ക്ഷമിച്ചു എന്നൊരു വാക്കു തേടി
ഡി. ധനസുമോദ്
രാജഭാരങ്ങള്‍ അഴിച്ചുവച്ച് കപിലവസ്‌തുവില്‍നിന്ന് സിദ്ധാര്‍ത്ഥന്‍ ഗയയില്‍ എത്തിയത് ലോകദുഃഖത്തിന്റെ കാരണം തേടിയായിരുന്നു. എന്നാല്‍ ഒരു നാടിന്റെ മാപ്പപേക്ഷയുമായിട്ടാണ് അവര്‍ എട്ടുപേര്‍ കൊടുങ്ങല്ലൂരില്‍നിന്നു ബീഹാറിലെ ഗയയിലേക്കു പുറപ്പെട്ടത്. മനോരോഗത്തിന്റെ ഏതോ വിഭ്രാന്തനിമിഷങ്ങളില്‍ പുലമ്പിയ വാക്കുകളോടു കരുണ കാണിക്കാത്ത മലയാളി മനസിന്റെ ഇര, സത്നാംസിംഗിന്റെ ജന്മനാട് തേടിയായിരുന്നു ആ യാത്ര.
സത്നാംസിംഗിനെ ഓര്‍മയില്ലേ, മാസങ്ങള്‍ക്കു മുമ്പ് വാര്‍ത്താചാനലുകളില്‍ നാം ഈ ചെറുപ്പക്കാരനെ പലതവണ കണ്ടു. അമൃതാന്ദമയീമഠത്തിലേക്കു നുഴഞ്ഞു കയറിയ തീവ്രവാദിയെന്നായിരുന്നു ആദ്യ വാര്‍ത്ത. പിന്നാലെ മനോരോഗിയായ ഇയാളെ പോലീസ് സംരക്ഷണയില്‍ ഊളമ്പാറയില്‍ അടച്ചെന്നും വധശ്രമത്തിനു കേസെടുത്തെന്നും വാര്‍ത്ത കണ്ടു.
ഒന്ന് ഇരുട്ടി വെളുത്തപ്പോള്‍ മേലാസകലം 77 മുറിപ്പാടുകളുമായി സത്നാംസിംഗ് മരണത്തിനു കീഴടങ്ങി. സ്‌ഥിരം ഒന്‍പത് മണി ചര്‍ച്ചകളും അനുശോചന പ്രകടനങ്ങളും സാക്ഷരകേരളത്തില്‍ നിറഞ്ഞപ്പോള്‍ ഗയയിലെ ഷെര്‍ഗാട്ടിയില്‍ കരുണാമയിയായ ഒരമ്മ മകന്റെ പഠനമുറിക്കു പുറത്തുകടക്കാതെ കട്ടിലില്‍ കെട്ടിപ്പിടിച്ചുകിടന്നു.
2012 മേയ് 30 മുതല്‍ കാണാതായ മകന്‍ സത്നാം സിംഗ് വളളിക്കാവില്‍ വച്ച് പോലീസ് പിടിയിലായെന്ന് അറിഞ്ഞപ്പോള്‍ ആശ്വാസത്താല്‍ അമ്മ സുമണ്‍സിംഗിന്റെ മനസ് നിറഞ്ഞിരുന്നു. എന്നാല്‍ മകന്‍ ജീവിച്ചിരിക്കുന്നു എന്ന് അറിഞ്ഞപ്പോഴുണ്ടായ ആശ്വാസത്തിന് മണിക്കൂറുകളുടെ ആയുസേ ഉണ്ടായുള്ളൂ. മകന്റെ മരണവാര്‍ത്ത സത്നാമിന്റെ കുടംബത്തെ നടുക്കിക്കളഞ്ഞു.
പരദേശിയായ ഏതോ ഭ്രാന്തന്റെ മരണമായി കരുതി സംസ്‌ഥാന സര്‍ക്കാര്‍ മറന്നെങ്കിലും കൊടുങ്ങല്ലൂരിലെ ഒരു കൂട്ടം ആളുകളുടെ മനസില്‍ സത്നാംസിംഗ് മരിക്കാത്ത ഓര്‍മയായി. വളളിക്കാവില്‍ വച്ച് ദുരൂഹസാഹചര്യത്തില്‍ മരിച്ച നാരായണന്‍കുട്ടിയെക്കുറിച്ചുളള ഓര്‍മകളാണ് അവരുടെ മനസില്‍ വേദനയുടെ കനലുകള്‍ ഊതിക്കത്തിച്ചത്.
മനുഷ്യവകാശകൂട്ടായ്‌മയില്‍ വേദന പങ്കുവച്ചപ്പോള്‍ സത്നാംസിംഗ്- നാരായണന്‍കുട്ടി ഡിഫന്‍സ് കമ്മിറ്റി പിറവിയെടുത്തു. മനുഷ്യവകാശ പ്രവര്‍ത്തകനായ ടി.കെ. വിജയന്‍ മുന്‍കൈയെടുത്ത് സ്‌ഥാപിച്ച കമ്മിറ്റി ആദ്യം ചെയ്‌തത് കൊടുങ്ങല്ലൂരില്‍ വിപുലമായ ജനകീയ കണ്‍വന്‍ഷന്‍ വിളിച്ചുകൂട്ടുകയായിരുന്നു.
കസ്‌റ്റഡിയിലായിരിക്കെ മരണമടഞ്ഞ സത്നാംസിംഗിന്റെ കുടുംബത്തോട് സര്‍ക്കാര്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സെപ്‌റ്റംബറിലായിരുന്നു ആദ്യ സമരം. ടൗണ്‍ഹാളില്‍നിന്ന് വായ്‌മൂടിക്കെട്ടിയുളള പ്രകടനം പോലീസ് സ്‌റ്റേഷന്‍ മൈതാനിയില്‍ അവസാനിച്ചു. ശേഷം നടന്ന പൊതുസമ്മേളനം വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു.
സമ്മേളനം പ്രധാനമായും മൂന്നു കാര്യങ്ങളാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്: സത്നാംസിംഗിന്റെ കുടുംബത്തോടു സംസ്‌ഥാന സര്‍ക്കാര്‍ മാപ്പ് പറയുക, അവര്‍ക്കു നഷ്‌ടപരിഹാരം നല്‍കുക, മരണത്തിനിടയാക്കിയ സംഭവം സി.ബി.ഐയെകൊണ്ട് അന്വേഷിപ്പിക്കുക. നിശ്‌ചിതകാലയളവിനുളളില്‍ സര്‍ക്കാര്‍ ഇതില്‍ നടപടി കൈക്കൊള്ളാത്തപക്ഷം മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി ഗയയിലെത്തി കമ്മിറ്റി മാപ്പ് പറയുമെന്നും പ്രഖ്യാപിച്ചു.
