കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ യു.ഡി.എഫിനോടും ഇടതുപക്ഷമുന്നണിയോടും ഒരു ചായ്‌വും കാണിക്കാത്ത സമദൂര സിദ്ധാന്തം എന്ന നിലപാട് അവലംബിക്കുമെന്നു പ്രഖ്യാപിച്ച നായര്‍ സര്‍വീസ് സൊെസെറ്റിയുടെ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വോട്ടെടുപ്പുഫലം പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം എങ്ങനെ മുന്നണി സര്‍ക്കാരിന്റെ തലതൊട്ടപ്പന്‍ ആയി മാറിയെന്നത് ഗവേഷണം നടത്തേണ്ട വിഷയമാണ്. സമദൂര സിദ്ധാന്തം എന്നതിന്റെ അര്‍ഥം ലജ്‌ജാകരമായ അവസരവാദ സിദ്ധാന്തമെന്നാണോ?
ഈയിടെ കേരള രാഷ്‌ട്രീയത്തില്‍ അരങ്ങേറിയപ്പോള്‍ത്തന്നെ തിരശീല പൊട്ടി വീണ് അലങ്കോലപ്പെട്ടവസാനിച്ച അസംബന്ധ നാടകത്തില്‍ ഗോപുരത്തുങ്കല്‍ ഗോപാലന്‍നായര്‍ സുകുമാരന്‍ നായര്‍ എന്ന നായര്‍ സര്‍വീസ് സൊെസെറ്റി ജനറല്‍ സെക്രട്ടറിയെ വേഷം കെട്ടി അണിയിച്ച് രംഗത്തിറക്കിയത് ആരെല്ലാം ചേര്‍ന്നാണ്?
അത് അന്വേഷിച്ചു വെളിച്ചത്തു കൊണ്ടുവരാനുള്ള ഉത്തരവാദിത്തം മാധ്യമപ്രവര്‍ത്തകരെയാണ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഏല്‍പിച്ചിരിക്കുന്നത്. കാരണം ചെന്നിത്തലയെ വളര്‍ത്താനെന്ന പേരു പറഞ്ഞ് അദ്ദേഹത്തെ തളര്‍ത്താന്‍ എഴുതിയുണ്ടാക്കിയതാണ് ഈ അസംബന്ധ നാടകമെന്നു കാണികള്‍ക്കെല്ലാം ബോധ്യപ്പെട്ടുകഴിഞ്ഞു.
ഏതായാലും അലങ്കോലപ്പെട്ടുപോയ ആ നാടകത്തിനു ശേഷം ഇപ്പോള്‍ ശോഭയാര്‍ന്നു നില്‍ക്കുന്നത് കെ.പി.സി.സി. അധ്യക്ഷന്‍ ചെന്നിത്തല തന്നെയാണ്. എന്നു മാത്രമല്ല നെറ്റിയില്‍ കുറിയും തൊട്ട് ആല്‍ത്തറയിലിരിക്കുന്ന ഒരു കരയോഗം നായരാക്കി തന്നെ മാറ്റാന്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ശ്രമിച്ചത് തനിക്ക് ഏറ്റവും അപമാനമായിപ്പോയി എന്നു ചെന്നിത്തല തുറന്നുപറഞ്ഞത് പുതിയ നൂറ്റാണ്ടില്‍ ഒരു സമുദായ സംഘടനാ നേതാവിനു സഹിക്കേണ്ടിവന്ന ഏറ്റവും വലിയ ഇളിഭ്യതയുമാണ്.
താന്‍ മന്ത്രിസ്‌ഥാനത്തേക്കില്ല എന്നു ചെന്നിത്തല ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയാന്‍ തുടങ്ങിയിട്ട് എത്രയോ കാലമായി. പക്ഷെ ചെന്നിത്തലയ്‌ക്കു വേണ്ടെങ്കിലും ഞങ്ങള്‍ അദ്ദേഹത്തെ മന്ത്രിയാക്കിയേ അടങ്ങൂ എന്ന വാശിയിലായിരുന്നു മലയാളത്തിലെ ദൃശ്യമാധ്യമങ്ങള്‍. പെട്രോള്‍ ബങ്കു പോലെ ഇരുപത്തിനാലു മണിക്കൂറും തുറന്നുവച്ചിരിക്കുന്ന ടെലിവിഷന്‍ ചാനലുകള്‍ക്ക് ഈ സമയമത്രയും സംപ്രേഷണം ചെയ്യാന്‍ എന്നും ഓരോ ബ്രേക്കിംഗ് ന്യൂസ് വേണം. അതിനുവേണ്ടി ചാനലുകള്‍ മാനുഫാക്‌ചര്‍ ചെയ്‌തുകൊണ്ടിരിക്കുന്ന ബ്രേക്ക് ന്യൂസുകളിലധികവും പത്രപ്രവര്‍ത്തനത്തിനുതന്നെ അപമാനമായി മാറുകയാണ്.
മലയാളം പത്രങ്ങളിലെ സീനിയര്‍ എഡിറ്റര്‍മാരില്‍ പലരും എന്നോടു പറഞ്ഞത് ചാനലുകള്‍ ഇത്തരം വാര്‍ത്തകള്‍ ദിവസവും രാപകല്‍ ബ്രേക്കിംഗ് ന്യൂസായി കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ പത്രങ്ങള്‍ക്കെങ്ങനെ അതു കണ്ടില്ലെന്നു വയ്‌ക്കാന്‍ കഴിയുമെന്നാണ്. അതിനു നിന്നുകൊടുക്കാന്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയെപ്പോലുള്ളവരെ അവര്‍ക്കു െകെയില്‍ കിട്ടുകയും ചെയ്യും. ടെലിവിഷന്‍ ക്യാമറകളുടെ വെള്ളിവെളിച്ചം കാണുമ്പോള്‍ കണ്ണഞ്ചിപ്പോകുന്നതുവഴി സമചിത്തത നഷ്‌ടപ്പെടുന്നവരാണല്ലോ നമ്മുടെ നേതാക്കളിലധികവും.
രമേശ് ചെന്നിത്തല കേരളത്തിലെ കോണ്‍ഗ്രസില്‍ ഇന്ന് സമാനതകളില്ലാത്ത നേതാവും ഐക്യജനാധിപത്യമുന്നണിയില്‍ സമചിത്തതയുള്ള നേതാവായും വളര്‍ന്നുകഴിഞ്ഞിരിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യം. ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒരു നിയമസഭാ തെരഞ്ഞെടുപ്പിലുമാണ് അദ്ദേഹം കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫിനെ വിജയത്തിലേക്കു നയിച്ചത് എന്നതു നിസാര നേട്ടമൊന്നുമല്ലല്ലോ?
നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂല്‍പ്പാലത്തിലൂടെയാണ് ഭൂരിപക്ഷത്തിലെത്തിയതെന്നത് യാഥാര്‍ഥ്യമാണെങ്കിലും ഭൂരിപക്ഷം എന്നതു ജനാധിപത്യത്തില്‍ ഭൂരിപക്ഷം തന്നെയാണല്ലോ? ആ വിജയത്തിന്റെ മുഖ്യ പങ്കു തീര്‍ച്ചയായും ചെന്നിത്തലയ്‌ക്കു തന്നെയാണ്. അതിനേക്കാള്‍ എത്രയോ സങ്കീര്‍ണവും ശ്രമകരവുമാണ് കെ.പി.സി.സി. അധ്യക്ഷപദവി. കടുവയും കുതിരയും ആനയും ആള്‍ക്കുരങ്ങും ഒട്ടകവും കഴുകനും പാമ്പുമെല്ലാം വിലസുന്ന ഒരു സര്‍ക്കസ് കൂടാരംപോലെയാണല്ലോ ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്. സര്‍ക്കസിലെ ഒരു റിംഗ് മാസ്‌റ്ററെപ്പോലെ വര്‍ഷങ്ങളായി കോണ്‍ഗ്രസിനെ കാര്യമായ ഒരു പോറലുമേല്‍ക്കാതെ നയിക്കുക എന്നതു തീര്‍ച്ചയായും പ്രാഗത്ഭ്യം തന്നെയാണ്.
അതിനുമുമ്പ് യൂത്ത്‌കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റായും ചെന്നിത്തല സേവനമനുഷ്‌ഠിക്കുകയുണ്ടായിട്ടുണ്ട്. ഹിന്ദിയില്‍ പ്രസംഗിക്കാന്‍ കഴിവുള്ള അദ്ദേഹം മറ്റു സംസ്‌ഥാനങ്ങളിലും ആദരണീയനാണെന്ന് അക്കാലത്ത് ഡല്‍ഹിയിലെ പല സന്ദര്‍ശന വേളകളിലും എനിക്കു ബോധ്യപ്പെട്ടിട്ടുണ്ട്. ചെന്നിത്തലയെ പദവിയിലെത്തിച്ചത് എന്‍.എസ്.എസാണെന്ന് ജി. സുകുമാരന്‍ നായര്‍ പറയാതിരുന്നത് അതെല്ലാം അദ്ദേഹത്തിന് അറിയാത്തതുകൊണ്ടായിരിക്കാം, ഒരുപക്ഷേ.
എന്തായാലും വിഷയം അതല്ല. ജി. സുകുമാരന്‍ നായര്‍ അവകാശപ്പെടുന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ രമേശ് ചെന്നിത്തലയുടെ ഭാവി കാര്യത്തില്‍ താനും കോണ്‍ഗ്രസ് െഹെക്കമാന്‍ഡും തമ്മില്‍ ചില കരാറുകള്‍ ഉണ്ടാക്കിയിരുന്നുവെന്നാണ്. ഒരുപക്ഷെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കള്ളമാണത്. കാരണം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നായര്‍ സര്‍വീസ് സൊെസെറ്റി െകെക്കൊണ്ട രാഷ്‌ട്രീയ നിലപാട് സമദൂര സിദ്ധാന്തം എന്നതായിരുന്നു. അതായത് യു.ഡി.എഫിനോടോ ഇടതുപക്ഷ മുന്നണിയോടോ തങ്ങള്‍ക്കു യാതൊരു വിധേയത്വവും കൂറും ഇല്ലെന്നും തങ്ങള്‍ പൂര്‍ണ നിഷ്‌പക്ഷ രാഷ്‌ട്രീയ നയമാണ് അവലംബിക്കുന്നതെന്നുമുള്ള നിലപാട്. എന്നു പറഞ്ഞാല്‍ ഒരു രാഷ്‌ട്രീയ ശിഖണ്ഡി നയമാണ് എന്‍.എസ്.എസിനുള്ളതെന്ന നിലപാട്.
പക്ഷെ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ വിജയിച്ച യു.ഡി.എഫിന്റെ ചേരിയില്‍ ചേര്‍ന്നു. എന്നുവച്ചാല്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ മുമ്പില്‍ വച്ച് സമദൂര സിദ്ധാന്തം അവസാനിപ്പിച്ചു എന്നര്‍ഥം. കാരണം ജയിക്കുന്ന മുന്നണിയുടെ ഭാഗത്ത് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ചേര്‍ന്നു എന്നു മാത്രമല്ല ആ മുന്നണിയുടെ തലതൊട്ടപ്പന്‍ തന്നെ എന്‍.എസ്.എസ്. ആണെന്ന അവകാശവാദമുന്നയിക്കുകയും ചെയ്‌തു. അതിനു സമദൂരസിദ്ധാന്തം എന്നതിനേക്കാള്‍ അവസരവാദ സിദ്ധാന്തം എന്നു പറയുന്നതായിരുന്നു ശരി. അതൊക്കെ പോകട്ടെ. എല്ലാം നാണംകെട്ട കാര്യങ്ങള്‍ തന്നെ.
