Friday, 15 February 2013

[www.keralites.net] എന്നെപോലെ നിന്നുള്ളിലും പ്രണയമുണ്ടോ?

 

എന്നെപോലെ നിന്നുള്ളിലും പ്രണയമുണ്ടോ?

mangalam malayalam online newspaper

പ്രണയം ഒരു സമരമാണെന്ന്‌ കരുതിയ എഴുപതുകളുടെ കാമ്പസ്‌. പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക്‌മേല്‍ വിപ്ലവത്തിന്റെ കനലുകള്‍ പുതച്ച്‌ പരസ്‌പരം ഹൃദയം ചേര്‍ത്തുവച്ച കൗമാരം. അവര്‍ക്ക്‌ പ്രണയം അതിജീവനത്തിന്റെ മാര്‍ഗമായിരുന്നു. പ്രണയത്തിന്റെ വിശുദ്ധിയില്‍ അവര്‍ പ്രണയത്തിന്റെ ചുവപ്പ്‌ ചാര്‍ത്തി. 'ചൂടാതെ പോയി നിനക്കായി ഞാനെന്റെ ചോരചാറി ചുവപ്പിച്ചൊരെന്‍ പനിനീര്‍പൂക്കളെ'യെന്ന്‌ വിഹ്വലത പൂണ്ടു.

പ്രീ പെയ്‌ഡ് കൂപ്പണ്‍പോലെ പ്രണയത്തിന്റെ വിലാസവും മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാമ്പസുകള്‍ക്ക്‌ തികച്ചും അന്യമായ സമരമാര്‍ഗവും പ്രണയകാലവും. കൊടിയും തോരണങ്ങളും കാണാതായ കാമ്പസുകളുടെ ചുമരുകള്‍ ചൂടന്‍ മുദ്രാവാക്യങ്ങളുടെ ഉശിരിനായി ചെവിയോര്‍ക്കുമ്പോള്‍ കൗമാരം പുതുപ്രണയങ്ങള്‍ തേടുകയാവും. നൈമിനിഷകമായ അവരുടെ പ്രണയ മധുരങ്ങളിലേക്ക്‌ എഴുപതുകളുടെ പ്രണയകാലം അറുബോറന്‍ ജീവിതമായി അന്യംനില്‍ക്കുകയാണ്‌. വിപ്ലവത്തിന്റെ തീനാമ്പുകളില്‍ ഒടുങ്ങിയ ജീവന്റെ പാതിയെകുറിച്ചുള്ള ഓര്‍മകളായിരുന്നു അഥവാ ഓര്‍മതെറ്റുകളായിരുന്നു അന്നത്തെ പ്രണയമെന്ന്‌ ആധുനിക യുവത്വം സമര്‍ത്ഥിക്കും. ഭരണകൂടത്തിന്റെ കണ്ണീരില്‍നിന്നൊഴിഞ്ഞ്‌ ഒളികേന്ദ്രങ്ങളുടെ നരകയാഥാര്‍ത്ഥ്യങ്ങളില്‍ പിടഞ്ഞ്‌ വാര്‍ന്നുവീഴുന്ന വാക്കുകളിലുണര്‍ന്ന പ്രണയലേഖനത്തെ അന്ന്‌ കവിതയെന്ന്‌ വിളിച്ചിരുന്നുവെന്നും ഇന്നത്തെ തലമുറ പ്രബന്ധത്തില്‍ കുത്തികുറിച്ചിരിക്കും. കാരണം, എഴുപതുകള്‍ അവര്‍ക്കും മുന്നെ കടന്നു പോയതാണ്‌. ഒന്നും ബാക്കിവയ്‌ക്കാതെ എല്ലാം നക്കിത്തുടച്ച്‌ കാലം ചിറിതുടയ്‌ക്കുമ്പോള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌പോലും വാക്കുകള്‍ തീയായി പടര്‍ന്ന തൂലിക താഴെവെച്ച്‌ അഭ്രപാളിയിലെ മോഹനവലയത്തിലേക്ക്‌ കയറികഴിഞ്ഞു. ചുള്ളിക്കാടിനെ സിനിമയിലൂടെ ആധുനിക കാമ്പസ്‌ പുനര്‍നിര്‍വ്വചിക്കുന്നു. കവിതയുടെ നിത്യ കാമുകനായ, ചുള്ളിക്കാടിനെപോലെ കവിത ചൊല്ലി നടന്നിരുന്ന കവി വിനയചന്ദ്രനെ മരണം കൈപ്പിടിയിലൊതുക്കുകയും ചെയ്‌തു.

