട്ടിലേക്ക് തിരിഞ്ഞ് നോക്കാത്തതും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. വീട്ടുകാര്യങ്ങള്‍ നോക്കാന്‍ സമയം കിട്ടില്ലെന്ന് പറയുന്നതൊക്കെ വെറും നുണയാണ്. മനസുവച്ചാല്‍ എല്ലാം നടക്കാവുന്നതേയുള്ളൂ. പക്ഷേ മനസ്സ് വയ്‌ക്കണം.
ഒരു കുടുംബനാഥനെന്ന നിലയില്‍ ഞാന്‍ പൂര്‍ണ്ണമായും വീട്ടിലെ മുഴുവന്‍ കാര്യങ്ങള്‍ക്കും പങ്കാളിയാവുന്നുണ്ട്. ബിസിനസ്സ് തിരക്കൊന്നും ഒരിക്കലും എനിക്ക് വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നതിന് തടസ്സമായിട്ടില്ല. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും കുടുംബവുമായി വിനോദയാത്ര നടത്തുന്നത് സന്തോഷമാണ്. ആ യാത്ര പലപ്പോഴും ഏതെങ്കിലും രാജ്യത്തേക്കായിരിക്കും അതുകൊണ്ട് തന്നെ വിനോദത്തിനൊപ്പം ആ രാജ്യത്തെ കുറിച്ചുള്ള അറിവുകളും കിട്ടും. എല്ലാ തിരക്കും ഒഴിഞ്ഞ് കുടുംബവുമായി ഒത്തുചേരുന്ന സമയങ്ങളാണ് എന്റെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങള്‍. ആ നിമിഷങ്ങള്‍ തന്നെയാണ് എനിക്ക് മനോഹരമായി തോന്നിയിട്ടുള്ളത്. നമ്മള്‍ സ്വയം ചെയ്യാതെ സമയത്തെ പഴിക്കുന്നതിനോടൊന്നും എനിക്ക് താല്‌പര്യമില്ല. ആത്മാര്‍ത്ഥതയും സത്യസന്ധതയും ജീവിതത്തില്‍ പുലര്‍ത്തുന്നവനേ ജീവിതം വിജയം നേടാന്‍ കഴിയൂ എന്നാണ് അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചിട്ടുള്ളത്.
ഈശ്വരനരികില്‍
തീര്‍ച്ചയായും ഞാന്‍ ഒരു പൂര്‍ണ്ണ ഈശ്വരവിശ്വാസി തന്നെയാണ്. ഈശ്വരനെ അവിശ്വസിക്കാനൊന്നും ഞാനില്ല. പക്ഷേ, മുഴുവന്‍ സമയവും പ്രാര്‍ത്ഥനയ്‌ക്കായി നീക്കി വയ്‌ക്കുന്ന ശീലവും എനിക്കില്ല. ഞായറാഴ്‌ച കുടുംബവുമൊത്ത് പള്ളിയില്‍ പോകാറുണ്ട്. വീട്ടിലുള്ള ദിവസങ്ങളില്‍ സന്ധ്യാപ്രാര്‍ത്ഥനയിലും കുടുംബത്തോടൊപ്പം ഞാനും ചേരാറുണ്ട്. പക്ഷേ ഭാര്യ ജോളി മുഴുവന്‍ സമയം പ്രാര്‍ത്ഥന തന്നെ എന്നു വേണമെങ്കില്‍ പറയാം. അവരെപ്പോഴും ഈശ്വരന്റെ നന്മകളെ കുറിച്ച് പറയാറുണ്ട്. പലപ്പോഴും എനിക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയാത്തതിന് പ്രായശ്‌ചിത്തമെന്നോണം അവര്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കുകയാണ്. സത്യത്തില്‍ കുടുംബത്തിന്റെ പ്രാര്‍ത്ഥന തന്നെയാണ് എന്റെ ശക്‌തി. ഭാര്യയുടെ കരുതലും സ്‌നേഹവും എനിക്ക് കൂടുതല്‍ കരുത്ത് പകരുകയാണ്.
