Thursday, 7 February 2013

[www.keralites.net] ടെന്‍ഷന്‍ തന്നെ , ടെന്‍ഷന്‍

 

ടെന്‍ഷന്‍ തന്നെ , ടെന്‍ഷന്‍... വീട്ടിലും ഓഫീസിലുമെല്ലാമിരുന്ന് ടെന്‍ഷനടിക്കുകയാണ് പുതുതലമുറ. ജീവിക്കാനുളള മത്സരയോട്ടത്തിന്റെ ഭാഗമായിക്കഴിഞ്ഞു മാനസിക സമ്മര്‍ദ്ദം. അതിനെ അങ്ങനെതന്നെ അംഗീകരിക്കാന്‍ ശീലിക്കുകയാണ് നമ്മള്‍. പക്ഷേ ഒരു നിയന്ത്രണവുമില്ലാതെ നിരന്തരം ടെന്‍ഷനടിക്കുന്നത് ആയുസ്സു കുറയ്ക്കുമെന്നോര്‍ക്കുക. സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചില വഴികളിതാ...

ദീര്‍ഘശ്വാസം

ദീര്‍ഘമായി ശ്വസിക്കുന്നത് ടെന്‍ഷന്‍ കുറയ്ക്കാനുള്ള ശാസ്ത്രീയമാര്‍ഗ്ഗമാണ്. വല്ലാതെ സമ്മര്‍ദ്ദത്തിലാകുന്ന സാഹചര്യങ്ങളില്‍ പത്തു തവണയെങ്കിലും നിശ്വസിക്കൂ. ടെന്‍ഷന്‍ പമ്പകടക്കും. ഏതു സന്ദര്‍ഭത്തിലും ടെന്‍ഷന്‍ നിയന്ത്രിക്കാന്‍ ഈ ഒറ്റമൂലി പ്രയോഗിക്കാം.


നടന്ന് ആശ്വസിക്കാം

നടക്കുമ്പോള്‍ ശരീരപേശികള്‍ക്ക് അയവു ലഭിക്കുകയും രക്തയോട്ടം കൂടുകയും ചെയ്യും. ശ്വസനം കൂടുതല്‍ കാര്യക്ഷമമാകും. രക്തത്തിലേക്കുളള ഓക്‌സിജന്റെ അളവില്‍ വര്‍ദ്ധനവുണ്ടാവുകയും ഇതിലൂടെ മനസിന് കൂടുതല്‍ ഉന്മേഷം ലഭിക്കുകയും ചെയ്യും. വേഗത്തില്‍ നടക്കുമ്പോള്‍ ബീറ്റ എന്‍ഡോര്‍ഫിന്‍ എന്നൊരു ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നു. മനസ്സിന്റെ മൂഡിനെ നിയന്ത്രിക്കുന്ന ഹോര്‍മോണാണിത്.


നീന്തല്‍

വൈകാരികമായ അനുഭൂതി പ്രദാനം ചെയ്യുന്ന വ്യായാമമാണ് നീന്തല്‍. പതിവായി നീന്തുന്നവരില്‍ വികാരവിക്ഷുബ്ധത കുറയുന്നതായി തെളിഞ്ഞിട്ടുണ്ട്. അവര്‍ക്ക് ശാന്തജീവിതം നയിക്കാനും സാധിക്കുന്നു. വൈകാരികസമ്മര്‍ദ്ദങ്ങളുണ്ടാക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണുകളുടെ അളവ് താഴാന്‍ നീന്തല്‍ സഹായിക്കുന്നു.


യോഗ

ധ്യാനവും വ്യായാമവും കൂടിച്ചേര്‍ന്ന യോഗ ഏറെപ്പേര്‍ക്ക് ഇഷ്ടമുളള വ്യായാമമുറയാണ്. ശാരീരികാരോഗ്യത്തേക്കാളേറെ, മാനസികാരോഗ്യമാണ് യോഗയുടെ ലാഭം.


നൃത്തം

മാനസികസമ്മര്‍ദ്ദം കുറയ്ക്കാനുളള ഏറ്റവും മികച്ച ഉപാധികളിലൊന്നാണ് നൃത്തം. നൃത്തത്തിന്റെ അകമ്പടിയായുള്ള സംഗീതതാളലയങ്ങളിലേക്ക് കുറച്ചുനേരം മനസ് ഇഴുകിച്ചേരുമ്പോള്‍, എല്ലാ ടെന്‍ഷനും മറക്കും. നൃത്തം ചെയ്യുന്നവരുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ഒരുപോലെ ചലനമുണ്ടാകുന്നതിനാല്‍ രക്തയോട്ടവും ക്രമീകരിക്കപ്പെടുന്നു.


കായികവിനോദങ്ങള്‍

നൃത്തം പോലെ തന്നെ മാനസിക സമ്മര്‍ദ്ദത്തിനുളള ഒറ്റമൂലികളാണ് കായികവിനോദങ്ങള്‍. ഷട്ടില്‍ ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, ക്രിക്കറ്റ്, സൈക്കിള്‍ ചവിട്ടല്‍ തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മനസിന് സംഘര്‍ഷങ്ങളില്‍ നിന്ന് വിടുതല്‍ ലഭിക്കുന്നു.


എയ്‌റോബിക് വ്യായാമങ്ങള്‍

എയ്‌റോബിക് വ്യായാമങ്ങള്‍ ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നു. രക്തത്തില്‍ നല്ല കൊളസ്‌ട്രോളിന്റെ അളവു കൂട്ടുന്നതിനും പേശീബലം കൂട്ടുന്നതിനും ഉറക്കം ക്രമീകരിക്കുന്നതിനും എയ്‌റോബിക് വ്യായാമങ്ങള്‍ സഹായിക്കുന്നു. നന്നായി ഉറങ്ങുമ്പോള്‍ തന്നെ പിരിമുറുക്കം ഇല്ലാതാകും.


ധ്യാനം

ബോധമനസിനെയും ഉപബോധമനസിനെയും നേര്‍രേഖയില്‍ കൊണ്ടുവന്നശേഷം പോസിറ്റീവ് എനര്‍ജി നല്‍കുന്ന ചിന്തകളിലേക്ക് വഴിതിരിച്ചുവിടുന്ന പ്രക്രിയയാണ് മെഡിറ്റേഷന്‍ അഥവാ ധ്യാനം. മനസാണ് ഇവിടെ ഡോക്ടറായി പ്രവര്‍ത്തിക്കുന്നത്. മനസ്സിലെ നെഗറ്റീവ് ചിന്തകളെയും സംഘര്‍ഷങ്ങളെയുമൊക്കെ പോസിറ്റീവ് ചിന്തയുടെ പ്രസരണങ്ങളിലൂടെ പുറംതള്ളുകയാണ് മെഡിറ്റേഷനിലൂടെ ചെയ്യുന്നത്.


സ്ഥിരവ്യായാമം

സ്ഥിരമായി ചെറിയ വ്യായാമമെങ്കിലും ചെയ്യുന്നവരില്‍ അല്‍ഷിമേഴ്‌സിനുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എഡിന്‍ബറ സര്‍വകലാശാല, 70 വയസ് കഴിഞ്ഞ 700 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. ദിവസവും ചെറിയ വ്യായാമമെങ്കിലും ചെയ്യുന്നവരില്‍ തലച്ചോര്‍ ഉള്‍പ്പടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും രക്തയോട്ടവും വായുലഭ്യതയും സുഗമമാകുന്നതാണ് തലച്ചോറിന്റെ കാര്യക്ഷമത നിലനില്‍ക്കാന്‍ കാരണമെന്ന് പഠനം പറയുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment