Friday, 15 February 2013

[www.keralites.net] സ്വതന്ത്രയായിരുന്ന ഈ സ്ത്രീ ബന്ധിതയായി

 


സ്വതന്ത്രയായിരുന്ന ഈ സ്ത്രീ ബന്ധിതയായി


വിഷചികിത്സ ചെയ്തിരുന്ന നാളുകളിലൊന്നിലാണ് അമ്മച്ചിയുടെ ഉള്ളിലെ കലാകാരിയെ ഇവള്‍ തിരിച്ചറിയുന്നത്. അയല്‍വീട്ടിലെ കൂട്ടുകാരി വിഷം തൊട്ട് വന്നിരിക്കുകയാണ്. രാത്രി കൂട്ടായി വന്നതും അടുത്തവീ്ട്ടിലെ കൂട്ടുകാരികള്‍ തന്നെ. വീട്ടില്‍ അമ്മച്ചിയും അനിയത്തിമാരും മാത്രം. ഞങ്ങള്‍ കൗമാരക്കാരും യൗവ്വനത്തിന്റെ തുടക്കത്തിലുള്ളവര്‍ക്കുമിടയില്‍ മുതിര്‍ന്ന ഒരാള്‍ അമ്മച്ചി മാത്രമായിരുന്നു. ഞങ്ങളുടെ വര്‍ത്തമാനത്തിലും ചിരിയിലും കളിയിലേക്കും പ്രായത്തെ മാറ്റിവെച്ച് അമ്മത്തത്തെ മാറ്റിവെച്ച് അമ്മച്ചി ഇറങ്ങിവന്നു. രാത്രി വൈകുവോളം പാട്ടും നൃത്തവും പ്രസംഗവുമൊക്കെയായി.. അമ്മച്ചി നന്നായി നൃത്തം ചെയ്യുന്നതുകണ്ട് അമ്പരന്നു. എത്രയെത്ര പാട്ടുകള്‍..വിഷയം കൊടുക്കേണ്ട താമസം അതിനേപ്പറ്റി പ്രസംഗിക്കുകയായി..ഒരുപക്ഷേ ഞങ്ങള്‍ ചെറുപ്പക്കാരേക്കാള്‍ നന്നായി..ഇത്രനാളും ഈ കഴിവുകള്‍ എവിടെ ഒളിച്ചിരിക്കുകയായിരുന്നു? ഇവള്‍ അത്ഭുതപ്പെട്ടു.


കുഞ്ഞുന്നാളില്‍ അപൂര്‍വ്വമായിമാത്രം പാട്ടുപാടുന്നത് കേട്ടിട്ടുണ്ട്അതും ആരുമില്ലാത്തപ്പോള്‍ മാത്രം.


പാടുന്ന നാവിനെ മുറിച്ചേക്കുമെന്നോ, നൃത്തം ചെയ്യുന്ന കാലുകളെ തടഞ്ഞേക്കുമെന്നോ അമ്മച്ചി കരുതാന്‍ കാരണമെന്തായിരുന്നിരിക്കാം? തീര്‍ച്ചയായും ഞങ്ങളുടെ പിതാവോ വീട്ടുകാരോ എതിര്‍ക്കുക എന്നതിനേക്കാളേറെ സമൂഹം ഒരു സ്ത്രീക്കുമേല്‍ ഏല്‍പ്പിച്ചിരിക്കുന്ന ധര്‍മ്മത്തില്‍ കല ഇല്ല എന്നതു തന്നെയാണ് യാഥാര്‍ത്ഥ്യം. കല കുട്ടിക്കാലത്തിന്റേതു മാത്രമാകുന്നുഅതിലും വിലക്കുകളുണ്ട്.

കുഞ്ഞുങ്ങളെ നോക്കുക, വീടു പരിപാലിക്കുക, കൂടെ തൊഴിലുളളവള്‍ അതും ചെയ്യുകനേരമില്ലാതെ വട്ടം കറങ്ങുന്നതിനിടയില്‍ എന്തു കല? എന്തു സാഹിത്യം?