പ്രകൃതി വീട്
ദുബായില്‍ 50 സെന്റ് സ്‌ഥലത്താണ് എന്റെ വീട്. വീടിന് സമീപമുള്ള ഒരിഞ്ച് ഭൂമി പോലും പാഴാക്കാതെ ഞാന്‍ ധാരാളം പച്ചക്കറി കൃഷി നടത്തുന്നുണ്ട്. വീട്ടിലേക്കാവശ്യമുള്ള മുഴുവന്‍ പച്ചക്കറികളും ഞങ്ങളുടെ അടുക്കളത്തോട്ടത്തില്‍ നിന്ന് തന്നെയാണ് എടുക്കുന്നത്. നാല്‌പതോളം നാടന്‍ കോഴികളെയും വളര്‍ത്തുന്നുണ്ട്. കൂടാതെ കാടക്കോഴികളെയും. അതുകൊണ്ട് തന്നെ കോഴിമുട്ടയ്‌ക്കും കാടമുട്ടയ്‌ക്കൊന്നും വീട്ടില്‍ യാതൊരു ക്ഷാമവുമില്ല. മാവ്, വാഴ തുടങ്ങിയ എല്ലാത്തരം ഫലവൃക്ഷങ്ങളും ധാരാളമുണ്ട്. സീസണിലുള്ള എല്ലാ പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്. തക്കാളിയൊക്കെ ധാരാളമുണ്ട്. ജോലിക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ തക്കാളിയും മറ്റും ഞങ്ങള്‍ കൊടുക്കാറുണ്ട്. രാസവളങ്ങളൊന്നും ഉപയോഗിക്കാതെ ജൈവ വളങ്ങള്‍ നല്‌കുന്നതിനാല്‍ പച്ചക്കറികള്‍ക്കൊക്കെ നല്ല ടേസ്‌റ്റുമാണ്. ശരിക്കും പറഞ്ഞാല്‍ നമ്മുടെ നാട്ടിന്‍പുറത്തെ അതേ സ്‌റ്റൈലില്‍ തന്നെയാണ് ഞങ്ങളുടെ ദുബായിലെ വീടും പരിസരവും. നാടിനോടും വീടിനോടുമുള്ള എന്റെ സ്‌നേഹം വീട്ടിലെ പച്ചക്കറിയും മറ്റും കാണുമ്പോള്‍ എനിക്ക് കിട്ടാറുണ്ട്.
ഏതെങ്കിലുമൊരു ഭക്ഷണത്തോട് അമിത താല്‌പര്യമോ വെറുപ്പോ ഒന്നും എനിക്കില്ല. അത്താഴത്തിന് ചപ്പാത്തിയാണ് പതിവ്. വെജിറ്റബിള്‍ കുറുമയോ മറ്റോ അതിനൊപ്പം കഴിക്കാറുണ്ട്. കഴിവതും രാത്രി 10 മണിക്ക് തന്നെ ഉറങ്ങാന്‍ കിടക്കും. വൈകി കിടന്നാലും രാവിലെ ആറിനു തന്നെ ഉണരും. ഇപ്പോള്‍ കുറച്ചുകാലമായി പ്രഭാതസവാരി നടത്താറുണ്ട്. മറ്റ് എക്‌സര്‍സൈസുകളൊന്നുമില്ല. സഹായത്തിന് ഒരാളെയും
കൂട്ടാറുണ്ട്. വീടിനടുത്ത് തന്നെയാണ് പ്രഭാതസവാരി. പ്രഭാത ഭക്ഷണം വളരെ നിര്‍ബന്ധമാണ്. ചായയോ കാപ്പിയോ ആയാലും കുഴപ്പമില്ല. പുട്ടും കടലയുമാണ് ഇഷ്‌ടവിഭവം. എന്നാല്‍ ഇഡ്‌ഢലി, ദോശ, ഉപ്പുമാവ്, അപ്പം ഇവയൊക്കെ പ്രഭാത ഭക്ഷണമായി കഴിക്കാറുണ്ട്. ഇപ്പോള്‍ ഏതാണ്ട് മൂന്നുമാസമായി നോണ്‍ വെജിറ്റേറിയന്‍ കഴിക്കാറില്ല. പൂര്‍ണമായും വെജിറ്റേറിയനായി. സത്യത്തില്‍ സസ്യാഹാരം കഴിച്ചു തുടങ്ങിയതോടെ ശരീരത്തിനും മനസ്സിനും വല്ലാത്തൊരു ഉന്മേഷമാണ്.
