മനുഷ്യന് ഏകനായി ജീവിക്കാന്‍ കഴിയുകയില്ല. അല്ലാഹു ആദമിനെ സൃഷ്ടിച്ചപ്പോള്‍ അദ്ദേഹത്തിനുവേണ്ടി ഒരു ഇണയെയും സൃഷ്ടിച്ചു. എന്നിട്ട് അദ്ദേഹത്തോട് പറഞ്ഞു. 'ആദമേ, നീയും നിന്റെ ഇണയും സ്വര്‍ഗ്ഗത്തില്‍ പാര്‍ക്കുക' (അല്‍ബഖറ: 35).
മനുഷ്യന് പ്രപഞ്ചത്തിന്റെ പ്രകൃതിയില്‍ നിന്ന് ഒറ്റപ്പെട്ടു ജീവിക്കാന്‍ കഴിയുകയില്ല. ഇസ്‌ലാം വിവാഹജീവിതത്തിന് പ്രോത്സാഹനം നല്‍കിയിരിക്കുന്നു. മനുഷ്യവര്‍ഗ്ഗം നിലനില്‍ക്കാനും ജീവിതം സ്വഛമാകാനും അതത്യാവശ്യമാണ്. 'അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്‍മാരെയും പൗത്രന്‍മാരെയും
ഉണ്ടാക്കിത്തരികയും ചെയ്തിരിക്കുന്നു' (അന്നഹ്ല്‍: 72)
തിരുമേനി ഇപ്രകാരം പറയുമായിരുന്നു.: 'നിങ്ങള്‍ സ്‌നേഹമുള്ളവരും കൂടുതല്‍ പ്രസവിക്കുന്നവരുമായ സ്ത്രീകളെ വിവാഹം കഴിക്കുക. അന്ത്യനാളില്‍ ഞാന്‍ നിങ്ങളെക്കുറിച്ച് പ്രവാചകന്മാരോട് പെരുമ പറയും'
ചില തത്വജ്ഞാനികള്‍ പറയുംപോലെ ജീവിതം തിന്മയാണെന്നും ഇസ്‌ലാം കരുതുന്നില്ല. വിവാഹം കുടുംബം കെട്ടിപ്പടുക്കാനുള്ള അടിസ്ഥാന കാര്യമാണ്. കുടുംബത്തിലാണ് സദ്‌വികാരങ്ങള്‍ വളര്‍ന്നുവരിക. ഈ പ്രപഞ്ചത്തിലെ അനേകം ദൃഷ്ടാന്തങ്ങള്‍ പോലെത്തന്നെയാണ് പുരുഷന്‍ സ്ത്രീയിലേക്ക് ചേരുന്നതും സ്ത്രീ പുരുഷനിലേക്ക് ചേരുന്നതും, അവര്‍ രണ്ടുപേരില്‍ നിന്നുമായി സമൂഹത്തിന്റെ വിത്ത് മുളക്കുന്നതും. അതിനുശേഷം കുടുംബത്തില്‍ കാരുണ്യത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും വൃത്തം വികസിപ്പിക്കുന്നു. അപ്രകാരം വിവാഹം
മനുഷ്യനെ മൃഗീയവികാരത്തിന് അടിമപ്പെടുന്നതില്‍ നിന്ന് രക്ഷിക്കുന്നു. മനുഷ്യന്റെ വികാര പൂര്‍ത്തീകരണത്തിന് തെറ്റായ മാര്‍ഗ്ഗം സ്വീകരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ഇസ്‌ലാം വ്യഭിചാരം വിലക്കുകയും വിവാഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അല്ലാഹു പറയുന്നു, 'അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാണ്. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാണ്' (അല്‍ ബഖറ: 187). 'നിങ്ങളുടെ ഭാര്യമാര്‍നിങ്ങളുടെ കൃഷിസ്ഥലമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇഛിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്' (അല്‍ബഖറ: 223).
