Tuesday, 12 February 2013

[www.keralites.net] അബോര്‍ഷന്‍ മനസ്‌ തളരേണ്ട

 

അബോര്‍ഷന്‍ മനസ്‌ തളരേണ്ട

ഡോ. രജിനി പി. രവീന്ദ്രന്‍

 

അബോര്‍ഷന്‍ രണ്ടു വിധമുണ്ട്‌. ഒന്ന്‌ വൈദ്യശാസ്‌ത്രത്തിന്റെ നിര്‍ദേശപ്രകാരം ചെയ്യുന്നത്‌. മറ്റൊന്ന്‌ സാധാരണ അബോര്‍ഷന്‍. ഇത്തരം അബോര്‍ഷന്റെ കാരണങ്ങളും അതൊഴിവാക്കാനുള്ള മാര്‍ഗങ്ങളും.

സ്വപ്‌നങ്ങള്‍ക്ക്‌ മുകളില്‍ ദഃഖത്തിന്റെ കണ്ണീര്‍മഴയാണ്‌ അബോര്‍ഷന്‍. ഒരു തവണ അബോര്‍ഷന്‍ സംഭവിച്ചു എന്നുകരുതി മാനസികമായി തകര്‍ന്നുപോകുന്ന ദമ്പതിമാരുണ്ട്‌. അബോര്‍ഷന്‍ ഒറ്റപ്പെട്ട സംഭവമല്ല. ആര്‍ക്കും സംഭവിക്കാം. അതിനു കാരണങ്ങള്‍ പലതാണ്‌. ഇതില്‍ ഒഴിവാക്കപ്പെടാനാവാത്ത കാരങ്ങള്‍ പോലുമുണ്ട്‌. വൈദ്യശാസ്‌ത്രത്തിന്‌ പരിധിയുണ്ട്‌. അതായത്‌ ഗര്‍ഭം അലസുന്നത്‌ ഡോക്‌ടറുടെ അലംഭാവം മൂലമാണെന്നും ചികിത്സാപിഴവുകൊണ്ടാണെന്നും പറയാനാവില്ല. ഗര്‍ഭംധരിച്ച്‌ 22 ആഴ്‌ചയ്‌ക്കുള്ളില്‍ അലസിപ്പോകുന്നതിനേയാണ്‌ അബോര്‍ഷന്‍ എന്നു പറയുന്നത്‌. പതിനഞ്ചു ശതമാനം ഗര്‍ഭിണികളില്‍ അബോര്‍ഷന്‍ സാധ്യത കണക്കാക്കുന്നു. ഇതില്‍ എണ്‍പതു ശതമാനം ആദ്യത്തെ പന്ത്രണ്ട്‌ ആഴ്‌ചയിലാണു സംഭവിക്കുക. ജനിതക വൈകല്യം മൂലമുള്ള അബോര്‍ഷനുകളാണ്‌ ഏറ്റവും കൂടുതലായി സംഭവിക്കുന്നത്‌.

കാരണങ്ങള്‍ പലത്‌

അബോര്‍ഷന്‌ കാരണങ്ങള്‍ പലതുണ്ടെങ്കിലും അവയെ പ്രധാനമായും രണ്ടായി തിരിക്കാം. ആദ്യത്തേത്‌ ഗര്‍ഭസ്‌ഥ ശിശുവുമായി ബന്ധപ്പെട്ട കാരണങ്ങളും രണ്ടാമത്തേത്‌ അമ്മയുമായി ബന്ധപ്പെട്ട കാരണങ്ങളും. ജനിതകമായ പ്രശ്‌നങ്ങള്‍, മറ്റു വൈകല്യങ്ങള്‍, മുന്തിരിക്കുല ഗര്‍ഭം, ഇരട്ട ഗര്‍ഭം എന്നിവയാണ്‌ ഗര്‍ഭസ്‌ഥശിശുവുമായി ബന്ധപ്പെട്ടുള്ള അബോഷനിലേക്ക്‌ നയിക്കുന്ന ഘടകങ്ങള്‍. അമ്മയുടെ പ്രായം കൂടുന്നതിനനുസരിച്ചു കുഞ്ഞിനു ജനിതക വൈകല്യങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുന്നു. അതുകൊണ്ടുതന്നെ 35 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ ഗര്‍ഭിണിയാവുമ്പോള്‍ വിവിധതരം പരിശോധനകള്‍ വഴി ഗര്‍ഭസ്‌ഥ ശിശുവിന്‌ പ്രശ്‌നമൊന്നുമില്ലെന്നു സ്‌ഥിരീകരിക്കുന്നതു നല്ലതാണ്‌. അമ്മയ്‌ക്കുണ്ടാകുന്ന വിവിധതരം അണുബാധകള്‍ ഗര്‍ഭസ്‌ഥ ശിശുവിനെ സാരമായി ബാധിക്കുന്നതാണ്‌ അമ്മയുമായി ബന്ധപ്പെട്ടുള്ള കാരണങ്ങള്‍. ഇതില്‍ തൈറോയ്‌ഡ് പോലെ ഹോറമോണുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍, പ്രമേഹം, പ്രഷര്‍, വൃക്കസംബന്ധമായ അസുഖങ്ങള്‍പോലെ വളരെ കാലം നീണ്ടുനില്‍ക്കുന്ന രോഗങ്ങള്‍, രോഗപ്രതിരോധശേഷി കുറയുക തുടങ്ങിയാ കാരണങ്ങള്‍ പ്രധാനമാണ്‌. കൂടാതെ റേഡിയേഷനു വിധേയരായവര്‍ക്കും പുകവലിയും മദ്യപാനവുമുള്ള അമ്മമാര്‍ക്കും അബോര്‍ഷനുള്ള സാധ്യത കൂടുതലാണ്‌. ഗര്‍ഭപാത്ര വൈകല്യങ്ങളായ ഗര്‍ഭാശയ മുഖത്തു ഗര്‍ഭം താങ്ങിനിര്‍ത്താനുള്ള ശേഷി ഇല്ലാതിരിക്കുക. ഗര്‍ഭപാത്രത്തിലെ മുഴകള്‍, ഗര്‍ഭപാത്രത്തിന്‍െറ ഘടനയിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവയും അമ്മയുമായി ബന്ധപ്പെട്ട അബോര്‍ഷനു കാരണമാണ്‌.

രക്‌തസ്രാവം സൂക്ഷിക്കുക

ഗര്‍ഭിണികളില്‍ ആദ്യമാസങ്ങളില്‍ കാണുന്ന രക്‌തസ്രാവം നിസാരമാക്കരുത്‌. ഒരു പക്ഷേ, അബോര്‍ഷന്റെ ലക്ഷമാവാമിത്‌. അതിനാല്‍ നിര്‍ബന്ധമായും ഡോക്‌ടറെ കണ്ട്‌ പരിശോധന നടത്തിയിരിക്കണം. ആദ്യ മാസങ്ങളില്‍ രക്‌തസ്രാവം ഉണ്ടാകുന്നവര്‍ക്ക്‌ അബോര്‍ഷനുള്ള സാധ്യത കൂടുതലായി കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ബെഡ്‌ റെസ്‌റ്റും മരുന്നുകളും കഴിക്കേണ്ടതായി വന്നേക്കാം. ഇവരില്‍ ഗര്‍ഭം പുരോഗമിക്കുമ്പോള്‍ ഗര്‍ഭസ്‌ഥ ശിശുവിന്‍െറ വളര്‍ച്ചക്കുറവ്‌, മറുപിള്ളവിട്ടുപോകല്‍, മാസം തികയാതെ പ്രസവിക്കല്‍ എന്നിവയ്‌ക്കുള്ള സാധ്യത കൂടുതലാണ്‌. ഗര്‍ഭം അലസിയെങ്കിലും ഗര്‍ഭത്തിന്‍െറ കുറച്ചുഭാഗം ഗര്‍ഭപാത്രത്തില്‍ തന്നെ ഒട്ടിപ്പിടിച്ചിരിക്കുന്ന അവസ്‌ഥയാണ്‌ ഇന്‍കംപ്ലീറ്റ്‌ അബോര്‍ഷന്‍. സാധാരണയായി രക്‌തസ്രാവവും വയറുവേദനയുമാണ്‌ ലക്ഷണങ്ങള്‍. അമിത രക്‌തസ്രാവം രോഗിയുടെ ജീവനുപോലും ഭീക്ഷണിയാകാം. ഇത്തരക്കാര്‍ക്ക്‌ ഡി ആന്‍ഡ്‌ സി വഴി ഗര്‍ഭപാത്രത്തില്‍ ശേഷിക്കുന്ന ഗര്‍ഭം നീക്കം ചെയ്യേണ്ടതായി വരാറുണ്ട്‌.

പൂര്‍ണമായ അബോര്‍ഷന്‍

അബോര്‍ഷന്‍ പ്രക്രിയ ഏകദേശം പൂര്‍ണമായ അവസ്‌ഥയാണിത്‌. വയറുവേദനയും രക്‌തസ്രാവവും ആണ്‌ ഇതിന്‍െറ ലക്ഷണങ്ങള്‍. രക്‌തം കട്ടയായും മാംസത്തിന്‍െറ അംശം പോലെയും പോകാം. ഇതില്‍ ഗര്‍ഭം പൂര്‍ണമായും ഗര്‍ഭപാത്രത്തില്‍നിന്നു പോയിരിക്കും.

