രോഗങ്ങള്‍ ബാധിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നതും അനാരോഗ്യകരമായ ശീലങ്ങളാണെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. സമയത്തിനൊപ്പം ഓടിയെത്താന്‍ പലര്‍ക്കും സാധിക്കാതെ പോകുന്ന ഇക്കാലത്തും സ്വന്തം ശരീരവും ആരോഗ്യവുമൊക്കെ നോക്കാന്‍ എവിടെ നേരം. ജീവിത രീതികളില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ ക്രമമായി നിങ്ങളുടെ ശരീരം രോഗങ്ങളോട് പൊരുതി നില്‍ക്കുന്ന അവസ്ഥയെത്തും. എല്ലാവര്‍ക്കും അറിയുന്നതും എന്നാല്‍ വിസ്മരിക്കുന്നതുമായ ചില നല്ല ശീലങ്ങള്‍ ഇതാ:
1. കൈ ഇടക്കിടെ കഴുകുക. കൈകഴുകാതെ ഭക്ഷണം കഴിക്കുന്നവര്‍ അതിവേഗം രോഗബാധിതരാകുമെന്നത് വസ്തുതയാണ്. ദൈനംദിന ജീവിതത്തില്‍ അറിഞ്ഞും അറിയാതെയും നാം നിരവധി വസ്തുക്കളെ സ്പര്‍ശിക്കാറുണ്ട്. കൈപ്പത്തിയില്‍ രോഗാണുക്കള്‍ കൂടുകൂട്ടാന്‍ ഇത് കാരണമാകും. കൈ കഴുകാതെ ഭക്ഷണം കഴിക്കുന്ന പക്ഷം ഇവ തടസങ്ങളൊന്നുമില്ലാതെ വായിലേക്ക് എത്തും. ഭക്ഷണസമയം നോക്കാതെ കൈ ഇടക്കിടക്ക് സോപ്പോ അണുനാശിനിയോ ഉപയോഗിച്ച് കഴുകുന്നവരില്‍ രോഗബാധ താരതമ്യേന കുറവാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഇങ്ങനെ ചെയ്യുന്ന പക്ഷം രോഗങ്ങളെ ഒരു കൈപ്പാടകലെ മാറ്റിനിര്‍ത്താം.
2: മൂക്കില്‍ വിരലിടുന്നത് ഏറ്റവും മോശം ശീലങ്ങളിലൊന്നാണ്. ജലദോഷമടക്കം രോഗങ്ങള്‍ പകരാന്‍ ഇത് കാരണമാകും. മൂക്കിലെ സ്രവത്തിലൂടെയാണ് ജലദോഷം നിങ്ങളുടെ ശരീര ത്തില്‍ എത്തുന്നത്. അവിടെയും ഇവിടെയും തൊട്ട ശേഷം കൈകള്‍ മൂക്കിലിടുന്നത് ഡോക്ടര്‍ക്ക് മുന്നില്‍ നിങ്ങളെ എത്തി ക്കുമെന്നത് നൂറുശതമാനം ഉറപ്പായ വസ്തുതയാണ്. എപ്പോഴും രോഗങ്ങള്‍ ബാധിക്കുന്ന മൂക്കില്‍ വിരലിട്ട് സ്രവം പുറത്തെടുക്കുന്ന ശീലക്കാരനാണ് നിങ്ങളെങ്കില്‍ ആ ശീലം മാറ്റിയാല്‍ നല്ല മാറ്റമുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
3: ശരീരം വലിഞ്ഞുനിവര്‍ത്താന്‍ മടിക്കരുത്. ശരീരം ഇളകാതെ ജോലി ചെയ്യുന്നവര്‍ ഇടക്കി ടെ ഒന്ന് 'മൂരി നിവരാന്‍' മടിക്കരുത്. ഓഫീസിലും കമ്പ്യൂട്ടറിന് മുന്നിലും മണിക്കൂറുകള്‍ ചിലവഴിക്കുന്നവരുടെ കൈകാലു കളുടെ പേശികളെല്ലാം മുറുകിയതും ചുരുങ്ങിയ അവസ്ഥയിലുമായിരിക്കും. പേശികളുടെ മുറുക്കം കഠിനമായ വേദനക്കും പരിക്കേല്‍ക്കാനുമൊക്കെ കാരണമാകും. ഇടക്കിടെ കൈകാലുകളും മറ്റുശരീരഭാഗങ്ങളും ഒന്ന് വലിച്ചുവിട്ടാല്‍ ഇത് പരിഹരിക്കാം.
4. പ്രാതല്‍ പരമപ്രധാനം. ഒരു ദിവസത്തേക്ക് വേണ്ട മുഴുവന്‍ ഊര്‍ജവും ആരോഗ്യദായകമായ പ്രഭാത ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുന്നത്. ധാന്യങ്ങളും പാലും അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ ഇടക്കിടക്ക് ഭക്ഷണം കൊറിക്കുന്നത് ഒഴിവാക്കാം. ദഹനപ്രശ്‌നങ്ങള്‍ കൊണ്ട് വയറിനുണ്ടാകുന്ന കുഴപ്പങ്ങള്‍ ഇതിലൂടെ ഒഴിവാക്കാം.
5. കാക്കകുളി നന്നല്ല. ഷവര്‍ജെല്ലോ സോപ്പോ ഉപയോഗിച്ച് നന്നായി തേച്ചുകുളിക്കണം. ശരീരത്തില്‍ നിന്നുള്ള അഴുക്കുകളും ദുര്‍ഗന്ധവും മാറിയാല്‍ ഉന്‍മേഷം ലഭിക്കുന്നതിനൊപ്പം രോഗങ്ങളെ ഒഴിവാക്കി നിര്‍ത്താനുമാകും.
6. നഖങ്ങള്‍ വെട്ടുക. നീണ്ട നഖങ്ങള്‍ അലങ്കാരമായി കൊണ്ടു നടക്കുന്നവരുണ്ട്. എന്നാല്‍ ശരീരത്തിലെ മറ്റേതുഭാഗത്തേയുംകാള്‍ രോഗാണുക്കള്‍ക്ക് ഒളിച്ചിരിക്കാന്‍ സൗകര്യം ഇവിടെയുണ്ട്. ഇത്തരക്കാര്‍ക്ക് അണുബാധയുണ്ടാകാനും സാധ്യതയുണ്ട്. ഭക്ഷണം കഴിക്കുമ്പോഴോ, നഖം കടിക്കുമ്പോഴോ ഈ അണുക്കള്‍ നമ്മുടെ ശരീരത്തിന് ഉള്ളിലെത്തുന്നു.
7. സ്വന്തം സാധനങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കരുത് ഹോസ്റ്റലുകളിലും മറ്റുമാണ് ഈ ശീലം കണ്ടുവരുന്നത്. റേസറുകള്‍, ടൂത്ത്ബ്രഷ്, തോര്‍ത്ത് തുടങ്ങിയവ പങ്കുവെക്കുന്നത് പകര്‍ച്ചവ്യാധി പടരാന്‍ വരെ കാരണമാകും. കുടുംബാംഗങ്ങളുമായി പോലും സ്വന്തം സാധനങ്ങള്‍ പങ്കുവെച്ച് ഉപയോഗിക്കരുത്.
8. സണ്‍സ്‌ക്രീന്‍ ക്രീം പുരട്ടുക പുറത്തുപോകുമ്പോഴെല്ലാം സണ്‍സ്‌ക്രീന്‍ ലോഷനോ ക്രീമോ പുരട്ടാന്‍ മറക്കാതിരിക്കുക. സ്‌കിന്‍ കാന്‍സര്‍, മെലനോമ തുടങ്ങിയവ ബാധിക്കാനുള്ള സാധ്യത ഇതുവഴി ഒഴിവാക്കാം. തൊലിയുടെ ചെറുപ്പം നിലനിര്‍ത്താനും ഇതിലൂടെ കഴിയും.