എന്‍.എസ്.എസുമായി കോണ്‍ഗ്രസ് െഹെക്കമാന്‍ഡ് ഒരു കരാറുണ്ടാക്കുകയോ സുകുമാരന്‍ നായരെപ്പോലുള്ള ഒരാള്‍ക്ക് ഒരുറപ്പും നല്‍കുകയോ ചെയ്‌തിട്ടില്ലെന്നാണ് എ.ഐ.സി.സി. വക്‌താവ് പി.സി. ചാക്കോ പറഞ്ഞിരിക്കുന്നത്. അല്ലെങ്കില്‍ തെരഞ്ഞെടുപ്പു സമയത്ത് സമദൂര സിദ്ധാന്തത്തില്‍ മുറുകെപ്പിടിച്ചുകൊണ്ടു മുന്നോട്ടു പോകുന്ന എന്‍.എസ്.എസുമായി കോണ്‍ഗ്രസ് പിന്നാലെ നടന്ന് ഒരു കരാറുണ്ടാക്കാന്‍ ഒരു സാധ്യതയുമില്ലല്ലോ?
കേരളത്തില്‍ ഭാവിയിലൊരു യു.ഡി.എഫ്. സര്‍ക്കാരുണ്ടായാല്‍ അതിന്റെ മുഖ്യമന്ത്രി രമേശ് ചെന്നിത്തലയായിരിക്കുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിലും മുന്നണിയിലും ഒരു തര്‍ക്കവുമുണ്ടാകില്ല. അങ്ങനെയുള്ള ചെന്നിത്തല ഇതിനു മുമ്പ് കെ. മുരളീധരന്‍ കാണിച്ചപോലെ കെ.പി.സി.സി. അധ്യക്ഷപദം രാജിവച്ച് മന്ത്രിയായതിനു ശേഷമുണ്ടായ അപഹാസ്യരംഗങ്ങള്‍ക്കു വേണ്ടി വേഷം കെട്ടുകയില്ലെന്ന് ആര്‍ക്കാണറിയാത്തത്?
ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എല്ലാ കോണ്‍ഗ്രസ് നേതാക്കളും സുകുമാരന്‍ നായരുടെ പ്രസ്‌താവനയേയും അവകാശവാദങ്ങളേയും തള്ളിക്കളഞ്ഞതിനു ശേഷം തനിക്കു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണു മറുപടി പറയേണ്ടതെന്നാണ് ജി. സുകുമാരന്‍ നായര്‍ അവസാനമായി പറഞ്ഞത്. ഒരു പ്രാദേശിക സമുദായ സംഘടനാ നേതാവെന്ന നിലയില്‍ സുകുമാരന്‍നായരുടെ പേര് സോണിയാഗാന്ധി കേട്ടിരിക്കുമോ എന്നതാണിപ്പോഴത്തെ സംശയം.
ചെന്നിത്തലയുടെ പ്രശ്‌നത്തില്‍ ജി. സുകുമാരന്‍ നായരുടെ എല്ലാ നിലപാടിനും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പരസ്യ പ്രസ്‌താവന നടത്തിയത് എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാത്രമാണ്. സുകുമാരന്‍ നായരും നടേശനും ചേര്‍ന്ന് ഒരു പുതിയ രാഷ്‌ട്രീയ പ്രസ്‌ഥാനം തന്നെ ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചന നടത്തിയ കാലമാണിത്. ജി. സുകുമാരന്‍ നായരെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അപമാനിച്ചതില്‍ പ്രതിഷേധിച്ച് അടുത്ത പതിനാലു മാസത്തിനകം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസും എസ്.എന്‍.ഡി.പി.യും ചേര്‍ന്ന് ഒരു പാര്‍ട്ടി രൂപീകരിച്ച് മത്സരിച്ചു കരുത്തു തെളിയിക്കുകയാണ് ഇനി ചെയ്യേണ്ടത്. അതിനു സുകുമാരന്‍ നായരും നടേശനും ചങ്കൂറ്റം കാണിക്കുമോ?
നായന്മാര്‍ക്കും ഈഴവര്‍ക്കും എന്‍.എസ്.എസിനോടും എസ്.എന്‍.ഡി.പി.യോടുമുള്ള കൂറു വേറെ, അവരുടെ രാഷ്‌ട്രീയ കൂറു വേറെ എന്നു മനസിലാക്കാന്‍ ഈ രണ്ടു നേതാക്കള്‍ക്കും എന്നാണു കഴിയുന്നതെന്ന് ആര്‍ക്കറിയാം.
MARTIN K GEORGE
No comments:
Post a Comment