യാത്ര തുടങ്ങുന്നു
മുഖ്യമന്ത്രി മുതല്‍ പ്രധാനമന്ത്രി വരെയുളളവര്‍ക്കു സമിതി കത്തയച്ചു. 'വിഷയം പഠിച്ച് കൊണ്ടിരിക്കുകയാണ്' എന്നറിയിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല മറുകുറി അയച്ചു. പഠനം അവസാനിക്കാത്തതു കൊണ്ടാണോ എന്നറിയില്ല, പിന്നീട് അദ്ദേഹവും മൗനത്തിലായി. കേരള ജനതയ്‌ക്കു വേണ്ടി മാപ്പു പറയാനും സര്‍ക്കാരിന് മാതൃകയാകാനും കമ്മിറ്റി തീരുമാനിച്ചു. സത്നാമിനെ ജാമ്യത്തിലെടുക്കാന്‍ ഡല്‍ഹിയില്‍നിന്നെത്തുകയും ഒടുവില്‍ മൃതദേഹവുമായി മടങ്ങുകയും ചെയ്‌ത പിതൃസഹോദര പുത്രന്‍ വിമല്‍കിഷോറിനെ മാധ്യമപ്രവര്‍ത്തകര്‍വഴി ബന്ധപ്പെട്ട് മാപ്പ് പറയാന്‍ ഗയയില്‍ എത്തുമെന്ന് അറിയിച്ചു. ഗയ ഷെര്‍ഗാട്ടിയിലെ വീട്ടില്‍ സത്നാമിന്റെ മാതാപിതാക്കളോടു വിമല്‍ കിഷോര്‍ സംസാരിച്ചപ്പോള്‍ അവര്‍ക്കും സമ്മതം. വിലാസവും യാത്രാമാര്‍ഗവും പറഞ്ഞു കൊടുത്തു. ജനുവരി എട്ടിനു വൈകിട്ട് അഞ്ചുമണിക്ക് എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍നിന്നു യാത്രപുറപ്പെടാന്‍ തീരുമാനിച്ചു. കൊടുങ്ങല്ലൂര്‍ ശ്രീനാരായണ സാംസ്‌ക്കാരിക വേദി അധ്യക്ഷന്‍ എന്‍.ബി.അജിതനെയാണ് മാപ്പപേക്ഷാ സംഘത്തിന്റെ നേതാവായി നിശ്‌ചയിച്ചത്.
സര്‍വോദയ മണ്ഡലത്തിന്റെ സംസ്‌ഥാന നിര്‍വാഹക സമിതിയംഗവും മദ്യനിരോധന സമിതി സംസ്‌ഥാന ട്രഷററുമായ ഇസാബിന്‍ അബ്‌ദുള്‍ കരീം, അബ്‌ദുള്‍ ഖാദര്‍ കണ്ണെഴുത്ത് (ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്‍), പി.എ.റിയാസ് (മനുഷ്യാവകാശ കൂട്ടായ്‌മ), പി.എ. മോഹനന്‍ (യുക്‌തിവാദിസംഘം), എന്‍.ഡി. വേണു (സി.പി.ഐ.-എം.എല്‍.) എന്നിവരാണ് കൊടുങ്ങല്ലൂരില്‍നിന്നു പുറപ്പെടുന്നത്.
മധ്യപ്രദേശിലെ നരസിംഹപൂരിനടുത്ത് ആദിവാസി മേഖലയില്‍ താമസിച്ചുപ്രവര്‍ത്തിക്കുന്ന സാമൂഹികപ്രവര്‍ത്തകയായ ദയാഭായി ഗയയില്‍ നേരിട്ട് എത്താമെന്ന് സംഘത്തിന് ഉറപ്പ് നല്‍കി.
കൊടുങ്ങല്ലൂര്‍, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് യാത്രയയപ്പ് ഏറ്റുവാങ്ങി എറണാകുളം സൗത്ത് റെയില്‍വേസ്‌റ്റേഷനില്‍നിന്നും പാറ്റ്‌ന എക്‌സ്പ്രസില്‍ യാത്ര തുടങ്ങി. ട്രെയിന്‍ യാത്രയ്‌ക്കിടയില്‍ വിതരണം ചെയ്യാനായി ഹിന്ദിയില്‍ തയാറാക്കിയ ലഘുലേഖയും കൈയില്‍ കരുതിയിരുന്നു. ജനുവരി 11 ന് ഉച്ചയ്‌ക്ക് ഒരു മണിയോടെ ഗയയിലെത്തി.