ജീവനില്ലാത്ത ഭ്രൂണം

ഭ്രൂണത്തിനു ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ ജീവനില്ലാതാകുകയും ഗര്‍ഭപാത്രത്തില്‍ അവശേഷിക്കുകയും ചെയ്യുന്ന അവസ്‌ഥയാണിത്‌. ഇങ്ങനെ സംഭവിച്ചാല്‍ ഫലം നെഗറ്റീവായിരിക്കും. അള്‍ട്രാസൗണ്ട്‌ സ്‌കാനിംഗ്‌ വഴി ഇതു കൃത്യമായി മനസിലാക്കാം. ഗര്‍ഭസ്‌ഥ ശിശുവിനു ഹൃദയത്തുടിപ്പ്‌ ഇല്ല എന്നും അറിയാന്‍ കഴിയും. രക്‌തസ്രാവമുള്ളതായോ രക്‌തക്കറപോലെ യോ അനുഭവപ്പെടാം. ഇതു മരുന്നുകള്‍ വഴിയോ പോയില്ലെങ്കില്‍ ഡി ആന്‍ഡ്‌ സി വഴിയോ നീക്കം ചെയ്യേണ്ടതായി വരും.

അണുബാധമൂലമുള്ള അബോര്‍ഷന്‍

ഗര്‍ഭസ്‌ഥ ശിശുവിനും ഗര്‍ഭപാത്രത്തിനുമുള്ള അണുബാധമൂലമുള്ള അബോര്‍ഷനാണിത്‌. ഗര്‍ഭമലസിപ്പിക്കാന്‍ കുറുക്കുവഴികള്‍ ചെയ്യുന്നവരിലാണ്‌ ഇത്തരം അണുബാധയും പ്രശ്‌നങ്ങളും കാണുന്നത്‌. ശക്‌തിയായ പനി, വയറുവേദന, ഛര്‍ദി, ഗര്‍ഭപാത്രത്തില്‍ നിന്നുള്ള രക്‌തസ്രാവം, പഴുപ്പുപോവല്‍ എന്നിവ ഇതിന്‍െറ ലക്ഷണങ്ങളാണ്‌. വളരെനേരത്തെ ചികിത്സിച്ചില്ലെങ്കില്‍ ഇത്‌ അത്യന്തം അപകടകരമാണ്‌. അണുബാധ, സെപ്‌സിസ്‌, ശ്വാസതടസം, രക്‌തം കട്ടപിടിക്കാതിരിക്കല്‍, വൃക്കകളുടെ പ്രവര്‍ത്തനവൈകല്യം എന്നിവ ഉണ്ടാവാം. ആന്‍റിബയോട്ടിക്കുകള്‍ വഴി അണുബാധ നിയന്ത്രിക്കുക, ഗര്‍ഭപാത്രത്തിലെ അണുബാധയേറ്റ ഭ്രൂണത്തെ പുറന്തള്ളുകയുമാണു ചികിത്സയുടെ പ്രധാന ലക്ഷ്യം. അണുബാധ ഗര്‍ഭപാത്രത്തിനു പുറത്തേക്കു ബാധിച്ചാല്‍ ശസ്‌ത്രക്രിയ ആവശ്യമായി വരാം. ഗര്‍ഭപാത്ര ഘടനയിലുള്ള പ്രശ്‌നങ്ങള്‍ വഴിയോ ഹിസ്‌റ്ററോസ്‌കോപ്പി വഴിയോ നേരത്തെ ഈ പ്രശ്‌നം കണ്ടെത്താം. ഉദാഹരണം, ഗര്‍ഭപാത്രത്തിന്‌ രണ്ട്‌ അറകള്‍ ഉണ്ടാകുക, മുഴകള്‍ ഉണ്ടാകുക, ഗര്‍ഭപാത്രത്തിന്‍െറ ഭിത്തികള്‍ തമ്മില്‍ ഒട്ടിപ്പിടിക്കുക. ഇവയെല്ലാം ഒരു പരിധിവരെ ഫലപ്രദമായ ചികിത്സവഴി തടയാന്‍ സാധിക്കും. നേരത്തെ പറഞ്ഞതുപോലെ പ്രതിരോധ പ്രശ്‌നങ്ങള്‍ രക്‌തപരിശോധന വഴി കണ്ടെത്താനും, പോസിറ്റീവ്‌ ആണെങ്കില്‍ അടുത്ത ഗര്‍ഭം സ്‌ഥിരീകരിച്ച ഉടന്‍തന്നെ ഫലപ്രദമായ മരുന്നും, ഇഞ്ചക്ഷനുംകൊണ്ട്‌ ഗര്‍ഭം മുന്നോട്ട്‌ കൊണ്ടുപോകാനും പ്രസവിക്കാനും സാധിക്കും. ഹോര്‍മോണ്‍ തകരാറുകള്‍ ഹോര്‍മോണ്‍ ടെസ്‌റ്റിലൂടെ കണ്ടുപിടിച്ച്‌ ഹോര്‍മോണ്‍ നല്‍കുന്നതിലൂടെ ഒരു പരിധിവരെ ഫലപ്രദമാകും. തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലുള്ള വ്യത്യാസങ്ങളും അബോര്‍ഷന്‍ ഉണ്ടാക്കാറുണ്ട്‌. ഇവയ്‌ക്കെല്ലാം ഫലപ്രദമായ ചികിത്സയും ഉണ്ട്‌.

ആവര്‍ത്തിച്ചുള്ള അബോര്‍ഷന്‍

ചെറിയൊരു ശതമാനം സ്‌ത്രീകളില്‍ മൂന്നോ അതില്‍ കൂടുതലോ പ്രാവശ്യം അബോര്‍ഷന്‍ സംഭവിക്കാറുണ്ട്‌. ഇതിനെ ആര്‍.പി.എല്‍. എന്നു പറയുന്നു . ഇതില്‍ 50 ശതമാനം പേരില്‍ മാത്രമേ വ്യക്‌തമായ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയൂ. എന്നാല്‍ 75 ശതമാനം പേരിലും പിന്നീടു സാധാരണ ഗതിയില്‍ ഗര്‍ഭധാരണവും പ്രസവവും സാധ്യമാവും. ആര്‍.പി.എല്‍. പല കാരണങ്ങള്‍കൊണ്ട്‌ ഉണ്ടാകാം. ക്രോമസോം പ്രശ്‌നങ്ങളും ഹോര്‍മോണ്‍ പ്രശ്‌നങ്ങളും സാധാരണയായി ആദ്യത്തെ മൂന്നു മാസത്തില്‍ അബോര്‍ഷനു കാരണമാകുന്നു. ഗര്‍ഭപാത്ര ഘടനയ്‌ക്കുളള പ്രശ്‌നങ്ങള്‍ സാധാരണയായി 3 മാസത്തിനുശേഷമുളള അബോര്‍ഷനു കാരണമാകുന്നു. പ്രതിരോധശക്‌തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആദ്യത്തെ മൂന്നു മാസത്തിലും ശേഷവും അബോര്‍ഷന്‍ ഉണ്ടാക്കാം. ജന്മസിദ്ധമായി കിട്ടുന്ന അമിതമായ രക്‌തം കട്ടപിടിക്കുന്ന അസുഖം , ദീര്‍ഘകാലമായി നീണ്ടുനില്‍ക്കുന്ന അസുഖങ്ങള്‍ എന്നിവയും ആര്‍.പി.എല്‍. ഉണ്ടാക്കിയേക്കാം. 3 - 5 ശതമാനം വരെയുളള ആര്‍.പി.എല്‍. മാതാവിനോ പിതാവിനോ ജനിതക വൈകല്യമുള്ളതായി മനസിലാക്കണം. ഇവര്‍ക്ക്‌ കാരിയോ ടൈപ്പിംഗ്‌ ചെയ്യേണ്ടിവരാം. ഗര്‍ഭം താങ്ങി നിര്‍ത്താനുള്ള കഴിവ്‌ ഗര്‍ഭപാത്രത്തിന്‌ ഇല്ലാത്ത അവസ്‌ഥയില്‍ ജീവനുള്ള ഗര്‍ഭസ്‌ഥ ശിശുവിനെ വേദനയില്ലാതെതന്നെ പുറന്തള്ളപ്പെടുന്നതായി കാണപ്പെടുന്നു. സാധാരണ 4-6 മാസത്തിന്‍െറ ഇടയിലാണ്‌ കാണുന്നത്‌. ഒരുപരിധിവരെ ഇത്‌ നേരത്തേ കണ്ടുപിടിക്കാം. ഇങ്ങിനെ സംഭവിച്ചാല്‍ അടുത്ത ഗര്‍ഭത്തില്‍ 3 മാസം കഴിഞ്ഞയുടന്‍ ഗര്‍ഭപാത്രമുഖത്ത്‌ തുന്നല്‍ ഇടേണ്ടതായി വന്നേക്കും.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment