സ്ത്രീ സുരക്ഷ: മാറ്റം വേണ്ടത് സാമൂഹിക ചുറ്റുപാടുകളില്.
കിഴക്കന്‍ ഡല്‍ഹിയിലെ ഗാസിയാബാദില്‍ അഞ്ച്‌വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം ആളിപ്പടരുമ്പോള്‍ തന്നെ ഡല്‍ഹിയുടെ പരിസരങ്ങളിലും മറ്റു പ്രദേശങ്ങളിലും ബാലികാ, സ്ത്രീ പീഡനങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് ബാലികമാരും ഒരു യുവതിയും ബലാത്സംഗത്തിന് ഇരകളായി. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ എട്ട് വയസ്സുകാരിയായ മലയാളി ബാലികയും മധ്യപ്രദേശിലെ ചന്ദ്‌വാരയില്‍ നാലും മധ്യപ്രദേശിലെ തന്നെ ഖര്‍ഗോണില്‍ ഏഴും ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂരില്‍ പത്തും അസമിലെ കാച്ചര്‍ ജില്ലയില്‍ ഒമ്പതും വയസ്സുള്ള ബാലികമാരും ക്രൂരമായ ലൈംഗിക പീഡനത്തിരകളായപ്പോള്‍ രാജസ്ഥാനിലെ ജയ്പൂരില്‍ ഒരു യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. തിങ്കളാഴ്ച ട്രെയിന്‍ യാത്രക്കിടെ കേരളത്തില്‍ കളനാട് തുരങ്കത്തില്‍ വെച്ച് കോഴിക്കോട് മാറാട്ടുകാകായ രണ്ട് പേര്‍ രണ്ട് സത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. അലിഗഢില്‍ ആറ് വയസ്സുകാരിയായ ആദിവാസി ബാലികയെ സോമണ്ണ എന്ന നരാധമന്‍ ബലാത്സംഗം ചെയ്തു കൊന്നത് കഴിഞ്ഞ വ്യാഴാഴ്ചയാണ്.
മാധ്യമങ്ങളില്‍ വെളിച്ചം കണ്ട സംഭവങ്ങളാണിവ. രാജ്യത്തെ സ്ത്രീപീഡനങ്ങളില്‍ എഴുപത്തിയഞ്ച് ശതമാനവും പുറം ലോകം അറിയുന്നില്ല. ഇരയുടെ കുടുംബങ്ങളില്‍ നല്ലൊരു ഭാഗവും മാനഹാനി ഭയന്ന് പുറത്തറിയിക്കാതെയും നിയമ നടപടികളിലേക്ക് നീങ്ങാതെയും സംഭവം മൂടിവെക്കുന്നവരാണ്. മറ്റു ചിലരാകട്ടെ നിയമപാലകരുടെ മുമ്പില്‍ പരാതിപ്പെട്ടാല്‍ ഏല്‍ക്കേണ്ടി വരുന്ന പീഡനങ്ങള്‍ ഭയന്ന് തമസ്‌കരിക്കുന്നു. അധികൃത കേന്ദ്രങ്ങളില്‍ പരാതിപ്പെട്ടാല്‍ തന്നെ പോലീസ് ഇടപെട്ടോ, ഭീഷണിപ്പെടുത്തിയോ പ്രശ്‌നം ഒതുക്കിത്തീര്‍ക്കുന്ന സംഭവങ്ങളും നിരവധി. ഡല്‍ഹിയിലെ അഞ്ച് വയസ്സുകാരിയുടെ കാര്യം ഒതുക്കാനായി പോലീസ് വീട്ടുകാര്‍ക്ക് ഇരുപതിനായിരം രൂപ വാഗ്ദാനം ചെയ്തുവന്നാണല്ലോ റിപ്പോര്‍ട്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി സുഷീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞത് വാസ്തവം. ബലാത്സംഗം ഡല്‍ഹിയില്‍ മത്രമല്ല നടക്കുന്നത്. രാജ്യത്തെവിടെയും സത്രീ സുരക്ഷിതയല്ല. ജോലി സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീടുകളില്‍ സ്വന്തക്കാരാല്‍ പോലും സ്ത്രീ പീഡിപ്പിക്കപ്പെടുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യര്‍ഥിനികള്‍ അധ്യാപകരുടെയും ഗവേഷണ ഗൈഡുകളുടെയും ലൈംഗിക പീഡനങ്ങള്‍ക്കിരയാകുന്നതായി യു ജി സി നിയമിച്ച ഡോ. മീനാക്ഷി ഗോപിനാഥിന്റെ നേതൃതത്തിലുള്ള വിദഗ്ധ സമിതി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെളിപ്പെടുത്തുകയുണ്ടായി. കമ്പനികളിലും ഓഫീസുകളിലും കീഴ്ജീവനക്കാരായ സ്ത്രീകള്‍ ഉന്നതോദ്യോഗസ്ഥരുടെ ലൈഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സംഭവങ്ങള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.
എവിടെയാണ് തകരാറ്? സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ ഭരണകൂടം എന്തുകൊണ്ട് പരാജയപ്പെടുന്നു? ഈ വിഷയകമായി ഒട്ടേറെ നിയമങ്ങള്‍ പാര്‍ലിമെന്റ് പാസ്സാക്കിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്ര ചര്‍ച്ചകള്‍ക്ക് ശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലും അംഗീകരിച്ചു. അധികാര കേന്ദ്രങ്ങളിലെ സ്ത്രീപ്രാതിനിധ്യത്തിന്റെ കുറവാണെന്ന ഒരു വാദഗതിയുടെ അടിസ്ഥാത്തില്‍ സ്ത്രീകളെ അധികാരത്തിന്റെ ഉന്നതങ്ങളിലെത്തിക്കാന്‍ തിരഞ്ഞെടുപ്പുകളില്‍ നിശ്ചിത ശതമാനം സീറ്റുകള്‍ അവര്‍ക്കായി സംവരണം ചെയ്യുകയും രാജ്യത്തിന്റെ ഉന്നത പദവികളില്‍ സ്ത്രീകള്‍ എത്തിപ്പെടുകയുമുണ്ടായി. 2007-12 കാലഘട്ടത്തില്‍ ഇന്ത്യന്‍ പ്രസിഡണ്ട് പദമലങ്കരിച്ചത് സ്ത്രീയായിരുന്നു. ഇന്ന് രാജ്യം ഭരിക്കുന്ന മുഖ്യകക്ഷിയുടെ അധ്യക്ഷ പദവിയില്‍ സ്ത്രീയാണ്. ഡല്‍ഹി, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങി പല സംസ്ഥാനങ്ങളിലും വനിതാ മുഖ്യമന്ത്രിമാര്‍ അധികാരത്തില്‍ വന്നു. എന്നിട്ടെന്ത്? നിയമസഭയില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന ദുഃഖസത്യം നാം തിരിച്ചറിഞ്ഞുവെന്നതിലപ്പുറം മറ്റൊന്നുമുണ്ടായില്ല.
നിയമങ്ങളേക്കാള്‍ നമ്മുടെ സാമൂഹിക ചുറ്റുപാടുകളിലാണ് മാറ്റമുണ്ടാകേണ്ടത്. ഉന്നതമായിരുന്നു പൗരാണിക ഇന്ത്യയിലെ സ്ത്രീകളുടെ പദവിയെന്നും അവരിവിടെ സുരക്ഷിതരായിരുന്നുവെന്നും ചരിത്രം രേഖപ്പെടുത്തുന്നു. നിയമത്തിന്റെ കാര്‍ക്കശ്യമായിരുന്നില്ല, അന്നത്തെ ഉദാത്തമായ സംസ്‌കാരമായിരുന്നു പരസ്ത്രീയെ മാതാവിനും സഹോദരിക്കും തുല്യം ആദരിക്കാനും കാണാനും ജനങ്ങളെ പ്രാപ്തരാക്കിയത്. ഇന്നത്തെ സംസ്‌കാരവും സാമൂഹിക ചുറ്റുപാടുകളും സ്ത്രീകളെ കേവലം ഉപഭോഗ വസ്തുവായി കാണാനാണ് പ്രേരിപ്പിക്കുന്നത്. ബ്രീട്ടീഷ് വാഴ്ചയോടെ തുടക്കമിട്ട സാംസ്‌കാരികമായ പാശ്ചാത്യാധിനിവേശമാണ് രാജ്യത്തിന്റെ സംസ്‌കൃതിയില്‍ ജീര്‍ണത വരുത്തിയതും സ്ത്രീയെ കേവല ഉപഭോഗ വസ്തുവായി കാണുന്ന പ്രവണത വളര്‍ത്തിയതും. സിനിമകളും സീരിയലുകളും പൈങ്കിളി പ്രസിദ്ധീകരണങ്ങളും മധ്യനിരോധനം എടുത്തുകളഞ്ഞ നടപടിയും ഈ പ്രവണതക്ക് ആക്കം കൂട്ടി. സ്ത്രീപീഡനക്കേസുകളിലെ പ്രതികളില്‍ ഗണ്യഭാഗവും സംഭവ സമയങ്ങളില്‍ ലഹരിക്കടിപ്പെട്ടവരായിരുന്നുവെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഡല്‍ഹി ബസിലെ കൂട്ടബലാത്സംഗത്തിലെയും വ്യാഴാഴ്ച അലിഗഢില്‍ ആറ് വയസ്സുകാരി പീഡിപ്പിക്കപ്പെട്ട കേസിലെയും പ്രതികള്‍ മദ്യലഹരിയിലായിരുന്നുവന്ന് അന്വേഷണോദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചാനലുകള്‍ക്കും, സിനിമകള്‍ക്കൂം കര്‍ശന നിയന്ത്രണം, സമ്പൂര്‍ണ മദ്യ-ലഹരി നിരോധനം, സ്‌കൂള്‍, കോളജ് സിലബസ്സില്‍ ധാര്‍മിക ബോധം വളര്‍ത്താനാവാശ്യമായ പാഠഭാഗങ്ങള്‍, പൊതുരംഗങ്ങളില്‍ സ്ത്രീകളുടെ വസ്ത്രധാരണത്തിനും പെരുമാറ്റത്തിനും നിയന്ത്രണം തുടങ്ങിയ നടപടികളാണ് ഈയൊരു സാഹചര്യത്തില്‍ രാജ്യത്തിന്നാവശ്യം. ========================
No comments:
Post a Comment