ഗയ വരെയുളള വഴി അറിയാമെങ്കിലും പിന്നീട് അങ്ങോട്ടുളള യാത്രയെക്കുറിച്ച് ആര്‍ക്കും തിട്ടമില്ല. ബസ്സ്റ്റാന്‍ഡില്‍ എത്തി കണ്ടക്‌ടറോട് വഴി അന്വേഷിക്കുമ്പോഴാണ് യാത്രയെക്കുറിച്ച് അന്വേഷിക്കാന്‍ സത്നാമിന്റെ പിതാവ് ഹരീന്ദ്രകുമാര്‍ സിംഗ് വിളിച്ചത്. ബസ് കണ്ടക്‌ടര്‍ക്ക് ഫോണ്‍ കൈമാറി. അപ്പോഴാണ് അറിയുന്നത്, ഇവര്‍ വഴി ചോദിച്ച കണ്ടക്‌ടറുടെ ബസ് പോകുന്നത് സത്നാമിന്റെ ഗ്രാമത്തിലേക്കാണ്.
സത്നാമിന്റെ വീട്ടില്‍
ബിഹാറിലെ രീതി അനുസരിച്ചുളള മാപ്പപേക്ഷയാണ് വീട്ടുകാര്‍ സ്വീകരിക്കുന്നതെങ്കില്‍ സംഘം അതിനും തയാറാകണമെന്ന് ഇസാബിന്‍ സംഘാംഗങ്ങളോട് പറഞ്ഞിരുന്നു. വീട്ടുകാര്‍ക്കു തങ്ങളോടുളള മനോഭാവം എന്തായിരിക്കുമെന്നതിനെച്ചൊല്ലി ഒരു രൂപവും ഉണ്ടായിരുന്നില്ല. രാത്രി 9.30 ന് ബസ് ഷെര്‍ഗാട്ടിയില്‍ എത്തി. ആദ്യം ബസിറങ്ങിയ റിയാസ് ഞെട്ടി. മൂന്നു തോക്ക്‌ധാരികളും കുറേ ആളുകളും. ബസ്‌റ്റോപ്പില്‍ വച്ച് തന്നെ തട്ടിക്കളയുമോയെന്നു ഭയന്നെങ്കിലും സ്വീകരിക്കാന്‍ നില്‍ക്കുന്നവരുടെ മുഖത്ത് ചിരിയായിരുന്നു. സത്നാമിന്റെ അടുത്ത ബന്ധുക്കള്‍ മാത്രമല്ല സ്‌ഥലം എം.എല്‍.എ. വിനോദ് കുമാര്‍ യാദവും കാത്തുനിന്നവരിലുണ്ട്. എം.എല്‍.എ.യുടെ അംഗരക്ഷകരായിരുന്നു തോക്ക്‌ധാരികള്‍. സത്നാമിന്റെ ബന്ധുവിന്റെ ഹോട്ടലില്‍ മാപ്പപേക്ഷ സംഘത്തിനു മുറിയെടുത്തിരുന്നു.
ഹോട്ടലില്‍ ഇരുന്ന് സംസാരിച്ചപ്പോഴാണ് സത്നാമിന്റെ അച്‌ഛന്‍ ഹരീന്ദ്രകുമാര്‍ സിംഗും ബന്ധുക്കളുടെ കൂട്ടത്തില്‍ ഉണ്ടെന്നു മനസിലായത്. മലയാളി സംഘത്തെ രാത്രിയില്‍ തന്നെ കാറില്‍ വീട്ടിലേക്കു കൊണ്ടുപോയി. 85 വയസുകാരനായ മുത്തച്‌ഛന്‍ കിഷോര്‍സിംഗും മുത്തശ്ശി മാംഗ്‌ദേവിയും അടങ്ങുന്ന കൂട്ടുകുടുംബം അവരെ കാത്തിരിക്കുകയായിരുന്നു. എല്ലാവരേയും സ്വീകരിച്ചിരുത്തി.
വിശാലമായ ഹാളില്‍ നിറയെ ആളുകള്‍. കുറച്ചു നേരത്തേക്ക് ആര്‍ക്കും ഒന്നും മിണ്ടാനായില്ല. 2700 ലധികം കിലോമീറ്ററുകള്‍ താണ്ടിയെത്തിയ സംഘം വാക്കുകള്‍ക്കായി അന്യോന്യം നോക്കി. ഒടുവില്‍ ഇസാബിന്‍ ഓരോരുത്തരെയായി പരിചയപ്പെടുത്തി. കൃത്യസമയത്ത് കൊടുങ്ങല്ലൂരില്‍നിന്ന് യാത്രയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ടി.കെ. വിജയന്‍ ഇസാബിന്റെ മൊബൈലില്‍ വിളിച്ചു. നേരില്‍ കാണാന്‍ കഴിയാത്ത അച്‌ഛനെ വാക്കുകള്‍കൊണ്ടെങ്കിലും സ്‌പര്‍ശിക്കട്ടെയെന്നു ചോദിച്ചപ്പോള്‍ ഫോണ്‍ ഹരീന്ദ്രര്‍കുമാര്‍ സിംഗിനു കൈമാറി.
മുന്നിലിരിക്കുന്നവര്‍ മാത്രമല്ല, കേരള ജനത ഒന്നാകെ സത്നാംസിംഗിനു സംഭവിച്ച അനീതിയില്‍ വേദനിക്കുന്നുവെന്ന വാചകം മുഴുമിക്കുംമുമ്പേ മറച്ചുവച്ചിരുന്ന സങ്കടത്തിന്റെ കെട്ടഴിഞ്ഞു. പിതാവ് കൊച്ചുകുട്ടിയെയെന്നപോലെ കരയാന്‍ തുടങ്ങി.
കരച്ചില്‍ തോര്‍ന്നെങ്കിലും മൗനത്തിന്റെ ചിറമുറിയാന്‍ പിന്നെയും നേരമെടുത്തു. നീതിക്കായുളള പോരാട്ടത്തില്‍ ഒപ്പമുണ്ടെന്നും കേരളത്തിലെത്തി അന്വേഷത്തിന് മുന്‍കൈയെടുക്കണമെന്നും ഇസാബിന്‍ പറഞ്ഞൊപ്പിച്ചു. നിയമവഴിയിലേക്ക് ആ കുടുംബത്തെ അവര്‍ ക്ഷണിച്ചു. ചോറും റൊട്ടിയും പച്ചക്കറികളും അടക്കം അത്താഴം കഴിച്ചശേഷം സംഘം തിരികെ ഹോട്ടലിലെത്തി. മാപ്പുപറയുന്നത് ദയാഭായി വന്നശേഷം അടുത്ത ദിവസം ആകാമെന്നു തീരുമാനിച്ചു. പിറ്റേദിവസം രാവിലെ ദയാബായി എത്തിയതോടെ സംഘം സത്നാമിന്റെ വീട്ടിലേക്കു തിരിച്ചു.
മലയാളത്തിന്റെ മാപ്പ്...
''സംസ്‌കാരസമ്പന്നരായ കേരളം എന്നും എന്റെ സ്വകാര്യ അഹങ്കാരമായിരുന്നു. 24 കാരനായ സത്നാംസിംഗിനെ ഇല്ലാതാക്കിയ നാടിനുവേണ്ടി ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു. ദൈവത്തിന്റെ നാട് എന്നത് പരസ്യവാചകത്തില്‍ മാത്രമായെന്നു തോന്നുന്നു''-തൊഴുകൈയോടെ നിന്ന ദയാഭായിയുടെ കണ്ണുനീര്‍ ധാരയായി ഒഴുകിയപ്പോള്‍ കൂട്ടക്കരച്ചിലായി മാറി.
സത്നാമിന്റെ മുറി വിട്ടു പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരുന്ന അമ്മയെ ദയാഭായി കെട്ടിപ്പിടിച്ചു. മരിക്കുന്നതുവരെ ഓരോ ദിവസവും താന്‍ മരിച്ചുകൊണ്ടേയിരിക്കുന്നു എന്നു വിതുമ്പലോടെ അവര്‍ പറഞ്ഞു. അണഞ്ഞുപോയ നീതിയുടെ വെളിച്ചം തെളിക്കുന്നതിന്റെ പ്രതീകമായി സംഘം കൊണ്ടുവന്ന തൂക്കുവിളക്ക് ആ വീട്ടില്‍ തെളിച്ചു.