പ്രവാചകന്‍ യുവാക്കളോട് പറഞ്ഞു: 'യുവാക്കളേ, നിങ്ങളില്‍ ആര്‍ക്കെങ്കിലും വിവാഹം ചെയ്യാന്‍ കഴിവുണ്ടെങ്കില്‍ അവന്‍ വിവാഹം കഴിക്കട്ടെ. കാരണം അത് കണ്ണിനെ സൂക്ഷിക്കുന്നതും ഗുഹ്യസ്ഥാനത്തെ സംരക്ഷിക്കുന്നതുമാണ്. ഒരാള്‍ക്ക് അതിന് കഴിവില്ലെങ്കില്‍ അയാള്‍ നോമ്പനുഷ്ഠിക്കട്ടെ. കാരണം അതവന് പരിചയാണ്.' (ബുഖാരി, മുസ്‌ലിം).
ഇപ്രകാരം ഇസ്‌ലാം വിവാഹത്തിന് പ്രോത്സാഹനം നല്‍കി. അങ്ങനെ ആദ്യകാല മുസ്‌ലിംകള്‍ അത് സ്വീകരിച്ചു. വിവാഹ കാര്യങ്ങള്‍ വളരെ ലളിതമായിരുന്നു. പക്ഷെ പില്‍ക്കാലത്ത് ജനങ്ങള്‍ അത് പ്രയാസകരമാക്കിത്തീര്‍ത്തു. അല്ലാഹു വിശാലമാക്കിയത് അവര്‍ കുടുസ്സാക്കി. ഇന്ന് അവിവാഹിതരായി കഴിയുന്ന യുവാക്കളെയും യുവതികളെയും നമ്മള്‍ കാണുന്നു. മുപ്പത് വയസ്സ് കഴിഞ്ഞ പുരുഷന്‍മാരും സ്ത്രീകളുമുണ്ട്. പക്ഷെ എന്തുകൊണ്ട് അവര്‍ക്കിടയില്‍ വിവാഹം നടക്കുന്നില്ല!
ഞാന്‍ യൂണിവേഴ്‌സിറ്റിയില്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുമ്പോള്‍ എത്രയോ യുവതികള്‍ അവിവാഹിതരായി കഴിയുന്നത് കണ്ടു. അവര്‍ക്ക് സൗന്ദര്യമോ തറവാടോ വിദ്യാഭ്യാസമോ മതബോധമോ സംസ്‌കാരമോ ഒന്നും കുറവില്ല. എന്നിട്ടും എന്തുകൊണ്ട് ഈ യുവതികള്‍ വിവാഹിതരാവുന്നില്ല. എന്താണ് അവരുടെ പ്രശ്‌നം! പ്രശ്‌നം നമ്മള്‍ ഉണ്ടാക്കിയതാണ്. ഇതിന്റെ കാരണം തേടുമ്പോള്‍ ജനങ്ങള്‍ വിവാഹത്തിന് കുറേ തടസ്സങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് കാണാം. ഭൗതികവും സാമൂഹികവും മാനസികവുമായ തടസ്സങ്ങള്‍.
ഭൗതിക തടസ്സങ്ങള്തനിക്ക് ധനവും സമ്പാദ്യവും ഉണ്ടായാലേ വിവാഹം കഴിക്കൂ എന്ന് യുവാവ് ശഠിക്കുന്നു. ജീവിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ധാരാളം സമ്പത്തുണ്ടാവുക എന്നത് ആരുണ്ടാക്കിയ നിയമമാണ്? ശരീഅത്തില്‍ അങ്ങിനെയില്ല. സ്ത്രീക്ക് മഹ്ര്‍ കൊടുക്കാനുള്ള ധനം വേണം. എന്നാല്‍ ജനങ്ങള്‍ ഇന്ന് മഹ്‌റിന്റെ വലുപ്പം കൂട്ടിയിരിക്കുന്നു. അവരതിന്റെ പേരില്‍ ദുരഭിമാനം കൊള്ളുകയാണ്. ഇന്ന പെണ്‍കുട്ടിക്ക് ഇത്ര മഹ്ര്‍ കിട്ടി, ഇന്നയിന്ന സമ്മാനങ്ങള്‍ കിട്ടി എന്നൊക്കെ പറയും. ഇതൊക്കെയാണ് മനുഷ്യന്റെ വില നിശ്ചയിക്കുന്നതെന്ന് തോന്നും.
തിരുമേനി (സ) പറഞ്ഞിരിക്കുന്നു: 'മഹറില്‍ ഉത്തമമായത് ഏറ്റവും ലളിതമായതാണ്.' സ്ത്രീയുടെ വിവാഹനിശ്ചയവും അവളുടെ മഹ്‌റുംഅവളുടെ ഗര്‍ഭധാരണവും ലളിതമായിരിക്കുന്നതാണ് സ്ത്രീയുടെ സൗഭാഗ്യം. അലി ( റ) ഒരു പടയങ്കിയാണ് പ്രവാചക പുത്രി ഫാത്വിമക്ക് മഹ്‌റായി നല്‍കിയത്. ഫാത്വിമ ഒരു പടയങ്കികൊണ്ട് എന്ത് ചെയ്യാനാണ്? അവര്‍ അത് ധരിച്ച് യുദ്ധം ചെയ്യുമോ? അതൊരു പ്രതീകം മാത്രമാണ്. സഈദുബ്‌നുല്‍ മുസയ്യബ് താബിഉകളില്‍ പ്രമുഖനും വലിയ പണ്ഡിതനുമായിരുന്നു. അദ്ദേഹത്തിന്റെ മകളെ ഖലീഫ അബ്ബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ തന്റെ മകന് വേണ്ടി വിവാഹാലോചന നടത്തി. പക്ഷെ അദ്ദേഹം അത് നിരസിച്ചു. പകരം തന്റെ ശിഷ്യന്‍മാരില്‍ ഒരാള്‍ക്ക് അവളെ വിവാഹം കഴിച്ചുകൊടുത്തു. അദ്ദേഹം ശിഷ്യനോട് ചോദിച്ചു. 'അബൂവദാഇന്റെ മകനേ, നിന്റെ കയ്യില്‍ എന്താണുള്ളത്? 'ശിഷ്യന്‍ പറഞ്ഞു: 'എന്റെ കയ്യില്‍ ഒരു ദിര്‍ഹം മാത്രമാണുള്ളത്?' അപ്പോള്‍ അദ്ദേഹം പറഞ്ഞു. 'ഒരു ദിര്‍ഹം മഹ്‌റായി സ്വീകരിച്ചുകൊണ്ട് എന്റെ മകളെ ഞാന്‍ നിനക്ക് വിവാഹം ചെയ്തുതരുന്നു. 'തന്റെ മകള്‍ക്ക് സഛരിതനായ ഒരു പുരുഷനെ ഭര്‍ത്താവായി ലഭിക്കണം എന്നാണദ്ദേഹം ആഗ്രഹിച്ചത്. ഇന്നത്തെപ്പോലെ ദുരഭിമാനമൊന്നുംഅന്നുണ്ടായിരുന്നില്ല.
ചിലയിടത്ത് പെണ്‍കുട്ടികളെ കെട്ടിച്ചയക്കുമ്പോള്‍ ധാരാളം ആഭരണം വേണം. അതില്‍ കൂടുതലും ഉപയോഗിക്കുകയില്ല. ഇവയുടെ സകാത്തിനെക്കുറിച്ച് എന്നും സംശയമാണ്. സാധാരണ ഉപയോഗത്തിന് വേണ്ടിയുള്ളതല്ല. ഇതൊക്കെ തന്റെ കല്യാണദിവസം ലഭിച്ചതാണെന്ന് മേനി പറയാന്‍ വേണ്ടി മാത്രമാണിത്. കല്യാണദിവസവും അതിന്റെ മുമ്പും സദ്യകള്‍, ശേഷമുള്ള സല്‍ക്കാരങ്ങള്‍. ചില നാട്ടുകാര്‍ പട്ടിണികൊണ്ട് കഷ്ടപ്പെടുകയാണ്. വിശപ്പടക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല. അപ്പോഴാണ് അനാവശ്യമായ ഭക്ഷണ ആര്‍ഭാടങ്ങള്‍ നടത്തുന്നത്. പിന്നീട് വീടിന്റെ പ്രശ്‌നം വരുന്നു. ഫര്‍ണിച്ചറുകള്‍, ആധുനിക വീട്ടുപകരണങ്ങള്‍ എല്ലാം തികഞ്ഞ വീടോ ഫ്‌ളാറ്റോ വേണം. വിവാഹത്തിന് ശേഷം മധുവിധു ആഘോഷിക്കാന്‍ പുറംനാടുകളിലേക്ക് യാത്ര ചെയ്യണം. മനുഷ്യന്‍മാര്‍ ഉണ്ടാക്കിവെച്ച ബുദ്ധിമുട്ടുകളും ചെലവുകളും പിന്നീട് അവരുടെ മുതുകിലെ ഭാരമായിത്തീരുന്നു. ഇങ്ങനെ യുവാവ് തനിക്ക് വേണ്ടതൊക്കെ കിട്ടുവോളം കാത്തിരിക്കുന്നു. അത് കടമായിട്ടായാലും ശരി. കടം രാത്രിയില്‍ ദുഃഖമാണ്. പകലില്‍ നിന്ദ്യതയുമാണ്. അല്ലെങ്കില്‍ അയാള്‍ ലോണെടുക്കാന്‍ ബാങ്കിലേക്ക് ചെല്ലുന്നു. അപ്പോള്‍ അവന്‍ തന്റെ വിവാഹ ജീവിതത്തിന്റെ ആരംഭത്തില്‍ തന്നെ അല്ലാഹുവും റസൂലും നിരോധിച്ച പലിശ ഇടപാടില്‍ മുഴുകുകയാണ്.
സാമൂഹിക തടസ്സങ്ങള്‍:യുവാക്കള്‍ വിവാഹാഭ്യര്‍ത്ഥനയുമായി മുന്നോട്ട് വരുമ്പോള്‍ അവര്‍ അവനെ സ്വീകരിക്കുന്നില്ല. അവന്‍ വലിയ തറവാട്ടുകാരനല്ല, അല്ലെങ്കില്‍ വലിയ പദവിയുള്ള ആളല്ല എന്നതാണ് കാരണം. ഇതിന് മതത്തില്‍ ഒരു സ്ഥാനവുമില്ല. നബി (സ) പറയുന്നു: 'സല്‍സ്വഭാവവും മതബോധവുമുള്ള ഒരാള്‍ നിങ്ങളോട് വിവാഹാഭ്യര്‍ത്ഥന നടത്തിയാല്‍ നിങ്ങള്‍ അവന് വിവാഹം ചെയ്തുകൊടുക്കുക. നിങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ ഭൂമിയില്‍ വലിയ കുഴപ്പവും നാശവും ഉണ്ടാകും'
മുന്‍ഗാമികള്‍ ഇങ്ങനെ പറയുമായിരുന്നു. 'നീ നിന്റെ മകളെ വിവാഹം ചെയ്തുകൊടുക്കുകയാണെങ്കില്‍ ദീനുള്ളവന് വിവാഹം ചെയ്തുകൊടുക്കുക. അവന്‍ അവളെ സ്‌നേഹിക്കുന്നുവെങ്കില്‍ അവളോട് മാന്യമായി പെരുമാറും. അവളോട് ദേഷ്യം പിടിച്ചാല്‍ അവളെ അക്രമിക്കുകയില്ല'. കാരണം അവന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു. അവന്‍ അവളുമായി നന്നായി കൂടിക്കഴിയുകയോ അല്ലെങ്കില്‍ മാന്യമായി
പിരിച്ചയക്കുകയോ ചെയ്യും. കഴിഞ്ഞുപോയ നല്ല നാളുകള്‍ അവന്‍ മറക്കുകയില്ല. ഇതാണ് സത്യവിശ്വാസിയായ മനുഷ്യന്റെ സ്വഭാവം. അവനെ കിട്ടാനാണ് ശ്രമിക്കേണ്ടത്.'
പണ്ഡിതന്‍മാരില്‍ വിവാഹപ്പൊരുത്തം പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടവര്‍ പറയുന്നു: പണ്ഡിതന്‍ രാജാവിന്റെ മകള്‍ക്ക് ചേരും. കാരണം അറിവ് വ്യക്തിയുടെ സ്ഥാനം ഉയര്‍ത്തുകയാണ്. ഇസ്‌ലാമിക സമൂഹത്തില്‍ ഒരാള്‍ക്ക് അറിവും നല്ല കര്‍മചര്യയുമുണ്ടെങ്കില്‍ അയാള്‍ക്ക് ഉയര്‍ന്ന പദവിയിലെത്താന്‍ കഴിയും. ഇതാണ് സ്വഹാബിമാരുടെ കാലം തൊട്ടേ നാം കാണുന്നത്.
അത്വാഅ് ബിന്‍ അബീറബാഹ് വലിയ പണ്ഡിതനായിരുന്നു. കറുത്ത നിറമായിരുന്നു. പതിഞ്ഞ മൂക്ക്. മുടന്തനും ഉയരം കുറഞ്ഞയാളുമായിരുന്നു. ഹജ്ജ് വേളയില്‍ അദ്ദേഹം ഖലീഫ സുലൈമാന്‍ ബിന്‍ അബ്ദില്‍ മലിക്കിന്റെ സമീപത്തിരുന്ന് ജനങ്ങള്‍ക്ക് ഫത്‌വ നല്‍കിയിരുന്നു. അപ്പോള്‍ ജനങ്ങള്‍
പറയും: 'അറിവാണ് അദ്ദേഹത്തിന്റെ പദവി ഉയര്‍ത്തിയത്!'
മാനസിക തടസ്സങ്ങള്‍:ചില യുവാക്കള്‍ തങ്ങളുടെ മനസ്സില്‍ വലിയ സങ്കല്‍പങ്ങള്‍ കൊണ്ടുനടക്കുന്നു. തന്റെ ഭാര്യയായി വരുന്ന സ്ത്രീയെക്കുറിച്ച് അമിത പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. അവള്‍ സൗന്ദര്യവും സൗഭാഗ്യങ്ങളും ഒത്തവളായിരിക്കണമെന്നാശിക്കുന്നു. ഇത് യഥാര്‍ഥത്തില്‍ സംഭവിക്കുകയില്ല. ജീവിതത്തില്‍ എല്ലാം തികഞ്ഞ ഒരാള്‍ ഉണ്ടായിരിക്കുകയില്ല. തിരുമേനി (സ) പറഞ്ഞല്ലോ: 'നാലു കാര്യങ്ങള്‍ക്ക് വേണ്ടി ഒരു സ്ത്രീയെ വിവാഹം ചെയ്യുന്നു. അവളുടെ ധനത്തിനുവേണ്ടി, അവളുടെ തറവാടിനുവേണ്ടി, അവളുടെ സൗന്ദര്യത്തിനുവേണ്ടി, അവളുടെ ദീനിന് വേണ്ടി. അതുകൊണ്ട് നീ ദീന്‍ ഉള്ളവളെ സ്വീകരിക്കുക. നിനക്ക് നന്മ വരട്ടെ'. നബി (സ) വീണ്ടും പറഞ്ഞു: 'ഈ ലോകം മുഴുവന്‍ വിഭവമാകുന്നു. അതിലെ ഉത്തമമായ വിഭവം സദ്‌വൃത്തയായ സ്ത്രീയാകുന്നു' ദീനുള്ളവള്‍ നീ നോക്കുമ്പോള്‍ നിന്നെ തൃപ്തിപ്പെടുത്തും. നീ കല്‍പിച്ചാല്‍ നിന്നെ അനുസരിക്കും. നിന്റെ അഭാവത്തില്‍ നിന്റെ അഭിമാനം, മക്കള്‍, ധനം എന്നീ കാര്യങ്ങളില്‍ അല്ലാഹുവിനെ ഭയപ്പെടും' യുവാവ് മതഭക്തിയുള്ള സ്ത്രീയെയാണ് അന്വേഷിക്കേണ്ടത്. അവള്‍ സാമ്പത്തികമായി കഴിവില്ലാത്തവളാണ് എന്നത് പ്രശ്‌നമാക്കരുത്.
ആഇശ(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ തിരുമേനി(സ) ഇപ്രകാരം പറഞ്ഞു: 'നിങ്ങള്‍ സ്ത്രീകളെ വിവാഹം കഴിക്കുക. അവര്‍ നിങ്ങള്‍ക്ക് ധനംകൊണ്ട് വന്ന് തരും' ചില യുവാക്കള്‍ ശരീഅത്ത് നിര്‍ബന്ധിക്കാത്ത കാര്യത്തില്‍ നിര്‍ബന്ധം കാണിക്കുന്നു. ഉദാ. ജോലിക്ക് പോകാത്ത സ്ത്രീയെയാണ് തനിക്ക്
വേണെ്ടതെന്ന് നിര്‍ബന്ധം പിടിക്കുന്നു. യഥാര്‍ത്ഥത്തില്‍ സ്ത്രീ അനുവദനീയമായ തൊഴിലില്‍ ഏര്‍പ്പെടുന്നതിന് വിരോധമൊന്നുമില്ല. മൂസാ നബി (അ) മദ്‌യനിലെ ജലാശയത്തിന്നരികെ രണ്ടു യുവതികളെ കണ്ടുമുട്ടുന്ന കാര്യം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. 'അദ്ദേഹം ചോദിച്ചു: എന്താണ് നിങ്ങളുടെ പ്രശ്‌നം? അവര്‍ പറഞ്ഞു: ഇടയന്മാര്‍ (ആടുകള്‍ക്ക് വെള്ളം കൊടുത്ത്) തിരിച്ചുകൊണ്ടുപോകുന്നത് വരെ
ഞങ്ങള്‍ക്ക് വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ വൃദ്ധനുമാണ്. അങ്ങനെ അവര്‍ക്കുവേണ്ടി അദ്ദേഹം (അവരുടെ കാലികള്‍ക്ക്) വെള്ളം കൊടുത്തു'(അല്‍ഖസസ്: 23, 24) അവര്‍ രണ്ടുപേരും ആടിനെ മേയ്ക്കുകയായിരുന്നു. അവയെയുംകൊണ്ട് അവര്‍ ജലാശയത്തിനടുത്തേക്ക് പോയിരുന്നു. കാരണം അവരുടെ പിതാവ് വൃദ്ധനാണ്. കുടുംബത്തിന് ജീവിക്കണമെങ്കില്‍ തൊഴിലെടുക്കണം.
ചില യുവാക്കള്‍ വിദ്യാഭ്യാസമുള്ള യുവതികളെ വിവാഹം കഴിക്കാന്‍ ഭയപ്പെടുന്നു. ഇവര്‍ രണ്ടു തരക്കാരാണ്. ഒന്നുകില്‍ വ്യക്തിത്വമില്ലാത്ത യുവാവ്. പഠിപ്പും ഡിഗ്രിയുമുള്ള യുവതി തന്നോട് സംസാരിക്കുന്നതും തന്നെ ചോദ്യം ചെയ്യുന്നതും അയാള്‍ ഭയപ്പെടുന്നു. അല്ലെങ്കില്‍ അയാള്‍ വഴിതെറ്റി നടക്കുന്ന യുവാവായിരിക്കും. അപ്പോള്‍ ചോദ്യം ചെയ്യാത്ത സ്ത്രീയെയാണ് അവനാവശ്യം. എന്നാല്‍ നേരെ ചൊവ്വെ ജീവിക്കുന്ന ഒരാള്‍ക്ക് വിദ്യാഭ്യാസമുള്ള യുവതിയെ വിവാഹം ചെയ്യുന്നതാണ് ഉപകാരപ്പെടുക. വിദ്യാഭ്യാസമുള്ള പെണ്ണ്, ഭാര്യ എന്ന നിലയിലും, കുട്ടികളുടെ മാതാവെന്ന നിലയിലും അവന് ഉപകാരപ്പെടും.
യുവതികള്‍ ആഗ്രഹിക്കേണ്ടത് ചില യുവതികള്‍ തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ച് വലിയ സ്വപ്നങ്ങള്‍ കാണും. അത് എപ്പോഴും നടന്നുകൊള്ളണമെന്നില്ല. ചിലര്‍ തങ്ങള്‍ക്ക് നല്ല വീടും വേലക്കാരികളും ഒക്കെ വേണം എന്ന് ശഠിക്കും. പ്രവാചക പുത്രി ഫാത്വിമയെ അലിക്ക് വിവാഹം ചെയ്തുകൊടുത്തപ്പോള്‍ അവരുടെ വീട്ടില്‍ വൈദ്യുതി അടുപ്പോ, ഓട്ടോമാറ്റിക് വാഷിംഗ്‌മെഷീനോ, അടിച്ചുവാരാന്‍ യന്ത്രമോ ഒന്നും ഉണ്ടായിരുന്നില്ല. അവര്‍ സ്വന്തം കൈകള്‍ കൊണ്ട് വീട് അടിച്ചുവാരിയിരുന്നു, ആട്ടുകല്ല് ആട്ടിയിരുന്നു. അതുകൊണ്ട് മാവുണ്ടാക്കി അപ്പം ചുടുമായിരുന്നു. അവര്‍ സ്വന്തം ചുമലില്‍ വെള്ളപ്പാത്രം ചുമന്ന് കൊണ്ടുവരുമായിരുന്നു. ജോലി ചെയ്ത് അവരുടെ കയ്യില്‍ പാടുണ്ടായി. അങ്ങനെ അവരും ഭര്‍ത്താവും തിരുമേനി (സ)യുടെ അടുത്തു പരാതി പറഞ്ഞു. അവര്‍ക്കു വേലക്കാരനെ വെച്ച് തരാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ തിരുമേനി അവരോട് പറഞ്ഞു: 'ഒരു വേലക്കാരനെ വെച്ച് തരുന്നതിനേക്കാള്‍ മെച്ചമായ ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ?'. അവര്‍ 'അതെ' എന്നു പറഞ്ഞപ്പോള്‍ തിരുമേനി പറഞ്ഞു. 'നിങ്ങള്‍ ഉറങ്ങാന്‍ പോകുമ്പോള്‍ സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹു അക് ബര്‍ എന്നിങ്ങനെ മുപ്പത്തിമൂന്നു പ്രാവശ്യം വീതം ചൊല്ലുക. അതാണ് ഒരു വേലക്കാരനെ വെക്കുന്നതിനെക്കാള്‍ നിങ്ങള്‍ക്ക് ഉത്തമം'. ബുദ്ധിമുട്ടും പ്രയാസവും സഹിക്കാന്‍ മാനസികമായ ശക്തി ലഭിക്കുന്നതിന് വേണ്ടി ദൈവസ്മരണയില്‍ ഏര്‍പ്പെടാനാണ് തിരുമേനി ഉപദേശിച്ചത്. മുസ്‌ലിം വനിത എന്തിനാണ് ആഡംബര ജീവിതം ആഗ്രഹിക്കുന്നത്? അവള്‍ തന്റെ ഭര്‍ത്താവിനെ സഹായിക്കുകയും, വീട്ടുജോലികള്‍ ചെയ്യുകയും, അങ്ങനെ അയാളുടെ കൂടെ ജീവിതത്തിന്റെ ഉന്നതസ്ഥാനത്ത് എത്തിപ്പെടാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്. അവള്‍ ആദ്യമെ തന്നെ ധനികനായ പുരുഷനെക്കിട്ടാന്‍ ആഗ്രഹിക്കുന്നതെന്തിനാണ്? ധനം ഹറാമില്‍ നിന്നോ ഹലാലില്‍ നിന്നോ സമ്പാദിച്ചത് എന്നാര്‍ക്കാണ് അറിയുക. അവള്‍ തന്റെ ഭര്‍ത്താവിന്റെ കൂടെ ജീവിതത്തിന്റെ കോണിപ്പടികള്‍ കയറട്ടെ. അവള്‍ പ്രയാസങ്ങള്‍ സഹിച്ച് ജീവിക്കാന്‍ ശ്രമിക്കട്ടെ. ആദ്യകാല മുസ്‌ലിം വനിതകള്‍ അതാണ് ചെയ്തിരുന്നത്.
No comments:
Post a Comment