വിശ്വരൂപം" ആരാണ് പേടിക്കുന്നത്? ഒന്നുണ്ട്: ഈ സിനിമയെയും അത് പറയുന്ന കഥയെയും പേടിക്കേണ്ടവര്‍ താലിബാനി ജിഹാദി ഭീകരര്‍ മാത്രമാണ്. അവര്‍ അഫ്ഘാനില്‍ മാത്രമല്ല, ഇന്ത്യയിലും ഉണ്ട് എന്നാണു സിനിമയ്ക്കെതിരെ ഇവിടെ നടക്കുന്ന കോലാഹലങ്ങള്‍ വ്യക്തമാക്കുന്നത്. സിനിമ കാണാതെ തന്നെ ഒരുകൂട്ടര്‍ ഇവിടേയതിനെ എതിര്‍ക്കുന്നുവെങ്കില്‍ അവര്‍ പേടിക്കുന്നത് ചുമ്മാതല്ല. അവര്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും അവരുടെ പ്രവര്‍ത്തനങ്ങളും തന്നെയാണ് ഈ സിനിമയുടെ ഇതിവൃത്തം എന്നാണതിന്‍റെ അര്‍ഥം. അഫ്ഘാനിസ്ഥാനും അമേരിക്കയും മാത്രമാണ് സിനിമയുടെ പശ്ചാത്തലങ്ങള്‍. ഇന്ത്യയോ ഇവിടത്തെ രാഷ്ട്രീയമോ മതമോ ഇതില്‍ വിഷയമേയല്ല. എന്നിട്ടും എതിര്‍പ്പ്...! താലിബാനി ജിഹാദികളെപ്പറ്റി സിനിമയെടുക്കുമ്പോള്‍ ഇവിടെ ചിലരുടെ ചോര തിളയ്ക്കുന്നു...! അഫ്ഘാനിലെ ഭീകര ക്യാമ്പുകളും അവിടത്തെ പരിശീലനങ്ങളും റിക്രൂട്ടിങ്ങും ആക്രമണങ്ങളും കാണിക്കുമ്പോള്‍ ഇവിടെ ചിലര്‍ക്ക് പൊള്ളുന്നു...! വ്രണപ്പെടുന്നു..!! അമേരിക്കയിലെ ഭീകരാക്രമണങ്ങളും അവരുടെ തിരിച്ചടിയും കാണിക്കുമ്പോള്‍ ഇവിടെ ചിലര്‍ക്ക് നോവുന്നു...! അഫ്ഘാനി താലിബാന്‍റെ ക്രൂരതകളും, സ്വഭാവങ്ങളും, മതനിയമം നടപ്പാക്കലും ഒരു ഇന്ത്യന്‍ (തമിഴ്) സിനിമയില്‍ കാണിച്ചാല്‍ ഇവിടെ ആര്‍ക്കെന്തു ചേതം..?? കഴുത്തറുത്തു കൊല്ലലും, പരസ്യമായി കെട്ടിത്തൂക്കലും, കുട്ടികളുടെ നെഞ്ചത്ത് ബോംബ് കെട്ടി ചാവേറായി അയയ്ക്കലും, കുഞ്ഞുങ്ങളെ തോക്ക് പരിശീലിപ്പിക്കലും, അവര്‍ക്ക് നല്ല വിദ്യാഭ്യാസം നിഷേധിക്കലും അടക്കം ഇതിലുള്ള പല രംഗങ്ങളും യു ട്യൂബില്‍ താലിബാന്‍ എന്ന് സേര്‍ച്ച് ചെയ്‌താല്‍ കിട്ടും, ഒറിജിനലായിത്തന്നെ. അതൊക്കെ കാണിക്കുന്നതാണോ പ്രതിഷേധക്കാരുടെ പ്രശ്നം? ----- ഒരു 'സാദാ' തമിഴ് പടമല്ല കമലിന്‍റെ വിശ്വരൂപം. കമലിന്‍റെ പതിവു പടങ്ങളുടെ കൂട്ടത്തില്‍ ഇതിനെ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഹോളിവുഡ് സിനിമകളുടെ സാങ്കേതിക- ദൃശ്യ- അവതരണ മികവുള്ള മികച്ച ചിത്രം. സെക്സ്, പ്രണയം, കെട്ടിപ്പിടിച്ചു പാട്ടുപാടല്‍, ശോകം തുടങ്ങിയ പതിവ് കലാപരിപാടികള്‍ ഒന്നുമില്ല. സംശയമില്ല, ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാം. ഇങ്ങനെ ഒരു സിനിമ പിടിക്കാന്‍ ഇന്ത്യക്കാര്‍ക്കും കഴിയും എന്ന് കമല്‍ തെളിയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ നേരുക. (NB: കലാമൂല്യമല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്). താലിബാനി- ജിഹാദി ഭീകര പ്രവര്‍ത്തനവും, അതിന്‍റെ ക്രൂരതകളും, പരിശീലനവും, ആസൂത്രണങ്ങളും, ആക്രമണങ്ങളും, അമേരിക്കയുടെയും നാറ്റോ സഖ്യസേനയുടെയും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും അമേരിക്കന്‍ നഗരങ്ങളിലെ സ്ഫോടനങ്ങളും, ഭീകരപദ്ധതികളും... ഇതാണ് ഈ സിനിമ. ഇന്ത്യയോ ഇവിടത്തെ ഭീകരരോ ഭീകരപ്രവര്‍ത്തനങ്ങളോ ഇവിടത്തെ മുസ്ലിം സമൂഹമോ ഈ സിനിമയില്‍ ഇല്ലേയില്ല..! ഇന്ത്യയില്‍ നടക്കുന്ന ഒരു കഥയേയല്ല. ഉസാമ ബിന്‍ ലാദന്‍ ഒരു രംഗത്ത് പ്രത്യക്ഷപ്പെടുന്നു. എന്താണ് ഈ സിനിമയെ ചിലര്‍ സംഘടിതമായി എതിര്‍ക്കാന്‍ കാരണം എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഉസാമ ലാദന്‍ ആണോ താലിബാനികളെയും ഇവിടത്തെ സിനിമ വിരുദ്ധരെയും കണക്റ്റ് ചെയ്യുന്ന ഘടകം? അതോ ഈ ഭീകരര്‍ മുസ്ലിം സമൂഹത്തില്‍പ്പെട്ടവര്‍ ആയതുകൊണ്ടാണോ? അതല്ലാതെ വേറെയൊന്നും ഞാന്‍ നോക്കിയിട്ട് കണ്ടില്ല. ഇതൊരു ഹോളിവുഡ് പടം ആയിരുന്നെങ്കില്‍ ആരും എതിര്‍ക്കില്ലായിരുന്നു. 'മേലില്‍ ഇത്തരം സിനിമകള്‍ ഇവിടെ വേണ്ട' എന്നുള്ള മുന്നറിയിപ്പാണ് ഈ പ്രതിഷേധങ്ങള്‍ എന്ന് വ്യക്തം. 'തുപ്പാക്കി' എന്ന വിജയ് പടത്തിനെതിരേ ഇതുപോലെ അട്ടഹാസങ്ങള്‍ ഉയര്‍ന്നതും കത്രിക വയ്പ്പിച്ചതും ഓര്‍ക്കുക. താലിബാനികളെ പറഞ്ഞാല്‍ നോവുന്നവര്‍ ഇവിടെയുണ്ടെങ്കില്‍ , മുംബൈയിലെ ഒരു ഭീകരാക്രമണം സിനിമയില്‍ ചിത്രീകരിച്ചാല്‍ വേദനിക്കുന്നവരുണ്ടെങ്കില്‍ അതൊരു പേടിപ്പിക്കുന്ന സ്ഥിതിവിശേഷമാണ്. "കമിംഗ് സൂണ്‍ - വിശ്വരൂപം - ഇന്ത്യ" എന്ന് എഴുതിക്കാണിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. പേടിക്കണം, അങ്ങനെയൊരു രണ്ടാംഭാഗം വന്നാല്‍ ഈ പ്രതിഷേധക്കാര്‍ പേടിക്കണം. പക്ഷേ, ഒന്നാം വിശ്വരൂപത്തിന്‍റെ പോസ്റ്റര്‍ കാണുമ്പോള്‍ത്തന്നെ പേടിക്കുന്നവര്‍ അന്നെങ്ങനെയാകും പ്രതികരിക്കുക..??!
|
No comments:
Post a Comment