സത്നാമിന്റെ മരണത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം വേണമെന്നു ബിഹാര്‍ നിയമസഭ പ്രമേയം പാസാക്കി കേരളത്തിന് അയച്ചതായി എം.എല്‍.എ.വിനോദ്‌കുമാര്‍ യാദവ് പറഞ്ഞു. കേരളസംഘത്തെ കാണാന്‍ എത്തിയവര്‍ക്കു മുന്നില്‍ വച്ച് ഒരു പത്രപ്രവര്‍ത്തകന്‍, 'കേരളത്തെക്കുറിച്ച് എന്താണ് അഭിപ്രായം' എന്നു സത്നാമിന്റെ പിതാവിനോടു ചോദിച്ചു.
''നഷ്‌ടപ്പെട്ട മകന്‍ തിരിച്ചു വരില്ല. അവനെ ഇല്ലാതാക്കിയ കേരളത്തെ എനിക്കു വെറുപ്പായിരുന്നു, ആ നാട്ടുകാരേയും. കാലാവസ്‌ഥയെ കൂസാതെ, ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി എത്തിയ ഇവരുടെ മുഖം കാണുമ്പോള്‍ എനിക്ക് തോന്നുന്നു, മനസാക്ഷി മരിക്കാത്ത കേരളീയര്‍ അവിടെ ഇനിയും അവശേഷിക്കുന്നുണ്ടെന്ന്. നീതിക്കായുളള പോരാട്ടം തുടരാനായി ഞാന്‍ ഫെബ്രുവരിയില്‍ കേരളത്തിലെത്തും. മുഖ്യമന്ത്രിയെ കാണും. ഞങ്ങള്‍ക്ക് മുമ്പേ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട സി.പി.എമ്മിലും ഞങ്ങള്‍ക്കു വിശ്വസമുണ്ട്.''
അദ്ദേഹം പറഞ്ഞവസാനിപ്പിച്ചപ്പോള്‍ സംഘാംഗങ്ങളില്‍ മാപ്പ് ലഭിച്ചതിന്റെ ആശ്വാസം. സത്നാമിനു മാറ്റിവയ്‌ക്കേണ്ട സ്വത്ത് ഒരു ട്രസ്‌റ്റാക്കി മാറ്റുമെന്നും കേരളത്തിലേയും ബീഹാറിലേയും നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ സംവിധാനമൊരുക്കുമെന്നും സത്നാമിന്റെ മുത്തച്‌ഛന്‍ പറഞ്ഞു.
മടക്കയാത്രയ്‌ക്കിടയില്‍ സത്നാമിനെ ഹൈസ്‌കൂളില്‍ പഠിപ്പിച്ച പങ്കജ് എന്ന അധ്യാപകനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, ''ബിഹാര്‍ നിരക്ഷരരുടേയും കേരളം സാക്ഷരരുടേയും നാടാണ്. പക്ഷേ, ഇവിടെ വരുന്ന ആരേയും ഞങ്ങള്‍ തല്ലിക്കൊല്ലില്ല''.
തീവണ്ടിയില്‍ കഴിക്കാനുളള ഭക്ഷണം സത്നാമിന്റെ കടുംബം പൊതികളാക്കി മാപ്പപേക്ഷാസംഘത്തിനു നല്‍കിയിരുന്നു. നിരക്ഷരരെന്നു മുദ്രകുത്തപ്പെട്ട ബിഹാറുകാരുടെ സ്‌നേഹത്തിനു മുമ്പില്‍ തലകുനിച്ച് കേരളത്തിലേക്കു മടക്കയാത്ര ആരംഭിച്ച എട്ടുപേരും സംസാരിച്ചത് അധ്യാപകന്റെ വാക്കുകളെക്കുറിച്ചായിരുന്നു. ബോധിവൃക്ഷത്തിന്റെ തണലുകള്‍ക്കും ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല.
No comments:
Post a Comment