ബിലീവേഴ്സ് ചര്‍ച്ചിനോട് സി.പി.എം പത്രത്തിന് മയം; പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് ആരോപണം |
പത്തനംതിട്ട: ബിഷപ് കെ.പി. യോഹന്നാന്‍െറ ബിലീവേഴ്സ് ചര്‍ച്ചിനോടുള്ള സമീപനത്തില്‍ സി.പി.എം മുഖപത്രമായ ദേശാഭിമാനിക്ക് നിലപാടുമാറ്റം. പാര്‍ട്ടി കാമ്പയിനുകള്‍ക്ക് നല്‍കുംപോലുള്ള പ്രാധാന്യമാണ് ബിലീവേഴ്സ് ചര്‍ച്ച് നിരണം ഭദ്രാസനം കണ്‍വെന്‍ഷന് ദേശാഭിമാനി നല്‍കിയത്. മുമ്പ് ബിലീവേഴ്സ് ചര്‍ച്ചിന്‍െറ പരസ്യങ്ങള്‍ നിരസിച്ചിട്ടുള്ള ദേശാഭിമാനി ഇപ്പോള്‍ ലക്ഷങ്ങളുടെ പരസ്യവും നല്‍കി. നിലപാടുമാറ്റത്തിന് പിന്നില്‍ ലോട്ടറി രാജാവ് മാര്‍ട്ടിനുമായി നടന്നപോലുള്ള വന്‍സാമ്പത്തിക ഇടപാടാണെന്ന് ആരോപണമുയരുന്നു.
ബിലീവേഴ്സ് ചര്‍ച്ചിന്‍െറ വാര്‍ത്തയും പരസ്യവും ദേശാഭിമാനി നല്‍കിയതില്‍ ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ അക്കാര്യം പരിശോധിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ. അനന്തഗോപന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. ദേശാഭിമാനി മാനേജ്മെന്‍റിനോട് ഇക്കാര്യം ആരായുമെന്നും അദ്ദേഹം പറഞ്ഞു.
ബിലീവേഴ്സ് ചര്‍ച്ചുമായി ജില്ലയിലെ സി.പി.എം നേതൃത്വത്തിലുള്ള ചിലരുടെ ഇടപാടുകളാണ് നിലപാടുമാറ്റത്തിന് പിന്നിലെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. വടശേരിക്കരക്കടുത്ത് കാര്‍മല്‍ എന്‍ജിനീയറിങ് കോളജ് ബിലീവേഴ്സ് ചര്‍ച്ച് വിലയ്ക്ക് വാങ്ങിയതില്‍ ഒരു സി.പി.എം എം.എല്‍.എയും ജില്ലയിലെ സമുന്നതനായ നേതാവും ഇടനിലക്കാരായി ലക്ഷങ്ങള്‍ കമീഷന്‍ പറ്റിയെന്ന ആരോപണത്തിനിടെയാണ് ദേശാഭിമാനിക്ക് നിലപാടുമാറ്റം.
ബിലീവേഴ്സ് ചര്‍ച്ചിന്‍െറയും യോഹന്നാന്‍െറയും പ്രവര്‍ത്തനരീതികളോട് നീരസമുള്ള പ്രവര്‍ത്തകരും ജില്ലയിലെ പിണറായി വിഭാഗവുമാണ് ദേശാഭിമാനിക്കും ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിനുമെതിരെ ആരോപണമുന്നയിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റ് വില്‍പനയുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയതിന് കൈരളി ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടിയെ അടക്കം പ്രതിയാക്കി അഞ്ചുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ബിലീവേഴ്സ് ചര്‍ച്ച് കേസ് നല്‍കിയിട്ടുണ്ടെന്ന് പാര്‍ട്ടി തന്നെ വെളിപ്പെടുത്തിയിരുന്നു. കേസ് നിലനില്‍ക്കെയാണ് ദേശാഭിമാനിക്ക് ബിലീവേഴ്സ് ചര്‍ച്ച് സഭ പ്രിയങ്കരമായിരിക്കുന്നത്.
നാഗാലാന്‍ഡില്‍ ഒളിപ്പോരാളികള്‍ക്ക് സഹായം നല്‍കിയെന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ നിരീക്ഷണത്തിലാണ് ബിലീവേഴ്സ് ചര്‍ച്ച്. വിവിധ ആരോപണങ്ങള്‍ നേരിടുന്ന ചര്‍ച്ചിന് പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുന്നതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം വ്യാപകമാണ്. അടുത്തിടെ ദേശാഭിമാനി മാനേജ്മെന്‍റ് നിര്‍ദേശപ്രകാരം ഒരു പ്രാദേശിക ലേഖകന്‍ ബിലീവേഴ്സ് ചര്‍ച്ചിന്‍െറ ആതിഥേയത്വം സ്വീകരിച്ച് സൗജന്യമായി ഭാരത പര്യടന യാത്ര നടത്തിയിരുന്നു.
ഏതാനും ദിവസം മുമ്പ് ദേശാഭിമാനിയുടെ കോട്ടയത്തുനിന്നുള്ള മാര്‍ക്കറ്റിങ് വിഭാഗം ഉന്നതര്‍ ബിലീവേഴ്സ് ചര്‍ച്ച് ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. അവര്‍ മാര്‍ട്ടിന്‍ മോഡലില്‍ ലക്ഷങ്ങളുടെ ഇടപാട് ഉറപ്പിച്ചെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച തുടങ്ങി ഞായറാഴ്ച അവസാനിച്ച ബിലീവേഴ്സ് ചര്‍ച്ച് നിരണം ഭദ്രാസനം ജനറല്‍ കണ്‍വെന്‍ഷന്‍െറ കളര്‍ സപ്ളിമെന്‍റ് ബുധനാഴ്ച ദേശാഭിമാനി നല്‍കിയിരുന്നു. ലക്ഷങ്ങളാണ് ഇതിലൂടെ ദേശാഭിമാനി വരുമാനമായി നേടിയത്. ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ചിന് ജില്ലയില്‍ വരവേല്‍പ് നല്‍കിയതിനെക്കാള്‍ വലിയ പ്രാധാന്യമാണ് ബിലീവേഴ്സ് ചര്‍ച്ചിന്‍െറ കണ്‍വെന്‍ഷന്‍ വാര്‍ത്തകള്‍ക്ക് ദേശാഭിമാനി നല്‍കിയത്
No comments:
Post a Comment