കൂടാതെ ഒളിഞ്ഞിരിക്കുന്ന വിലക്കുകള്‍ അനവധിയുണ്ട്. പക്ഷേ, പൊരുത്തപ്പെട്ടു ജീവിക്കുക എന്നതാണ് സ്ത്രീയുടെ ധര്‍മ്മമായി എല്ലാവരും പറയുക. ആരോടാണ് പൊരുത്തപ്പെടേണ്ടത് എന്നതിലാണ് കാര്യം. തന്റെ ഉള്ളിലെ വാസനകളെയെല്ലാം അടിച്ചമര്‍ത്തി മറ്റു ധര്‍മ്മങ്ങളില്‍ മുഴുകുമ്പോള്‍ സ്വാഭാവികമായും എപ്പോഴെങ്കിലും പൊട്ടിത്തെറിയുണ്ടായേക്കാം. അത് രൗദ്രഭാവത്തില്‍ കലിപൂണ്ടങ്ങനെ നില്ക്കും. പരിമിതികളെ മറികടക്കാന്‍ പ്രാപ്തയല്ലാത്തതുകൊണ്ട് അവള്‍ കുറച്ചു നേരത്തിനു ശേഷം ശാന്തയാകും.

നബനീത സെന്‍


പ്രാപ്തരാകുന്നവരാകട്ടെ ഓരോരോ ബന്ധനത്തേയും മുറിച്ചു കടക്കാന്‍ ശ്രമിക്കും. ചിലരാകട്ടെ മക്കളിലൂടെ സാഫല്യമണയാന്‍ കൊതിക്കും.

അമര്‍ത്യാസെന്നിനെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കേ വിചാരിക്കാതെ കൈയ്യിലെത്തിയ പുസ്തകമായിരുന്നു ജനനി.

സംഗീത്തില്‍, നൃത്തത്തില്‍, എഴുത്തില്‍, ചിത്രരചനയില്‍, പത്രപ്രവര്‍ത്തനത്തിലൊക്കെ പ്രാവീണ്യം തെളിയിച്ച ഇരുപതോളം സ്്ത്രീകള്‍ മാതൃത്വത്തെ, മകളെ, അമ്മയെപ്പറ്റി എഴുതിയ പുസ്തകം. കുറച്ചു പഴയൊരു പുസ്തകം.

അമര്‍ത്യാസെന്നിന്റെ ഭാര്യയായിരുന്ന നബനീത സെന്‍ അവരുടെ അമ്മയാകലിനെ പറ്റിയുള്ള അനുഭവത്തെ ഇങ്ങനെ കുറിക്കുന്നു


'അതിനാല്‍, ആ നിമിഷം മുതല്‍ സ്വതന്ത്രയായിരുന്ന ഈ സ്ത്രീ ബന്ധിതയായി'


ഒരു അമ്മയാകാന്‍ താന്‍ യോഗ്യയാണോ എന്ന് അവര്‍ പലവട്ടം ചിന്തിക്കുന്നുണ്ട്.

വിവാഹത്തിന് മാസങ്ങള്‍ക്കുമുന്‍പ് അവരുടെ ആദ്യ കവിതാസമാഹാരം പുറത്തുവന്നിരുന്നു. എന്നാല്‍ വിവാഹശേഷം കവിതയെ അവഗണിക്കുകയായിരുന്നു എന്ന് അവര്‍ പറയുന്നു. അതിനു കാരണമായി പറയുന്നത് മാതൃത്വമെന്നത് വളരെ ദുഷ്‌ക്കരമായ ധര്‍മ്മമായിരുന്നെങ്കിലും അതിനേക്കാളേറെ കുടുംബിനിയുടെ വേഷമായിരുന്നു സാഹിത്യപരമായ സ്വത്വത്തെ ഇല്ലാതാക്കിയത് എന്നായിരുന്നു. അത് തിരിച്ചറിഞ്ഞത് അമര്‍ത്യമായുള്ള വേര്‍പിരിയലിലാണ്.

'ഭാര്യ, അമ്മ, പാചകക്കാരി, െ്രെഡവര്‍, വിദ്യാര്‍ഥി, ആതിഥേയ എന്നിങ്ങനെയുള്ള ബഹുമുഖധര്‍മ്മങ്ങളില്‍ അങ്ങേയറ്റം മുഴുകിയരുന്ന ഞാന്‍ എഴുത്തിന്റെ അഭാവം അറിഞ്ഞതേയില്ല. എന്നാല്‍ ജീവിതത്തിന്റെ ഒരു വശത്തെ അവഗണിക്കുകയായിരുന്നപ്പോള്‍ മറ്റൊരു ഭാഗത്തിനു രൂപം കൊടുക്കാനായി മുഴുവന്‍ ശ്രദ്ധയും വിനിയോഗിച്ചുകൊണ്ടിരുന്നു. ദൗര്‍ഭാഗ്യവശാല്‍, ഞാന്‍ ശ്രദ്ധയോടെ പടുത്തുയര്‍ത്തിയ ആ വീട്, ഒരു സുപ്രഭാതത്തില്‍ തകര്‍ന്നടിഞ്ഞു വീണു. ഞാന്‍ അവഗണിച്ചിരുന്ന കവിത, എന്റെ അക്കാദമിക ജോലിയോടു ചേര്‍ന്ന് എനിക്ക് അന്തിമമായ രക്ഷയേകി...'


ഇങ്ങനെ പറയുന്ന നബനീത എന്നാല്‍ തന്റെ അമ്മയ്ക്ക് അമ്മയുടെ സര്‍ഗ്ഗാത്മകജീവിതത്തെ ഇല്ലാതാക്കിയത് മാതൃത്വമായിരുന്നു എന്നു പറയുന്നു. ഒരു വലിയ എഴുത്തുകാരിയായിരുന്ന അവര്‍ അതൊക്കെവിട്ട് മുഴുവന്‍ സമയ അമ്മയാവുകയും കുറേ വര്‍ഷങ്ങള്‍ക്കുശേഷം , അവര്‍ നബനീതയെ അതിന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നതായി പറയുന്നു. മകള്‍ക്കുവേണ്ടി തന്റെ സൃഷ്ടിപരമായ ജീവിതം ത്യജിച്ചുവെന്ന് അവര്‍ പലവട്ടം പരാതിപ്പെട്ടു. നബനീതയില്‍ അത് അപരാധബോധം ഉണ്ടാക്കിയിരുന്നുവെന്നും നിങ്ങള്‍ അങ്ങനെ ചെയ്തി്ല്ലായിരുന്നുവെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു! എന്നു പറയാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പറയുന്നു.
മക്കള്‍ തടഞ്ഞിട്ടല്ല ഒരമ്മയും തന്റെ സര്‍ഗ്ഗാത്മജീവിതം ഒഴിവാക്കുന്നത്. സാഹചര്യം കൊണ്ടും അവരുടെ ഉള്ളിന്റെ ഉള്ളിലെ തോന്നലുകള്‍ കൊണ്ടും ധൈര്യമില്ലായ്മ കൊണ്ടുമൊക്കെയാണെങ്കിലും മിക്ക അമ്മമാരും മക്കളെ തന്നെ കുററപ്പെടുത്തും. ആ കുറ്റപ്പെടുത്തല്‍ മക്കള്‍ ഇഷ്ടപ്പെടുമെന്നു തോന്നുന്നില്ല. പലപ്പോഴും അമ്മയ്ക്കും മക്കള്‍ക്കുമിടയിലായിരിക്കില്ല പ്രശ്‌നം. കണ്ടു നില്ക്കുന്നവരിലായിരിക്കും. മക്കളുടെ പേരുപറഞ്ഞുകൊണ്ട് നല്ല അമ്മയാവാന്‍ പരിശീലിപ്പിക്കുക...ഉപദേശിക്കുക...
കുറ്റപ്പെടുത്താതിരിക്കുന്ന ചില അമ്മമാര്‍ മക്കളിലൂടെ തന്റെ സ്വത്വത്തെ കണ്ടെത്താന്‍ ശ്രമിക്കും.

എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സി എസ് ലക്ഷ്മി (അംബൈ) തന്റെ അമ്മയെ ഓര്‍ക്കുന്നത് അവരുടെ കച്ചേരിയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. ചെറുപ്പത്തില്‍ അവര്‍ വീണ പഠിച്ചിരുന്നു അമ്മ അലമേലു. ഭര്‍ത്തൃവീട്ടില്‍ പക്ഷേ സമ്മതമുണ്ടായിരുന്നില്ല. ഭര്‍ത്താവിനാണെങ്കില്‍ മററുള്ളവരുടെ മുമ്പില്‍ വീണവായിക്കുന്നത് ഇഷ്ടവുമായിരുന്നില്ല. അങ്ങനെ പറഞ്ഞ ദിവസം തന്റെ വീണയുടെ കമ്പികള്‍ വലിച്ചുപൊട്ടിക്കുകയും കുറേക്കാലത്തേക്ക് വീണവായിക്കുകയുമുണ്ടായില്ല അവര്‍. ആലോചിച്ചു നോക്കുമ്പോള്‍ അലമേലുവിനെപ്പോലുളള സ്ത്രീകളെ സംബന്ധിച്ചിടത്തോളം പാചകം അവരുടെ ചുമതലകളില്‍പ്പെട്ട ജോലിമാത്രമായിരുന്നില്ല . ആശയവനിമയത്തിനും അവകാശസ്ഥാപനത്തിനും സാഹസികതയ്ക്കുമൊക്കെയുള്ള ഒരു മാര്‍ഗ്ഗമാക്കി ആഹാരത്തെ മാറ്റുന്ന രീതി അവര്‍ക്കുണ്ടായിരുന്നു എന്നു സി എസ് ലക്ഷ്മി പറയുന്നു. ഒപ്പം തന്റെ ചിരകാലാഭിലാഷമായ സംഗീതം തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കാത്തതിനാല്‍ അത് മക്കള്‍ക്കു കിട്ടാന്‍ അവര്‍ ആവതു പരിശ്രമിച്ചുഎന്നതും.

'ഒരു അമ്മേയാകാനുള്ള പഠനം' എന്ന ലേഖനത്തില്‍ നോവലിസ്റ്റ് ശശി ദേശ്പാണ്ഡേ എല്ലാ തൊഴിലുകളിലും വെച്ച് പ്രയാസമേറിയ രക്ഷാകര്‍ത്തൃത്വം, ഇതിനുള്ള യോഗ്യതകളൊന്നും കൂടാതെ ആളുകള്‍ ഏറ്റെടുക്കുന്നതിന്റെ വൈചിത്ര്യത്തെപ്പറ്റി പറയുന്നു. താനുമൊരു അമ്മയാണ്. മക്കള്‍ക്കുവേണ്ടി നല്ല അമ്മയും സുഹൃത്തുമൊക്കെയാവണമെന്നും ആവശ്യമുള്ളപ്പോഴൊക്കെ അവരോടൊപ്പം ഉണ്ടാകണമെന്നും ആഗ്രഹിച്ചു. പക്ഷേ, അതൊന്നും വേണ്ട രീതിയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല എന്നും പറയുന്നു. വേഗത്തില്‍ സംയമനം കൈവിടുന്നവളും ക്ഷമയില്ലാത്തവളുമായിരുന്ന താന്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുകയും തന്നെ അള്ളപ്പിടിക്കുന്നത് വെറുക്കുകയും ചെയ്തിരുന്നു. ഒരു അമ്മയായിരുന്നതുകൊണ്ട് മാത്രം തന്റെ ശരീകളെപ്പറ്റി ബോധ്യമുണ്ടായിരുന്നില്ലെന്നും, തന്റെ അധികാര പ്രാമാണ്യത്തെപ്പറ്റി ആത്മവിശ്വാസമുണ്ടായിരുന്നില്ലെന്നും സ്വയം കബളിപ്പിക്കാനുള്ള കഴിവുമില്ലായിരുന്നു അതുകൊണ്ട് കുട്ടികളെ തല്ലുമ്പോഴും താനതൊക്കെ ചെയ്തത് അവരുടെ നന്മയ്ക്കുവേണ്ടിയാണെന്ന് സ്വയം വിശ്വസിക്കാതിരിക്കുകയും താന്‍ തന്റെ അരിശം തീര്‍ക്കുകയായിരുന്നെന്നും നിസ്വാര്‍ത്ഥ ത്യാഗമെന്നല്ല ഏതു ത്യാഗത്തെക്കുറിച്ചുള്ള സങ്കല്പത്തെയും താന്‍ നിരാകരിച്ചുവെന്നും ഏറ്റു പറയുന്നു.

അതുപോലെ തന്റെ കുട്ടികളുടെ മേല്‍ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നും അതുകൊണ്ട് അവരുടെ പാട്ടിനു വിടാന്‍ സാധിച്ചെന്നും ശശി ദേശ് പാണ്ഡേ പറയുന്നു.

സി.എസ്.ലക്ഷ്മി
'അമ്മയെന്ന നിലയില്‍ ജീവിക്കുന്ന സ്ത്രീക്ക് ഭയാനകമായ പലതും സംഭവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാതൃത്വം അമ്മയെയും മക്കളെയും ഒരുപോലെ വിഴുങ്ങുന്ന ഭീകരസത്വമായി മാറുന്നു, അതല്ലെങ്കില്‍ കുട്ടികള്‍ വിട്ടു പോകുന്ന സമയത്ത് ഒരു തരം ശൂന്യതയുണ്ടാവുകയും , അവിടം ആശാഭംഗവും കൊടും നൈരാശ്യവുംകൊണ്ട് പൂരിതമാവുകയും ചെയ്യുന്നു. എനിക്ക് ഒരു പണിയുള്ളതു കാരണം ഞാന്‍ ആ അവസ്ഥയില്‍ നിന്ന് രക്ഷപെട്ടു... താന്‍ ഒരു നല്ല അമ്മയായിരുന്നുവോ? എന്ന ചോദ്യം തന്നത്താന്‍ ചോദിക്കുമ്പോഴൊക്കെ, കൂടെ ഇതുകൂടി ചേര്‍ക്കേണ്ടതായി വരുന്നുഒരു അമ്മയായിരിക്കുവാന്‍ വേണ്ടി ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളും ഒഴിവാക്കേണ്ടതില്ല. ഞാന്‍ ആദ്യം ഒരു മനുഷ്യനാണ്; പിന്നെ ഒരു അമ്മയും. '

ആധുനികകാലത്ത് കുട്ടികള്‍ വിട്ടുപോകുമ്പോള്‍ ശൂന്യതയനുഭവിക്കുന്ന ധാരാളം അമ്മമാരെ കാണാറുണ്ട്. അതിനുള്ള ഉത്തരം കൂടിയാണ് മുകളിലത്തേത് . നബനീത സെന്നും അതേപ്പറ്റി പറയുന്നുണ്ട്. എല്ലാ ബന്ധങ്ങളുടെ അടിത്തട്ടിലുള്ളത് തിരസ്‌ക്കാരമാണ്. എത്രതന്നെ അഗാധമായി സ്‌നേഹിച്ചാലും കുട്ടികള്‍ വളര്‍ന്നു വലുതായാലുടന്‍ അവരും നമ്മളെ വിട്ടുപോകും. പ്രാണിവര്‍ഗ്ഗത്തിന്റെ നിയമം അതാണ്.


ആ നിയമത്തെപ്പറ്റിയുള്ള ബോധമില്ലായ്മയാണ് കൊടും നൈരാശ്യത്തിലേക്കും മക്കളേപ്പറ്റിയുള്ള കുറ്റങ്ങളിലേക്കും എത്തിപ്പെടുന്നത്.
'അമ്മയാകുമ്പോള്‍ , നിങ്ങളുടെ വ്യക്തിത്വം സ്വയമേവ പൊഴിച്ച് കളഞ്ഞ് ഒരു അമ്മ മാത്രമായി തീരുന്നില്ല. അമ്മയാകുന്നതിന് മുമ്പ് കുറേ വര്‍ഷങ്ങള്‍ ജീവിക്കുകയും വ്യക്തിത്വവികാസം ആര്‍ജ്ജിക്കുകയും ചെയ്തിട്ടുള്ള ഒരു വ്യക്തി . മാതൃത്വം പവിത്രമോ പാവനമോ അല്ലഅത ്പ്രകൃത്യധിഷ്ഠിതമാണ്. നിങ്ങള്‍ ജന്മം കൊടുത്ത വളരെ ലോലമായ കുഞ്ഞു ജീവനുവേണ്ട പോഷണം നിങ്ങള്‍ തന്നെ ഒരു അമുബന്ധമാകുന്ന വിധത്തില്‍ അതിനെ നിങ്ങളോടു ചേര്‍ത്തു നിര്‍ത്തുന്നു. പ്രകൃതി ഉദ്ദേശിക്കുന്ന ആവശ്യം കഴിഞ്ഞും അമ്മയെയും കുഞ്ഞിനെയും ചേര്‍ത്തു നിര്‍ത്തുന്ന കണ്ണി അതേപോലെ നിലനില്ക്കുമെന്ന് പ്രതീക്ഷിക്കുന്നിടത്താണ് അതിന്റെ ദുരന്തം.'
'കുട്ടികള്‍ക്കുവേണ്ടി കുറ്റമറ്റവളായിത്തീരണമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ അവരെ വേണ്ടെന്ന് വെയ്ക്കുമായിരുന്നു' എന്ന ലൂസി ഫെറസിന്റെ വാക്കുകളോടെയാണ് ചിത്രകാരിയായ രേഖരോദ്വിത്തിയ തന്റെ ലേഖനം തുടങ്ങുന്നത്.

ഒട്ടനേകം സ്ത്രീകള്‍ അമ്മമാരെന്ന നിലയിലുള്ള തങ്ങളുടെ ആത്മാര്‍ത്ഥ തെളിയിക്കാനുള്ള യാതനാപൂര്‍ണ്ണമായ വ്യഗ്രതയില്‍ പതുക്കെ പടിപടിയായി സ്വയം ഇല്ലാതായി പോകുന്നത് കണ്ടിട്ടുണ്ട്. ഒരു സ്ത്രീയുടെ വ്യക്തിപരമായ ആവശ്യങ്ങളെ ത്യജിക്കുന്നതിനെ, ശരിയായ മാതൃപരിപാലനത്തിന്റെ ലക്ഷണമായി കാണുന്ന , മാതൃത്വത്തിന്റെ അതിശയോക്തി കലര്‍ന്ന നിര്‍വ്വചനത്തിന്റെ സൃഷ്ടിക്ക് ഇന്ത്യന്‍ സമൂഹത്തിനാണ് മുഖ്യ ഉത്തരവാദിത്വം. സാമ്പത്തികമായി ഒരു സ്ത്രീ സ്വതന്ത്രയായിരിക്കണം. അതിലാണ് അവളുടെ യഥാര്‍ത്ഥ വിമോചനത്തിന്റെയും അന്തസ്സിന്റെയും അടിസ്ഥാനം എന്ന് രേഖ എഴുതുന്നു.

കൊല്‍ക്കത്ത സര്‍വ്വകലാശാലയുടെ പ്രോവൈസ് ചാന്‍സലര്‍ ആയിരുന്ന ഭാരതി റായി തന്റെ അമ്മയെ ഓര്‍ത്തെടുക്കുകയാണ്. 1934 ല്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് സ്വര്‍ണ്ണമെഡലോടുകൂടി ബിരുദമെടുത്ത അമ്മ പക്ഷേ, വിവാഹത്തോടെ അച്ഛന്റെ നിഴലായി ജീവിച്ചു എന്നു പറയുന്നു. അച്ഛനോട് തോന്നിയ പ്രേമാതിരേകത്താല്‍ അവര്‍ സ്വയം ഇല്ലാതായെന്നും അത് അവരുടെ ജീവിത്തിലെ ആദ്യത്തേതും നിര്‍ണ്ണായകവുമായ പിഴവായിരുന്നുവെന്നുമാണ് ഭാരതി റായി പറയുന്നത്.

അവസാനകാലത്ത് അമ്മയ്ക്ക് സുഖമില്ലാതെ ഇരിക്കുമ്പോള്‍ ആ മകള്‍ അമ്മയോട് അന്വേഷിച്ചു


'ജീവിതത്തില്‍ അമ്മ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്താണെന്നാണ് കരുതുന്നത്? '


ഒരു നിമിഷത്തെ സന്ദേഹത്തിനു ശേഷം അവര്‍ പറഞ്ഞു


'ഞാനൊരിക്കലും എന്റെ കാര്യങ്ങള്‍ നോക്കിയില്ല. നിങ്ങളുടെ അച്ഛന്‍ എന്നെ അവഗണിച്ചില്ല. മറ്റൊരാളും അങ്ങനെ ചെയ്തില്ല. ഞാന്‍ എന്നെത്തന്നെ അവഗണിച്ചു. പലതരത്തിലുളള കഴിവുകളാള്‍ ഞാന്‍ അനുഗ്രഹീതയായിരുന്നു. പക്ഷേ, ആ കഴിവുകളെയൊന്നും പരിപോഷിപ്പിച്ചില്ല. എനിക്ക് നന്നായി പ്രസംഗിക്കാനും എഴുതാനുമുള്ള കഴിവുണ്ടായിരുന്നു. സൈക്കിള്‍ ചവിട്ടാനും നീന്താനുമറിയാമായിരുന്നു, ഗണിതവും ഗണിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടുപിടിക്കാനും ഇഷ്ടമായിരുന്നു. പാചകകലയിലും വസ്ത്രനിര്‍മ്മാണത്തിലും അതിന്റെ രൂപകല്പ്പനയിലും വൈഭവം ഉണ്ടായിരുന്നു. ആ വഴിക്കൊന്നും ഞാന്‍ ഒരു ഉദ്യമവും നടത്തിയില്ല. എനിക്ക് പല ഉന്നതമോഹങ്ങളും അതിനൊക്കെ ആവശ്യമായ സാമര്‍ത്ഥ്യവും ഉണ്ടായിരുന്നു. പക്ഷേ, അവ സാക്ഷാത്ക്കരിക്കുന്നതിവേണ്ടി ഞാനൊരിക്കലും പ്രവര്‍ത്തിച്ചില്ല. എനിക്ക് എന്നോട് തന്നെയുണ്ടായിരുന്ന കടമ ഞാന്‍ ചെയ്തിട്ടില്ല.'

റിങ്കി ഭട്ടചാര്യ എഡിറ്റ് ചെയ്ത് ജനനി അമ്മ/മകള്‍/മാതൃത്വം ഈ പുസ്തകത്തില്‍ കേവല മാതൃത്വത്തിനപ്പുറത്തുള്ള സൃഷ്ടിപരതയില്‍ നില്‍ക്കുന്ന സ്ത്രീകളുടെ അനുഭവക്കുറിപ്പുകളും കാഴ്ചപ്പാടുകളുമാണുളളത്.

നീത രാമയ്യ ദത്തെടുക്കല്‍ മുഖേന അവര്‍ക്കു ലഭ്യമായ മാതൃത്വാനുഭവത്തെക്കുറിച്ചും, ദീപ ഗഹ്ലോട്ട് എന്തുകൊണ്ട് താനൊരു അമ്മയാകാന്‍ ആഗ്രഹിക്കുന്നില്ല എന്നും എഴുതുന്നു. അന്വേഷ ആര്യ ടജനിക്കേണ്ടിയിരുന്ന ഒരാള്‍ ഇല്ലാതായിരിക്കുന്നുട എന്ന പേരില്‍ പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പുണ്ടായ ഭ്രൂണഹത്യയെക്കുറിച്ചാണ് വേദനാപൂര്‍ണ്ണവും തീഷ്ണവുമായ ഭാഷയില്‍ ഏറ്റു പറച്ചില്‍ നടത്തുന്നത്.

മലയാളത്തില്‍ നിന്ന് മാധവിക്കുട്ടിയുടെ ഞാനും ഒരമ്മ എന്ന രചനയാണ് ചേര്‍ത്തിട്ടുള്ളത്. എന്റെ ഉപയോഗകാലം കഴിഞ്ഞെന്നും എന്റെ മക്കള്‍ക്ക് ഒരു മധുരസ്മരണയായി അവശേഷിക്കാന്‍ ജീവന്‍ വെടിഞ്ഞേ തീരൂ എന്നും ഞാന്‍ നിരൂപിക്കുന്നു എന്ന കമലാദാസ്


ശശി ദേശ്പാണ്ഡെ
നര്‍ത്തികിയായ മല്ലിക സാരഭായി മക്കളില്‍ നിന്ന് കുറച്ചു ദിവസം മാറി നില്ക്കുമ്പോള്‍ അവര്‍ക്കെഴുതുന്ന കത്തില്‍ പറയുന്നു 'ഞാന്‍ ഏകാന്തതയ്ക്കായി കൊതിക്കുന്നു. എന്റെയുളളില്‍ തന്നെ സ്വച്ഛതയാര്‍ത്തൊരിടം കിട്ടാനും കൊതിക്കുന്നു. എന്റെ കലയെ പരിപോഷിപ്പിക്കാനും എന്റെ മൂല്യങ്ങളെ പുരുജ്ജ്വലിപ്പിക്കാനുമാണ് ഞാനീ സമയം വിനിയോഗിക്കുന്നത്. ഇങ്ങനെ മനസ്സ് കേന്ദ്രീകരിക്കുവാനുള്ള അവസരം ഇല്ലാതായാല്‍ നിങ്ങള്‍്ക്കു രണ്ടുപേര്‍ക്കും ഞാനൊരു രണ്ടാംകിട മാതാവായിപ്പോകും. മാതാവിന്റെ വ്യക്തിത്വം അഥവ ആത്മസത്ത ഒഴിച്ചു നിര്‍്ത്തിയ മാതൃത്വം പൂര്‍ണ്ണമല്ല.'

ഒരു സ്ത്രീ ഭാര്യയായിരിക്കുന്നത് കുറഞ്ഞൊരു സമയേത്തേക്ക് മാത്രമാണ്. എന്നാല്‍, ജീവിതകാലം മുഴുവനും അവളൊരമ്മയാകുന്നു എന്ന് ദളിത് എഴുത്തുകാരി ഊര്‍മിള പവാര്‍. പതിനേഴാം വയസ്സില്‍ പോറ്റമ്മയായവളെ പറ്റിയാണ് എഴുത്തുകാരിയായ മൈഥിലി റാവു എഴുതുന്നത്.

മാതൃത്വത്തിന്റെ ദുര്‍ഘടമായ പാതയിലൂടെ സഞ്ചരിക്കുന്ന പ്രസിദ്ധരായ സ്ത്രീകള്‍ അവരുടെ കഴിവിന്റെയും സര്‍ഗ്ഗശക്തിയുടെയും കാതലിനെ സ്പര്‍ശിക്കുകയാണ് ഈ പുസ്തകത്തിലൂടെ..മാതൃത്വം വെറും അമ്മയാകല്‍ മാത്രമാവരുതെന്നും താരാട്ടുപാടുന്നതില്‍ തീര്‍ന്നു പോകുന്നതല്ല സര്‍ഗ്ഗശക്തിയെന്നും പാചകം മാത്രമല്ല തൊഴിലെന്നും എന്നാല്‍ അതിനൊക്കെ മുകളില്‍ അമ്മ എല്ലാ വിചാരവികാരങ്ങളുമുള്ള സര്‍ഗ്ഗശക്തിയുമുളള മനുഷ്യനാണെന്നും ഓര്‍മപ്പെടുത്തുന്നു.

ഈ പുസ്തകം വായിച്ചു തീരുമ്പോള്‍ ഓരോരുത്തരും അവളവളുടെ അമ്മയിലേക്ക് മകളിലേക്ക് സൂക്ഷ്മമായി ഇറങ്ങിച്ചെല്ലും. നമ്മുടെ സൗകര്യത്തിനനുസരിച്ച് അമ്മയെ നിര്‍വ്വചിക്കുന്നതിനപ്പുറം ഒരു നിര്‍വ്വചനം കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഒരുപക്ഷേ, മുമ്പത്തേക്കാളേറെ എല്ലാ ശക്തിദൗര്‍ബല്യങ്ങളോടും കൂടി ഞാനെന്റെ അമ്മയെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. അവരുടെ സ്വാതന്ത്ര്യത്തെപ്പറ്റി, സര്‍ഗ്ഗാത്മകതയെപ്പറ്റി കൂടുതല്‍ ചിന്തിക്കുന്നു. ഞങ്ങള്‍ തീര്‍ത്ത വേലിക്കെട്ടില്‍ വട്ടം കറങ്ങേണ്ടവളല്ല അമ്മ എന്നു മനസ്സിലാക്കുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment