ഡോ. ജെയിന്‍ ജോസഫ്
കഥയും മനഃശാസ്‌ത്രവും
''ചീത്തയല്ല കേട്ടോ. എന്റെ മോന് അത്രയ്‌ക്ക് മോഹം തോന്നിയതു കണ്ടപ്പഴാ ഞാന്‍ ഇറങ്ങിവന്നത്'' - അവള്‍ പറഞ്ഞു. അവള്‍ ആ കൗമാരക്കാരന് വഴങ്ങിക്കൊടുക്കുമ്പോള്‍ സാക്ഷിയായത് നാഗത്താന്മാര്‍ മാത്രം. ഇരുവരും പിരിയും നേരം മരണം അവളെ സര്‍പ്പരൂപത്തിലെത്തി കൊണ്ടുപോയി. പി. പദ്‌മരാജന്റെ പൊന്‍തൂലികയില്‍ പിറന്ന പപ്പുവും രതിചേച്ചിയും ഇന്നും മലയാളിയുടെ ഹൃദയങ്ങളില്‍ നൊമ്പരമായി ജീവിക്കുന്നു. ഭരതന്റെ സംവിധാന മികവും കൂടി ആയപ്പോള്‍ ഒരു രതിച്ചിത്രമായേക്കാമായിരുന്ന രതിനിര്‍വേദം ലോക ക്ലാസിക്കുകള്‍ക്കൊപ്പം നിന്നു. മൂന്നു പതിറ്റാണ്ടുകള്‍ക്കുശേഷവും ഈ ചിത്രത്തിലെ അടിസ്‌ഥാനപരമായ വിഷയം ഇന്നും നിലനില്‍ക്കുന്നു. കൗമാരക്കാരന് മുതിര്‍ന്ന സ്‌ത്രീയോട് തോന്നുന്ന പ്രണയവും സെക്‌സും സമകാലിക സംഭവങ്ങളുമായാണ് കൂട്ടിവായിക്കേണ്ടത്. ചങ്ങനാശേരിയിലെ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹസാഹചര്യത്തിലുള്ള മരണവും ആലപ്പുഴയില്‍ വിവാഹിതയായ നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ ഭര്‍ത്താവ്‌് വെട്ടിക്കൊലപ്പെടുത്തിയതും അമ്മായിയും മരുമകനും ഒരേ കയറില്‍ തൂങ്ങിമരിച്ചതുമായ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ഭരതനും പദ്‌മരാജനും ചേര്‍ന്നൊരുക്കിയ രതിനിര്‍വേദം കൈകാര്യം ചെയ്‌ത വിഷയത്തിലേക്ക് തന്നെയാണ്.
മാറുന്ന ലൈംഗികത
മലയാളിയുടെ ലൈംഗികത ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സമയമാണിത്. മാസ്‌റ്റേഴ്‌സന്‍ ആന്റ് ജോന്‍സണ്‍സ് പഠനവുമായി ബന്ധപ്പെട്ട് എഴുപതുകളില്‍ യൂറോപ്പിലും അമേരിക്കയിലും ഉണ്ടായ സമാനമായ കാര്യങ്ങളാണ് ഇന്ന് ഇന്ത്യയിലെ മെട്രോപോളിറ്റന്‍ നഗരങ്ങളിലും കേരളത്തിലും നടന്നുകാണുന്നത്. പുതിയ മാധ്യമങ്ങളും ഓരോ ദിവസവും എന്നപോലെ പുതുതായി കടന്നുവരുന്ന സാങ്കേതിക വിദ്യകളും മലാളിയുടെ ലൈംഗികജീവിതത്തെയും സ്വകാര്യ ജീവിതത്തെയും ആകെ മാറ്റിമറിച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ടെലിവിഷന്‍ വന്നപ്പോള്‍ ലൈംഗികതയും ലൈംഗിക ധ്വനിയുള്ള സിനിമകളും സ്വീകരണ മുറിയിലേക്ക് എത്തുമെന്നും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നുമുള്ള വാദങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ കാമറ, മൊബൈല്‍ ഫോണ്‍ എന്നിവ വന്നതോടെ ലൈംഗികതയെക്കുറിച്ച് അതുവരെയുണ്ടായിരുന്ന സര്‍വധാരണകളും തകിടം മറിക്കപ്പെട്ടു. ഹൈസ്‌പീഡ് ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവം ലൈവായിട്ടുള്ള സെക്‌സ് രംഗങ്ങളും ലോകത്തിന്റെ മുക്കിനും മൂലയിലും ആര്‍ക്കും കാണാം എന്ന സ്‌ഥിതിവന്നു. അശ്ലീല സിനിമകളും ബ്ലൂസിനിമകളും മുമ്പുണ്ടായിരുന്നു. എന്നാല്‍ അവയേക്കാള്‍ രൂക്ഷവും വ്യാപകവും വൈവിധ്യം നിറഞ്ഞതുമാണ് ഇന്റര്‍നെറ്റ് വിളമ്പുന്ന ഇന്നത്തെ ലൈംഗിക ലോകം. അതിവിപുലമായ അശ്ലീല രതിലോകത്തേക്കുള്ള രാജപാതയാണ് ഇന്റര്‍നെറ്റ്. മൊബൈല്‍ ഫോണാണ് മലയാളിയുടെ ലൈംഗികതയെ സ്വാധീനിക്കുന്ന മറ്റൊരു വില്ലന്‍. മിസ്‌ഡ് കോളായും ഫ്രണ്ട്‌ഷിപ്പ് ടോക്കായും പലരൂപത്തില്‍ മൊബൈല്‍ മലയാളിയുടെ ലൈംഗികതയെ സ്വാധീനിക്കുന്നുണ്ട്. നമ്മുടെ സമൂഹത്തിന്റെ ലൈംഗിക അടിച്ചമര്‍ത്തലുകളെ തുറന്നുകാട്ടുന്ന വലിയൊരു മാധ്യമമായി മൊബൈല്‍ ഫോണ്‍ ഇന്ന് മാറിക്കഴിഞ്ഞു.
മാധ്യമങ്ങളുടെ സ്വാധീനം
ഇന്ന് മാധ്യമങ്ങള്‍ എങ്ങനെയാണ് നമ്മുടെ ലൈംഗികതയെ സ്വാധീനിക്കുന്നതെന്ന് വിലയിരുത്തുക എളുപ്പമല്ല. ലൈംഗികതയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന എല്ലാ മൂല്യബോധങ്ങളിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പണ്ട് രഹസ്യാത്മകവും സ്വകാര്യവും പവിത്രവുമായി കരുതിയിരുന്ന സെക്‌സിന് ഇന്ന് ആ പരിവേഷമില്ല. മുമ്പ് സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും തീവ്രഭാവമായി കണ്ടിരുന്ന സെക്‌സിന് ഇന്ന് സ്‌നേഹത്തിന്റെ സാന്നിധ്യം നഷ്‌ടമായിരിക്കുന്നു. ഇന്ന് ലൈംഗിതയ്‌ക്കു വേണ്ടിയുള്ള താല്‍ക്കാലിക റിലേഷന്‍ഷിപ്പ് എന്ന തോതിലാണ് സ്‌നേഹബന്ധങ്ങള്‍ കാണപ്പെടുന്നത്. കലാലയങ്ങളിലും അങ്ങനെതന്നെ. അങ്ങനെ ഇന്റര്‍നെറ്റിന്റെയും പുത്തന്‍ സാങ്കേതികവിദ്യയുടെയും ലൈംഗിക അതിപ്രസരത്തില്‍ നമ്മുടെ സാമൂഹികമായ ബോധവും ധാര്‍മികതയുടെ വിലക്കുകളുംഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
ലൈംഗികത ചെറുപ്രായത്തില്‍
പപ്പു ഒരു കാലഘട്ടത്തിന്റെ കൗമാര പ്രതിബിംബമാണ്. അവന്റെ ലോകം വളരെ ചെറുതായിരുന്നു. പപ്പുവിന് രതിചേച്ചിയുമായി അടുക്കണമെങ്കില്‍ വശീകരണമന്ത്രത്തിന്റെ സഹായം ആവശ്യമായിരുന്നു. അതേസമയം ഇന്ന് ചെറുപ്രായത്തില്‍ തന്നെ അമിതമായ ലൈംഗിക അഭിനിവേശത്തിലേക്കും താല്‍പര്യത്തിലേക്കും യുവതീ യുവാക്കളെ നയിക്കുന്നു. ശരിയേത് തെറ്റേത് എന്ന് തീരുമാനമെടുക്കാന്‍ കഴിയാതെ കുഴയുകയാണ് ഇന്നത്തെ യുവാക്കള്‍. പലപ്പോഴും കൂട്ടുകാര്‍ പറയുന്നത് ചെയ്യുവാനും പരീക്ഷിക്കുവാനും അവര്‍ കാണിക്കുന്ന മാതൃക പിന്തുടരുവാനും ഇവര്‍ നിര്‍ബന്ധിതരായി തീരുന്നു. അങ്ങനെയാണ് 'രതിനിര്‍വേദ'ത്തിലെ അവസ്‌ഥ ജീവിതത്തിലേക്ക് കടന്നുചെല്ലുന്നത്.
മനശാസ്‌ത്രം എന്ത്?
ജൈവപരമായ നീതിശാസ്‌ത്രമനുസരിച്ച് ലൈംഗിക ആകര്‍ഷണം ആരോടും എപ്പോള്‍ വേണമെങ്കിലും തോന്നാം. എന്നാല്‍ രതിയുടെ മോഹങ്ങള്‍ തോന്നുന്നതുപോലെ പൂര്‍ത്തീകരിക്കുന്നതിന് മാനസികവും സാമൂഹികവുമായ ഒട്ടനവധി വിലക്കുകളുണ്ട്. പക്ഷേ, ഇന്നത്തെ ജനത, പ്രത്യേകിച്ച് കൗമാരക്കാരും യുവതീ യുവാക്കളും ഇതിന് വലിയ പ്രാധാന്യം കൊടുക്കുന്നില്ല. അതുകൊണ്ടാണ് കൗമാരക്കാര്‍, തന്നേക്കാള്‍ പ്രായം കൂടിയ, പ്രത്യേകിച്ച് വിവാഹം കഴിച്ച സ്‌ത്രീകളുമായി സ്‌നേഹബന്ധത്തിലേക്കും തുടര്‍ന്ന് ലൈംഗിക ബന്ധത്തിലേക്കും എത്തുന്നത്. പണ്ട് വളരെ അപൂര്‍വമായി ഉണ്ടായിരുന്ന ഇത്തരം ബന്ധങ്ങള്‍ ഇന്ന് അധികരിച്ച് വരുന്നുണ്ട്. ഇന്ന് സ്‌നേഹബന്ധത്തിലേക്കും ലൈംഗികതയിലേക്കും കടക്കുന്നത് ഇത്തരം ബന്ധത്തിലൂടെയാണ്. പലരും ഇങ്ങനെയുള്ള ബന്ധങ്ങള്‍ സുരക്ഷിതവും വിശ്വസിക്കാവുന്നതുമായി കാണുന്നു. ഇത് പുറത്തറിഞ്ഞാല്‍ രണ്ടുപേര്‍ക്കും പ്രശ്‌നമായതിനാല്‍ എന്തൊക്കെ പ്രശ്‌നമുണ്ടായാലും പുറത്തുപറയാതിരിക്കാന്‍ ഇവര്‍ തന്നെ നോക്കും.
അറിയാത്ത ബന്ധങ്ങള്‍
പലപ്പോഴും കൂട്ടുകാര്‍ അറിയാതെ ആ വ്യക്‌തികള്‍ക്ക് മാത്രം അറിയുന്ന ഒരു ബന്ധമായിരിക്കും ഇത്. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള മിക്ക ബന്ധങ്ങളും സമൂഹം അറിഞ്ഞു എന്നുവരില്ല. വിവാഹം കഴിഞ്ഞ സ്‌ത്രീകളാണെങ്കില്‍ മറ്റ് ലൈംഗിക രോഗങ്ങളും ഉണ്ടാകില്ല എന്ന് ഇവര്‍ കണക്കുകൂട്ടുന്നു. സംശയിക്കാനിടനല്‍കാത്ത ലൈംഗികതയാണിതെന്ന അറിവാണ് ഇത് തുടരുന്നതിന് ഒരു കാരണം. വളരെ രഹസ്യമായി നില്‍ക്കാവുന്നതും സുരക്ഷിതവുമായ ലൈംഗികത ആയിരിക്കുമിത്. കൗമാരത്തിലോ യൗവനത്തിലോ എത്തി നില്‍ക്കുന്ന ഒരു പുരുഷന് ലൈംഗികതയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും ആസ്വദിക്കുവാനും സമപ്രായക്കാരിയേക്കാള്‍ പലപ്പോഴും വിവാഹിതരായ അല്ലെങ്കില്‍ തന്നേക്കാള്‍ മുതിര്‍ന്ന സ്‌്ത്രീയാണെങ്കില്‍ സൗകര്യമാണ് എന്ന ചിന്തയാണ് പലര്‍ക്കും.
എന്തുകൊണ്ട് ഇങ്ങനെ
വിവാഹിതരായ സ്‌ത്രീകളില്‍ നാണവും ചമ്മലും കുറവായിരിക്കും. മാത്രവുമല്ല, പുതുമകള്‍ തേടാനുള്ള പ്രവണതയും ഉണ്ടായിരിക്കും. മിക്കപ്പോഴും തങ്ങളുടെ തൃപ്‌തിക്ക് ഇണങ്ങും വിധം ലൈംഗികത കൊണ്ടുപോകാന്‍ ഇവര്‍ക്കു കഴിയും. വിവാഹബന്ധത്തില്‍ ഒരുപക്ഷേ, അങ്ങനെ തൃപ്‌തി ലഭിക്കാത്തവരായിരിക്കാം ഇവര്‍. കൗമാരക്കാര്‍ പലപ്പോഴും തങ്ങളുടെ ലൈംഗിക ദാഹം ശമിപ്പിക്കാനും ജിജ്‌ഞാസകൊണ്ടുമാണ് ഇങ്ങനെയുള്ള ബന്ധങ്ങളില്‍ ചാടുന്നത്. ഇങ്ങനെയുള്ള ബന്ധത്തിന് കൂട്ടു നില്‍ക്കുന്ന സ്‌ത്രീകളും സുരക്ഷിതത്വം തന്നെയാണ് നോക്കുന്നത്. ചെറിയ പയ്യനായതുകൊണ്ട് ആരും സംശയിക്കില്ല. എന്നാല്‍ ഇത്തരം ബന്ധത്തിലേക്ക് വരുന്ന സ്‌ത്രീകള്‍ ഏതെങ്കിലും തരത്തിലുള്ള ദാമ്പത്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരായിരിക്കും. അങ്ങനെയുള്ളവരാണ് വിവാഹത്തിനു പുറത്ത് ലൈംഗികത തേടുന്നത്. അതുപോലെ വിവാഹ ജീവിതത്തില്‍ അസംതൃപ്‌തനായ വ്യക്‌തിയെ തെറ്റിദ്ധരിപ്പിക്കാന്‍ എളുപ്പമാണ്. അവരത് വിശ്വസിക്കുകയും ചെയ്യും. ഇങ്ങനെയുള്ള ധാരണകളും ഉള്ളില്‍ ഒളിഞ്ഞു കിടക്കുന്ന ലൈംഗിക മോഹങ്ങളുമാണ് ഇത്തരം ബന്ധത്തിലേക്ക് വിവാഹിതരായ സ്‌ത്രീകളെ എത്തിക്കുന്നത്.
സ്‌ത്രീ ലൈംഗികത
സ്‌ത്രീ പുരുഷ ലൈംഗികതയുടെ മുഖഛായ കേരളത്തില്‍ വല്ലാതെ മാറിയിട്ടുമുണ്ട്. ലൈംഗിക ജീവിതത്തെക്കുറിച്ച് പണ്ടത്തേക്കാള്‍ അറിവുള്ളവരാണ് ഇന്ന് സ്‌ത്രീകള്‍. ഇത് വിവാഹ ജീവിതത്തില്‍ കിട്ടാതെ വരുമ്പോള്‍ ചിലര്‍ തെരഞ്ഞെടുക്കുന്ന വഴികളാണ് ഇത്. തങ്ങള്‍ക്കും ലൈംഗിക സംതൃപ്‌തി വേണം എന്നുള്ള ചിന്ത പലരെയും ഇത്തരത്തിലുള്ള ബന്ധത്തില്‍ കൊണ്ടുചെന്ന് എത്തിക്കുന്നു. കൗമാരത്തിളപ്പില്‍ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ പലരെയും അപകടത്തില്‍ കൊണ്ടു ചെന്നെത്തിച്ചിട്ടുണ്ട്.ഇങ്ങനെയുള്ള ബന്ധത്തില്‍ തുടങ്ങി പലരുമായുള്ള ബന്ധത്തിലേക്കും ചതിക്കുഴികളിലേക്കും ഇവര്‍ ചെന്ന് ചാടാറുണ്ട്. വിവാഹത്തിനു ശേഷം മാത്രമാണ് കൗമാരക്കാര്‍ക്ക് ബന്ധത്തിന്റെ വില മനസിലാവുക. മറ്റൊരു വ്യക്‌തിയുടെ ഭാര്യയുമായാണ് ബന്ധപ്പെടുന്നത് എന്ന് അവര്‍ ഓര്‍ക്കുന്നില്ല. രതിയുടെ നൈമിഷിക സുഖത്തിനപ്പുറം സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള മനുഷ്യന്റെ മഹത്തായ അഭിവാഞ്‌ജ സെക്‌സിലുണ്ട്. ഉദാത്തമായ ലൈംഗികത വെറുമൊരു ശാരീരിക വേഴ്‌ച മാത്രമല്ല. അത് വൈകാരികവും മാനസികവുമായ അനുഭവമാണ്. സ്‌നേഹം ചേരാത്ത ലൈംഗികത വെറുമൊരു വ്യായാമം മാത്രമാണ്. ഒരു പക്ഷേ അത് ശാരീരിക സുഖം നല്‍കിയേക്കാം. എന്നാല്‍ മനശാന്തിയോ ആത്മനിര്‍വൃതിയോ ബന്ധത്തിനുള്ള കെട്ടുറപ്പോ നല്‍കുന്നില്ല. ദാമ്പത്യത്തിന്റെ ആഘോഷമാകുമ്പോഴാണ് ലൈംഗികത ഉദാത്തമാകുന്നത്.
No comments:
Post a Comment