9. ചെറിയ വ്യായാമവുമാകാം. ചെറിയ വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക. ഒരുദിവസം 30 മിനിറ്റ് വ്യായാമം ചെയ്താല്‍ ശരീരഭാരം ആരോഗ്യകരമായ നിലയില്‍ സൂക്ഷിക്കാന്‍ കഴിയും. മാനസിക സമ്മര്‍ദങ്ങള്‍ അകറ്റി എല്ലായ്‌പ്പോഴും ഉല്ലാസവാനാകാന്‍ സഹായകമാകും. ഹൃദ്രോഗങ്ങളെ അകറ്റാനും ഇതുവഴി സാധിക്കും.
10. നന്നായി ഉറങ്ങാം. ഉറക്കത്തിന്റെ കാര്യത്തില്‍ നീക്കുപോക്ക് അരുത്. കുറഞ്ഞത് എട്ടുമണിക്കൂറെങ്കിലും ആരോഗ്യവാനായ മനുഷ്യന്‍ ഉറങ്ങിയിരിക്കണം. കൃത്യസമയത്ത് എഴുന്നേല്‍ക്കുന്നതാകും നല്ലത്. കിടക്കും മുമ്പ് വയര്‍ നിറച്ച് ആഹാരം കഴിക്കുകയും ചെയ്യരുത്.
11. നോ ടെന്‍ഷന്‍. മാനസിക സമ്മര്‍ദം നിരവധി രോഗങ്ങളുടെ മൂല കാരണമാണ്. വിഷാദം, ഉറക്കമില്ലായ്മ, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവ ബാധിക്കാനുള്ള സാധ്യത 'കൂള്‍' ആകുന്നതിലൂടെ ഒഴിവാക്കാം.
12. കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ ശ്രദ്ധിക്കുക. കണ്ണുകളുടെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും കമ്പ്യൂട്ടറിനോടുള്ള അടുപ്പം കുറക്കുക തന്നെ വേണം. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നവര്‍ ആന്റിഗ്‌ളെയര്‍ ഗ്‌ളാസ് ഉപയോഗിക്കണം. കമ്പ്യൂട്ടര്‍ സ്‌ക്രീനിന് ഒപ്പമോ ഉയര്‍ന്നോ ഇരിപ്പിടം ക്രമീകരിക്കുകയും വേണം. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കാതിരുന്നാല്‍ നല്ല ഉറക്കം ലഭിക്കുകയും ചെയ്യും.
13. നന്നായി വെള്ളം കുടിക്കുക. ഒരു ദിവസം എട്ടുമുതല്‍ പത്തുവരെ ഗ്‌ളാസ് വെള്ളം കുടിക്കുക. ശരീരത്തില്‍ നിന്ന് ടോക്‌സിനുകള്‍ പുറന്തള്ളാനും കോശങ്ങള്‍ക്ക് ഊര്‍ജം നല്‍കാനും ഇത് സഹായകരമാകും.
14. ജങ്ക് ഫുഡ്‌സ് ഒഴിവാക്കുക. ജീവിതശൈലീ രോഗങ്ങള്‍ക്ക് കാരണമാകുന്ന ട്രാന്‍സ്ഫാറ്റുകളാലും കൃത്രിമ നിറങ്ങളാലും സമ്പന്നമാണ് ജങ്ക്ഫുഡുകള്‍. ഇവ സ്ഥിരമായി കഴിക്കുന്നവരില്‍ കൊഴുപ്പ് അടിയാനും അതുവഴി ഗുരുതര ആരോഗ്യപ്രശ്‌നത്തിനും കാരണമാകും. കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍, പ്രമേഹം എന്നിവയാണ് ജങ്ക്ഫുഡ് പ്രേമികളുടെ സഹചാരികളായ രോഗങ്ങള്‍.
15. പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്താത്തവര്‍ ഇനിയും വൈകരുത്. നാരുകളാലും പോഷകങ്ങളാലും സമ്പന്നമായ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് സഹായകരമാണ്.
No comments:
Post a Comment