പ്രണയവും ഒരു വ്യാവസായിക ഉത്‌പ്പന്നമായി മാറുന്ന വര്‍ത്തമാനകാലത്ത്‌ കമ്പോളം, പകരം വയ്‌ക്കാനില്ലാത്ത ഈ വികാരത്തേയും വിലക്കെടുത്തുകഴിഞ്ഞു. ക്രിസ്‌മസും ഓണവും വിഷുവും പോലെ പ്രണയത്തിന്റെ സാധ്യതയും കമ്പോളം തിരിച്ചറിഞ്ഞതോടെ ഓര്‍ക്കാനുംഒരു ദിനമായി. അങ്ങിനെ ഇന്ന്‌ ലോകമാനകമുള്ള പ്രണയിനികള്‍ വാലന്റൈന്‍സ്‌ ദിനം ആഘോഷിക്കുന്നു. 'മെഗാ സെയിലൊ'രുക്കാനുള്ള വിപണിയുടെ തന്ത്രമാണ്‌ വാലന്റൈന്‍സ്‌ ദിനമെന്ന്‌ വിലപിക്കുന്നവരുണ്ട്‌. അവര്‍ ആഘോഷത്തെ തടയുന്നു. അവരുടെ വാക്കുകളില്‍ പൊരുളുണ്ടാകാം. എന്നാല്‍ നമ്മുടെ ആത്മീയാചരണങ്ങള്‍ പോലും കണ്‍മുന്നില്‍ കച്ചവടവത്‌ക്കരിക്കപ്പെടുകയും വിപണിയുടെ ആഘോഷമായി മാറുകയും ചെയ്വെ, പ്രയണയത്തെ മാത്രം മാറ്റി നിര്‍ത്തണമെന്ന്‌ വാദിക്കുന്നതില്‍ കഴമ്പുണ്ടോയെന്നതാണ്‌ ചോദ്യം.

നിര്‍വ്വചനങ്ങളിലൊതുങ്ങാത്ത വികാരമാണ്‌ പ്രണയം. എതിര്‍ക്കുന്തോറും ശക്‌തമാകുന്ന വികാരം. പ്രണയിക്കുന്നവരെപ്പോഴും ഇരകളാണ്‌. സമൂഹം എപ്പോഴും നീട്ടിപ്പിടിച്ച തോക്കിന്‍കുഴലുമായി ഒരു വേട്ടക്കാരന്റെ മനസുമായി അവര്‍ക്ക്‌ പിന്നാലെയുണ്ടാകും. എന്നാലും ഈ എതിര്‍പ്പുകളെ പ്രണയം അതിജീവിക്കുന്നു. അല്ലെങ്കില്‍, എതിര്‍പ്പുകളെ നേരിടുന്നതാണ്‌ യഥാര്‍ത്ഥ പ്രണയം. ഇതിനു കരളുറപ്പുള്ളവര്‍ മാത്രം പ്രണയിച്ചാല്‍ മതിയാകും. കാരണം, പ്രണയത്തിലും യുദ്ധത്തിലും എന്തും സംഭവിക്കുമെന്നാണല്ലൊ ചൊല്ല്‌.

പ്രണയം നിര്‍വ്വചനങ്ങളില്‍ ഒതുങ്ങാന്‍ കൂട്ടാക്കത്തതാണ്‌. കലയാണ്‌.. ഉത്സവമാണ്‌.. ജീവിതത്തിന്റെ തന്നെ നിര്‍വ്വചനമാണ്‌.... മഴയാണ്‌... മഞ്ഞാണ്‌... നിലാവാണ്‌... തീരില്ല, എത്ര നിര്‍വ്വചനങ്ങള്‍ ചമച്ചാലും പ്രണയത്തിന്റെ രസതന്ത്രത്തെ അടയാളപ്പെടുത്താന്‍ മാത്രം സാധിക്കില്ല. തടസ്സങ്ങള്‍ക്ക്‌ മേലുള്ള പടര്‍ന്നുകയറ്റമാണ്‌ പ്രണയം. അതിന്റെ കെമിസ്‌ട്രി ഇന്നും അജ്‌ഞാതമായ ജീവിതരഹസ്യമാണ്‌. പ്രണയത്തെ പ്രിസത്തിലൂടെ കടത്തിവിട്ടാല്‍ ഏഴല്ല ഏഴായിരം വര്‍ണങ്ങള്‍ക്കപ്പുറത്താകും കാഴ്‌ച. കോളജ്‌ ലാബുകളില്‍ പ്രണയത്തിന്‌ നിറഭേദങ്ങളുടെ ഉത്സവകാഴ്‌ചയാകുന്നു.

'എന്നെപോലെ നിന്റെയുള്ളിലും പ്രണയമുണ്ടോ'യെന്ന സന്ദേഹത്തില്‍ കുടുങ്ങി, 'കാണാതെ വയെ്െനിക്കൊരു നിമിഷവു'മെന്നതിലേക്ക്‌ വളരുന്ന പ്രണയം. പ്രണയമിവിടെ സ്വാതന്ത്ര്യമാകുന്നു. ഇന്ന്‌ എന്തിനുമേതിനും കൗമാരത്തിന്‌ സ്വാതന്ത്ര്യമേറെയാണ്‌. അതോടെ പ്രണയ പാതയില്‍ ചതികുഴികളേറി. ചതിക്കുഴികളില്‍ തട്ടിത്തടഞ്ഞ്‌ വീണുടഞ്ഞവരുടെ നൊമ്പരം പ്രണയമെന്ന പകരം വയ്‌ക്കാനില്ലാത്ത വികാരത്തിനുമേല്‍ വിഷാദതുള്ളിയായി ഒട്ടിപ്പിടിച്ച്‌ കിടന്നു. പ്രണയത്തിന്റെ വിത്ത്‌വിതച്ച്‌ വളര്‍ത്തിയെടുത്ത സൂര്യനെല്ലി പതിനേഴ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷവും രാഷ്‌ട്രീയ വിവാദമായി അവശേഷിക്കുന്നു.

അന്നും പ്രണയത്തിന്റെ രസതന്ത്രം സാമ്യമായിരുന്നു. ജീവിത പാരാബ്‌ദങ്ങള്‍ക്കിടയില്‍ ഒന്നും വേണ്ടെന്ന്‌ വച്ചവരുണ്ട്‌. പ്രേമസുരഭിലമായ ജീവിതം കടന്നുപോയത്‌ കനല്‍വിരിച്ച സമരപ്രവര്‍ത്തനങ്ങളുടെ തീഷ്‌ണതയിലൂടെയായിരുന്നു. 'നീയിതൊന്നും അറിയുന്നില്ലേയെന്ന്‌്' സന്ദേഹിച്ചവരുണ്ട്‌. വിദ്യാഭ്യാസം സാമൂഹ്യ മാറ്റത്തിനുള്ള ചാലക ശക്‌തിയാകണമെന്ന്‌ കരുതിയ അവര്‍, കാമ്പസുകളിലേക്കുള്ള വഴികളില്‍ മുറുകെ പിടിച്ചത്‌ സാമൂഹ്യപ്രതിബന്ധതയെന്ന്‌ പാഥേയമായിരുന്നു. നിറം മങ്ങിയവയായിരുന്നു അവരുടെ സ്വപ്‌നങ്ങള്‍. ദാരിദ്ര്യവും പട്ടിണിയും വേദനയായി നീറവെ, അവയിലേക്ക്‌ വിപ്ലവവും സാഹിത്യവും ചേര്‍ത്ത്‌ വച്ചവര്‍ നടന്നു. കേരളത്തിലെ കാമ്പസുകളുടെ സുവര്‍ണ്ണകാലഘട്ടം.

ഇന്ന്‌ എല്ലാം 'അറേഞ്ച്‌ഡ്' ആയി മാറി കഴിഞ്ഞു. വികാരങ്ങള്‍ക്ക്‌ മേല്‍ വിലപറയുന്ന കമ്പോളം എല്ലാത്തിനേയും മാറ്റികഴിഞ്ഞു. ലൈബ്രറി പുസ്‌തകത്തില്‍ പ്രണയലേഖനം തിരുകിവെച്ച്‌ മറുപടിയ്‌ക്കായി കാത്തുനില്‍ക്കുന്ന കാമുകനെ ഇന്ന്‌ ബോറനെന്നു വിളിച്ചാലും മതിയാകില്ല. എന്നാല്‍ ഇവിടെ പ്രണയം ഇല്ലാതായെന്ന്‌ അര്‍ത്ഥമില്ല. പ്രണയം കാലത്തെ അതിജീവിച്ചു. ഗ്രീറ്റിംഗ്‌ കാര്‍ഡ്‌ പ്രണയ ദൂതുമായെത്തി പിന്നെ എസ്‌.എം.എസുകളിലേക്ക്‌ ചേക്കേറി. വഴിതെറ്റി പാറിവന്നണഞ്ഞൊരു മിസ്‌ഡ് കോള്‍.... ഫേയ്‌സ് ബുക്കിലെ പേരിനോടുള്ള ഇഷ്‌ടംകൊണ്ടൊരു സ്‌ക്രാപ്പ്‌... വരികള്‍ക്കിടയില്‍ ഒളിച്ചുനിന്ന്‌ സൗഹൃദം പിന്നെ വാചാലമായി... പ്രണയമായി... ലൈബ്രറി പുസ്‌തകത്താളുകള്‍ ദൂതനായ പഴയകാലം മറ്റൊരു രൂപത്തില്‍ ഹൈടെക്‌ യുഗത്തില്‍ കടന്നുവെന്നുമാത്രം.

പോലീസിന്റെ ലാത്തി പച്ചമാംസത്തില്‍ വീഴുമ്പോള്‍ വേദനിച്ചിരുന്നില്ല. കാരണം, അവളുടെ കൈകള്‍ കോര്‍ത്ത്‌കിടക്കുന്നുണ്ടായിരുന്നു. ആത്മാവില്‍ നിന്നൊഴുകിയ സ്വാന്തനം കൈവിരലുകളിലൂടെ, സിരകളിലൂടെ പടര്‍ന്ന്‌ ലാത്തിയുടെ വേദനയെ മായ്‌ച്ച്കൊണ്ടിരുന്നു... അത്‌ പഴയകാല ഓര്‍മകള്‍... പ്രണയത്തിന്റെ തുടക്കത്തിലെ ഓര്‍മപ്പെടുത്തലുകള്‍... ഇന്ന്‌ കാഴ്‌ചകളും സാധ്യതകളും പുതുക്കിപണിയപ്പെട്ടു. ഒരു മിസ്‌ഡ് കോളില്‍നിന്നായിരുന്നു പരിചയം... അല്ലെങ്കില്‍ ഒരു ലൈക്കില്‍നിന്ന്‌... ഇന്നത്തെ തലമുറ പ്രണയത്തിന്റെ തുടക്കത്തെ ഓര്‍മിക്കുന്നത്‌ ഇങ്ങനെയാകും...

ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ പാഴ്‌ജന്മങ്ങളാണെന്ന്‌ പ്രേമത്തെകുറിച്ചിത്രമാത്രമെഴുതിയ മാധവിക്കുട്ടി പറഞ്ഞത്‌ നേരാണ്‌. പ്രണയമില്ലെങ്കിലെങ്ങിനെ, ആത്മാവിന്‍ ആഴങ്ങളില്‍ പൂക്കള്‍ വിടരും...? അവയെങ്ങിനെ സൗരഭ്യം പടര്‍ത്തി പുഞ്ചിരി ചൂടും...? ഒരു പൂ ചോദിച്ചാല്‍ പൂക്കാലം തന്നെ സമ്മാനിച്ച്‌ അവനെത്തുമ്പോള്‍ അവള്‍ അവനോട്‌ മന്ത്രിക്കും: '' നീ എന്റേതാണ്‌..'' നീയും ഞാനും വ്യത്യസ്‌തമല്ല. നമ്മളൊന്നാണ്‌.. ഒരൊറ്റ ഉയിരാണ്‌... പ്രണയത്തിന്റെ ധ്യാനവും വിശുദ്ധിയും നമ്മെ പുണരുന്നു. പ്രണയം അങ്ങിനെ സ്വാതന്ത്ര്യമാകുന്നു... ആത്മസംഘര്‍ഷങ്ങളില്‍നിന്നുള്ള മോചനമാകുന്നു.... ജീവിതത്തിന്റെ ആഘോഷമാകുന്നു... കാലാതിവര്‍ത്തിയാകുന്നു.....


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment