ബണ്ടിചോര്‍! മരമണ്ടാ മലയാളി ബഹുജോര്‍
അച്ചുനിരത്തി പത്രം അച്ചടിച്ചിരുന്ന കാലമായിരുന്നെങ്കില്‍ കഴിഞ്ഞയാഴ്‌ച കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൂട്ടത്തോടെ പിന്‍വലിച്ച വാര്‍ത്ത ഇത്ര കേമമായി വരില്ലായിരുന്നു. കാരണം ബസിന്റെ ബ വണ്ടിയുടെ ണ്ടി എന്നീ അച്ചുകൂടങ്ങളിലെ അക്ഷരങ്ങളെല്ലാം ബണ്ടിചോറിനു വേണ്ടി മാറ്റിവയ്‌ക്കേണ്ടിവരുമായിരുന്നു.
മക്കളെ മറന്നാലും മലയാളി ഇപ്പോള്‍ െഹെടെക് തസ്‌കരന്‍ (വെറുമൊരു മോഷ്‌ടാവല്ല) ബണ്ടിചോറിനെ മറക്കില്ല. തീന്‍മേശയില്‍ അവന്റെ ഇഷ്‌ടവിഭവങ്ങള്‍ എന്തെല്ലാമെന്നുവരെ ചോദ്യംചെയ്യലിലൂടെ പോലീസ് മാലോകരെ അറിയിച്ചു. ഐ.ഐ.ടിയില്‍ നിന്നിറങ്ങിയ എം.ടെക് കാരനെപ്പോലെ െഹെടെക് ആയ ബണ്ടിചോര്‍ പക്ഷേ തലച്ചോര്‍ ഇല്ലെന്നു സ്വയം തെളിയിച്ചു. തിരുവനന്തപുരം നഗരഹൃദയത്തിലെ മുട്ടട-മരപ്പാലം റോഡിലെ െഹെടെക് വീട്ടില്‍ നിന്നുമാണ് ആഡംബരകാര്‍ ഭ്രമക്കാരനായ ബണ്ടി മിത്‌്സുബിഷി ഔട്‌ലാന്‍ഡര്‍ മോഷ്‌ടിച്ചത്‌്. ഇന്ത്യയിലെ മഹാനഗരങ്ങളിലെല്ലാം കവര്‍ച്ച നടത്തി കടന്ന ചരിത്രമുള്ള ബണ്ടി തിരുവനന്തപുരം വിട്ട് തമിഴകംവഴി കര്‍ണാടകയിലേക്കും അവിടെനിന്നും പൂനെയിലേക്കുമാണു പോയത്.
ബണ്ടീ, മരമണ്ടാ! മലയാളിക്കിന്നും കൂറിങ്ങും ചോര്‍ അങ്ങുമാണെന്നു നിനക്കറിയില്ല. മലയാളികള്‍ നിറഞ്ഞ മഹാരാഷ്‌ട്രയിലെ പൂനെയിലാണ് കൊച്ചുവെളുപ്പാന്‍കാലത്ത് നീ പോയി ഹോട്ടല്‍മുറി എടുത്തത്. കേരളത്തിനു പുറത്ത് തൂണിലും തുരുമ്പിലുമുണ്ടു മലയാളി. അവരില്‍ ഒരുവനാണു നിന്നെ കൃത്യമായി തിരിച്ചറിഞ്ഞു പോലീസിനു വിവരംകൊടുത്തത്. നീ ചോര്‍ ആണെങ്കില്‍ മലയാളി ബഹുജോറാണെന്ന് ഇപ്പോള്‍ മനസിലായില്ലേ?
അല്‍പം ബുദ്ധി ഉണ്ടായിരുന്നെങ്കില്‍ ഡ്യൂപ്ലിക്കേറ്റിന്റെ കേന്ദ്രമായ കുന്നംകുളത്തോ ആനയെ ഒതുക്കുന്ന മധുരയിലോ കൊണ്ടുപോയി കാര്‍ വിറ്റു കാശാക്കിയശേഷം കേരളത്തില്‍ വന്ന് ഏതു ഹോട്ടലിലും നിനക്കു വിലസാമായിരുന്നു. ആകൃതിയിലും പ്രകൃതിയിലും നിന്നോടു സാമ്യമുള്ള ഹിന്ദിക്കാരെ മുട്ടി മലയാളിക്കു സ്വന്തം നാട്ടില്‍ നടക്കാന്‍വയ്യെന്നു നീ ഇനിയെങ്കിലും അറിയുക.
ആസാമി, ബീഹാറി, ബംഗാളി, നേപ്പാളി, എരപ്പാളി (ക്രിമിനല്‍സ്) ഇവരെല്ലാമാണിപ്പോള്‍ കേരളത്തിന്റെ കാവലാളന്മാര്‍. ഇവിടെ മലയാളിയില്ല. ലോഡ്‌ജിലും ഹോട്ടലുകളിലും പമ്പിലും പറമ്പിലും പാടത്തും അന്യ സംസ്‌ഥാന തൊഴിലാളി സര്‍വാധിപത്യമായതു നീ അറിഞ്ഞില്ല. ആന്‌ധ്രയിലെ മാവോയിസ്‌റ്റ് നേതാവ് മല്ലരാജ റെഡ്‌ഡിയും കൂട്ടുകാരിയും വന്ന് ഒളിതാമസം നടത്തിയതു പെരുമ്പാവൂരിലെ വരവുകോളനിയിലാണ്. മണത്തറിഞ്ഞ ആന്‌ധ്രാ പോലീസാണ് വര്‍ഷങ്ങള്‍ക്കുശേഷം മല്ലനെ പിടിച്ചത്.
ത്രിഭാഷാപദ്ധതി വരുംമുമ്പ് പള്ളിക്കുടം വിട്ട അമ്മച്ചിമാരും സ്വകാര്യ ബസിലെ കണ്‍ട്രാവിമാരും ഇപ്പോള്‍ കെട്ടിത്തൂക്കിയ അക്ഷരമാലയില്‍ ഒന്നുമുതല്‍ നൂറുവരെ എണ്ണാന്‍ പഠിക്കുകയാണ്- ഈ ഹിന്ദിക്കാരോടു സംവദിക്കാന്‍. കേരളത്തില്‍ ആരു വരുന്നു, പോകുന്നു എന്ന് ഇവിടത്തെ പോലീസ് അന്വേഷിക്കാറേയില്ല.
സ്വയം കുഴിച്ച കുഴിയിലാണ് നീ വീണത്. മുട്ടട വീട്ടിലെ നിരീക്ഷണകാമറയെ നോക്കി നീ ഫ്‌ളയിംഗ് കിസ് നല്‍കിയ ചിത്രം പത്രത്തില്‍ പതിഞ്ഞില്ലായിരുന്നെങ്കില്‍ പൂനെ മലയാളിയുടെ കണ്ണില്‍ നീ അകപ്പെടില്ലായിരുന്നു.
പക്ഷേ, കേരളാ പോലീസ് ആകെ മാറിയെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞപ്പോള്‍ ഇത്രയും കരുതിയില്ല. സൗഹൃദ പോലീസ് നിന്നെ എയര്‍ ഇന്ത്യ 667 വിമാനത്തിലാണ് മുംെബെയില്‍ നിന്നു കൊണ്ടുവന്നത്. വിമാനത്തില്‍ നിന്റെ െകെവിലങ്ങുകള്‍ അഴിച്ചു. ബട്ടര്‍ ബണ്‍, ഓംലറ്റ്, ഫ്രൂട്‌സ് എല്ലാം നിനക്ക് വെള്ളിക്കരണ്ടിയില്‍ തന്നു. എടാ ബണ്ടിചോറേ, ബ്രിട്ടീഷുകാര്‍ക്കെതിരേ പൊരുതിയ സ്വാതന്ത്ര്യ സമരസേനാനികളെ ഉപ്പില്ലാത്ത ഗോതമ്പുണ്ട തീറ്റിച്ച, പൂജപ്പുരയിലും വിയ്യൂരിലും കണ്ണൂരിലും ചോര തുപ്പുംവരെ അവരുടെ മുതുകിനിടിച്ച, ഗൗരിയമ്മയുടെ സമരശേഷിയെ ലാത്തികൊണ്ടു തളര്‍ത്താന്‍ ശ്രമിച്ച, കൂത്താട്ടുകുളം മേരിയുടെ ശരീരഭാഗങ്ങളില്‍ മുളകരച്ചുപുരട്ടിയ ഇടിയന്‍ നാരായണപിള്ളമാരുടെ പിന്‍തലമുറയിലെ പോലീസാണ് ബട്ടര്‍ബണ്‍ തന്നു നിന്നെ സല്‍ക്കരിച്ചത്.
ഇതിന്റെ കാശ് പോലീസിന്റെ പോക്കറ്റിലേതോ നീ മുട്ടടയില്‍ നിന്ന് അപഹരിച്ചതോ? അതോ സല്‍ക്കാരച്ചെലവ് സര്‍ക്കാരിന്റേതോ? സര്‍ക്കാരിന്റെ കാശാണെങ്കില്‍ വിവരാവകാശനിയമപ്രകാരം നടപടിയെടുപ്പിക്കാന്‍ നയാ നവാബ് രാജേന്ദ്രന്മാര്‍ മുന്നോട്ടു വരും.
ലഘുഭക്ഷണം കഴിഞ്ഞായിരുന്നു നിന്റെ പത്രപാരായണം. സ്വന്തം ചിത്രമുള്ള വാര്‍ത്ത വായിച്ച നിന്നെ താളുമറിച്ച് പത്രവായനയ്‌ക്കു സഹായിച്ചതും പോലീസ്.
ഇവിടെ ലോക്കപ്പില്‍ കിടക്കുന്ന പാവപ്പെട്ടവരെ താളുമറിക്കാനല്ല ഒരക്ഷരംകൂടി ചേര്‍ത്ത് നിഘണ്ടുവിലില്ലാത്ത അസഭ്യവര്‍ഷം നടത്താനാണ് പോലീസിനിഷ്‌ടം. കേരളാ പോലീസിന് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പോലീസായി വേഷപ്പകര്‍ച്ചയുണ്ടായതിനു ബണ്ടിയോടു നന്ദി.
പ്രിയപ്പെട്ട തിരുവഞ്ചൂര്‍ ചേട്ടാ, ബണ്ടിചോറിനു താള്‍ മറിച്ചുകൊടുത്ത പോലീസിന് അടുത്ത വായനാദിനത്തിലോ റിപ്പബ്ലിക് ദിനത്തിലോ താമ്രപത്രം ശിപാര്‍ശ ചെയ്യണേ.
No comments:
Post a Comment