മടി ക്രിമിനല്‍ കുറ്റമാണ്
ഏത് വിജയത്തിന്റെയും പിന്നിലുള്ളത് അദ്ധ്വാനമാണെന്ന് നമ്മള്‍ മറക്കരുത്. ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടു കൂടി അദ്ധ്വാനിച്ചാല്‍ ഏത് കാര്യവും നേടാനാവുമെന്നതാണ് എന്റെ അനുഭവം. സമൂഹജീവിയായതിനാല്‍ നിലവിലെ വ്യവസ്‌ഥകള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ വിജയിക്കുമെന്ന് ഉറപ്പാണ്. എല്ലാ കാര്യങ്ങളെയും പോസിറ്റീവായി കാണാന്‍ ശ്രമിക്കണം. എന്തിനെയും ഏതിനെയും നെഗറ്റീവ് സെന്‍സിലെടുത്താല്‍ ഫലം പരാജയം തന്നെയാണ്. ആരോടും അസൂയയും കുശുമ്പും കാണിക്കാതിരിക്കുക. ഒരാള്‍ വിജയിച്ചാല്‍ അയാളോട് അസൂയ കാട്ടിയിട്ട് എന്ത് ഫലം. പക്ഷേ അയാളെപ്പോലെ വിജയിക്കാനുള്ള ശ്രമങ്ങള്‍ ആരും നടത്തുന്നില്ല എന്നതാണ് സത്യം.
ഏതെങ്കിലും ഒരു മേഖലയില്‍ വിജയി ക്കുന്നവനെ കളിയാക്കാനും ആക്ഷേപി ക്കാനുമാണ് മലയാളികള്‍ക്കു താല്‌പര്യം. ആരെക്കുറിച്ചും എന്തും പറഞ്ഞുപരത്തുന്നതിന് മലയാളിക്കു യാതൊരു മടിയുമില്ല. വ്യക്‌തിജീവിതത്തിലെയും കുടുംബജീവിത്തതിലെയും പ്രശ്‌നങ്ങളിലേക്ക് തിരിഞ്ഞ് നോക്കാതെയാണ് പലരും അന്യരെ ആക്ഷേപിക്കുന്നത്. ഈ സ്വഭാവം മലയാളികളില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. ഒന്നും ചെയ്യാതെ ഒരു മടി പിടിച്ച സമൂഹമായി മലയാളികള്‍ മാറുന്നതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. മടിയെ ക്രിമിനല്‍ കുറ്റമായി കാണണമെന്നാണ് എനിക്ക് തോന്നുന്നത്.
യുവസംരംഭകരോട്
സത്യസന്ധതയോടെയുള്ള ഏത് വ്യവസായവും വിജയിക്കുമെന്നാണ് എന്റെ അനുഭവം. ഓരോ രാജ്യത്തിനും അവരുടേതായ നിയമവ്യവസ്‌ഥകളും ചട്ടങ്ങളുമുണ്ട്. അതു പാലിക്കാന്‍ വ്യവസായ സംരംഭകര്‍ തയ്യാറാവുന്നു. എന്നാല്‍ പലപ്പോഴും അത് കാണുന്നുണ്ടോ എന്ന് സംശയമാണ്. ഓരോ രാജ്യത്തെയും നിയമവ്യവസ്‌ഥകളെ വെല്ലുവിളിക്കാനാണ് മലയാളികള്‍ക്ക് താല്‌പര്യം. തട്ടിപ്പും വെട്ടിപ്പും നടത്തിയാലൊന്നും ബിസിനസില്‍ വിജയിക്കാനാവില്ല. വലിയ സ്വാധീനങ്ങളുപയോഗിച്ച് ബിസിനസ് മെച്ചപ്പെടുത്തിയാലും അതിന് ആയുസുണ്ടാകില്ല. വിവിധ രാജ്യങ്ങളില്‍ ബിസിനസ് നടത്തുന്ന എനിക്ക് ഇതുവരെ യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. എല്ലാ രാജ്യങ്ങളിലെയും നിയമവ്യവസ്‌ഥകളും നിര്‍ദ്ദേശങ്ങളും ഞാനും എന്റെ സ്‌ഥാപനങ്ങളും കൃത്യമായി പാലിക്കാറുണ്ട്. അതുകൊണ്ട് തന്നെ അതിന്റേതായ വിജയങ്ങളുമുണ്ട്. നമ്മള്‍ കരുതലോടെ സഞ്ചരിച്ചാല്‍ എത്ര ചെറിയ ബിസിനസും വിജയിപ്പിക്കാനാവും. പക്ഷേ എന്തുകൊണ്ടോ പുതിയ തലമുറകളില്‍പ്പെട്ടവര്‍ അതിന് ശ്രമിക്കുന്നില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പുതിയ പുതിയ വ്യവസായ സംരംഭങ്ങള്‍ വരേണ്ടത് രാജ്യത്തിനും ജനങ്ങള്‍ക്കും ആവശ്യമാണ്. കൂടുതല്‍ തൊഴിലവസരങ്ങള്‍ വന്നാലെ നാട്ടുകാരുടെ സാമ്പത്തിക നില മെച്ചപ്പെടൂ.
ജീവനക്കാര്‍ തന്നെ മിത്രം
എന്റെ ജീവനക്കാര്‍ക്ക് അര്‍ഹിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും ഞാ ന്‍ നല്‌കുന്നുണ്ട്. അതിനേക്കാളുപരി ശമ്പളത്തോടൊപ്പം ഞാന്‍ സ്‌നേഹവും നല്‌കുന്നു. അതുകൊണ്ട് തന്നെ ജീവനക്കാര്‍ എനിക്ക് മിത്രങ്ങള്‍ തന്നെയാണ്. അവരെ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഒന്നും ഞാന്‍ ശ്രമിക്കാറില്ല. അവര്‍ക്ക് അവരുടേതായ പ്രശ്‌നങ്ങളുണ്ട്. കുടുംബമുണ്ട്. ജീവിതമുണ്ട്. അതൊക്കെ തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് ജീവനക്കാരോട് പെരുമാറുന്നത്. അവര്‍ നമ്മളെ ആശ്രയിക്കുന്നുവെന്ന് കരുതി ജീവനക്കാരുടെ മേല്‍ കുതിര കയറുന്നതിനോടൊന്നും എനിക്ക് താല്‌പര്യമില്ല. ഓരോരുത്തരും അര്‍ഹിക്കുന്ന പരിഗണനയും ഞാന്‍ അവര്‍ക്ക് നല്‌കുന്നുണ്ട്. അദ്ധ്വാനത്തിന്റെയും കാരുണ്യത്തിന്റെയും മഹത്വം മനസ്സിലാക്കുന്നതിനായി ജീവനക്കാര്‍ക്കിടയില്‍ മൈ 50 എന്ന പദ്ധതിയും ഞങ്ങള്‍ നടത്തുന്നുണ്ട്. ഓരോ വര്‍ഷവും ജീവനക്കാര്‍ ഈ പദ്ധതിക്കായി സമാഹരിക്കുന്ന തുകയും ആ തുകയുടെ ഇരട്ടി ഞാനും കാരുണ്യപ്രവര്‍ത്തനങ്ങ ള്‍ക്കായി നല്‍കുന്നുണ്ട്. ആ തുക സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഞങ്ങള്‍ ചെലവിടുന്നു.
ടേക്ക് ഇറ്റ് ഈസി
ഒരു വിഷയത്തിലും ഞാന്‍ ടെന്‍ഷനടിക്കാറില്ല. അതുകൊണ്ട് തന്നെ യാതൊരു വിധ മാനസിക ക്ലേശങ്ങളും എനിക്കില്ല. ഒന്നിലും അമിതമായി സന്തോഷിക്കുകയോ ദു:ഖിക്കുകയോ ചെയ്യുന്ന ശീലവും എനിക്കില്ല.
ജീവിതത്തില്‍ വല്ലാതെ വേദനിപ്പിച്ചതും സന്തോഷിപ്പിച്ചതുമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ ഞാന്‍ ശീലിച്ചു വന്ന എന്റെ ജീവിതം കൊണ്ട് അതിനെയെല്ലാം ഞാന്‍ അതിജീവിച്ചിട്ടുമുണ്ട്. എന്തെങ്കിലും സംഭവമുണ്ടായാല്‍ അതിനെ കുറിച്ച് ആശങ്ക പാടില്ല. സംഭവിച്ചത് സംഭവിച്ചു അത്ര തന്നെ. അതിനെ കുറിച്ച് ആലോചിച്ച് സമയം പാഴാക്കരുത്. ടേക്ക് ഇറ്റ് ഈസി അതാണെന്റെ പോളിസി. ടെന്‍ഷനടിച്ചാല്‍ പിന്നെ ചെയ്യാനുള്ള പണികളൊക്കെ പാളും. അതുകൊണ്ട് ടെന്‍ഷനടിയൊന്നും എനിക്കില്ല.
വിദ്യാഭ്യാസം അനിവാര്യമാണ്
ഡല്‍ഹിയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതടക്കമുള്ള നിരവധി സംഭവങ്ങള്‍ ഇപ്പോള്‍ നമുക്ക് ചുറ്റും നടക്കുകയാണ്. കേരളത്തിലും ചെറിയ കുട്ടികളടക്കം പീഡനങ്ങള്‍ക്കും അക്രമണങ്ങള്‍ക്കും വിധേയമാകുന്നുണ്ട്. ഇതിനൊക്കെ കാരണം വിദ്യാഭ്യാസമില്ലായ്‌മ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാന്‍ പലപല രാജ്യങ്ങളില്‍ സഞ്ചരിക്കാറുണ്ട്. അവിടങ്ങളിലൊന്നും ഇത്തരം സംഭവങ്ങള്‍ കേള്‍ക്കാറുപോലുമില്ല. അവിടെ സ്‌ത്രീയും പുരുഷനും ഇവിടെ കാണുന്നതുപോലുള്ള നോട്ടവും ഭാവമൊന്നും കാണിക്കാറില്ല. സത്യത്തില്‍ അവര്‍ക്കതിനൊന്നും സമയമില്ലെന്നതാണ് ശരി. ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ സ്‌ത്രീയാണോ പുരുഷനാണോ എന്നു പോലും പരസ്‌പരം അറിയാറില്ല. അത്രയേറെ സ്വന്തം കാര്യങ്ങളില്‍ മാത്രം ശ്രദ്ധാലുക്കളാണ് വിദേശ ജനത. നമ്മളാണ് എപ്പോഴും മറ്റുള്ളവരിലേക്ക് എത്തിനോട്ടങ്ങള്‍ നടത്തുന്നത്.
റോള്‍ മോഡല്‍
എന്റെ പിതാവ് ആലുക്കാ വര്‍ഗീസ് സാര്‍ തന്നെയാണ് എന്റെ റോള്‍ മോഡല്‍. ഞങ്ങളുടേത് ഒരു വലിയ കുടുംബമായിരുന്നു. 15 മക്കളായിരുന്നു. 10 പെണ്ണും 5 ആണും. ജീവിതത്തില്‍ ഒരുപാട് വലിയ മനുഷ്യരുമായി ഇടപഴകാന്‍ എനിക്കവസരം ഉണ്ടായിട്ടുണ്ട്. അതിലേറെ വലിയ മനുഷ്യരെ ഞാന്‍ കണ്ടിട്ടുണ്ട്. കുട്ടിക്കാലം മുതലേ അപ്പച്ചനായിരുന്നു എന്റെ റോള്‍ മോഡല്‍. അപ്പച്ചന്റെ ശീലങ്ങളാണ് ഇന്നും ഞാന്‍ തുടരുന്നത്.
ഒട്ടേറെ അംഗീകാരങ്ങളും അനുമോദനങ്ങളും എനിക്ക് ലഭിക്കാറുണ്ട്. അതൊക്കെ പ്രചോദനങ്ങള്‍ തന്നെയാണ്. പക്ഷേ അതില്‍ വിസ്‌മയിച്ചൊന്നും ജീവിക്കുന്നത് ശരിയല്ല. ലോകത്തെ അതി സമ്പന്ന മലയാളികളില്‍ ഞാനും ഇടംനേടി. അതില്‍ അഭിമാനമുണ്ട്. പക്ഷേ ഇന്നും ബിസിനസുമായി ഞാന്‍ ഓടിക്കൊണ്ടിരിക്കുകയാണ്. അത് ഇനിയും തുടര്‍ന്നുകൊണ്ടേയിരിക്കും.
എനിക്ക് മൂന്നു മക്കളാണ് മകന്‍ ജോ ണ്‍പോള്‍ എന്നെ ബിസിനസില്‍ സഹായിക്കാനായി ഒപ്പമുണ്ട്. അവന്റെ ഭാര്യ ആലപ്പുഴ ചമ്പക്കുളത്ത് മുണ്ടക്കല്‍ കുടുംബാംഗമായ സോണിയയാണ്. ഇരുവരും എന്നോടൊപ്പം ദുബായില്‍ തന്നെയാണ്. രണ്ടാമത്തെ മകള്‍ മേരിയും വിവാഹിതയായി. തൃശൂര്‍ ചിറക്കേക്കാരന്‍ വീട്ടില്‍ ആന്റണിയാണ് എന്റെ മരുമകന്‍. അവരും ദുബായില്‍ തന്നെയാണ് താമസം. ഇളയമകള്‍ എല്‍സ പുതുക്കാട് പ്രജ്യോതി നികേതന്‍ കോളജില്‍ ഒന്നാം വര്‍ഷ ക്ലിനിക്കല്‍ സൈക്കോളജി വിദ്യാര്‍ത്ഥിയാണ്. കൊരട്ടി പുതുക്കാടന്‍ കുടുംബാംഗ മാണ് ഭാര്യ ജോളി. അവര്‍ എന്റെ നിഴല്‍ പോലെ എന്നും അരികില്‍ തന്നെ.തൃശൂരില്‍ ഇപ്പോള്‍ ഞാനൊരു പുതിയ വീടിന്റെ നിര്‍മ്മാണത്തിലാണ് പൂര്‍ണമായും പരിസ്‌ഥിതി സൗഹൃദ വീടാണത്. ധാരാളം പച്ചക്കറികളും മറ്റും വീടിനോട് ചേര്‍ന്ന് നട്ടു വളര്‍ത്തുന്നുമുണ്ട്.
ഇഷ്‌ടപ്പെട്ട ബിസിനസ്
ലോക വ്യാപകമായി ഒട്ടേറെ ബിസിനസുകള്‍ ഞാന്‍ നടത്തുന്നുണ്ടെങ്കിലും എന്റെ ഇഷ്‌ടപ്പെട്ട ബിസിനസ് സ്വര്‍ണവ്യാപാരം തന്നെയാണ്. മറ്റേത് ബിസിനസിനെക്കാളും എന്നെ മോഹിപ്പിക്കുന്നതും ആദ്യകാലം മുതലേയുള്ള സ്വര്‍ണ്ണ വ്യാപാരം തന്നെയാണ്.
No comments:
Post a Comment