അല്ലാ, ആരാ ഈ ആര്യ? തിരക്കിയെത്തിയ പലരും ഈ കൊച്ചുപെണ്‍കുട്ടിയെക്കണ്ട് അന്തംവിട്ടു. ഒരൊറ്റ കൂവല്‍കൊണ്ട് സ്ത്രീകളുടെയാകെ ശബ്ദമായി മാറിയ ഈ മിടുക്കിക്കുട്ടിയാണ് ഇന്ന് കോളേജിലെ താരം. നൂറുകണക്കിന് പെണ്‍കുട്ടികള്‍ ഇരുന്ന വേദിയില്‍ മൈക്കിലൂടെ സ്ത്രീകളെയാകെ അപമാനിച്ച് സംസാരിച്ചയാളെ ഒറ്റയ്‌ക്കെഴുന്നേറ്റ് നിന്ന് കൂവി തോല്‍പ്പിച്ച വിമന്‍സ് കോളേജിലെ ബി. എ. അവസാനവര്‍ഷ ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിനിയുടെ കൂവല്‍ സമൂഹത്തിന് നേരെകൂടിയാണ്. ''സഹികെട്ടപ്പോഴാണ് ഞാന്‍ എഴുന്നേറ്റ് നിന്ന് കൂവിപ്പോയത്'' -ആര്യ എന്ന പെണ്‍തരി പറയുന്നു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സംഘടിപ്പിച്ച 'മൂല്യബോധന' യാത്രയുടെ സമാപനവേദിയായ ഗവ. വിമന്‍സ് കോളേജായിരുന്നു വേദി. ചടങ്ങില്‍ സ്റ്റുഡന്റ്‌സ് പോലീസ് സംസ്ഥാന പരിശീലകന്‍ ഡോ. രജിത് കുമാറിന്റെ പ്രസംഗമാണ് അതിരുവിട്ട ആഭാസമായി മാറിയത്. ''പുരുഷന് വെറും പത്തു മിനിറ്റ് മതി ഗര്‍ഭമുണ്ടാക്കാന്‍. പക്ഷേ പ്രസവിക്കാന്‍ പത്തുമാസമെടുക്കുമെന്ന് നിങ്ങള്‍ പെണ്ണുങ്ങള്‍ മനസിലാക്കണം'' -ഈ മട്ടിലായിരുന്നു പ്രസംഗം. സംസാരം പലതവണ അതിരുവിട്ടിട്ടും സദസിലെ സ്ത്രീകളിലാരും അനങ്ങിയില്ല. നമ്മള്‍ പ്രതികരിക്കണമെന്ന് സദസിലുണ്ടായിരുന്ന ആര്യ കൂട്ടുകാരികളോട് പറഞ്ഞെങ്കിലും പോലീസ് ഉണ്ട് എന്ന പറഞ്ഞ് അവരെല്ലാം പിന്‍മാറി. ''മിടുക്കന്‍മാരായ ആണ്‍കുട്ടികള്‍ വിചാരിച്ചാല്‍ ഏത് പെണ്‍കുട്ടിയെയും എളുപ്പത്തില്‍ വളച്ചെടുക്കാന്‍ പറ്റും'' -എന്ന രജിത് കുമാറിന്റെ പരാമര്‍ശം എത്തിയപ്പോള്‍ പക്ഷേ ആര്യ എന്ന ഒറ്റയാള്‍ പട്ടാളത്തിന് പ്രതികരിക്കാതെ വയ്യെന്നായി. അവള്‍ ഒറ്റയ്ക്ക് എഴുന്നേറ്റ്‌നിന്ന് കൂവി- '' കൂൂൂൂ. . . . '' സദസാകെ ഞെട്ടി. പെണ്‍വര്‍ഗ്ഗത്തിന്റെയത്രയും പ്രതിഷേധം ഈ ഒറ്റക്കൂവലില്‍ വിമന്‍സ്‌കോളേജില്‍ നിറഞ്ഞു.
പിന്നെ പ്രതികരണത്തിന് കാക്കാതെ അവള്‍ ഇറങ്ങിപ്പോയി. സംഭവം വാര്‍ത്തയായതോടെ വനിതാസംഘടനകളും മറ്റും ആര്യയെ അനുമോദിച്ച് രംഗത്തെത്തി.
ആലപ്പുഴ സ്വദേശിയും എല്‍. ഐ. സി. ഏജന്റുമായ സുരേഷ്‌കുമാറിന്റെയും ഹെഡ്‌നഴ്‌സായ ജയലക്ഷ്മിയുടെയും മൂത്ത മകളായ ആര്യ ഇന്ന് മാധ്യമങ്ങളിലും താരമാണ്. വാര്‍ത്ത കണ്ട അച്ഛനുമമ്മയും ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും അവരുടെ പൂര്‍ണപിന്തുണ തനിക്കുണ്ടെന്ന് ആര്യ പറഞ്ഞു. യാതൊരു പശ്ചാത്താപവും വേണ്ടെന്നും അതുതന്നെയാണ് ചെയ്യേണ്ടിയിരുന്നതെന്നും അവര്‍ പറഞ്ഞു. സംഭവത്തിന് ശേഷം തിങ്കളാഴ്ചയാണ് ആര്യ കോളേജിലെത്തിയത്. ഗേറ്റ് കടന്നപ്പോള്‍തന്നെ അനുമോദനങ്ങളുമായി കുട്ടികള്‍ ചുറ്റുംകൂടി. ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപികമാരും ആര്യയെ വന്ന്കണ്ട് അഭിനന്ദനം പറഞ്ഞു.
കാരണം അവര്‍ക്കൊക്കെ വേണ്ടിയാണല്ലോ ഈ 'ആര്യപുത്രി' ശബ്ദമുയര്‍ത്തിയത്. പെണ്ണിനെ ചെറുതാക്കി കാണുന്ന ആണ്‍കോയ്മയോട് ഇതിനുമുന്‍പും താന്‍ പ്രതികരിച്ചിട്ടുണ്ടെന്ന് ആര്യ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ആര്യയെയും കൂട്ടുകാരികളെയും ഒരു ഓട്ടോറിക്ഷാഡ്രൈവര്‍ അസഭ്യം പറഞ്ഞു. തുടര്‍ന്ന് നമ്പര്‍ നോട്ട് ചെയ്ത് ഈ പെണ്‍കുട്ടികള്‍ പോലീസ് സ്‌റ്റേഷനുകളില്‍ കയറിയിറങ്ങിയെങ്കിലും പ്രതികരണം കണ്ടപ്പോള്‍ ഒരുകാര്യം ബോധ്യമായി-ഇന്നും പെണ്‍കുട്ടികള്‍ക്ക് കടന്നുചെല്ലാന്‍ പറ്റിയ ഇടമല്ല പോലീസ് സ്‌റ്റേഷനുകള്‍. ഒടുവില്‍ കമ്മീഷണര്‍ ഓഫീസില്‍ നേരിട്ട് പരാതിയുമായി ചെന്നാണ് ഇവര്‍ നീതി നേടിയെടുത്തത്.
കൂവി പ്രതിഷേധിച്ച് ആര്യ പുറത്തിറങ്ങിയപ്പോള്‍ രജിത് കുമാര്‍ മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ടായിരുന്നു- '' ഈ കുട്ടിക്ക് ഡി. എന്‍. എ. തകരാറാണ്.
മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമം മാത്രമാണിത്. തന്റെ മകളുടെ പ്രായമുള്ളതിനാല്‍ ഈ കുട്ടിയോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു '' .
ആര്യ ചോദിക്കുന്നു അദ്ദേഹമെന്തിനാണ് എന്നോട് ക്ഷമിക്കുന്നത്? മൊത്തം സ്ത്രീസമൂഹത്തോട് അദ്ദേഹമല്ലേ ക്ഷമ ചോദിക്കേണ്ടത്?
കടപ്പാട് - മാതൃഭൂമി
No comments:
Post a Comment